ഏറെ വർഷങ്ങളായി മാധ്യമ-സുരക്ഷാവലയത്തിൽ നിലകൊള്ളുന്ന ഈ പുരാതന ക്ഷേത്രനഗരിയിലേക്കാണ് രാജ്യത്തെ മാധ്യമങ്ങളുടെ കണ്ണുകൾ മുഴുവൻ. മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നുച്ചക്ക് നടക്കാനിരിക്കുന്ന വി.വി.ഐ.പി ചടങ്ങിന് മുന്നോടിയായി വർണവിളക്കുകളും പുഷ്പാലങ്കാരങ്ങളും നിറഞ്ഞ നഗരത്തിലേക്കുള്ള പ്രവേശനമാർഗങ്ങളെല്ലാം മണിക്കൂറുകൾ മുമ്പുതന്നെ ഭദ്രമാക്കി അടച്ചുകഴിഞ്ഞു. പ്രത്യേക സുരക്ഷാ പാസുള്ള വാഹനങ്ങൾക്ക് മാത്രമേ ഈ വീഥിയിൽ അനുമതിയുള്ളൂ. കടന്നുപോകുന്ന ഓരോ വാഹനങ്ങളിലുമിരിക്കുന്ന ഓരോ വ്യക്തിയും സുരക്ഷാ പാസും ആധാർ കാർഡും കൈവശം വെച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുന്നു സുരക്ഷാ ഉദ്യോഗസ്ഥർ.
അടുത്ത ദിവസം മുതൽ ജനലക്ഷങ്ങൾ എത്തിച്ചേരാനിരിക്കുന്ന ക്ഷേത്രത്തിന്റെ ഓരോ മുക്കുമൂലകളിലും അവസാനവട്ട മിനുക്കുപണികൾ നടത്തുന്നു കൊത്തുപണിക്കാരും മറ്റു തൊഴിലാളികളും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നദികളിൽനിന്ന് ശേഖരിച്ച 81കലശം വെള്ളമുപയോഗിച്ച് ക്ഷേത്രത്തിന്റെ ഗർഭഗൃഹം കഴുകുന്ന കർമവും പൂർത്തിയായി.
ഇന്ന് നടക്കാനിരിക്കുന്ന ചടങ്ങുകളുടെ യജമാനൻ (ജജ്മാൻ) പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും വിവാദങ്ങളെത്തുടർന്ന് മറ്റൊരാളെ ഈ സ്ഥാനത്തേക്ക് കണ്ടെത്തിയിട്ടുണ്ട്.
പത്നി സമേതനായി ജീവിക്കുന്ന ഒരു ഹിന്ദുവായിരിക്കണം പവിത്രമായ പ്രാണപ്രതിഷ്ഠ ചടങ്ങുകളുടെ യജമാനനെന്നും ചടങ്ങിന് 11 ദിവസം മുമ്പുമുതൽ യജമാനനും പത്നിയും സന്യാസതുല്യ ജീവിതം അനുഷ്ഠിക്കണമെന്നും ശങ്കരാചാര്യന്മാർ ഉൾപ്പെടെ പ്രമുഖർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രിക്ക് തന്നെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ 11 ദിവസത്തേക്ക് മാറ്റിവെക്കുക അസാധ്യമായ സാഹചര്യത്തിലാണ് പ്രദേശവാസിയായ ഹോമിയോ ഡോക്ടർ അനിൽ മിശ്രയും പത്നി ഉഷയും ഈ കർത്തവ്യത്തിനായി നിയോഗിക്കപ്പെട്ടത് എന്നാണ് ഔദ്യോഗിക വിശദീകരണം.
യു.പി, രാജസ്ഥാൻ, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, അസം, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 14 യജമാനന്മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അവർ ഓരോരുത്തരും വ്യത്യസ്തമായ ജാതികളെ പ്രതിനിധാനംചെയ്യുമെന്നും രാമജന്മഭൂമി തീർഥ ട്രസ്റ്റ് വൃത്തങ്ങൾ അറിയിക്കുന്നു. എന്നിരിക്കിലും മോദി തന്നെയാവും ‘പ്രതീകാത്മക ജജ്മാൻ’.
മുഖ്യപൂജക്കുശേഷം അതിഥികളെയും രാജ്യത്തെയും അഭിസംബോധന ചെയ്യുന്ന മോദി ക്ഷേത്ര നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തും.
പുതുതായി പണിതീർത്ത അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.20ന് വന്നിറങ്ങുന്ന മോദി ഹെലികോപ്ടർ മാർഗം രാമക്ഷേത്രത്തിനടുത്തുള്ള സാകേത് കോളജ് മൈതാനിയിലെത്തും. അവിടെ നിന്ന് കാൽനടയായി ക്ഷേത്രത്തിലേക്കും. രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്ന് നാലായിരം സന്യാസിമാരും സംഘ്പരിവാർ നേതാക്കളായ 106 പേരും 30 ഉദ്യോഗസ്ഥ മേധാവികളും 800 വ്യവസായ പ്രമുഖരും 400 തൊഴിലാളികളും നിയമമേഖലയിൽനിന്ന് 158 പേരും താരങ്ങളും നിർമാതാക്കളുമടക്കം 159 സിനിമക്കാരും 92 കായിക താരങ്ങളും 164 സമൂഹ മാധ്യമ സെലിബ്രിറ്റികളും ചടങ്ങിൽ അതിഥികളായുണ്ടാവും. ഇതിനുപുറമെ 92 വിദേശ ഇന്ത്യക്കാരും വിദ്യാഭ്യാസം, പ്രതിരോധം, സാമ്പത്തികം, സാഹിത്യം എന്നീ മേഖലകളിൽ നിന്ന് 30-50 വീതം പ്രതിനിധികളും പങ്കെടുക്കും. ദേശീയ-അന്തർദേശീയ മാധ്യമങ്ങളുടെ വൻസാന്നിധ്യം നഗരത്തിലുണ്ടെങ്കിലും എ.എൻ.ഐ, ദൂരദർശൻ പ്രതിനിധികൾക്ക് മാത്രമാണ് ക്ഷേത്രത്തിലെ മുഖ്യവേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.