?????????? ?????? ??????? ???

കട്ടുമുടിച്ചതും നിങ്ങൾ! കൊണ്ടുപോയി തച്ചുകൊന്നതും നിങ്ങൾ!!!

കുറ്റം: 
മോഷണം

തൊണ്ടി മുതൽ:
(1) 250 ഗ്രാം നിറപറ മുളകുപൊടി 
(2) ഒരു കിലോ അരി 
(3) രണ്ടു കവർ ബീഡി 
(4) ഇല്ലാത്ത സവാള ഉണ്ടെന്നു പറയുന്നു 
(5) മൊബൈലിന്‍റെ ചാർജർ എന്ന് തോന്നിക്കുന്ന ഒരു വയർ

ശിക്ഷ:
ദാഹജലം പോലും നൽകാതെ തല്ലി കൊല്ലൽ

ശേഷം ‘പരിഷ്കൃത’ സമൂഹം ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു;  
മധുവിനെ അടിച്ചുകൊന്നത് അങ്ങേയറ്റം ‘കാടത്ത’മാണ് 

സഹോദരിയുടെ വിശന്ന് കരയുന്ന കുഞ്ഞുങ്ങൾക്കായി റൊട്ടി മോഷ്ടിച്ച ജീൻ വാൽ ജീനിലൂടെ വിശപ്പി​​​ന്‍റെ ദൈന്യതയും ദാരിദ്ര്യത്തി​​​ന്‍റെ ഭയാനകതയും വിക്ടർ ഹ്യൂഗോവാണ് ആദ്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ക്ലാസിലെ സമ്പന്നനായ വിദ്യാർത്ഥിയുടെ പൊതിച്ചോറ് കട്ട് തിന്ന അധ്യാപകനെ വരച്ചുകാട്ടി, പട്ടിണിയെന്ന ചങ്കുലക്കുന്ന യാഥാർത്ഥ്യം മലയാളികളോട് തുറന്നു പറഞ്ഞത് പിന്നീട് ‘പൊതിച്ചോറി’ലൂടെ കാരൂർ നീലകണ്ഠപ്പിള്ളയായിരുന്നു. ‘ഘടികാരങ്ങൾ നിലക്കുന്ന സമയ’ത്തിലൂടെ നാഥുറാമി​​​ന്‍റെ പളുങ്കുഭരണിയിലെ റൊട്ടി നോക്കി കത്തുന്ന വിശപ്പിനൊപ്പം വെള്ളമിറക്കിയ ബാലനൊപ്പം പിന്നെയും, അനുഭവിച്ചവന് മാത്രം അറിയാവുന്ന വിശപ്പി​​​ന്‍റെ നിലക്കാത്ത നിലവിളികളെ മലയാളികൾ ഉള്ളുലക്കുന്ന നോവായി ഒരുപാട് വായിച്ചു. വിശപ്പ് കാർന്നുതിന്ന ജീവിതത്തിൽ നിന്ന് ആയിരങ്ങൾക്ക് വിശപ്പ് മാറ്റാനാവുന്ന അന്നക്കൂന ആറടി നീളത്തിൽ കുഴിയെടുത്ത് മണ്ണിൽ കുഴിച്ചിടുന്ന സന്തോഷ് ഏച്ചിക്കാനത്തി​​​ന്‍റെ ‘ബിരിയാണി’ വരെ. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കൊണ്ടു പോകുന്നത് പ്രതിഷേധക്കാർ തടയുന്നു
 


പട്ടിണിക്കാലത്തി​​​ന്‍റെ വേദന പങ്കുവെച്ച കാരൂരി​​​ന്‍റെ പൊതിച്ചോറിൽ നിന്ന് തുടങ്ങി, വാങ്ങി ഭക്ഷിച്ചും വലിച്ചെറിഞ്ഞ് രസിച്ചും, ഭക്ഷിക്കുകയെന്നത് ആഘോഷമാക്കി മാറ്റിയ ഏച്ചിക്കാനത്തി​​​ന്‍റെ ബിരിയാണിക്കാലത്ത് എത്തിയിട്ടും വിശക്കുന്നവ​​​ന്‍റെ വേദന മാത്രം മലയാളി അറിഞ്ഞില്ല.  പകരം ആൾക്കൂട്ടത്തി​​​ന്‍റെ നീതി വിശന്നുവലഞ്ഞ് വയറ് ഒട്ടിപ്പോയ ഒരു പാവത്തിന് വിധിച്ചതോ മരണം. തലമുറകളെ കരയിച്ച്, മനസാക്ഷിയുള്ളവരെ വിടാതെ പിന്തുടർന്ന വിക്ടർ ഹ്യൂഗോയുടെ ജീൻ വാൽ ജീവിന് വിശന്നു കരഞ്ഞതിനുള്ള ശിക്ഷ 19 വർഷത്തിലൊതുക്കാൻ കഴിഞ്ഞു, പക്ഷേ ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം കഴിച്ചും വലിച്ചെറിഞ്ഞും ജീവിതത്തി​​​ന്‍റെ ആഘോഷത്തിമിർപ്പ് തുടരുന്ന മലയാളി സമൂഹത്തിലെ അംഗമായ മധു എന്ന ആദിവാസി യുവാവിന് കത്തിയാളിയ വിശപ്പിന് ബലി നൽകേണ്ടി വന്നത് സ്വന്തം ജീവൻ!. എല്ലാ മേഖലയിലും നമ്പർ വൺ ആകുമ്പോഴും അല്ലെങ്കിൽ അങ്ങനെ ആവാൻ എല്ലാ പ്രചണ്ഡപ്രചരണങ്ങളും അഴിച്ചുവിടുമ്പോഴും വയറ് കത്തിയെരിയുമ്പോൾ മറ്റു വഴികളില്ലാതാകുന്ന അട്ടപ്പാടിയിലെ മധുമാരും ഇതേ നമ്പർ സംസ്ഥാനത്തെ അന്തേവാസികളാണെന്നത് വിശപ്പിന് ശിക്ഷ മരണമാണെന്ന് വിധിക്കുന്ന ‘പരിഷ്കൃത ആൾക്കൂട്ടം മനസ്സിലാക്കിയാൽ നല്ലത്. 

മധുവിന്‍റെ അമ്മയുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രേശൻ സംസാരിക്കുന്നു
 


വിശപ്പ് മാത്രമല്ല, പിന്നെയുമുണ്ട് മധു ചെയ്ത കുറ്റങ്ങൾ 
കാട്ടിലലഞ്ഞ് നടന്നു, കായ്കനികൾ തിന്ന്, കാട്ടരുവിയിൽ നിന്ന് ദാഹം തീർത്ത്, ഗുഹയിലുറങ്ങി ജീവിച്ചു പോന്ന ഇരുപത്തിയേഴുകാരൻ മധു എന്ന മാനസികാസ്യസ്ഥം പ്രകടിപ്പിക്കുന്ന ആദിവാസി യുവാവ് വിശപ്പടക്കാൻ ഉമിനീരു പോലും തികയാതെ വന്നപ്പോഴാണ് വിശപ്പി​​​ന്‍റെ വേദനയുമായി പരിഷ്കൃത ലോകത്ത് എത്തുന്നത്. വിശപ്പ് സഹിക്കാനാവാതെ കടയിൽ നിന്ന് അരിയും മല്ലിയും ബീഡിയും ആരോടും ചോദിക്കാതെ എടുത്തത് മാത്രമല്ല മധു ചെയ്ത കുറ്റം; അവന്‍റെ ദേഹത്തിന് ഇരുട്ടി​​​ന്‍റെ കറുപ്പുണ്ട്, അവൻ ഉടുത്തിരുന്ന വസ്ത്രം മുഷിഞ്ഞ് പിന്നിയിട്ടുണ്ട്, ചുറ്റുമുള്ളവർ പുലമ്പുന്നതെന്തെന്ന് മനസ്സിലാക്കി തിരിച്ച് നാലു വർത്തമാനം പറയാൻ പോലും കഴിവില്ലതല്ലി നടുവൊടിച്ചാലും പകരം ചോദിക്കാൻ ആരുമില്ലാത്തവൻ, പ്രതിഷേധക്കുറിപ്പോ ബക്കറ്റ് പിരിവോ നടത്താൻ പിന്നിൽ ആളില്ലാത്തവൻ, മെലിഞ്ഞവനും നിരായുധനും, കായികശേഷിയോ പേശീബലമോ ഇല്ലാത്തവൻ, എല്ലാറ്റിനുമുപരി അവൻ ആദിവാസിയായിരുന്നു - അതുകൊണ്ടു പരിഷ്കാരികളായ നാം കൊടുക്കുന്ന ഏതൊരു ശിക്ഷയും എതിരെ ഒരക്ഷരം പോലും ഉരിയാടാതെ ഏറ്റുവാങ്ങേണ്ടവനായിരുന്നു. ഇത്രയും കുറ്റങ്ങൾ കൂടി മധുവി​​​ന്‍റെ പേരിലുള്ളതു കൊണ്ടു വിചാരണ നടത്തി, എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതായിട്ടു കൂടി, ഉടുമുണ്ട് കൊണ്ടു കൈ പിണച്ചുകെട്ടി നിഷ്ഠൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടത്? 

വിവിധ ആദിവാസി സംഘടനകൾ നടത്തിയ മാർച്ച്
 


കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വേവലാതിയിൽ നാടോടികളെയും മറുനാട്ടുകാരെയും കൂരയില്ലത്തതിനാൽ തെരുവിൽ കിടന്നവരെയും സംശയക്കണ്ണുകളോടെ നോക്കിയും ക്രൂരമായി ആട്ടിയോടിച്ചും വാട്ട്സ്അപ് ഷെയറുകളിൽ അഭിരമിച്ചു വന്ന ശരാശരി മധ്യവർഗ മലയാളി സമൂഹം, കാട്ടിൽ നിന്നറങ്ങി വന്ന് കട്ടുമുടിച്ചവനെ കെട്ടിയിടുകയല്ലാതെ പിന്നെന്ത് വേണമെന്ന് തിരിഞ്ഞു നിന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം നൽകും ആൾക്കൂട്ട വിചാരക്കിടയിൽ അവന്‍റെ സഞ്ചിയിൽ നിന്നും പഴുതടച്ച പരിശോധനയിലൂടെ കണ്ടെടുത്ത തൊണ്ടിമുതലുകളായ അരിയും ബീഡിയും മല്ലിയും. വൃത്തികെട്ട രൂപമുള്ള, മുഷിഞ്ഞ വേഷം ധരിച്ച, മുഖത്ത് നോക്കി സംസാരിക്കാൻ അറിയാത്ത തുടരെ തല്ലുമ്പോഴും ചുണ്ടിൽ ചെറുചിരി തീർത്ത് സഹിക്കുന്ന ആദിവാസികൾ, മൂന്നുനേരം കുളിച്ച് വൃത്തിയായി നടക്കുന്നവർക്കിടയിലേക്ക് വരേണ്ടതില്ലെന്ന തിട്ടൂരമാണ് മനസ്സിലെങ്കിൽ അതിനുള്ള ഉത്തരവും മലയാളി അറിയണം അറിഞ്ഞേ തീരൂ; 

നീയൊക്കെ കയ്യേറി വീട്‌ പൊക്കിയ മലയുണ്ടല്ലോ 
അവന്‍റെ മലയാടാ അത്‌
നിന്‍റെ കൂര പൊങ്ങാൻ നീ ഉൗറ്റിയ പുഴയുണ്ടല്ലോ 
അവന്‍റെ പുഴയാടാ അത്‌.

നീ മൊത്തിക്കുടിക്കുന്ന കുടിനീരുണ്ടല്ലോ 
അത് അവന്‍റെ കാടിനുള്ളിലാടാ 

വരിച്ചുവാലി നീയൊക്കെ തിന്നണ ചോറുണ്ടല്ലോ 
അവ ​​​ന്‍റെ വയലിലെ നെല്ലാടാ ആ ചോറ് 
അവന്‍റെയാടാ എല്ലാം .

എന്നിട്ടും 
കുടല്‌ കത്തി ചങ്കിൽ തീപിടിച്ചപ്പോ
ഒരുനുള്ള്‌ അവൻ നിന്നോട്‌ ചോദിക്കാതെ എടുത്തതിനു, 
തീർത്തു കളഞ്ഞല്ലോടാ നീ 

എല്ലാം നീ കട്ടുമുടിച്ചിട്ടും 
നിങ്ങൾ കവർന്നു മാറ്റിയിട്ടും 
കള്ളനെന്ന് അവനെ തന്നയാണല്ലോടാ
നീ വിളിക്കുന്നതും.

Tags:    
News Summary - Attappady Tribal Man Das Detained by People -Open Forum Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT