അലിഗഡ് മുസ്ലീം സർവകലാശാല (എ.എം.യു) ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിന്റെ സിലബസിൽ നിന്ന് ഇസ്‌ലാമിക പണ്ഡിതന്മാരായ സയ്യിദ് ഖുതുബ്, അബുൽ അഅ്ലാ മൗദൂദി എന്നിവരെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇവരുടെ കൃതികൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ഒരു കൂട്ടം പ്രതിഷേധിച്ചതിനെ തുടർന്നാണ് ഒഴിവാക്കാൻ സർവകലാശാല തീരുമാനിച്ചത്. ഈജിപ്ഷ്യൻ ഗ്രന്ഥകാരനും ഇസ്‌ലാമിക പണ്ഡിതനുമായ സയ്യിദ് ഖുതുബ്, ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅ്ലാ മൗദൂദി എന്നിവരുടെ പുസ്തകങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തയത്.
അലിഗഢ് മുസ്ലീം സർവ്വകലാശാല, ദില്ലി ജാമിഅ മില്ലിയ ഇസ്ലാമിയ, ഹംദർദ് സർവകലാശാല എന്നിവിടങ്ങളിലെ ഇസ്ലാമിക് കോഴ്‌സ് പാഠ്യപദ്ധതിയെക്കുറിച്ച് 25 ഹിന്ദു അക്കാദമിക് വിദഗ്ധർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരെയും സിലബസിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ, ഈ പുസ്തകങ്ങളല്ല വിലക്കേണ്ടതെന്നും വിലക്ക് ആവശ്യപ്പെട്ടുകൊണ്ടുള്ള ആ എഴുത്താണ് വിലക്കേണ്ടതെന്നും പ്രമുഖ പണ്ഡിതനും തുർക്കി ഇസതംബൂൾ ഇബ്നു ഖൽദൂം യൂനിവേഴ്സിറ്റി പ്രഫസർ ഇർഫാൻ അഹ്മദ് ആവശ്യപ്പെട്ടു. 'ദി വയർ' ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. അദ്ദേഹത്തിന്റെ ലേഖത്തിൽനിന്ന്:
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് 25 ഹിന്ദു 'വിദ്യാഭ്യാസ വിദഗ്ധർ' ഒപ്പിട്ട ഒരു കത്തിന് നന്ദി. പണ്ഡിതരായ അബുൽ അഅ്‌ലാ മൗദൂദിയും സയ്യിദ് ഖുതുബും അതിലൂടെ അസാധാരണമായ മാധ്യമശ്രദ്ധ നേടിയിരിക്കുന്നു. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി (എ.എം.യു), ജാമിഅ മില്ലിയ ഇസ്ലാമിയ, ഹംദർദ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ 'ജിഹാദി പാഠ്യപദ്ധതി' സമ്പൂർണമായി നിരോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. "ഹിന്ദു സമൂഹത്തിനും സംസ്‌കാരത്തിനും നാഗരികതക്കും എതിരായ ഒരിക്കലും അവസാനിക്കാത്ത അക്രമാസക്തമായ ആക്രമണങ്ങൾ അത്തരം പഠിപ്പിക്കലുകളുടെ നേരിട്ടുള്ള ഫലമാണ്" -എന്നാണ് കത്തിൽ പറയുന്നത്.
മൗദൂദിയുടെ മാത്രമല്ല, കത്തിൽ പരാമർശിക്കാത്ത ഖുതുബിന്റെയും പുസ്തകങ്ങൾ എ.എം.യു അനുസരണയോടെയും വേഗത്തിലും നീക്കം ചെയ്തു. നിരോധനം റിപ്പോർട്ട് ചെയ്തുകൊണ്ട് ഇന്ത്യൻ എക്സ്പ്രസ് ഖുതുബിനെ "തുർക്കിഷ്" എന്നും മൗദൂദിയെ "പാകിസ്താൻ" എന്നും വിശേഷിപ്പിച്ചു. ഖുതുബ് (മ. 1966) ഈജിപ്ഷ്യനും മൗദൂദി (1903-1979) ഇന്ത്യൻ-പാകിസ്താനിയുമാണ് എന്നതാണ് വസ്തുത.
നിരോധനം ആവശ്യപ്പെട്ടുള്ള കത്ത് വിദ്വേഷജനകമാണ്. നികൃഷ്ടമായ ലക്ഷ്യങ്ങളാൽ സായുധമായതും. തെറ്റിദ്ധരിപ്പിക്കുന്ന സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ആ കത്ത്. അതിൽ ഗൂഢാലോചന സിദ്ധാന്തമുണ്ട്. മൗദൂദിയുടെ സമ്പന്നമായ പാണ്ഡിത്യത്തെക്കുറിച്ചുള്ള അറിവ് കൂടാതെ അക്കാദമിക് അറിവ് ഇല്ലാത്തതുമാണ് ആ കത്ത്. ന്യായമായ ജനാധിപത്യം നിരോധിക്കേണ്ടത് മൗദൂദിയുടെ പുസ്തകങ്ങളല്ല, ഭീകരത നിറഞ്ഞ കത്താണെന്നാണ് എന്റെ വാദം.
അബുൽ അഅ്ലാ മൗദൂദിയുടെ രചനകൾ മൂന്ന് സർവകലാശാലകളുടെയും കോഴ്‌സ് പാഠ്യപദ്ധതിയുടെ ഭാഗമാണെന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് കത്തിൽ പറഞ്ഞിരുന്നു. ഇരുവരുടെയും രചനകൾ സിലബസിൽ നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിച്ച് എ.എം.യു പബ്ലിക് റിലേഷൻസ് ഓഫീസർ ഷാഫി കിദ്വായ് രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ ഒഴിവാക്കാൻ സിലബസിൽ നിന്ന് ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചെന്നും വർഷങ്ങൾക്ക് മുമ്പ് പഠിപ്പിക്കാൻ യോഗ്യമെന്ന് കരുതിയിരുന്നത് ഇപ്പോൾ പഠിപ്പിക്കാൻ യോഗ്യമായി കണക്കാക്കാനാകില്ലെന്നും എ.എം.യു അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.