വോട്ടെടുപ്പ് ദിവസം പൊലീസ് സൃഷ്ടിച്ച പ്രയാസങ്ങളെക്കുറിച്ച് വോട്ടർമാർ ആരോപണം ഉന്നയിക്കുന്ന നാല് വിഡിയോകൾ പുറത്തുവന്നിരുന്നു. ‘പോളിങ് സ്റ്റേഷനിൽ തടയാൻ നിങ്ങൾക്ക് അവകാശമില്ല. ഇത് മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല’ എന്ന് ഒരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വിഡിയോയിൽ കേൾക്കാമായിരുന്നുനിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.പി മൊറാദാബാദിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ കുന്ദർക്കിയിൽ ബി.ജെ.പി സ്ഥാനാർഥി രാംവീർ താക്കൂർ ...
വോട്ടെടുപ്പ് ദിവസം പൊലീസ് സൃഷ്ടിച്ച പ്രയാസങ്ങളെക്കുറിച്ച് വോട്ടർമാർ ആരോപണം ഉന്നയിക്കുന്ന നാല് വിഡിയോകൾ പുറത്തുവന്നിരുന്നു. ‘പോളിങ് സ്റ്റേഷനിൽ തടയാൻ നിങ്ങൾക്ക് അവകാശമില്ല. ഇത് മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല’ എന്ന് ഒരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വിഡിയോയിൽ കേൾക്കാമായിരുന്നു
നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.പി മൊറാദാബാദിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ കുന്ദർക്കിയിൽ ബി.ജെ.പി സ്ഥാനാർഥി രാംവീർ താക്കൂർ മുസ്ലിം സമുദായത്തിൽ നിന്നുള്ള 11 സ്ഥാനാർഥികളെ 1.2 ലക്ഷത്തിലധികം വോട്ടുകൾക്ക് തോൽപ്പിച്ച് മണ്ഡലം പിടിച്ചത് സജീവ ചർച്ചാ വിഷയമായിരിക്കുന്നു.
ബി.ജെ.പി ഈ മണ്ഡലത്തിൽ വിജയിക്കുന്നത് ഇതാദ്യമായല്ല, ഈ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേടിയ ഏക മുസ്ലിം ഭൂരിപക്ഷ മണ്ഡലവുമല്ലിത്. പക്ഷേ, ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും കള്ളവോട്ട് ചെയ്തുമെല്ലാം യഥാർഥ ജനവിധിയെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നതായി സമാജ് വാദി പാർട്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപണമുന്നയിച്ചിരിക്കുകയാണിവിടെ.
വോട്ടെടുപ്പ് ദിവസം പൊലീസ് സൃഷ്ടിച്ച പ്രയാസങ്ങളെക്കുറിച്ച് വോട്ടർമാർ ആരോപണം ഉന്നയിക്കുന്ന നാല് വിഡിയോകൾ പുറത്തുവന്നിരുന്നു. ‘പോളിങ് സ്റ്റേഷനിൽ തടയാൻ നിങ്ങൾക്ക് അവകാശമില്ല. ഇത് മുമ്പൊരിക്കലും ഉണ്ടായിട്ടുമില്ല’ എന്ന് ഒരു സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നതും വിഡിയോയിൽ കേൾക്കാമായിരുന്നു.
കുന്ദർക്കിയിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി രാം വീർ താക്കൂർ തൊപ്പിധരിച്ച് ഒരു മത ചടങ്ങിൽ സംബന്ധിച്ചപ്പോൾ
2019ലെ ലോക്സഭ, 2022ലെ നിയമസഭ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ നിയമസഭ മണ്ഡലത്തിലെ 435 ബൂത്തുകളിൽ 154 എണ്ണത്തിലെങ്കിലും പോളിങ് ശതമാനത്തിൽ 15 ശതമാനത്തിലധികം കുറവ് വന്നതായി newslaundry.com നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തി. 11 ബൂത്തുകളിൽ മാത്രമാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2022ൽ വോട്ടിങ് ശതമാനത്തിൽ കുറവുണ്ടായത്, അതിൽതന്നെ ഏറ്റവും ഉയർന്നത് ഏഴ് ശതമാനമായിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 66.9 ശതമാനവും 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 71.2 ശതമാനവും പോളിങ് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 57.7 ശതമാനമാണ് കുന്ദർക്കിയിലെ പോളിങ്. എസ്.പി സ്ഥാനാർഥി ഹാജി റിസ്വാൻ 25,000 വോട്ടുകൾ നേടിയപ്പോൾ ബി.എസ്.പിക്ക് 1,099 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കുന്ദർക്കിയിലെ ജനസംഖ്യയുടെ 80 ശതമാനത്തിലധികം മുസ്ലിംകളാണ്. ബാക്കിയുള്ളവരിൽ അധികവും പട്ടികജാതിക്കാരും.
സമാജ്വാദി പാർട്ടി ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച ചോദ്യത്തിന് മൊറാദാബാദിൽ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്ന് മറുപടി പറഞ്ഞ തെരഞ്ഞെടുപ്പ് കമീഷൻ വക്താവ് അനൂജ് ചന്ദേക് കൂടുതൽ നടപടിയെടുക്കുമോ എന്ന കാര്യം മേലധികാരികളിൽനിന്ന് മാത്രമേ അറിയാൻ കഴിയൂവെന്ന് കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ അന്വേഷിച്ചുവെങ്കിലും തെറ്റായ ഒന്നും കണ്ടെത്തിയില്ലെന്നാണ് കുന്ദർക്കിയിൽ നിരീക്ഷകനായി തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച ബംഗാളിൽനിന്നുള്ള ഐ.പി.എസ് ഓഫിസർ സന്ദീപ് മൊണ്ടൽ പ്രതികരിച്ചത്.
ആകെ 1.37 ലക്ഷം വോട്ടർമാരുള്ള 154 ബൂത്തുകളിൽ 147 എണ്ണവും മുസ്ലിം ഭൂരിപക്ഷ മേഖലകളിലാണ്. ഇതിൽ 13 എണ്ണത്തിൽ 2022ലെ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിലേറെ പോളിങ് ഇടിവ് രേഖപ്പെടുത്തി, 48 എണ്ണത്തിൽ 30 മുതൽ 40 ശതമാനം വരെയാണ് ഇടിവ്.
33 ബൂത്തുകളിലെ പോളിങ് ശതമാനത്തിൽ കുറഞ്ഞത് 10 ശതമാനം വർധനയുണ്ടായി. മറ്റെല്ലാ ബൂത്തുകളിലും പോളിങ് ശതമാനത്തിൽ 10 ശതമാനത്തിൽ താഴെ ഏറ്റക്കുറച്ചിലുകളുണ്ട്.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 79 ശതമാനം പോളിങ് നടന്ന 351ാം ബൂത്തിലും 72 ശതമാനം പോളിങ് നടന്ന 352ാം ബൂത്തിലും ഇക്കുറി പോളിങ് പൂജ്യമായിരുന്നു. 1,887 മുസ്ലിംകൾ ഈ ബൂത്തുകളിൽ വോട്ടർമാരായിരുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ വോട്ടിങ് ശതമാനത്തിൽ വന്ന ഇടിവിനെക്കുറിച്ച് ചോദിച്ചപ്പോൾ ബൂത്ത് തിരിച്ചുള്ള വിശകലനം നടത്തിയിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ വക്താവിന്റെ മറുപടി.
സമാജ്വാദിയുടെ ആരോപണങ്ങളെ നിഷേധിച്ച മൊറാദാബാദ് ജില്ല മജിസ്ട്രേറ്റ് അനുജ് സിങ് മേഖലയിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് അവകാശപ്പെട്ടു. ഒരു പാർട്ടി പരാതി നൽകിയിരുന്നുവെങ്കിലും അന്വേഷണത്തിൽ അതിൽ വാസ്തവമില്ലെന്ന് കണ്ടെത്തിയെന്നും വോട്ടിങ് ശതമാനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കുന്ദർക്കിയിൽ വോട്ടർപട്ടികയുടെ ചുമതലയുള്ള നിരവധി ബൂത്ത് ലെവൽ ഓഫിസർമാരെ മാറ്റി നിയമിച്ചിരുന്നു. 2022ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 56 ശതമാനം പോളിങ് കുറവ് രേഖപ്പെടുത്തിയ 186ാം ബൂത്തിന്റെ ചുമതലയുണ്ടായിരുന്ന ഒരു മുസ്ലിം ബി.എൽ.ഒയെ മാറ്റി നീലം സക്സേനയെ നിയോഗിച്ചു. സാധാരണഗതിയിൽ പ്രദേശത്തുകാരാണ് ബി.എൽ.ഒമാരെന്നിരിക്കെ 22 കിലോമീറ്റർ അകലെ താമസിക്കുന്ന തന്നെ നിയമിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് അവർ newslaundry.comനോട് പ്രതികരിച്ചത്.
ബൂത്തുകളിൽനിന്ന് ഏറെ ദൂരെയാണ് ബി.എൽ.ഒമാരെ ഇരുത്തിയത് എന്നതിനാൽ അതേക്കുറിച്ച് അറിയില്ലെന്നും പോളിങ് ദിനത്തിന് മുമ്പ് വോട്ടർ വിവര സ്ലിപ് വിതരണം ചെയ്യപ്പെട്ടില്ലെന്ന അസ്വാഭാവികത ശ്രദ്ധയിൽപെട്ടതായും അവർ പറയുന്നു.
മുസ്ലിം മേഖലകളിലെ കുറഞ്ഞ പോളിങ് സംബന്ധിച്ച ചോദ്യത്തിന് ബൂത്തുതല അവലോകനം നടത്തിയിട്ടില്ലെന്ന മറുപടിതന്നെയാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ സന്ത്ദാസ് പൻവാറിനുമുണ്ടായിരുന്നത്.
ആറ് പൊലീസ് ഉദ്യോഗസ്ഥർ പോളിങ് സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് തീർത്ത് മുസ്ലിം വോട്ടറുടെ രേഖകൾ പരിശോധിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സമാജ്വാദി പാർട്ടി രേഖ പരിശോധനയുടെ മറവിൽ പൊലീസ് വോട്ടർമാരെ ദ്രോഹിക്കുന്നതായി ആരോപിച്ചു. മറ്റ് ആറ് സംഭവങ്ങളും പാർട്ടി ഉന്നയിച്ചു.
മുസ്ലിംകളെ വോട്ട് ചെയ്യുന്നതിൽനിന്ന് തടഞ്ഞുവെന്നാരോപിച്ച സമാജ്വാദി പാർട്ടി കുന്ദർക്കി, മീരാപൂർ, സിസാമവു എന്നിവിടങ്ങളിൽ അർധസൈനിക വിഭാഗത്തിന്റെ മേൽനോട്ടത്തിൽ റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡബിൾ എൻജിൻ സർക്കാറിന്റെ ജനക്ഷേമ നയങ്ങൾ, സുരക്ഷ, സദ്ഭരണം എന്നിവക്കൊപ്പം പാർട്ടി പ്രവർത്തകരുടെ സമർപ്പിത പ്രയത്നമാണ് വിജയകാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഏറ്റവും വികലമായ രീതിയാണിതെന്ന് സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പ്രതികരിക്കുന്നു.
വോട്ടെടുപ്പിൽ ക്രമക്കേടാരോപിച്ച ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി വ്യാജ വോട്ടിങ് തടയാൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി കൈക്കൊള്ളുന്നതുവരെ ഉപതെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് സമാജ്വാദി പാർട്ടി നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ മറ്റ് മണ്ഡലങ്ങളിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരെ തടഞ്ഞത് സംബന്ധിച്ച് 250 പരാതികൾ നൽകിയിട്ടും കുന്ദർക്കിയിൽ ആർക്കെതിരെയും നടപടിയെടുത്തില്ലെന്ന് പാർട്ടി നേതാവ് സിദ്ധാർഥ് സിങ് ആരോപിക്കുന്നു.
കുന്ദർകി, സിസാമവു മണ്ഡലങ്ങളിൽ കള്ളവോട്ട് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു.
റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കാൻ സാധിക്കില്ലെന്നുമാണ് മണ്ഡലത്തിൽ നിരീക്ഷകനായി നിയോഗിക്കപ്പെട്ട തെലങ്കാനയിൽനിന്നുള്ള ഐ.എ.എസ് ഓഫിസർ ഭാരതി ഹോളികേരി വ്യക്തമാക്കിയത്.
(newslaundry.com ന് വേണ്ടി അവ്ധേശ് കുമാർ നൽകിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സീനിയർ റിപ്പോർട്ടർ സുമേധാ മിത്തൽ തയാറാക്കിയ റിപ്പോർട്ടിന്റെ സംഗ്രഹം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.