‘‘ലവ് ജിഹാദും ഹലാൽ ജിഹാദും തുപ്പൽ ജിഹാദുമൊക്കെ ഉയർത്തിവിട്ടതിനു പിന്നിൽ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കാനുള്ള വളഞ്ഞ വഴിയാണ്. ഹിന്ദുക്കൾ സംഘടിതരല്ല എന്നതാണ് ഈ ആശങ്കകൾക്കു പിന്നിൽ. മുസ്ലിംകൾക്ക് വെള്ളിയാഴ്ചയും ക്രിസ്ത്യാനികൾക്ക് ഞായറാഴ്ചയുമൊക്കെ പള്ളികളിൽ ഒത്തുകൂടാനുള്ള അവസരങ്ങളുണ്ട്. എന്നാൽ, ഹിന്ദുക്കൾക്ക് ഇങ്ങനെ ഒത്തുകൂടാൻ ശനിയാഴ്ച സത്സംഗമോ മറ്റോ ഇല്ല. അവർ സംഘടിതരുമല്ല.
അവരെ ഒരുമിപ്പിക്കണമെങ്കിൽ എതിർസ്ഥാനത്ത് ഒരു ശത്രു വേണം, ഒരു അപരനെ വേണം. നിങ്ങളുടെ പെൺകുട്ടികളെ പ്രണയിച്ച് തട്ടിക്കൊണ്ടുപോകാൻ ശത്രു ശ്രമം നടത്തുന്നുവെന്ന പ്രചാരണമൊക്കെ അത്തരം വിഹ്വലതകളുടെ ഭാഗമാണ്.
നായരും ഈഴവനും പുലയനും പറയനും വെള്ളാളനും ആദിവാസിയും അമ്പലവാസിയുമൊക്കെയായി വിഘടിച്ച് കിടക്കുന്ന ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാനുള്ള പൊറാട്ടുനാടകമാണ് ഇത്തരം ജിഹാദ് ആരോപണങ്ങൾ...’’ -പറയുന്നത് തീവ്ര ഹിന്ദുത്വയുടെ വക്താവായി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സാക്ഷാൽ രാഹുൽ ഈശ്വർ. ചാനൽ ചർച്ചയിലെ ഈ തുറന്നുപറച്ചിലിൽ അസ്വസ്ഥനായ, ഹിന്ദുത്വയെ പ്രതിനിധാനംചെയ്തിരുന്ന സഹ പാനലിസ്റ്റ്, ‘ഹിന്ദുക്കളുടെ കാര്യം പറയാൻ നിങ്ങൾക്ക് എന്താണ് അധികാര’മെന്നു ചോദിച്ച് തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതും കാണാമായിരുന്നു.
ഈ ചർച്ച കണ്ടുകൊണ്ടിരിക്കുമ്പോൾ ഓർമവന്നത് ഒരു വ്യാഴവട്ടക്കാലം മുമ്പ് കേരളത്തെ പിടിച്ചുകുലുക്കിയ ‘ലവ് ജിഹാദ്’ വിവാദമായിരുന്നു. ആ വിവാദമാണ് സംഘ് കേന്ദ്രങ്ങളിൽ കുറേക്കാലമായി ഉൽപാദിപ്പിക്കപ്പെടുന്ന കേരള വിരുദ്ധ വിദ്വേഷ പ്രചാരണത്തിനും ‘ദ കേരള സ്റ്റോറി’ മോഡൽ തിരക്കഥകൾക്കുമൊക്കെ ഇന്ധനമായി മാറിയത്.
2009 ജൂലൈ, ആഗസ്റ്റ് കാലം. അന്ന്, കേരളത്തിലെ മാധ്യമങ്ങളുടെ മുൻപേജുകളിൽ നിറഞ്ഞുനിന്നിരുന്നത് ചില തീവ്രവാദ കേസുകളാണ്. മഅ്ദനിക്ക് എതിരായ കേസുകൾ, കളമശ്ശേരി ബസ് കത്തിക്കൽ കേസ്, കശ്മീർ റിക്രൂട്മെന്‍റ് കേസ്... അതിനിടയിലാണ് ‘ലവ്ജിഹാദ്’ വാർത്താപരമ്പരകളുമായി സംസ്ഥാനത്തെ മുൻനിര മാധ്യമങ്ങളിൽ ചിലത് രംഗത്തിറങ്ങിയത്.
‘ഇരയാണ് അവൾ എവിടെയും’ തലക്കെട്ടിൽ നാല് റിപ്പോർട്ടർമാരുടെ പേരുവെച്ച് തയാറാക്കിയ പരമ്പരയാണ് ‘മലയാള മനോരമ’ അവതരിപ്പിച്ചത്. അതിൽ, 2009 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ‘പൊട്ടിക്കാൻ ലവ് ബോംബുകൾ’ എന്ന ഭാഗം കാമ്പസുകളിലെ മുസ്ലിം യുവതയെ അപരവത്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
മുസ്ലിം സഹപാഠികളുമായുള്ള സൗഹൃദം വലിയൊരു ചതിക്കുഴിയാണെന്ന ധാരണ പല മാതാപിതാക്കളിലും സൃഷ്ടിക്കാൻ പോന്നതായിരുന്നു ഇത്. ഒരു സംഘടന ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റുന്നതിനായി പ്രത്യേക പരിശീലനം നൽകി പ്രവർത്തകരെ രംഗത്തിറക്കിയിരിക്കുന്നു എന്ന പ്രചാരണം വ്യാപകമായി. പല ജില്ലകളിലും മതംമാറി കഷ്ടത്തിലായ പെൺകുട്ടികളുടെ കഥകളും പത്രത്താളുകളിൽ നിറഞ്ഞു.
മലയാള മനോരമ കളംപിടിക്കുന്നത് കണ്ടതോടെ, ‘പ്രണയക്കുരുക്കുമായി റോമിയോ ജിഹാദുകൾ’ തലക്കെട്ടുമായി ‘കേരള കൗമുദി’യും ‘കേരള ശബ്ദ’വുമെല്ലാം രംഗത്തിറങ്ങി. എട്ടുമാസം മുമ്പ് ഇന്‍റലിജൻസ് ബ്യൂറോ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന വെളിപ്പെടുത്തലുമായി പ്രചാരണത്തിന് ഔദ്യോഗിക പരിവേഷം നൽകാനും ശ്രമമുണ്ടായി. ‘ലവ് ജിഹാദ്: നാലുവർഷത്തിനിടെ നടന്നത് നാലായിരത്തോളം മതംമാറ്റം’ എന്ന വാർത്തകൂടി വന്നതോടെ ചിത്രം പൂർത്തിയായി.
ഈ പ്രചാരണങ്ങൾക്ക് പിന്നാലെ, കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്‍റെ ‘കമീഷൻ ഫോർ സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ്’ ‘പ്രണയ തീവ്രവാദം: മാതാപിതാക്കൾ ജാഗ്രത പാലിക്കണം’ എന്ന മുന്നറിയിപ്പ് നൽകി അവരുടെ മുഖപത്രമായ ‘ജാഗ്രത’യിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ‘പ്രണയ മതംമാറ്റത്തിന്’ വിധേയരായവരുടെ എണ്ണം 20,000 ആയി.
മാധ്യമങ്ങളുടെ ആഘോഷം ഇങ്ങനെ നടക്കവേയാണ് പത്തനംതിട്ട സ്വദേശി ഷഹൻ ഷായുടെ പ്രണയവിവാഹം കോടതി കയറുന്നത്. ഇതോടെ, ഞങ്ങൾ പറഞ്ഞതിനൊക്കെ ഔദ്യോഗിക പരിവേഷം ലഭിച്ചില്ലേയെന്ന നിലപാടിലായി മാധ്യമങ്ങൾ.
ഈ കേസിൽ ഹൈകോടതിയിലെത്തിയ ജാമ്യഹരജി പരിഗണിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്‍റെ കമന്‍റുകൾകൂടി വന്നതോടെ, ലവ് ജിഹാദ് എന്നത് യഥാർഥത്തിൽ ഉള്ളതാണ് എന്ന ചിന്താഗതി കേരളീയ സമൂഹത്തിൽ രൂഢമൂലമായി. ഇതിനിടെ ‘ആരോഗ്യ ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ എന്നിങ്ങനെ പുതിയ ആഖ്യാനങ്ങളും പടച്ചുവിടപ്പെട്ടു.
ഇതോടെയാണ്, ലവ് ജിഹാദ് ആരോപണങ്ങളുടെ പിന്നാമ്പുറം തേടി ഇറങ്ങിച്ചെല്ലാൻ തീരുമാനിച്ചത്. പൊലീസ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ തെളിയിക്കപ്പെട്ട കേസുകളൊന്നുമില്ലെന്ന് പല ഉദ്യോഗസ്ഥരും തുറന്നുപറഞ്ഞു. പത്രങ്ങൾ അടിച്ചുവിട്ടമാതിരി ഒരു ഇന്‍റലിജൻസ് റിപ്പോർട്ടും ഇല്ലെന്ന് പൊലീസ്വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പത്രങ്ങൾ നിരത്തിയത് കെട്ടുകഥകളാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായി. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് 2009 ഒക്ടോബർ 16 മുതൽ 20 വരെ ‘മാധ്യമം’ പരമ്പര പ്രസിദ്ധീകരിച്ചത്.
അപ്പോഴും ‘ഹൈകോടതി പറഞ്ഞതോ?’ എന്ന ചോദ്യം ബാക്കിയായി. ഇതിനിടെ, ഷഹൻ ഷായുടെ കേസ് കോടതിയുടെ പരിഗണനയിൽ വീണ്ടുമെത്തിയിരുന്നു. ജാമ്യഹരജി പരിഗണിച്ച ജഡ്ജിയിൽനിന്ന് വ്യത്യസ്തമായി, കേസ് പരിഗണിച്ച ജസ്റ്റിസ് ശശിധരൻ നമ്പ്യാർ കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ പരിശോധിക്കാൻ തയാറായി.
ലവ് ജിഹാദ് ആരോപണങ്ങൾ കെട്ടുകഥയാണെന്ന് അദ്ദേഹം തന്‍റെ വിധിന്യായത്തിൽ അക്കമിട്ട് വ്യക്തമാക്കി. ഹിന്ദുത്വ വർഗീയ സംഘടനകളുടെ ലഘുലേഖകൾ അപ്പാടെ പകർത്തിവെച്ചതായിരുന്നു പല ലേഖനങ്ങളുമെന്ന് വൈകാതെ വെളിപ്പെട്ടു. ഇതോടെ, കഥകളെഴുതിയ മാധ്യമങ്ങൾ പ്രതിരോധത്തിലായി. പക്ഷേ, അപ്പോഴേക്കും കേരളത്തിലെ ലവ് ജിഹാദ് കഥകൾ ഉത്തരേന്ത്യൻ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ കേരളം ഭീകരവാദികളുടെ താവളമായി മുദ്രകുത്തപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം, തങ്ങൾക്ക് വോട്ട് നൽകിയില്ലെങ്കിൽ ഇവിടെയും ‘കേരളം ആവർത്തിക്കും’ എന്ന മുന്നറിയിപ്പുകളുണ്ടായി. അന്ന് മാധ്യമങ്ങൾ പടച്ചുവിട്ട കഥകളാണ് 14 വർഷത്തിനുശേഷവും മതംമാറി സിറിയയിൽ പോയ 32,000 യുവതികളുടെ കദനകഥകളുമായി സിനിമ രൂപത്തിലെത്തി നിൽക്കുന്നത്.
ലവ് ജിഹാദ് ആരോപണങ്ങൾ കത്തിനിന്ന കാലത്ത് ചില സുഹൃത്തുക്കളുടെ സഹായത്തോടെ എറണാകുളത്തെ ചില കാമ്പസുകളിൽ കേസ് സ്റ്റഡി നടത്തിയിരുന്നു. കോളജ് കാമ്പസുകളിലെ ‘ആണത്ത സങ്കൽപങ്ങൾ’ക്ക് പ്രണയത്തിലും കാര്യമായ റോൾ ഉണ്ടെന്നാണ് അന്ന് കണ്ടെത്തിയത്. രണ്ടെണ്ണം ‘വീശി’, മുറുക്കിച്ചുവപ്പിച്ച് മസിൽ പെരുപ്പിച്ച് നടക്കുന്നതാണ് ആണത്തം എന്ന ചിന്ത വ്യാപകമായിരുന്നു.
അന്നിറങ്ങിയ ചില സിനിമകളിലെ നായക വേഷങ്ങൾ ഇത്തരം ആണത്ത സങ്കൽപങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, മദ്യപിച്ച് എത്തുന്ന പിതാവും ആങ്ങളമാരുമൊക്കെ വീട്ടിലുണ്ടാക്കുന്ന അലമ്പുകളിൽ മനംനൊന്തെത്തുന്ന പെൺകുട്ടികൾ ഇത്തരം ആണത്ത വേഷംകെട്ടലുകളിൽ ആകൃഷ്ടരായില്ല എന്നതാണ് വാസ്തവം.
കൃത്യമായി കോളജിലെത്തി, ക്ലാസുകൾ അറ്റൻഡ് ചെയ്യുന്ന, ഉത്തരവാദിത്ത ബോധമുള്ള സുഹൃത്തുക്കളിലേക്ക് ഇത്തരം പെൺകുട്ടികൾ മതംനോക്കാതെ ആകൃഷ്ടരായി എന്നതാണ് വാസ്തവം. അതാണ് മതത്തിന്‍റെ അതിർവരമ്പുകൾ കടന്നുള്ള പ്രണയത്തിലേക്ക് നയിച്ചതും. അത്തരം പ്രണയങ്ങൾ മിക്കതും കാമ്പസ് കാലത്തിനുശേഷം അവസാനിക്കുകയും ചെയ്തു. അപൂർവം ചിലത് മാത്രമാണ് വിവാഹത്തിലെത്തിയത്. അവയിൽ മതംമാറിയത് അത്യപൂർവവും.
ലവ് ജിഹാദ് മുതൽ ഹലാൽ ജിഹാദും തുപ്പൽ ജിഹാദും നാർകോട്ടിക് ജിഹാദും വരെയുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിൽ കേരളം എത്തിനിൽക്കുന്ന സാമ്പത്തികാവസ്ഥക്കും നിർണായക പങ്കുണ്ട്.
മലയാളിയുടെ രണ്ടാംവീടായ ഗൾഫിൽ കണ്ടും കഴിച്ചും ശീലിച്ച അറബ് വിഭവങ്ങൾക്ക് കേരളത്തിലുടനീളം ആവശ്യക്കാർ ഉണ്ടായതോടെ, പട്ടണങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിൽപോലും അൽഫഹമും കുഴിമന്തിയുമൊക്കെ വിൽക്കുന്ന കടകൾ കൂണുപോലെ മുളച്ചുപൊന്തി.
ഉത്തര കേരളത്തിൽനിന്ന് ഇത്തരം റസ്റ്റാറൻറുകളുടെ നടത്തിപ്പുമായി തെക്കൻ കേരളത്തിലേക്ക് വൻതോതിൽ ‘കുടിയേറ്റവും’ ഉണ്ടായി. ഒരുകാലത്ത് തെക്കൻ കേരളത്തിൽനിന്ന് റബർ കൃഷിയുമായി വടക്കൻ കേരളത്തിലേക്ക് നടന്ന കുടിയേറ്റം പോലുള്ള ഒന്ന്. മരുന്നിനുപോലും ഒരു മുസ്ലിമും ഇല്ലാത്ത പ്രദേശങ്ങളിൽപോലും ഇത്തരം കടകൾക്ക് മുന്നിൽ ഹലാൽ ബോർഡുകൾ ഉയർന്നതും ഈ കുടിയേറ്റത്തിന്‍റെ ഭാഗമായാണ്.
ഭക്ഷണശാലകളിൽ മാത്രമല്ല, ചികിത്സരംഗം, സ്വർണാഭരണ വിപണന മേഖല, ടെക്സ്റ്റൈൽ ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ തുടങ്ങിയ രംഗങ്ങളിലും ഇത്തരം കുടിയേറ്റങ്ങളുണ്ടായി. സ്വാഭാവികമായും അനുബന്ധമായും ചില അസ്വസ്ഥതകളും. ഈ അസ്വസ്ഥതകളാണ് ജിഹാദ് ആരോപണങ്ങളായി രൂപംപ്രാപിച്ചത്.
ഇത്തരം ആരോപണങ്ങളുടെ ഫലമായുണ്ടാകുന്ന ചില ഗുണവശങ്ങളും കാണാതിരുന്നുകൂടാ. ഏറ്റവുമൊടുവിലായി ‘ദ കേരള സ്റ്റോറി’യെ പൊളിച്ചടുക്കുകയും 32,000 എന്നത് മൂന്നായി ചുരുങ്ങുകയും ചെയ്തതിന് കാരണമായത് കേരളത്തിലെ മതേതര സമൂഹത്തിലെ ഇടപെടലുകളാണ്.
ഈ ആരോപണം നുണയാണെന്ന് തുറന്നുപറഞ്ഞ് ചാനൽ ചർച്ചകൾ മുതൽ സമൂഹമാധ്യമ ചർച്ചകളിൽവരെ കണക്കുകളുമായി രംഗത്തിറങ്ങിയത് മുസ്ലിംകൾ മാത്രമായിരുന്നില്ല, പകരം മതേതരബോധമുള്ള മുഴുവൻ സുമനസ്സുകളുമായിരുന്നു.
നോൺ ഹലാൽ കാമ്പയിൻ ക്ലിക്കാകാതെ പോയതിനു പിന്നിലും ഈ മനസ്സുതന്നെ. ഈ മതനിരപേക്ഷ മനസ്സിനെ ജ്വലിപ്പിച്ച് നിർത്താൻ കഴിഞ്ഞാൽ കേരളത്തിന് ഭാവിയുണ്ട്. ഇല്ലെങ്കിൽ യു.പിയിലേക്കും ഗുജറാത്തിലേക്കുമുള്ള ദൂരം കുറഞ്ഞുവരും. കേരളം ഇതേപോലെ നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് ഭരണ-പ്രതിപക്ഷ കക്ഷികളും മതേതര പാർട്ടികളും സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.