ഭഗത് സിങ് വെറുമൊരു പോസ്റ്റർബോയ് അല്ല

1931 മാർച്ച് 23നാണ് ഭഗത് സിങ് രക്തസാക്ഷ്യം വരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും ആദരണീയരായ മഹത്തുക്കളിലൊരാളാണ് അദ്ദേഹം. ഓരോരുത്തരും സ്വന്തമാക്കണമെന്ന് കൊതിക്കുന്ന പൈതൃകം പിറകിൽനിർത്തിയായിരുന്നു മടക്കം. എന്നാൽ, തോക്കുമേന്തി നിൽക്കുന്ന ദേശീയവാദിയുടെ കാൽപനിക ചിത്രത്തിനപ്പുറത്തേക്ക് അദ്ദേഹത്തെ ഏറ്റെടുക്കാൻ ആളുണ്ടാകാറില്ല. കോൺഗ്രസാണ് ഇതിന് തുടക്കമിട്ടത്. പിറകെ ഭാരതീയ ജനത പാർട്ടി ഏറ്റെടുത്തു. ഏറ്റവുമവസാനം ഇതാ ആം ആദ്മി പാർട്ടിയും. സ്കൂളുകളിൽ ദേശീയത പഠിപ്പിക്കാൻ ഭഗത് സിങ്ങിന്റെ ചിത്രം ആനയിക്കുന്നിടത്തു​വരെ ഡൽഹി സർക്കാർ എത്തി. ഭഗത് സിങ്ങിന്റെ കുടുംബം താമസിച്ച ഗ്രാമമായ ഖട്കർ കലനിൽ വെച്ചായിരുന്നു ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

രാഷ്ട്രീയ ഭേദമെന്യേ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വവും ദേശീയതയും നമ്മെ ഏവരെയും പ്രചോദിപ്പിക്കു​ന്നെന്നത് ആഹ്ലാദകരമാണ്. പിറന്ന നാടിന്റെ സ്വാതന്ത്ര്യനായി മരണം പുൽകാനുള്ള ധീരതയും അതിരുകളില്ലാത്ത ത്യാഗവുമാകാം അദ്ദേഹത്തിന് ഇത്രയേറെ ആദരം നേടിക്കൊടുത്തത്. ഔദ്യോഗിക ​കൊളോണിയൽ രേഖകൾ സൃഷ്ടിച്ച ആ പ്രതിബിംബം പിന്നീട് നാം തലമുറകളിലൂടെ യാഥാർഥ്യമായി ഏറ്റെടുത്തു. ഭാവിയിലെ സ്വതന്ത്ര ഇന്ത്യക്ക് പക്വമായ ഒരു ചട്ടക്കൂട് സ്വന്തമായി രൂപം നൽകിയ ഒരു വിപ്ലവകാരിയായ ചിന്തകനായി കോളനി ഭരണം അദ്ദേഹത്തെ കണ്ടിരുന്നില്ല.

ഭഗത് സിങ്ങും സമകാലിക രാഷ്ട്രീയവും

രാഷ്ട്രീയ കക്ഷികളിലേറെയും ഭഗത് സിങ്ങിന്റെ ആ കാൽപനിക ചിത്രം ​ആവാഹിക്കുമ്പോൾ ദേശീയതയുടെ പ്രതിപുരുഷനായി മാത്രമാണ് അദ്ദേഹത്തെ മുന്നിൽ നിർത്തുന്നത്. സമകാലിക ബോധ്യങ്ങളിൽ ഇത് കൂടുതൽ തെളിഞ്ഞുകാണാം. രാഷ്ട്രീയ കക്ഷികൾ അദ്ദേഹത്തെ വാഴ്ത്തുന്ന രീതി കണ്ടാലറിയാം. തന്റെ അക്രമോത്സുക രീതികളിലൂടെ ബ്രിട്ടീഷുകാരെ ഭീതിയുടെ മുനയിൽ നിർത്തിയ വ്യക്തിയായാണ് അവർ അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ പോസ്റ്ററുകൾ ​കടവരാന്തകളിൽ വിൽക്കപ്പെടുന്നു. ചിത്രം വെച്ചുള്ള സ്റ്റിക്കറുകൾ കാറുകളെ അലങ്കരിക്കുന്നു.

ഭഗത് സിങ് ഇപ്പോഴും സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യു​ന്നെന്നത് ശുഭോദർക്കമാണ്. ഇതോടൊപ്പം നാം ഉന്നയിക്കേണ്ട ചോദ്യം, അദ്ദേഹത്തിന്റെ രാഷ്ട്രീയവും ആശയങ്ങളും സംബന്ധിച്ച് നമുക്ക് വല്ല സൂചനയുമുണ്ടോ എന്നാണ്. ഇന്ന് ആവേശ​പൂർവം എഴുന്നള്ളിക്കപ്പെടുന്ന ദേശീയവാദത്തിൽനിന്ന് തീർത്തും ഭിന്നമായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച ദേശീയത. 1920കളിലെയും 30കളിലെയും രാഷ്ട്രീയ നേതൃത്വത്തെ കുറിച്ച് ഭഗത് സിങ്ങിന്റെ പക്ഷവും രാഷ്ട്രീയ കക്ഷികൾ അറിയണം. അന്നത്തെ നേതൃത്വങ്ങളിൽ ചിലത് വർഗീയച്ചായ്‍വുള്ളതായിരുന്നു. 1928ൽ അദ്ദേഹം എഴുതി, ''ഇന്ന് ഇന്ത്യയിലെ നേതാക്കൾ അടഞ്ഞ വഴിയിൽ ചെന്നാണ് നിൽക്കുന്നത്. രാജ്യത്തെ വിമോചിപ്പിക്കാൻ ഉത്തരവാദിത്തം ഏറ്റെടുക്കുകയും 'പൊതു ദേശീയത'ക്കായി ഉറക്കെ പറയുകയും ചെയ്ത അതേ നേതാക്കൾ ഇന്ന് തല കാലുകൾക്കിടയിൽ ഒളിപ്പിച്ചുവെക്കുകയാണ്. രാജ്യത്തെ നേതൃത്വം രാഷ്ട്രീയമായി പാപ്പരായിരിക്കുന്നു''.

ഇന്ന് രാഷ്ട്രീയ കക്ഷികളിലേറെയും 'ഇങ്ക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യം മുഴക്കുന്നുണ്ട്. അന്ന് ഭഗത് സിങ് ജനകീയമാക്കിയ അതേ മുദ്രാവാക്യം. 'ഇങ്ക്വിലാബ്' അഥവാ വിപ്ലവത്തിന് സിങ് അർഥമാക്കിയതും അറിയണം. അദ്ദേഹത്തിന് അത് രാഷ്ട്രീയവിപ്ലവം മാത്രമായിരുന്നില്ല. തൊട്ടുകൂടായ്മ, വർഗീയത, ലിംഗ അസമത്വം തുടങ്ങി കാലങ്ങളായി നിലനിൽക്കുന്ന വിവേചനാധിഷ്ഠിത ആചാരങ്ങൾക്കെതിരെയുള്ള വിപ്ലവം കൂടിയായിരുന്നു. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ എഴുന്നള്ളിക്കുന്ന വാഴ്ത്തുപാട്ടുകളിലേറെയും അദ്ദേഹത്തെ കോളനിക്കെതിരെ വീറോടെ പൊരുതിയ ഒരു ദേശീയവാദി മാത്രം ആക്കുന്നതാണ്. അതു കൃത്യമല്ലെന്നു മാത്രമല്ല, അപൂർണവുമാണ്.

'ആസാദി'ക്ക് അദ്ദേഹം അർഥമാക്കിയത്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി കഴുമരമേറിയ ഏക വ്യക്തിയൊന്നുമല്ല ഭഗത് സിങ്. എന്നാൽ, ഒരു ബൗദ്ധിക പൈതൃകം ബാക്കിവെച്ചയാൾ കൂടിയായിരുന്നു അദ്ദേഹം. ജാതി, വർഗീയത, ഭാഷയും രാഷ്ട്രീയവും തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ വലിയ ​രചനകളുടെ ശേഖരം ഇന്നും പ്രസക്തമായി നിലനിൽക്കുന്നു.

ധവളമോ മഞ്ഞയോ ആകാം, തലപ്പാവിന്റെ നിറം എന്നെ അലോസരപ്പെടുത്തുന്നില്ല. അതു ചരിത്രത്തിൽ വരുത്തിയ അനാവശ്യമായ ഒരു തിരുത്താണ്. ഭഗത് സിങ്ങിനെ കുറിച്ച് പറയുന്നവർ അദ്ദേഹം പേറിയ ആശയങ്ങളെയും ഗൗരവതരമായി കാണണം. സ്വതന്ത്ര്യ ഇന്ത്യയെ കുറിച്ച തന്റെ ദർശനങ്ങൾ അടിവരയിടുന്ന കുറെ രാഷ്ട്രീയ രചനകളും അദ്ദേഹത്തി​ന്റേ​തായുണ്ട്.

അദ്ദേഹം കണ്ട സ്വത​ന്ത്ര ഇന്ത്യയുടെ ഭരണം ജനസംഖ്യയുടെ 98 ശതമാനത്തിന്റേതാകും. ഇപ്പോൾ നിലനിൽക്കുന്ന ഉന്നതശ്രേണിയിലുള്ള രണ്ടു ശതമാനത്തിന്റേതാകില്ല. ബ്രിട്ടീഷുകാരനെ നാടുകടത്തുന്നതിൽ ഒതുങ്ങില്ല ആ സ്വാതന്ത്ര്യം. ദാരിദ്ര്യത്തിൽനിന്നും തീണ്ടിക്കൂടായ്മയിൽനിന്നും പിന്നെ വർഗീയ ലഹളകൾ, വിവേചനങ്ങൾ, ചൂഷണം എന്നിവയിൽനിന്നൊക്കെയുള്ള സ്വാതന്ത്ര്യമാണ്. തൂക്കിലേറ്റുന്നതിന് 20 നാളുകൾക്ക് മുമ്പ് യു​വാക്കൾക്കായി തുറന്നെഴുതിയ ഒരു സന്ദേശമുണ്ട്:

''സ്വന്തം താൽപര്യങ്ങൾക്കായി ഒരു ചെറുവിഭാഗം സാധാരണക്കാരനെ ചൂഷണം ചെയ്യുന്നത് തുടരുവോളം ഇന്ത്യയിൽ സമരവും തുടരും. ചൂഷകർ ബ്രിട്ടീഷ് കുത്തകമുതലാളിമാർ മാത്രമാണോ അതോ ഇന്ത്യക്കാരുമായി ചേർന്നാണോ ഇന്ത്യക്കാർ മാത്രമാണോ എന്ന വ്യത്യാസമില്ല''.

ഭഗത് സിങ്ങിനെ​ ഒരു ദേശീയവാദിയായി നാം വന്ദിക്കുന്നു. എന്നാൽ, മതം അദ്ദേഹത്തിന് തെല്ലും പ്രധാനമായിരുന്നില്ലെന്ന് നാം ചിന്തിക്കാറില്ല. മതവും ദേശീയതയും​ ചേർത്തുമാത്രം പറയുന്ന കപട ദേശീയവാദികളുടെ വിഷയത്തിൽ ഇത് പ്രത്യേകം ബാധകമാണ്. സവർകറെ ഭഗത് സിങ് ബഹുമാനിച്ചിരുന്നെന്നും അവർ പറയുന്നു. ഇതു ചരിത്രപരമായി അബദ്ധമാണ്. 1857നെ കുറിച്ച അദ്ദേഹത്തിന്റെ പുസ്തകം ഒരിടത്ത് ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്. സവർകറുടെ പിൽക്കാല രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹത്തിന് സൂചനയില്ലായിരുന്നു. മാത്രവുമല്ല, 1920കളുടെ ​മധ്യത്തോടെയാണ് ഭഗത് സിങ്ങിന്റെ ജീവിതവും രാഷ്ട്രീയവും മൊത്തം മാറിമറിയുന്നത്. ഒരിക്കൽ പോലും ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് സവർകർ ഒരു പ്രസ്താവന പോലും നടത്തിയിട്ടില്ല. ഇരുവരും രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളിൽ നിലയുറപ്പിച്ചവരായതുകൊണ്ടായിരുന്നു ഇത്.

പുരോഗമന ദേശീയത

മ​തത്തെ കുറിച്ചും ജീവിതത്തിൽ അതിന്റെ പങ്കിനെ കുറിച്ചും ഭഗത് സിങ് തന്റെ 'ഞാൻ എന്തുകൊണ്ട് നാസ്തികനായി' എന്ന ഗ്രന്ഥത്തിൽ വിശദമാക്കുന്നുണ്ട്. ദേശീയതക്കൊപ്പം വിമർശന ചിന്തയോടുമുള്ള തന്റെ പ്രതിബദ്ധത അതിൽ ഊന്നിപ്പറയുന്നു. കൊടിപിടിച്ചോടുന്ന അന്ധനായ തീവ്ര ദേശീയവാദിയായിരുന്നില്ല അദ്ദേഹം. വിമർശനത്തിനും അവിശ്വാസത്തിനും പഴയ വിശ്വാസമായ എന്തിനെയും ചോദ്യം ചെയ്യാനുള്ള ശേഷിക്കും ഇടമുള്ള പുരോഗമനപരമായതായിരുന്നു അദ്ദേഹത്തിന്റെ ദേശീയത.

എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയതക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. ​അതിൽ രാഷ്ട്രീയം മാത്രമല്ല, സാമൂഹികമായും സാമ്പത്തികമായും എല്ലാവരെയും ഉൾക്കൊള്ളാനാകണം. ഇടക്കിടെ ഭഗത് സിങ്ങിനെ ആഘോഷമാക്കുന്ന രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തിന്റെ ഈ വിപ്ലവാധിഷ്ഠിത ബൗദ്ധിക പാരമ്പര്യം കൂടി ചിന്താവിധേയമാക്കണം. ജാതി, വർഗ, മതാധിഷ്ഠിത വിവേചനങ്ങൾക്ക് ഇടമില്ലാത്ത ഒരു സമ്മിശ്ര ഇന്ത്യയെ പടുത്തുയർത്തുകയെന്ന ബുദ്ധിമുട്ടേറിയ ദൗത്യമാണ് അദ്ദേഹം ഏൽപിച്ചുപോയത്.

(പ്രമുഖ ശാസ്ത്ര-രാഷ്ട്രമീമാംസാ ചരിത്രകാരനാണ് ലേഖകൻ)

Tags:    
News Summary - Bhagat Singh is not just a poster boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.