2023 ഒക്ടോബർ ഏഴിന് ഇസ്രായേലിനു നേരെ നടന്ന ആക്രമണത്തിന്റെ ആസൂത്രകനായ ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഉന്മൂലനത്തിൽ ഇസ്രായേലിൽ നടക്കുന്ന ആഘോഷം തദ്ദേശീയരിൽ ചിലരുടെ സമാശ്വാസപ്രകടനമാണ്. ആ മരണം ഇസ്രായേലിന്റെ വിജയമാണോ? നൂറോ അതിലേറെയോ ഇസ്രായേലി ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കൈയിലാണ്. ഇസ്രായേൽ ഇതര റിപ്പോർട്ടുകൾ പ്രകാരം ഹമാസിന്റെ റിക്രൂട്ട്മെന്റ് യജ്ഞം ‘നീണ്ട യുദ്ധ’ത്തിനുള്ള പൂർണസജ്ജതയിലാണ്.
ബോംബിങ്ങും നശീകരണയജ്ഞങ്ങളും വളരെ എളുപ്പമുള്ള കാര്യമാണ്. അതിനുള്ള യുദ്ധസാമഗ്രികൾ പിന്നെയും പിന്നെയും നിറച്ചുകൊണ്ടിരിക്കാനുള്ള വക അമേരിക്കയിലെ സൈനിക വ്യവസായ കോംപ്ലക്സിലുണ്ടല്ലോ. എന്നാൽ, വിജയത്തിനു വേണ്ട കാലാൾപ്പടയും കരയുദ്ധത്തിനുള്ള പടക്കോപ്പുകളും അത്ര വിപുലമല്ല. അതുകൊണ്ടുതന്നെ കരയിൽ കാലൂന്നാൻ അമേരിക്കക്ക് വൈമുഖ്യമുണ്ട്. ഈ പാഠം ഇസ്രായേലും ഒത്താശക്കാരായ അമേരിക്കക്കാരും മനസ്സിലാക്കണം. മാനത്തുനിന്ന് ബോംബറുകളുടെ ഭും ഭും തുപ്പൽ ടി.വി ദൃശ്യങ്ങൾക്കു കൊള്ളാം. അതുകൊണ്ട് രാഷ്ട്രങ്ങളെ നശിപ്പിക്കാനും പറ്റും. എന്നാൽ, ഗസ്സയിലെയും ലബനാനിലെയും ദേശീയതയോട് പൊരുതാൻ അത് പര്യാപ്തമാവില്ല.
ഹസൻ നസ്റുല്ലയുടെ വധം ദക്ഷിണ ലബനാന്റെ ചെറുത്തുനിൽപിൽ കൂടുതൽ എണ്ണയൊഴിക്കുകയാണുണ്ടായത്. കരമാർഗം ചെന്ന് ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളെ ഭേദിച്ചുകയറാൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞോ? മുമ്പെന്നത്തേതിനെക്കാളും ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലബനാനിൽനിന്നുള്ള കണക്കുകൾ പറയുന്നത്. അത് അങ്ങനെയേ വരൂ. കരയിലൂടെ ലബനാനിലെത്താൻ 120 കിലോമീറ്ററിൽ നീണ്ടുകിടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയുടെ (UNIFIL) നിരീക്ഷണപ്രദേശമായ ബ്ലൂലൈൻ കടന്നുപോകണം.
യു.എൻ സേനയുടെ കീഴിലായിരുന്ന 900 അംഗ ഇന്ത്യൻ ബറ്റാലിയന് ‘ഇൻഡ്ബാറ്റി’ന്റെ കാമറ ക്രൂവിന്റെ ഭാഗമായി 2002ൽ ഞാൻ ബ്ലൂലൈൻ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യൻ മേജർ ജനറൽ ലളിത് മോഹൻ തിവാരിയായിരുന്നു അന്ന് യു.എൻ സേനയുടെ കമാൻഡർ. യു.എൻ.ഐ.എഫ്.എൽ ആസ്ഥാനം അന്ന് നഖൂറ പട്ടണത്തിലാണ്. 1060 ചതുരശ്ര കിലോമീറ്ററിൽ ഇസ്രായേൽ -ലബനാൻ അതിർത്തി എന്നു പറയാവുന്ന ബ്ലൂ ലൈനിനും ലിതാനി നദിക്കും ഇടയിലായിരുന്നു സൈനികതാവളം.
ഇസ്രായേലിലെ മൂന്നാമത്തെ വലിയ പട്ടണമായ ഹൈഫയിലായിരുന്നു മേജർ ജനറൽ തിവാരിയുടെ താമസം. അദ്ദേഹം ദിവസേന ഹൈഫയിൽനിന്ന് നാഖൂറയിലേക്ക് വന്നും പോയുമിരുന്നു. സേനാ ആസ്ഥാനം ദക്ഷിണ ലബനാനിലാണെങ്കിലും കമാൻഡറുടെ താമസം ഹൈഫയിലായത് ഇസ്രായേലികൾക്ക് തങ്ങളുടെ വരുതിയിലാണ് കാര്യങ്ങൾ എന്ന ധാരണ സൃഷ്ടിച്ചിരിക്കാം. ഇന്ന് സാഹചര്യം മാറിയിട്ടുണ്ടാകും. അടുത്തിടെ വരെ ഗസ്സയിലെ വംശഹത്യയെ തനിച്ചുനിന്ന് തുറന്നെതിർത്ത രാജ്യമായ അയർലൻഡിൽനിന്നുള്ളയാളായിരുന്നു കമാൻഡർ.
യു.എൻ സേനയുടെ കീഴിലുള്ള പ്രദേശമെല്ലാം ശിയാ കേന്ദ്രങ്ങളാണ് എന്ന ധാരണ തെറ്റാണ്. ഭൂരിഭാഗവും അങ്ങനെത്തന്നെ. എന്നാൽ, ക്രൈസ്തവ മേയർമാർ ഭരിക്കുന്ന ഒട്ടേറെ ഗ്രാമങ്ങൾ ആ മേഖലയിലുണ്ട്. ഇന്ത്യൻ സേന കഴിഞ്ഞിരുന്ന ഗ്രാമത്തിലെ മേയർ ഞങ്ങളോട് ദീർഘമായ ഒരു പ്രസംഗംതന്നെ നടത്തി. ലോകത്തിലെ ഏറ്റവും നല്ല ചാരായം വാറ്റു കേന്ദ്രങ്ങളിലൊന്നായി തന്റെ ഗ്രാമം ചരിത്രത്തിൽ ഇടം നേടിയത് എങ്ങനെയെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
ഒരു ശിയാ മുസ്ലിം ഒരിക്കലും ചാരായത്തെക്കുറിച്ച് വാചാടോപത്തിനു മുതിരില്ല. അതൊരു ക്രൈസ്തവ ഗ്രാമമായിരുന്നു. അന്ന് 40 രാജ്യങ്ങളിൽനിന്നുള്ള സൈനികർ 50 പോസ്റ്റുകളിലായി വിന്യസിക്കപ്പെട്ടിരുന്നു. ഇന്ന് യു.എൻ സേന അത്ര അഭിമതരല്ല. ഇസ്രായേൽ അതൊരു അസൗകര്യമായി കാണുന്നു. ഏക സൂപ്പർ പവറായി നിലകൊണ്ട പഴയ കാലമൊക്കെ മാറി.
ഇസ്രായേലുമായും ഹിസ്ബുല്ലയുമായും നല്ല നിലയിലായിരുന്നു തിവാരിയുടെ സമീപനം. ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയെ കാണാനുള്ള എന്റെ ആഗ്രഹംപോലും അദ്ദേഹം മുന്നോട്ടുനീക്കി. അഭിമുഖം തരപ്പെടുത്തുന്ന ആവശ്യത്തിലേക്കായി തിവാരി പരിചയപ്പെടുത്തിയ ഒരു ഹിസ്ബുല്ല ഉദ്യോഗസ്ഥൻ ശ്രമിക്കാം എന്ന് പറയുകയും ചെയ്തു. ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന ദാഹിയയിലെ ഒരു സാധാരണ അപ്പാർട്മെന്റിലേക്ക് ഞാൻ നയിക്കപ്പെട്ടു.
കത്രിച്ച താടിയുള്ള ഒരു സ്മാർട്ട് ചെറുപ്പക്കാരൻ അവിടെനിന്ന് എന്നെ വലിയൊരു കാറിൽ കയറ്റി. എന്നാൽ, കാമറാമാന്മാരെ കൂടെ കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നില്ല. ഒരു ബേസ്മെന്റിൽ വലിയ കർട്ടൻകൊണ്ട് വിഭജിച്ച റൂമിലെ ഇന്റർവ്യൂവിന് സജ്ജീകരിച്ച മട്ടിലുള്ള രണ്ടു സോഫകളിലൊന്നിൽ ഇരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അനന്തരം നരച്ച താടിയുള്ള, വെള്ള തലപ്പാവും ഇരുണ്ട ഗൗണും ധരിച്ച സുന്ദരനായ ഒരു മനുഷ്യൻ കടന്നുവന്നു. അത് നസ്റുല്ല ആയിരുന്നില്ല. അദ്ദേഹത്തിന്റെ ദീർഘകാല ഡെപ്യൂട്ടി ആയിരുന്ന നഈം ഖാസിം ആയിരുന്നു.
1979ൽ ഇറാനിലെ ഷായുടെ പതനത്തോടെ മേഖലയുടെ ചരിത്രം നാടകീയമാറ്റങ്ങൾക്കു വിധേയമായി. 1982ൽ ഇസ്രായേൽ പ്രതിരോധ മന്ത്രിയായിരുന്ന ഏരിയൽ ഷാരോൺ ലബനാനിലേക്ക് മാർച്ച് ചെയ്യാനുള്ള ബഹുവിധ കാരണങ്ങളിൽ ഒന്നുമാത്രമായിരുന്നു തെഹ്റാനിൽ ആയത്തുല്ലാമാരുടെ ബലപ്പെടൽ, അത് ഹിസ്ബുല്ലയുടെ വളർച്ചക്ക് കാരണമാവുകയും ചെയ്തു.
1985ൽ ഏഥൻസിൽനിന്ന് റോമിലേക്കുള്ള TWA വിമാനം ബൈറൂത്തിൽ ഇറക്കാൻ നിർബന്ധിച്ച വേളയിൽ നാടകീയമായ 17 ദിവസങ്ങളിൽ സിറിയക്കും ഇറാനും ഏകോപിച്ച് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കിയത് ഈ പശ്ചാത്തലമാണ്. 36 പാശ്ചാത്യ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ലബനാനിലെ അതി സ്വാധീനമുള്ള ശിയാ നേതാവായ പാർലമെന്റ് സ്പീക്കർ നബി ബെറിയെ ഇടപെടീക്കുന്നതിന് ഇറാൻ സ്പീക്കർ ഹാശിമി റഫ്സഞ്ചാനിയും സിറിയൻ വൈസ് പ്രസിഡന്റ് അബ്ദുൽ ഹലീം ഖദ്ദാമും അവരുടെ കഴിവുകൾ പരമാവധി വിനിയോഗിച്ചു. ബന്ദി മോചനത്തിൽ നബി ബെറി സുപ്രധാന പങ്കുംവഹിച്ചു.
ലബനാനകത്തേക്കും സിറിയ, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളോടുള്ള നസ്റുല്ലയുടെ സൈനിക പ്രതികരണങ്ങൾ ബെറിയുടെ പാർലമെന്ററി രാഷ്ട്രീയത്തെ മറികടക്കും വിധത്തിൽ പ്രതിരോധ ഗ്രൂപ്പുകൾക്ക് പ്രചോദനമേകി. 2020ൽ ബഗ്ദാദ് വിമാനത്താവളത്തിന് പുറത്തുവെച്ച് അമേരിക്ക വധിക്കുന്നതിനു മുമ്പ്, ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനി വിവിധ പ്രതിരോധ ഗ്രൂപ്പുകൾക്കിടയിൽ ഗാഢമായ ബന്ധം സൃഷ്ടിച്ചിരുന്നു. ആ ബന്ധങ്ങൾ ഇന്നും സുദൃഢമാണ്.
ലബനാനിലെ ഇസ്രായേൽ അധിനിവേശവും ഇറാഖിലെ യു.എസ് അധിനിവേശവും ശിയാക്കൾ ഇറാഖിൽ ഭൂരിപക്ഷവും ലബനാനിലെ ഏറ്റവും വലിയ കൂട്ടവും ആയിരുന്നുവെന്ന യാഥാർഥ്യംകൂടി ലോകത്തെ ബോധ്യപ്പെടുത്തി. സിറിയയിലെ ഏറ്റവും ശക്തമായ ഗ്രൂപ്പായ അലവികളെപ്പോലെ യമനിലെ ഹൂത്തികളും മുഖ്യധാരാ ശിയാക്കളുടെ ഒരു വകഭേദമാണ്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാൻ ഈ ശിയാ ഗ്രൂപ്പുകൾ വിഭവങ്ങൾ സ്വരൂപിക്കുേമ്പാൾ ഒരു വലിയ വൈരുധ്യം കൂടിയുണ്ട്: ഗസ്സയിലെ ഹമാസ് തികച്ചും സുന്നികളായ ഇഖ്വാനുൽ മുസ്ലിമീൻ അഥവാ മുസ്ലിം ബ്രദർഹുഡ് ആണ്- അതിന്റെ വിശദാംശത്തിലേക്ക് പോകാതെ തല മണലിൽ പൂഴ്ത്തിവെച്ചിരിക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.