നീതിയുടെ ക്രൂരമായ നിഷേധം- 1987 മേയ് 23ന് യു.പിയിലെ മലിയാനയിൽ 72 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസിൽ കഴിഞ്ഞയാഴ്ച മീറത്ത് കോടതി പുറപ്പെടുവിച്ച വിധിയെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാവില്ല.
മൂന്നു പതിറ്റാണ്ടിനിടയിൽ എണ്ണൂറിലേറെ വാദംകേൾക്കലുകൾക്കൊടുവിലാണ് കുറ്റാരോപിതരായ നാല്പതുപേരെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിടുന്നുവെന്ന് അഡീഷനൽ ജില്ലാ ജഡ്ജി ലഖ്വീന്ദർ സിങ് സൂദ് കഴിഞ്ഞ വെള്ളിയാഴ്ച വിധിച്ചത്.
കേസിൽ യഥാർഥത്തിൽ 93 കുറ്റാരോപിതരുണ്ടായിരുന്നു. 36 വർഷക്കാലയളവിനുള്ളിൽ അതിൽ പലരും മരിച്ചു, മറ്റു പലരെയും ‘കണ്ടെത്താൻ കഴിയാതെ’ ആയി. അവശേഷിച്ച 40 പേരാണ് വിചാരണ നേരിട്ടത്.
പ്രഥമ അന്വേഷണ റിപ്പോർട്ട് (എഫ്.ഐ.ആർ) സമർപ്പിക്കപ്പെട്ട നിമിഷം മുതൽ കേസിലെ ഓരോ ഘട്ടങ്ങളും ഈ വിധിപോലെത്തന്നെ അതിക്രൂരവും അന്യായം നിറഞ്ഞതുമായിരുന്നു.
തർക്കത്തിലായിരുന്ന ബാബരി മസ്ജിദ് തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ഹിന്ദു-മുസ്ലിം സംഘങ്ങൾ തമ്മിലുണ്ടായ തർക്കം വളർന്ന് 1987 മേയ് മാസം 17ന് യു.പിയിലെ മീറത്ത് ജില്ലയിലുണ്ടായ വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് മാലിയാന കൂട്ടക്കൊല നടമാടുന്നത്. രണ്ടു നാൾക്കു ശേഷം നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ച ഘട്ടത്തിൽ പ്രദേശത്ത് സമാധാനം ഉറപ്പുവരുത്തുന്നതിൽ ലോക്കൽ പൊലീസിനെ സഹായിക്കാനായി സംസ്ഥാന സർക്കാർ പ്രോവിൻഷ്യൻ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി)യുടെ സംഘങ്ങളെക്കൂടി അവിടേക്ക് അയച്ചു. എന്നാൽ, സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുകയല്ല, ജില്ലയിലുടനീളം മുസ്ലിംകൾക്കെതിരെ അക്രമം അഴിച്ചുവിടുകയാണ് പി.എ.സി അംഗങ്ങൾ ചെയ്തതെന്ന് ദേശീയ-പ്രാദേശിക മാധ്യമങ്ങളും സർക്കാരേതര സംഘടനകളും നടത്തിയ വസ്തുതാന്വേഷണങ്ങളിൽ വെളിപ്പെട്ടു.
മേയ് 22ന് മീറത്തിലെ ഹാഷിംപുര മൊഹല്ലയിൽ വന്നിറങ്ങിയ സംഘം ആളുകളെ കൂട്ടമായി ട്രക്കുകളിൽ കയറ്റിക്കൊണ്ടുപോവുകയും വീടുകളും കടകളും കൊള്ളയടിച്ച് കൊള്ളിവെക്കുകയുമുണ്ടായി. പിടിച്ചുകൊണ്ടുപോയവരിൽ കുറച്ചു പേരെ മീറത്തിലും ഫത്തേഗഢിലുമുള്ള ജയിലിലടച്ചപ്പോൾ 42 പേരെ ഗാസിയാബാദ് മുറാദ്നഗറിലെ അപ്പർ ഗംഗാ കനാലിന്റെയും യു.പി-ഡൽഹി അതിർത്തിയിലെ ഹിന്ദോൺ നദിക്കരികിലും കൊണ്ടുപോയി നിർത്തി വെടിവെച്ചു കൊല്ലുകയായിരുന്നു. അവരുടെ മൃതദേഹങ്ങൾ വെള്ളത്തിൽ ഒഴുക്കിവിട്ടു. ജയിലുകളിലടക്കപ്പെട്ടവരിൽ 11 പേർ കസ്റ്റഡിയിൽ മരണപ്പെട്ടു.
പിറ്റേന്നാൾ ഉച്ചക്ക് രണ്ടരയോടെ കമാൻഡർ ആർ.ഡി. ത്രിപാഠി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മലിയാനയിലേക്ക് വന്ന പി.എ.സി സംഘം എഴുപതിലേറെ മുസ്ലിംകളെ കൊലപ്പെടുത്തി എന്നാണ് ദൃക്സാക്ഷി മൊഴി. പ്രദേശത്തേക്ക് കയറാനോ ഇറങ്ങാനോ സാധിക്കാത്ത വിധം വഴികളെല്ലാം അടച്ചിട്ടാണ് കൊലപാതകം ആരംഭിച്ചത്. പി.എ.സി സംഘത്തോടൊപ്പം തോക്കുകളും വാളുകളുമേന്തി എത്തിയ നൂറുകണക്കിന് പ്രദേശവാസികളും അതിക്രമങ്ങളിൽ പങ്കുകൊണ്ടു. സ്ത്രീകളെയോ, കുഞ്ഞുങ്ങളെയോ പോലും അവർ വെറുതെവിട്ടില്ല.
കുറ്റകൃത്യം നിർവഹിച്ചത് നിയമപാലകർതന്നെയാണെന്നിരിക്കെ മുഖ്യമന്ത്രി വീർ ബഹാദൂർ സിങ്ങിനൊപ്പം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥലം സന്ദർശിക്കുന്നതുവരെ കേസിൽ എഫ്.ഐ.ആർ പോലും ഫയൽ ചെയ്യപ്പെട്ടില്ല. അന്വേഷണങ്ങളെക്കുറിച്ച് തിരക്കിയ രാജീവ് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യാഖൂബ് അലി എന്ന പ്രദേശവാസിയെക്കൊണ്ട് പൊലീസ് ഒരു രേഖയിൽ ഒപ്പുവെപ്പിച്ചു. അത് എഫ്.ഐ.ആർ ആയിരുന്നുവെന്ന് അയാൾപോലും വൈകിയാണറിയുന്നത്. ‘എഫ്.ഐ.ആറി‘ൽ 93 പ്രദേശവാസികളുടെ പേരാണുണ്ടായിരുന്നത്, ഒരൊറ്റ പൊലീസുകാരനെക്കുറിച്ചും പരാമർശമില്ലായിരുന്നു താനും.
ഒരു പ്രകോപനവുമില്ലാതെ നിർദയം വളഞ്ഞുവെച്ച് ആക്രമിക്കപ്പെട്ട അനേകരിൽ ഒരാളാണ് ഞാൻ. ആൾക്കൂട്ടം കൊള്ളയടിക്കുകയും ലഹള നടത്തുകയും ചെയ്യുമ്പോൾ പി.എ.സിക്കാർ വീടുകൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാരിയെല്ലുകൾ ഒടിഞ്ഞ് കടുത്ത വേദനയിൽ കഴിയുകയായിരുന്നു ഞാൻ. എന്താണ് എഴുതിയിരിക്കുന്നത് എന്നുപോലുമറിയാതെ ആ കടലാസുകളിൽ ഒപ്പുവെക്കേണ്ടിവരുകയായിരുന്നു എനിക്ക്. 93 ഹിന്ദുക്കൾ ചേർന്നാണ് ആക്രമണം നടത്തിയത് എന്ന ഉള്ളടക്കമൊക്കെ വളരെ വൈകിയാണ് ഞാൻ അറിഞ്ഞതുതന്നെ. പി.എ.സിക്കാരുടെ പങ്കിനെക്കുറിച്ച് പരാമർശം പോലും അതിലുണ്ടായിരുന്നില്ല -യാഖൂബ് അലി പറയുന്നു.
93 കുറ്റാരോപിതർ എങ്ങനെ വന്നു? പ്രദേശത്തെ വോട്ടർപട്ടികയിൽനിന്നാണ് ഈ പേരുകൾ എടുത്തു ചേർത്തത്. ഇവരിൽ കുറച്ചുപേർ കൂട്ടക്കൊലയിൽ പങ്കാളികളാണെങ്കിലും അതുമായി ബന്ധമില്ലാത്തവരുടെ പേരും പട്ടികയിൽ ചേർത്തിരുന്നു. കുറ്റാരോപിതരെ അറസ്റ്റു ചെയ്യാൻ പൊലീസ് മുന്നോട്ടുവന്നപ്പോഴാണറിയുന്നത് പട്ടികയിൽ പേരുള്ള പലരും കൂട്ടക്കൊലക്ക് എത്രയോ കാലം മുമ്പേ മരിച്ചവരായിരുന്നു.
36 പോസ്റ്റ്മോർട്ടങ്ങൾ സംബന്ധിച്ച വാദം കേൾക്കൽ നടന്നിട്ടില്ലെന്നും, പല കുറ്റാരോപിതരെയും ക്രിമിനൽ നടപടിച്ചട്ടത്തിലെ 313ാം വകുപ്പ് പ്രകാരം കോടതി വിസ്തരിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ തുടരുന്നതിനിടെയാണ് വിധി പ്രസ്താവന നടന്നിരിക്കുന്നതെന്നും ഇരകളുടെ കുടുംബങ്ങളെ പ്രതിനിധാനംചെയ്ത അഡ്വ. അലാവുദ്ദീൻ സിദ്ദീഖി പറയുന്നു. ദൃക്സാക്ഷികളെപ്പോലും കോടതി നേരാവണ്ണം ചോദ്യം ചെയ്തില്ല. 35 സാക്ഷികളിൽ പത്തിൽ താഴെപ്പേരെ മാത്രമാണ് കോടതി വിസ്തരിച്ചത്.
‘പൊലീസ് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നില്ല, കൂട്ടക്കൊല നടക്കുന്നതിന് വർഷങ്ങൾക്കുമുമ്പ് മരിച്ചവരുൾപ്പെടെ 93 ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് ഉൾപ്പെടുത്തിയാണ് പൊലീസ് പ്രതിപ്പട്ടിക തയാറാക്കിയത്, സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും പൊലീസ് കണ്ടെടുത്തില്ല’ -പ്രതികൾ കുറ്റമുക്തമാക്കപ്പെടുന്നതിലേക്ക് നയിച്ച കാരണങ്ങൾ അഡീഷനൽ ജില്ല കോൺസൽ മോഹൻ വിശദീകരിക്കുന്നത് ഇങ്ങനെ. തുടർന്ന്, സൈറ്റിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തില്ല.
കൂട്ടക്കൊല നടന്ന് ദിവസങ്ങൾക്ക് ശേഷം പത്തുപേർ മരിച്ചതായി മുഖ്യമന്ത്രി വിർ ബഹാദുർ സിങ് പ്രഖ്യാപിച്ചിരുന്നു, 12 പേർ കൊല്ലപ്പെട്ടതായി പിറ്റേ ദിവസം ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. എന്നാൽ, 1987 ജൂൺ ആദ്യവാരം നിരവധി മൃതദേഹങ്ങൾ ഒരു കിണറ്റിൽനിന്ന് കണ്ടെടുക്കപ്പെട്ടതോടെ 15 പേർ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിച്ചു. ഒടുവിൽ 56 മരണങ്ങളാണ് അധികൃതർ സ്ഥിരീകരിച്ചത്. അവരുടെ കുടുംബാംഗങ്ങൾക്ക് 20,000 രൂപ വീതം തുച്ഛ നഷ്ടപരിഹാരം നൽകി. വർഷങ്ങൾക്ക് ശേഷം 20000 രൂപ കൂടി അനുവദിക്കപ്പെട്ടു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് 1987 മേയ് 27ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അലഹബാദ് ഹൈകോടതിയിലെ റിട്ട. ജഡ്ജി ജസ്റ്റിസ് ജി.എൽ. ശ്രീവാസ്തവയെ ആഗസ്റ്റ് 27ന് അന്വേഷണ കമീഷനായി നിയോഗിച്ചു.
വെടിവെപ്പിന് ഉത്തരവിട്ട പി.എ.സി കമാഡന്റ് ആർ.ടി. ത്രിപാഠിയെ സസ്പെൻഡ് ചെയ്യുമെന്നും സർക്കാർ പ്രഖ്യാപിച്ചു. 1982ലെ മീറത്ത് കലാപകാലത്തും ആരോപണവിധേയനായ ആളാണ് ത്രിപാഠി. സർവിസിൽനിന്ന് വിരമിക്കുന്നതുവരെ പേർത്തും പേർത്തും സ്ഥാനക്കയറ്റങ്ങൾ നൽകി പുരസ്കരിച്ചുപോന്നു സർക്കാർ.
പി.എ.സിയുടെ സാന്നിധ്യം മൂലം മലിയാനയിൽനിന്നുള്ള സാക്ഷികളുടെ വിസ്താരം നിരന്തരം തടസ്സപ്പെട്ടു.1988 ജനുവരിയിൽ പി.എ.സിയെ നീക്കം ചെയ്യാൻ കമീഷൻ സർക്കാറിനോട് ഉത്തരവിട്ടു. 70 മുസ്ലിംകളും 14 ഹിന്ദുക്കളും ഉൾപ്പെടെ 84 പൊതുസാക്ഷികളെയും അധികൃതരിൽനിന്ന് അഞ്ച് സാക്ഷികളെയും കമീഷൻ വിസ്തരിച്ചു. 1989 ജൂലൈ 31ന് സമർപ്പിക്കപ്പെട്ട കമീഷൻ റിപ്പോർട്ട് പരസ്യമാക്കപ്പെട്ടതേയില്ല.
ശ്രീവാസ്തവ കമീഷൻ നിലനിൽക്കെത്തന്നെ മീറത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഒരു സമിതിയെ സർക്കാർ നിയോഗിച്ചു. മുൻ സി.എ.ജി ഗ്യാൻ പ്രകാശ് അധ്യക്ഷനും അവധ് സർവകലാശാല മുൻ വി.സി ഗുലാം അഹ്മദ് ഐ.എ.എസ്, രാംകിഷൻ ഐ.എ.എസ് എന്നിവർ അംഗങ്ങളുമായി സമിതിയുടെ അന്വേഷണപരിധിയിൽനിന്ന് മലിയാന കൂട്ടക്കൊലയും മീറത്ത്, ഫത്തേഗഢ് ജയിലുകളിലെ കസ്റ്റഡി മരണവും ഒഴിവാക്കപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് പരസ്യപ്പെടുത്താനോ നിയമസഭയിൽ വെക്കാനോ സർക്കാർ കൂട്ടാക്കിയില്ല. കൊൽക്കത്തയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലിഗ്രാഫ് റിപ്പോർട്ടിന്റെ പൂർണരൂപം 1987 നവംബറിൽ പ്രസിദ്ധീകരിച്ചു. മേയ് 23ലെ സംഭവങ്ങളെക്കുറിച്ച് ഒരു പരാമർശവും അതിലുണ്ടായിരുന്നില്ല.
ഇരകൾക്ക് നീതി നൽകാനോ കുറ്റവാളികൾക്കെതിരെ എന്തെങ്കിലും നടപടിക്കോ ഒരു നീക്കവും ഉണ്ടാവാഞ്ഞതോടെ 2021 ഏപ്രിൽ 19ന് ഈ ലേഖകനും യു.പി പൊലീസ് മുൻ ഡി.ജി.പി വിഭൂതി നാരായൻ റായും ചേർന്ന് അലഹബാദ് ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് മുമ്പാകെ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു.
കൂട്ടക്കൊലയിൽ 11 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഇസ്മായിൽ, മീറത്ത് വിചാരണ കോടതിയിൽ ഇരകൾക്ക് വേണ്ടി വാദിച്ച അഡ്വ. എം.എ. റാഷിദ് എന്നിവരായിരുന്നു ഞങ്ങളുടെ സഹപരാതിക്കാർ.
എഫ്.ഐ.ആർ ഉൾപ്പെടെ കേസ് രേഖകൾ ദുരൂഹമാംവിധത്തിൽ നഷ്ടമായിരിക്കുന്നുവെന്നും സാക്ഷികളെയും ഇരകളെയും യു.പി പൊലീസും പി.എ.സി അധികൃതരും ഭീഷണിപ്പെടുത്തുന്നതിനാൽ മൊഴി നൽകാൻ അവർ മുന്നോട്ടുവരുന്നില്ലെന്നും പൊതുതാൽപര്യ ഹരജിയിൽ ഞങ്ങൾ ചൂണ്ടിക്കാട്ടി. ശ്രീവാസ്തവ കമീഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തുകയോ സീലുവെച്ച കവറിൽ റിപ്പോർട്ടിന്റെ പകർപ്പ് ജഡ്ജിമാർ വാങ്ങുകയോ വേണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു.
സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും നീതിയുക്തവും വേഗത്തിലുള്ളതുമായ വിചാരണ നടത്തണമെന്നും ഇരകളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഞങ്ങൾ വാദിച്ചു. ഹാഷിംപുര കൂട്ടക്കൊലക്കേസിൽ 16 പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവിടെ കൊല്ലപ്പെട്ട 42 പേരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവു വന്നു. എന്നാൽ, യാഖൂബ് അലിയെക്കൊണ്ട് പൊലീസ് ഒപ്പുവെപ്പിച്ച എഫ്.ഐ.ആറിൽ പൊലീസുകാരുടെ ആരുടെയും പേര് ചേർക്കാഞ്ഞതിനാൽ മലിയാനയിലെ ഇരകളിലാർക്കും തന്നെ ഇവ്വിധമൊരു നഷ്ടപരിഹാരം ലഭിക്കുകയുണ്ടായില്ല.
പൊതുതാൽപര്യ ഹരജിയിൽ വാദംകേട്ട അന്നത്തെ ആക്ടിങ് ചീഫ്ജസ്റ്റിസ് സഞ്ജയ് യാദവും ജസ്റ്റിസ് പ്രകാശ് പാദിയയും എതിർസത്യവാങ്മൂലവും വിശദമായ മറുപടിയും നൽകാൻ സർക്കാറിനോട് ഉത്തരവിട്ടു.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ കോളിൻ ഗോൻസാൽവസാണ് ഞങ്ങൾക്കായി കോടതിയിൽ ഹാജരായത്. ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. മീറത്ത് കോടതിയുടെ വിധിവന്ന പശ്ചാത്തലത്തിൽ കേസ് അവസാനിപ്പിക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെടാനും സാധ്യതയേറെ.
മേയ് 31ലെ കോടതിവിധി മലിയാനയിലെ ഇരകൾക്ക് അംഗീകരിക്കാനാവുന്നതല്ല, മേൽക്കോടതിയിൽ അതിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.