ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷം സുപ്രീംകോടതി പുറപ്പെടുവ ിക്കാനൊരുങ്ങുന്ന അന്തിമവിധി നീതിവാഴ്ചയുടെ ചില അടിസ്ഥാനതത്ത്വങ്ങളെ ചോദ്യം ചെയ്യു ന്നുണ്ടെന്ന് പറയാതെ വയ്യ. രണ്ടുതരം കേസുകളാണ് ഈ വിഷയത്തിൽ ഉണ്ടായിരുന്നത്. 1992 ഡിസംബ റില്‍ മസ്ജിദ് തകര്‍ത്തവര്‍ക്കെതിരെ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസാണ് ഒരു പക്ഷേ, ഉടമസ്ഥാ വകാശത്തെക്കുറിച്ച സിവില്‍ കേസിനേക്കാളും പ്രധാനമാകേണ്ടിയിരുന്നത്. എത്രയും പെട്ടെ ന്ന് അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന കേന്ദ്രസര്ക്കാറിെൻറയും വി.എച്ച്.പിയുടെ യും സമ്മർദം ആ അര്‍ഥത്തില്‍ നിയമപരമായി അടിയന്തര പ്രാധാന്യത്തോടെ കേള്‍ക്കേണ്ട ഒന്ന ായിരുന്നോ? ഉടമസ്ഥാവകാശ കേസില്‍ അതിവേഗ വിചാരണ നടത്തി ഒരു തീരുമാനത്തിലെത്തിക്കാ നാണ് സുപ്രീംകോടതി തിടുക്കം കാട്ടിയത്. വിചാരണക്കാലം കുറച്ചുകൊണ്ടുവന്നതിലും വിചാര ണക്ക് മുമ്പും ശേഷവും നടന്ന അനുരഞ്ജന നാടകങ്ങളിലുമൊക്കെ അനഭിലഷണീയമായ ആ തിടു ക്കം കാണാനുണ്ടായിരുന്നു. കേസില്‍ വിധിപറയാന്‍ കോടതിയെ സമീപിക്കുമ്പോള്‍ എന്തുകൊണ്ട ് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ നിരന്തരമായി കോടതി ആവശ്യപ്പെട്ടു എന്നിടത്തുതന്നെ ചില പ ൊതുധാരണകള് രൂപപ്പെടുന്നുണ്ടായിരുന്നില്ലേ? വസ്തുതകളെ വസ്തുതകളായി സമീപിക്കാന ുള്ള ചീഫ് ജസ്റ്റിസിെൻറ മടിയോ ഭയമോ ഈ അടിച്ചേൽപിക്കപ്പെടുന്ന അനുരഞ്ജന ചര്‍ച്ചകളില്‍ കാണാനുണ്ടായിരുന്നു.
കോടതി പിരിഞ്ഞിട്ടും പ്രധാനകക്ഷികളുടെ അംഗീകാരം ഇല്ലാതിരുന്നിട്ടും ശ്രീറാം പഞ്ചു ആരുടെയോ ചില ഫോര്‍മുലകൾ കോടതിയിലെത്തിച്ചതും അത് ചേംബറില്‍ യോഗം വിളിച്ചുകൂട്ടി ചീഫ് ജസ്റ്റിസ് ചര്ച്ചചെയ്തതുമൊക്കെ ഇന്ത്യന്‍ സുപ്രീംകോടതിയുടെ ചരിത്രത്തിലെ അസാധാരണ സംഭവങ്ങളായിരുന്നു. സുന്നി വഖഫ് ബോര്‍ഡും വി.എച്ച്.പിയും നിയമപരമായി ഒപ്പുവെക്കാത്ത ഈ ഒത്തുതീര്‍പ്പ് വാര്‍ത്തയാക്കാന്‍ നിയമപീഠത്തിന് താല്‍പര്യമുണ്ടായിരുന്നതു കൊണ്ടാണല്ലോ അവരത് ചര്‍ച്ചക്കെടുത്തത്.
മരവിപ്പിൽനിന്നു കൊടുങ്കാറ്റിലേക്ക്
ഒരുതരം മരവിപ്പിലേക്ക് താല്‍ക്കാലികമായി പിന്‍വലിഞ്ഞെങ്കിലും ഉയരാന്‍ പോകുന്ന കൊടുങ്കാറ്റിെൻറ ആരവം ഇന്ത്യക്ക് അനുഭവിക്കാനാവുന്നുണ്ട്. ഒരു മതത്തിനു മേല്‍ മറ്റൊന്നിെൻറ ആധിപത്യമോ കീഴടങ്ങലോ ആയി വ്യാഖ്യാനിക്കപ്പെടാനിടയുള്ള ഈ കേസില്‍ വിധി ആര്‍ക്ക് അനുകൂലമായാലും ഇന്ത്യയെന്ന രാജ്യത്തിെൻറ ഇതുവരെയുണ്ടായിരുന്ന അടയാളങ്ങളെ അത് മായ്ച്ചു കളയും. ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ ചരിത്രരേഖകളും അവകാശവാദങ്ങളും ഉയര്‍ന്നുവന്ന കേസായിരുന്നു ഇത്. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പണിതതെന്ന വാദത്തിൽനിന്നു തുടങ്ങി മസ്ജിദ് നിലനിന്ന സ്ഥലത്തിന് ഒരു രേഖയുമില്ലെന്നും ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ ഈ ഭൂമിയുടെ ൈകയേറ്റക്കാരായിരുന്നെന്നുമൊക്കെയുള്ള വാദങ്ങളാണ് ഏറ്റവുമൊടുവില്‍ സുപ്രീംകോടതിയില്‍ ഉയര്‍ന്നുകേട്ടത്.
പരമ്പരയിലെ അവസാനത്തെ ൈകയേറ്റത്തെ വിശ്വാസവുമായി കൂട്ടിക്കുഴച്ച് അതിന് നിയമസാധുത നല്‍കണമെന്നായിരുന്നു രാമക്ഷേത്ര നിർമാണ് ന്യാസിെൻറ അഭിഭാഷകരുടെ വാദം. അന്യെൻറ സ്വത്തിനുമേല്‍ കടന്നുകയറാന്‍ വിശ്വാസപരമായ പഴുതുണ്ടോ ഇല്ലേ എന്ന ചോദ്യമായാണ് ഒടുവില്‍ ഉടമസ്ഥാവകാശ തര്‍ക്കം വഴിമാറിയത്.
രേഖകളൊന്നും പറയാത്ത ‘ചരിത്രകഥ’
1528ല്‍ മുഗൾ ചക്രവർത്തി ബാബറിെൻറ പേരില്‍ അദ്ദേഹത്തിെൻറ ഗവര്‍ണർ മീർ ബാഖി തഷ്കന്ദി പണിത ഈ മസ്ജിദിെൻറ നിര്‍മാണ കാലത്തോ അതിനു മുമ്പെയോ അത്തരമൊരു ജന്മസ്ഥാന് ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് വിശ്വാസയോഗ്യമായ ഒരു തെളിവും കോടതിയില്‍ ഇപ്പോഴും വി.എച്ച്.പി ഹാജരാക്കിയിട്ടില്ല. ഈയൊരു ചരിത്രം ആദ്യം അന്വേഷിക്കാനാവുന്ന ആധികാരികമായ രേഖകള്‍ മുഗള്‍ കാലഘട്ടത്തെ കുറിച്ച ഡയറിക്കുറിപ്പുകള്‍ തന്നെയാണ്. ബാബര്‍ മാത്രമല്ല, അദ്ദേഹത്തിനുശേഷം ഇന്ത്യ ഭരിച്ച ജഹാംഗീറും അക്ബറും ഔറംഗസീബുമൊക്കെ അന്നന്നത്തെ ഉത്തരവുകളും ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഡയറികളായി എഴുതിവെച്ചവരാണ്. രാമക്ഷേത്രത്തിെൻറയോ ബാബരി മസ്ജിദിെൻറയോ കാര്യം ഇവരില്‍ ആരും പരാമര്‍ശിക്കുന്നില്ല എന്നിടത്തു തന്നെ ഇത് പില്ക്കാലത്ത് മാത്രം പ്രത്യക്ഷപ്പെട്ട ‘ചരിത്രകഥ’യെന്നു വ്യക്തം.
ആദ്യകാലത്ത് സാകേത് എന്നറിയപ്പെട്ട ഈ നഗരം പതിനൊന്നാം നൂറ്റാണ്ടിനു ശേഷമാണ് അയോധ്യയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഹുയാങ് സാങ്, വില്യം ഫിൻച്, തോമസ് ഹെര്‍ബെർട്ട് പോലുള്ള സഞ്ചാരികള്‍ ശ്രീരാമനഗരിയായ അയോധ്യയെക്കുറിച്ച് എഴുതുന്നുണ്ടെങ്കിലും രാമായണത്തില്‍ വിവരിക്കുന്ന കോസല രാജ്യത്തിെൻറ തലസ്ഥാനനഗരിയുടെ സ്ഥാനവും സരയൂ നദിയുടെ ദിശയുമൊന്നും ഇന്നത്തെ അയോധ്യയുമായി പൊരുത്തപ്പെടുന്നില്ല. ഈ സഞ്ചാരികളില്‍ ചിലര്‍ അയോധ്യയില്‍ ശ്രീരാമജന്മസ്ഥാന്‍ ക്ഷേത്രം ഉണ്ടെന്ന് എഴുതിയത് ഇപ്പോഴത്തെ കേസിനെ ബലപ്പെടുത്താനായി സുപ്രീംകോടതിയില്‍ ഉയര്‍ത്തിക്കാട്ടിയിട്ടുണ്ടെങ്കിലും അവരാരും ബാബരി മസ്ജിദിെൻറ താഴെയാണ് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്ന് പറഞ്ഞിട്ടില്ല. ശ്രീരാമെൻറ പിതാവിെൻറയും മാതാവിെൻറയും പേരില്‍ വലിയ ക്ഷേത്രങ്ങളും കൊട്ടാരങ്ങളുമൊക്കെയുള്ള, 1992 വരെ ശ്രീരാമ ജന്മസ്ഥാന് ക്ഷേത്രം എന്ന പേരില്‍ വേറെയും ആരാധനാലയങ്ങളുണ്ടായിരുന്ന അയോധ്യയില്‍ നഗരത്തിെൻറ ഇങ്ങേപ്പകുതിയിലെ ഈ കുന്നിന്‍പുറത്ത് കൈകേയി എന്തിന് മകനെ പ്രസവിക്കണമെന്ന യുക്തിയുടെ ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല.
മഹാകവി തുളസിദാസും മിണ്ടിയില്ല
ബാബര്‍ ഭരണകാലത്ത് ഒരിക്കല്‍ പോലും അയോധ്യയില്‍ വന്നിട്ടില്ല എന്നാണ് യഥാര്‍ഥ ചരിത്രരേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. അക്കാലത്ത് ഘാഘ്രാ നദിയായി അറിയപ്പെട്ട ഇന്നത്തെ സരയൂവില്നിന്നു എട്ടു കിലോമീറ്റര്‍ അകലത്തില്‍ ഒരു ഗ്രാമത്തിലാണ് ബിഹാറിലേക്കുള്ള യാത്രാമധ്യേ ബാബര്‍ തങ്ങിയത്. 1528ലെ ആറുമാസക്കാലത്തെ പേജുകള്‍ ഡയറിയില്‍ കാണാനില്ലെങ്കിലും ഒരു വര്‍ഷം കഴിഞ്ഞുള്ള മടക്കയാത്രയില്‍ ഫൈസാബാദ് ഗവര്‍ണറായിരുന്ന ബയാസിദ് ഖാനെ വിളിപ്പിച്ച കാര്യവും പോയ വര്‍ഷം ഏൽപിച്ച കാര്യങ്ങള്‍ ചക്രവര്‍ത്തി അന്വേഷിച്ചതുമൊക്കെ ‘ബാബര്‍ നാമ’യിലുണ്ട്. നിരവധി തടയണകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയുമൊക്കെ കാര്യം ഒരു കൊല്ലത്തിനുശേഷം നടന്ന മടക്ക യാത്രയില്‍ അന്വേഷിച്ച് പുരോഗതി വിലയിരുത്തിയ ബാബര്‍ തെൻറ പേരില്‍ പണിതുകൊണ്ടിരുന്ന ആ പള്ളിയുടെ കാര്യം ചോദിക്കാതിരുന്നത് എന്തു കൊണ്ടാവാം? ബാബറുടെ പേരുവെച്ച് മീര്‍ബാഖി പണിത, ഒട്ടും പ്രാധാന്യമില്ലാത്ത ഒരു സാധാരണ മസ്ജിദ് മാത്രമായിരുന്നു അതെന്ന് ചുരുക്കം. സ്വന്തം അധികാരത്തിെൻറ ഹുങ്ക് ഹിന്ദുക്കളെ ബോധ്യപ്പെടുത്താനാണ് ബാബര്‍ ചക്രവര്‍ത്തി ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതതെങ്കില്‍ അത് തുറന്നു പറയാതിരിക്കാന്‍ അദ്ദേഹം ആരെയെങ്കിലും അക്കാലത്ത് ഭയപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.
മാത്രവുമല്ല, നഗ്ന വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതിനാൽ ഗ്വാളിയറിനു സമീപം ഉര്‍വയിലെ ക്ഷേത്രം ഇടിച്ചു നിരത്തിയ കാര്യം ‘ബാബര്‍ നാമ’യില്‍ പറയുന്നുമുണ്ട്. മുഗള്‍ കാലഘട്ടത്തിലെയും മധ്യ കാലഘട്ടത്തിലെയും മിക്ക ചരിത്ര ഗ്രന്ഥങ്ങളിലും മഹ്മൂദ് ഗസ്നി കൊള്ളയടിച്ച ഗുജറാത്തിലെ സോമനാഥക്ഷേത്രത്തെ കുറിച്ച വിശദാംശങ്ങളും കാണാനാവും. ബാബരി മസ്ജിദ് നിർമിച്ച് നാലു പതിറ്റാണ്ടിനു ശേഷം 1574ലാണ് ഇന്ത്യയില്‍ ജീവിച്ച ഏറ്റവും വലിയ ശ്രീരാമ ഭക്തനായ മഹാകവി തുളസീദാസ് അയോധ്യയില്‍ എത്തി രാമചരിത മാനസം എഴുതി പൂര്‍ത്തിയാക്കിയത്. ബാബരി മസ്ജിദ് സ്ഥിതി ചെയ്ത കുന്നില്‍ നിന്നു നോക്കിയാല്‍ കാണുന്ന ദൂരത്തായിരുന്നു കവിയുടെ ഭവനം. ഇന്നും അതവിടെയുണ്ട്. അയോധ്യയിലെ മറ്റെല്ലാ വിശേഷങ്ങളും എഴുതിവെച്ച കവി എന്തേ ഈ കൊടുംപാതകത്തെ കുറിച്ച് മിണ്ടിയില്ല?
ബ്രിട്ടീഷ് ഇടപെടൽ
ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന കാലത്ത് ഫൈസാബാദ് ഗസറ്റിയറില്‍ കണ്ണിങ്ഹാം എഴുതിച്ചേര്‍ത്ത ഒരു കുറിപ്പിനെ ആസ്പദമാക്കി 1905ല്‍ എച്ച്.ആര്. നെവില്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ബാബരി മസ്ജിദിനോടു ചേര്‍ന്ന ഛബൂത്ര ശ്രീരാമെൻറ ജന്മസ്ഥലമാണെന്നും വടക്കു വശത്തെ തറയോടു ചേര്‍ന്ന് കാണുന്ന കല്‍ത്തറ സീതയുടെ അടുക്കളയാണെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ടെന്നും ഏറ്റവുമാദ്യം ആധികാരികമായി ഉദ്ധരിച്ചത്. അയോധ്യ കേന്ദ്രീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തിയ നാളുകളായിരുന്നു അത്. ഈ പ്രക്ഷോഭത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ചണിനിരന്നത് ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചിരുന്നു. കണ്ണിങ്ഹാം എഴുതിയതുപോലും സൂക്ഷ്മമായി ബാബരി മസ്ജിദിനെ കുറിച്ചായിരുന്നില്ല. 17ാം നൂറ്റാണ്ടിനൊടുവിലെ ജയ്പുര്‍ മഹാരാജാവിേൻറതെന്ന പേരില്‍ വിചാരണയുടെ അവസാന ദിവസം സുപ്രീംകോടതിയില്‍ പ്രത്യക്ഷപ്പെട്ട, രാജീവ് ധവാന് വലിച്ചു കീറിയ ആ ഭൂപടവും മറ്റും യഥാര്‍ഥത്തില്‍ ജോസഫ് ടൈഫെന്താലര് എന്ന ഫ്രഞ്ച് പാതിരിയുടെ പുസ്തകത്തില്‍ നിന്നെടുത്തതാണ്. അതില്‍ അയോധ്യയെ കുറിച്ച് പറയുന്ന ഒരു ഭാഗത്ത് രാമെൻറ കോട്ട തകര്‍ത്ത് ബാബര്‍ മുഹമ്മദീയര്‍ക്കായി ഒരു അമ്പലം പണിതുവെന്നും അവിടെയുള്ള ഒരു വീട്ടിലാണ് വിഷ്ണു എന്ന ഹിന്ദുദൈവത്തിെൻറ അവതാരം ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുവെന്നും 17ാം നൂറ്റാണ്ടിലെ ഒരു സഞ്ചാരിയെ ഉദ്ധരിച്ച് പറയുന്നു. വിശ്വഹിന്ദു പരിഷത്തിെൻറ അഭിഭാഷകന് ഈ പരാമര്‍ശം എടുത്തു കാട്ടുമ്പോള്‍ മൂന്നു താഴികക്കുടങ്ങളുള്ള ഈ കെട്ടിടത്തിനു ചുറ്റും ഒട്ടും ഉയരമില്ലാത്ത മതിലാണുള്ളതെന്നും അകത്തേക്ക് കയറുന്നത് ഇടുങ്ങിയ ഒറ്റ വാതിലിലൂടെയാണെന്നും ടൈഫെന്താലര് എഴുതിയത് മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്.
ബാബരി മസ്ജിദിെൻറ വാതിലുകള്‍ അതായിരുന്നില്ല. എന്തായാലും ഇംഗ്ലീഷ് കാലത്താണ് ജന്മഭൂമി വിവാദം ഉടലെടുത്തതെന്നും 19ാം നൂറ്റാണ്ടിലാണ് പള്ളിയുടെ മുറ്റത്ത് ഇടതുമതിലിനോടു ചേര്‍ന്ന് രാം ഛബൂത്ര പ്രത്യക്ഷപ്പെട്ടതെന്നുമാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലുള്ളത്. ഇതോടൊപ്പമാണ് പള്ളിയുടെ വലതു ഭാഗത്ത് ‘സീതാ കീ രസോയി’യും പൊങ്ങിയത്. ഛബൂത്രയിലേക്കുള്ള വഴിയെ ചൊല്ലി ഹിന്ദുക്കളും മുസ്ലിംകളും കലഹിക്കാനാരംഭിച്ചു. 1855ല്‍ ഉണ്ടായ ഒരു സാമുദായിക ലഹളക്കു ശേഷം ഛബൂത്രയെ സ്ഥിരം ക്ഷേത്രമാക്കാനുള്ള അനുമതി ചോദിച്ച് ഹിന്ദുക്കള്‍ കോടതി കയറി. ഭൂമിയില്‍ അവര്‍ക്ക് അവകാശമില്ലെന്നാണ് കോടതി വിധിച്ചത്. തുടര്‍ന്നാണ് പള്ളിക്ക് ചുറ്റുമതില്‍ കെട്ടിയത്.
ഒറ്റനാൾ കൊണ്ട് തീരേണ്ടിയിരുന്നത്
1885ൽ കേസ് കോടതി തള്ളിയെങ്കിലും അന്നുണ്ടാക്കിയ ഒത്തുതീര്പ്പിെൻറ ഭാഗമായാണ് മുസ്ലിംകളും ഹിന്ദുക്കളും ഒരേ വഴിയിലൂടെ പിന്നീട് എഴുപതു വര്‍ഷത്തോളം അവരവരുടെ ആരാധനാലയങ്ങളിലേക്ക് പ്രവേശിച്ചുകൊണ്ടിരുന്നത്. ഈ വഴിത്തര്‍ക്കം സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള കാലത്ത് ശക്തിപ്പെട്ടു. 1949 ഡിസംബറില്‍ ഛബൂത്രയിലുണ്ടായിരുന്ന ശ്രീരാമ വിഗ്രഹത്തെ ഹിന്ദുമഹാസഭയുടെ നേതാക്കളായിരുന്ന ചിലര്‍ അര്‍ധരാത്രിയില്‍ പള്ളിയുടെ മിഹ്റാബില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. അതേ തുടര്‍ന്ന് പള്ളി അടച്ചിടാനായി അന്നത്തെ ഫൈസാബാദ് മജിസ്ട്രേറ്റ് കെ.കെ. നായര്‍ ഉത്തരവിട്ടു.
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉൾപ്പെടെയുള്ളവരുടെ നിർദേശമുണ്ടായിട്ടും പള്ളി മുസ്ലിംകള്ക്ക് തുറന്നു കൊടുക്കാന്‍ കോണ്‍ഗ്രസിെൻറ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ വല്ലഭ് പന്തിന് ധൈര്യമുണ്ടായില്ല. കെ.കെ. നായര്‍ പിന്നീട് മജിസ്ട്രേറ്റ് ജോലി രാജിവെച്ച് ഹിന്ദുമഹാസഭയില്‍ ചേരുകയും ബഹ്റായിച്ച് മണ്ഡലത്തില്‍നിന്നു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അദ്ദേഹത്തിെൻറ ഭാര്യ ലീല യു.പിയിലെ നിയമസഭാംഗവുമായി. രണ്ടു വര്‍ഷത്തിനുശേഷം പള്ളി തങ്ങളുടേതാണെന്ന അവകാശവാദവുമായി ഗോപാല്‍ചന്ദ് വിശാരദ്, നൃത്യഗോപാല്‍ ദാസ്, മഹന്ത് രാംചന്ദര്‍ പരമഹംസ് മുതല്പേര് കോടതിയെ സമീപിച്ചു. പിന്നെയും എട്ടു വര്‍ഷത്തിനുശേഷമാണ് സുന്നീ വഖഫ് ബോര്‍ഡ് കേസില്‍ കക്ഷി ചേരുന്നത്. പ്രദേശത്തെ മുസ്ലിംകള് മാത്രമായിരുന്നു ആദ്യകാലത്തെ എതിര്‍കക്ഷികള്‍. നീതിബോധമുള്ള ഏതു മജിസ്ട്രേറ്റിനും ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാമായിരുന്ന ഈ കേസാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സുപ്രീംകോടതി വരെ എത്തി രാജ്യത്തെ പിടിച്ചു കുലുക്കാനൊരുങ്ങുന്നത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.