ശിവജിയെക്കുറിച്ചുള്ള ഗവർണറുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുന്ന പുണെയിലെ ശിവസേന പ്രവർത്തകർ

ഇങ്ങനെയുമുണ്ടൊരു ഗവർണറദ്ദേഹം

രാജസ്ഥാനികളും ഗുജറാത്തികളും ഇല്ലായിരു​ന്നെങ്കിൽ മുംബൈ ശുഷ്കിച്ചു പോകുമായിരുന്നുവെന്ന മറ്റൊരു വിവാദപ്രസ്താവനയും കോശിയാരി നടത്തിയിരുന്നു. ഗവർണർ കസേരയോട് ആദരവുള്ളതിനാൽ സംയമനം പാലിക്കുന്നു എന്നൊക്കെ പറഞ്ഞെങ്കിലും സഹികെട്ട്​ ഉദ്ദവ്​ ഒരു കാര്യം പറഞ്ഞു- മഹാരാഷ്ട്രയിലെ പരമ്പരാഗത ഭക്ഷണങ്ങൾ ആസ്വദിച്ച് കോട്ടുവായുമിട്ടിരിക്കുന്ന ഗവർണർ സംസ്​ഥാനത്തെ തനത്​ കോലാപൂരി ചപ്പലി​​െ ൻറ രുചി കൂടി അറിയാനുണ്ടെന്ന്​

ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനമാണെങ്കിൽ അവിടത്തെ സർക്കാറുകൾക്ക് തലവേദന സൃഷ്ടിക്കുന്ന ഗവർണർമാരെക്കുറിച്ച് കേട്ട് മടുത്തുവെങ്കിൽ വേറിട്ട ഒരു ഗവർണറെക്കുറിച്ച് പറയാം- പേര് ഭഗത് സിങ് കോശിയാരി. ശിവസേന-എൻ.സി.പി- കോൺഗ്രസ് സഖ്യത്തെ അട്ടിമറിച്ച് ശിവസേന വിമതരുടെ തോളിലേറി ബി.ജെ.പി ഭരണം പിടിച്ച മഹാരാഷ്ട്രയിലാണ് നിയോഗം.

സംസ്ഥാന സർക്കാറിന് തലവേദന സൃഷ്ടിക്കുന്നതിൽ പ്രതിപക്ഷത്തെക്കാൾ മുന്നിലാണ് ഇദ്ദേഹമിപ്പോൾ. മറാത്ത ചക്രവർത്തി ശിവജിയെക്കുറിച്ചുള്ള കോശിയാരിയുടെ വിവാദ പരാമർശങ്ങളാണ് കുരുക്കായത്. പ്രസ്താവനക്കെതിരെ ശിവജിയുടെ പിന്മുറക്കാരും മറാത്ത സംഘടനകളും അരയും തലയും മുറുക്കി ഇറങ്ങിയതോടെ അദ്ദേഹത്തെ കൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് ബി.ജെ.പിയും കേന്ദ്രസർക്കാറും. ബി.ജെ.പി എം.പിയായ, ശിവജിയുടെ പിന്മുറക്കാരൻ ഉദയൻരാജെ ഭോസ്ലെ തന്നെ ഭഗത് സിങ് കോശിയാരിക്കെതിരെ രണ്ടും കൽപിച്ച് രംഗത്തെത്തിയത് പ്രതിസന്ധി കടുപ്പമുള്ളതാക്കി.

ഉദയൻരാജെ ഭോസ്ലെ   ഭഗത് സിങ് കോശിയാരി


ശിവജിയെ കുറിച്ച് രണ്ട് സന്ദർഭങ്ങളിലായി രണ്ട് വിവാദ പ്രസ്താവനകളാണ് ഗവർണർ ഭഗത് സിങ് കോശിയാരി നടത്തിയത്. ശിവജിയുടെ ഗുരു സമർത് രാമദാസ് ആണെന്നതായിരുന്നു ആദ്യ വിവാദ പ്രസ്താവന. ശിവജി പഴയകാലത്തിന്റെ പ്രതീകമാണെന്നും ആധുനിക കാലത്തിന്റെ പ്രതീകങ്ങൾ ഡോ.ബി.ആർ. അംബേദ്കറും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമാണെന്നതാണ് രണ്ടാമത്തേത്.

ഇതോടെ കോശിയാരിയെ തിരിച്ചുവിളിക്കണമെന്ന മുറവിളിയുമായി ഉദ്ധവ് താക്കറെ പക്ഷ ശിവസേന, എൻ. സി.പി, കോൺഗ്രസ് സഖ്യവും മറാത്ത സംഘടനകളും സജീവമായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന വിമത എം.എൽ.എമാരും കോശിയാരിക്കെതിരെ തിരിഞ്ഞു.

ബ്രാഹ്മണൻ അല്ലാത്ത ശിവജിയെ വാർത്തെടുത്തത് ബ്രാഹ്മണനായ ഗുരുവാണെന്ന് ആദ്യം സ്ഥാപിക്കാൻ ശ്രമിച്ച കോശിയാരി പിന്നീട് ശിവജിയുടെ പ്രാധാന്യം കുറച്ചു കാണിക്കാനും തുനിഞ്ഞുവെന്നാണ് ആക്ഷേപം. ബ്രാഹ്മണന്മാർ അല്ലാത്ത ചരിത്ര പുരുഷന്മാർക്ക് പിന്നിലെല്ലാം അവരുടെ കരുത്തായി ഒരു ബ്രാഹ്മണ ശക്തി ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ബ്രാഹ്മണ തന്ത്രത്തിന്റെ ഭാഗമാണ് കോശിയാരിയുടെ പ്രസ്താവനകളെന്നും വിമർശിക്കപ്പെടുന്നു.

സമകാലീനനായിരുന്നുവെങ്കിലും ശിവജിയെ സമർത് രാംദാസ് കണ്ടിട്ടേ ഇല്ലെന്ന് ചരിത്രകാരന്മാർ സമർഥിക്കുന്നു. പല ക്ഷേത്രങ്ങൾക്കും ആരാധനാലയങ്ങൾക്കും സഹായം ചെയ്തതു പോലെ രാംദാസിന്റെ ക്ഷേത്രത്തിനും ശിവജി സംഭാവന നൽകിയതല്ലാതെ മറ്റ് ബന്ധങ്ങൾ ഇല്ലെന്ന് ചരിത്ര ഗവേഷകരായ ശ്രീമന്ത് കോക്കടെ, സഞ്ജയ് സോനാവാനി എന്നിവർ പറയുന്നു.

രാംദാസും ശിവജിയും കണ്ടുമുട്ടിയതിന് ചരിത്രപരമായി ഒരു തെളിവുമില്ലെന്ന് 2018 ൽ ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് എൻ.സി.പി എം.പി സുപ്രിയ സുലെ പറഞ്ഞത് അന്ന് വിവാദം കൊഴുത്തതോടെ പണ്ട് വായിച്ചുള്ള അറിവാണെന്നും വസ്തുത പരിശോധിക്കാമെന്നും പറഞ്ഞ് കോശിയാരി തടിയെടുത്തു. എന്നാൽ ഇപ്പോഴത്തെ വിവാദത്തിൽ നിന്ന് തടിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

മറ്റുപാർട്ടിയിൽ നിന്ന് കാലുമാറി വന്ന് ഗവർണർ സ്ഥാനം വാങ്ങിയെടുത്ത ആളൊന്നുമല്ല കോശിയാരി. അടിവേരുള്ള ആർ.എസ്എസുകാരനാണ് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകൾക്ക് പുറമെ നിയമസഭ കൗൺസിലിലും ലോക്സഭയിലും രാജ്യസഭയിലുമൊക്കെ അംഗമായിരുന്നു.

2019 സെപ്റ്റംബർ അഞ്ചിനാണ് മഹാരാഷ്ട്ര ഗവർണറായി ചുമതല ഏൽക്കുന്നത്. ഉദ്ധവ് താക്കറെയുടെ ഭരണകാലത്ത് ഇരിപ്പിടം മറന്ന് തനി ബി.ജെ.പി നേതാവിനെപ്പോലെയായിരുന്നു പെരുമാറ്റം. ഇത്രയും മോശപ്പെട്ട ഒരു ഗവർണറെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇന്നോളം കണ്ടിട്ടില്ലെന്ന് എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ തുറന്നു പറഞ്ഞ അവസ്ഥ പോലുമുണ്ടായി. ചാൻസലർ പദവിയിൽ കുരുക്കിട്ടും സ്വകാര്യയാത്രക്ക് സർക്കാർ വിമാനം വിട്ടുകൊടുക്കാതെയും അന്ന് ഉദ്ധവ് സർക്കാർ കോശിയാരിയോട് തിരിച്ചടിച്ചു.

രാജസ്ഥാനികളും ഗുജറാത്തികളും ഇല്ലായിരുന്നെങ്കിൽ മുംബൈ ശുഷ്കിച്ചു പോകുമായിരുന്നുവെന്ന മറ്റൊരു വിവാദപ്രസ്താവനയും കോശിയാരി നടത്തിയിരുന്നു. ഗവർണർ കസേരയോട് ആദരവുള്ളതിനാൽ സംയമനം പാലിക്കുന്നു എന്നൊക്കെ പറഞ്ഞെങ്കിലും സഹികെട്ട് ഉദ്ദവ് ഒരു കാര്യം പറഞ്ഞു- മഹാരാഷ്ട്രയിലെ പരമ്പരാഗത ഭക്ഷണങ്ങൾ ആസ്വദിച്ച് കോട്ടുവായുമിട്ടിരിക്കുന്ന ഗവർണർ സംസ്ഥാനത്തെ തനത് കോലാപൂരി ചപ്പലിന്റെ രുചി കൂടി അറിയാനുണ്ടെന്ന്.

ഗവർണർ പദവിക്ക് ചേർന്ന വർത്തമാനങ്ങളല്ല കോശിയാരി പറയുന്നതെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായ എൻ.സി.പിയിലെ അജിത് പവാർ പറയുന്നു. കാണുമ്പോഴൊക്കെ മഹാരാഷ്ട്രയിൽ നിന്നും തിരിച്ചു പോകാനുള്ള ആഗ്രഹം കോശിയാരി പറയാറുണ്ടെന്നും ഒരുപക്ഷേ കേന്ദ്രം തന്നെ തിരിച്ചു വിളിക്കാൻ വേണ്ടി ബോധപൂർവം വിവാദങ്ങൾ ഉണ്ടാക്കുന്നതാകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.

ഗവർണറെ ഉടൻ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിന് വിവാദപ്രസ്താവനകൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഷ്ട്രപതി ഭവൻ മറുപടി നൽകിയതായി ബോസ്ലെ പറഞ്ഞു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മൗനം പാലിക്കാനാണ് ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും ശ്രമമെന്നാണ് റിപ്പോർട്ടുകൾ. വിവാദങ്ങൾക്കിടെ ഡൽഹിയിൽ ചെന്ന കോശിയാരി രാജിസന്നദ്ധത അറിയിച്ചതായും പറയുന്നു. 

Tags:    
News Summary - bhagat singh koshyari-governor of maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.