രണ്ട് ജോഡോ യാത്രകൾ; രാഹുലിന്റെയും തരൂരിന്റെയും

തരൂർ ഉറച്ച കാൽവെപ്പ് നടത്തിയാൽ, നിലാക്കോഴി പരുവത്തിലായ കോൺഗ്രസിന്‍റെ നിലവിലെ നേതാക്കളെ തള്ളി അദ്ദേഹത്തിനു പിന്നിൽ നിൽക്കാൻ ലീഗ് തയാറായെന്നുവരും. കോൺഗ്രസും യു.ഡി.എഫുമായി ചേർന്നുനിൽക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്ന കേരള കോൺഗ്രസുകൾക്കും മറ്റും തരൂരിന്‍റെ നേതൃത്വം കൂടുതൽ സ്വീകാര്യമായെന്നുവരും. അങ്ങനെയൊക്കെ വന്നാൽ മുന്നണി ബന്ധങ്ങളിൽ പൊളിച്ചെഴുത്തു തന്നെ ഉണ്ടായെന്നുവരാം. ഈ ആകുലതകൾ സി.പി.എമ്മിൽ ഉണ്ടാക്കിയ അസ്വസ്ഥത ലീഗിനെ നോക്കിയുള്ള പുഞ്ചിരിയിൽ ഒളിഞ്ഞുകിടപ്പുണ്ട്

ഭാരത് ജോഡോ യാത്രയുടെ 100 ദിവസം പിന്തള്ളി രാഹുൽ ഗാന്ധി നടക്കുകയാണ്. കേരള ജോഡോ യാത്രയുടെ ഒരുഘട്ടം പിന്നിട്ട് ശശി തരൂർ അടുത്ത നീക്കത്തിന് തക്കം പാർക്കുന്നു. ഈ ചുവടുവെപ്പുകൾ എന്തായിത്തീരും? ഇന്ത്യയെന്ന ആശയത്തിന്‍റെ അടിത്തറ ബലപ്പെടുത്താനുള്ള രാഹുലിന്‍റെ നടപ്പ് ഫെബ്രുവരിയിൽ കശ്മീരിലെത്തുന്ന കണക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ആശയം ബലപ്പെടുമോ, കോൺഗ്രസിന്‍റെ ഗതിയെന്താവും എന്നേ കണ്ടറിയേണ്ടൂ. കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കൊത്ത് തരൂർ നായകനാവുമോ, അതല്ല പാർട്ടിയുടെ വെളിമ്പുറത്താകുമോ എന്നും കണ്ടുതന്നെ അറിയണം. ഇതിനിടയിൽ കോൺഗ്രസുകാരിൽനിന്ന് ഉയരുന്ന കൂട്ടപ്രാർഥന ഒന്നേയുള്ളൂ -കുളം കലക്കി പരുന്തിന് കൊടുക്കരുത്.

'ഹൈകമാൻഡ്' നടന്നു കാലു തേഞ്ഞതിനൊടുവിൽ വീണ്ടും മോദി, കോൺഗ്രസുകാരുടെ കൂട്ടത്തല്ലിനൊടുവിൽ പിന്നെയും പിണറായി എന്നാണ് ഫലമെങ്കിൽ മാറത്തടിച്ചു നിലവിളിക്കാൻപോലും പാർട്ടിയിൽ ആളുണ്ടായെന്നുവരില്ല. 100ഉം കടന്ന് രാഹുൽ നടക്കുമ്പോൾ മോദി ആസ്വദിച്ചു വീണ വായിക്കുക തന്നെയാണ്.

കസേരയിൽനിന്ന് ഇറങ്ങണമെന്നുവെച്ചാൽ പോലും പ്രതിപക്ഷം സമ്മതിക്കാത്ത സ്ഥിതി. അതിർത്തിയുടെ കാര്യമോർത്താലും അരിവിലയുടെ കാര്യമായാലും ജനങ്ങളുടെ ഇടനെഞ്ചിൽ പുകച്ചിലാണ്. സ്വന്തം സമുദായത്തെക്കുറിച്ച് ആഞ്ഞുചിന്തിച്ചാൽ ആ പുകച്ചിൽ ചെറുതെന്ന് തോന്നുന്ന ഒരവസ്ഥ ഉണ്ടാക്കിവെച്ചിട്ടുള്ളതുകൊണ്ട് ഭരിക്കാൻ പ്രയാസമില്ല.

താൻ നേതാവല്ല എന്ന് നൂറ്റൊന്നാവർത്തിച്ച് നടക്കുന്ന ഒരാളുടെ പിന്നാലെ പ്രസിഡന്‍റ് അടക്കം മുഴുവൻ കോൺഗ്രസ് സന്നാഹങ്ങളും നടക്കുന്നുണ്ടെങ്കിലും അവർ ഇന്ത്യയെയോ, ഇന്ത്യ അവരെയോ കണ്ടെത്തിയ ലക്ഷണം കാണുന്നില്ല. കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പഞ്ചാരിമേളം, മറ്റിടങ്ങളിൽ വീക്കൻ ചെണ്ട എന്ന മട്ടിലാണ് ജോഡോ യാത്രയുടെ കൊട്ടിക്കയറ്റം.

അതിനിടയിൽ, എഴുതിത്തള്ളിയ 2024ഉം കോൺഗ്രസ് മുക്ത ഭാരതമല്ലാത്തൊരു 2029ഉം ആണ് കോൺഗ്രസുകാരുടെ തന്നെ മനസ്സിൽ. എന്നുകരുതി, ഇനിയുള്ള ഒന്നര വർഷത്തിനിടയിൽ മോദിയെ താഴെയിറക്കാൻ മറ്റു പ്രതിപക്ഷ പാർട്ടികൾ ഒത്തുപിടിച്ചാൽ ഒരു ഊന്നുവടി സഹായത്തിനുള്ള കരുത്ത് കോൺഗ്രസിന് ഇല്ലാതെയുമില്ല.

ഹൈകമാൻഡിന്‍റെ ആശിർവാദമില്ലാതെ പ്രസിഡന്‍റിനുപോലും നിന്നുപിഴക്കാൻ പറ്റാത്ത കോൺഗ്രസിൽ തോറ്റ പ്രസിഡന്‍റ് സ്ഥാനാർഥി എങ്ങനെ പിടിച്ചുനിൽക്കും? അന്നേരമാണ് ശശി തരൂരിന്‍റെ കേരള സ്വപ്നങ്ങൾക്ക് തളിരിട്ടത്. കൊച്ചു കേരളമാണെങ്കിലും വിശാലമാണ് കാൻവാസ്. ആന്‍റണിയും ഉമ്മൻ ചാണ്ടിയും പടക്കച്ചയഴിച്ച, ഗ്രൂപ്പുകൾ ആടിത്തളർന്ന, രമേശ് ചെന്നിത്തലയും കെ. മുരളീധരനും സൈഡായിപ്പോയ, വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം മൂലക്കായ, ആട്ടത്തിന് കെ. സുധാകരനും വി.ഡി. സതീശനും മാത്രമുള്ള 'കേരള' കോൺഗ്രസ്.

മുമ്പൊരിക്കലൊരു ആലപ്പുഴ തെരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനെറിഞ്ഞ ചോദ്യോത്തരമെന്ന പോലെ, അപ്പുറത്തോ? തുടർഭരണത്തിനിടയിൽ 'ഇടത്' അറ്റുപോയ പിണറായി ഭരണം. പതിറ്റാണ്ടുകൾ മാറിമാറി ഭരിച്ച രണ്ടു മുന്നണികൾക്കും, ഒരിക്കലും ഭരിക്കില്ലെങ്കിലും ശല്യക്കാരായ വ്യവഹാരികളായി തുടരുന്ന ബി.ജെ.പി മുന്നണിക്കുമിടയിൽ ശ്വാസം മുട്ടി രാഷ്ട്രീയം തന്നെ ജനത്തിന് മടുത്തിരിക്കുന്നു.

അവർക്കിടയിൽ ഒരങ്കത്തിനു ബാല്യമുണ്ടെന്ന് നയതന്ത്രജ്ഞനായ തരൂരിലെ രാഷ്ട്രീയക്കാരൻ പണ്ടേ തിരിച്ചറിഞ്ഞിരിക്കണം. കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് കിട്ടിയെന്നുകരുതുന്ന 100ഓളം വോട്ടുകളുടെ പിന്തുണ തിരിച്ചറിവിന്‍റെ എരീതിയിൽ എണ്ണ പകർന്നു.

അവിടെയാണ് കേരള ജോഡോ യാത്രയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായത്. മറയത്തുനിന്ന് പിന്തുണയുമായി കൂടുതൽ നേതാക്കൾ വെയിലത്തേക്ക് ഇറങ്ങിനിന്നു. അന്നേരം എ.ഐ.സി.സി -പി.സി.സികളുടെ സ്റ്റിയറിങ് പിടിച്ചുനിൽക്കുന്നവർക്ക് ഹാലിളകി. തരൂരിനെ ഇങ്ങനെ വിട്ടാൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല മുതൽപേർ എങ്ങനെ മുഖ്യമന്ത്രിയാകും? കോൺഗ്രസിൽ 'ട്രെയിനി' മാത്രമായ 66കാരൻ പയ്യന്‍റെ പോക്കുകണ്ടാൽ കെ. സുധാകരൻ എങ്ങനെ മൂക്കത്തു വിരൽ വെക്കാതിരിക്കും?

പയ്യനുപിന്നിൽ പാർട്ടിക്കുള്ളിലെയും പുറത്തെയും കനമുള്ള നേതാക്കളുണ്ടെന്ന് കണ്ടതോടെയാണ് പലരും വിരൽ മൂക്കത്തുനിന്നെടുത്തത്. എന്നുകരുതി, കോൺഗ്രസുകാരല്ലേ? പയ്യന് എങ്ങനെ എട്ടിന്‍റെ പണി കൊടുക്കണമെന്ന് ഒറ്റക്കും കൂട്ടായുമിരുന്ന് അവർ തല പുകക്കാതിരിക്കില്ല.

ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കും കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും മത്സരിക്കാനും തോൽക്കാനും മടിയോ മടുപ്പോ ഇല്ലാത്ത തരൂർ യഥാർഥത്തിൽ നയതന്ത്രജ്ഞനോ, രാഷ്ട്രീയക്കാരനോ? അതേതായാലും, മുൻപിൻ നോക്കേണ്ടതില്ലാത്ത മൂർച്ചയുള്ള രാഷ്ട്രീയ പരീക്ഷണങ്ങളിലാണ് അദ്ദേഹം.

എഴുത്തുകാരനും നയതന്ത്രജ്ഞനുമായി അറിയപ്പെട്ട തരൂർ, പടിപടിയായി സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ ഇടം വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ കോൺഗ്രസുകാരെ അമ്പരപ്പിച്ച് ഹൈകമാൻഡ് ഒരിക്കൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലേക്ക് നൂലിൽ കെട്ടിയിറക്കിയ തരൂർ കേന്ദ്രമന്ത്രിയായി; കോൺഗ്രസിന്‍റെ ജയപരാജയങ്ങൾക്കിടയിൽ പലവട്ടം എം.പിയായി.

ജനസമ്മിതി വർധിക്കുന്നെങ്കിലും പാർട്ടി നേതാക്കൾ കൂട്ടത്തിൽ കൂട്ടുകയോ അർഹമായതു നൽകുകയോ ചെയ്യാത്തതിനോട് കലഹിച്ചുള്ള മുന്നോട്ടുപോക്കിൽ കാലിടാതിരിക്കാനും പിന്നിൽനിന്ന് കുത്തേൽക്കാതിരിക്കാനും ഇതുവരെ തരൂരിന് കഴിഞ്ഞു. ഇനി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായും അതിനടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായും കടന്നുവരാനുള്ള 'എളിയ' പരിശ്രമമാണ് പുതിയ ചുവടുവെപ്പുകളിലൂടെ നടത്തിവരുന്നത്.

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ വകഞ്ഞുമാറ്റാനോ അതിനു കഴിയാഞ്ഞാൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസെന്ന പോലെ, കോൺഗ്രസിനെ പിന്തള്ളുന്ന പുതിയൊരു കോൺഗ്രസ് ഉണ്ടാക്കാൻ തന്നെയോ ഇനിയങ്ങോട്ട് തരൂർ ശ്രമിക്കാതിരിക്കില്ല. അനുകൂല ഘടകങ്ങൾ പലതാണ്. ദുർമേദസും നരയും കയറിയ രണ്ടു മുന്നണികൾ.

മടുപ്പിക്കുന്ന നേതൃനിര. ബൗദ്ധിക-പ്രത്യയശാസ്ത്ര നിലപാടുകൾ മേൽക്കൈ അറ്റുപോയ ഇടതുപക്ഷം. ദേശീയതലത്തിൽ പ്രതീക്ഷ മങ്ങിയ കോൺഗ്രസ്. 50 ശതമാനം ജനങ്ങൾ ന്യൂനപക്ഷ വിഭാഗക്കാരാണ്, മതനിരപേക്ഷ ചിന്താഗതി ശക്തമാണ് തുടങ്ങി പല കാരണങ്ങളാൽ ബി.ജെ.പിയുടെ രാഷ്ട്രീയം ജനങ്ങൾക്ക് അസ്വീകാര്യവുമാണ്.

മുന്നണി ബന്ധങ്ങളിലെ പൊളിച്ചെഴുത്ത് പാർട്ടികൾ തന്നെ ആഗ്രഹിക്കുന്നുണ്ട്. ഇതിനപ്പുറത്തും തരൂരിന്‍റെ സാധ്യതകൾ വർധിപ്പിക്കുന്ന സാഹചര്യങ്ങളുണ്ട്. കേരളത്തിന്‍റെ പരമ്പരാഗതമായ രാഷ്ട്രീയ ജ്വരത്തെയും സമര-പോരാട്ട സ്വഭാവത്തെയും തള്ളിമാറ്റി അരാഷ്ട്രീയ ബോധം മേൽക്കൈ നേടിയ വിധമാണ് പുതിയ തലമുറയുടെ മാറ്റം. അന്നമോ വസ്ത്രമോ പാർപ്പിടമോ അടിസ്ഥാന പ്രശ്നങ്ങളല്ലാത്ത പ്രവാസി-മധ്യവർഗ സമൂഹമായി കേരളം മാറിപ്പോയി.

മണ്ണിനോടും വ്യവസായത്തോടുമുള്ള കാഴ്ചപ്പാടും വികസന സങ്കൽപവും മാറി. പതിറ്റാണ്ടു മുമ്പത്തെപ്പോലെയല്ല, തെരഞ്ഞെടുപ്പു കളത്തിൽ സ്ത്രീ-യുവ വികാരങ്ങൾക്കാണ് മേൽക്കൈ. ഈ ചിന്താധാരകൾക്കെല്ലാം ഇഷ്ടതാരമാണ് ശശി തരൂർ. വെറുപ്പിന്‍റെ രാഷ്ട്രീയം വാഴുന്ന കാലത്ത്, പിറന്ന മതത്തോടും മറ്റെല്ലാ മതങ്ങളോടുമുള്ള സ്നേഹാദരങ്ങൾ അന്യത്ര.

അങ്ങനെയുള്ള തരൂരിന്‍റെ നീക്കങ്ങൾ കോൺഗ്രസിലുള്ളവരെ മാത്രമല്ല, സി.പി.എമ്മിനെയും ബി.ജെ.പിയെയും അസ്വസ്ഥമാക്കുന്നുണ്ട്. തരൂരിനെ ചൊല്ലി തർക്കിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നേരെ മുസ്‍ലിം ലീഗ് മുഖംവീർപ്പിച്ചതിനു പിന്നാലെയാണ്, വർഗീയ പാർട്ടിയായി വിശേഷിപ്പിച്ചുപോന്ന ലീഗിനെ നോക്കി സി.പി.എം പൊടുന്നനെ പരസ്യമായി പുഞ്ചിരിതൂകിയത്.

ഒരു പ്രാദേശിക പാർട്ടിയെ സംബന്ധിച്ചിടത്തോളം രണ്ടു തവണക്കപ്പുറം പ്രതിപക്ഷത്തിരിക്കാൻ ക്ഷമയുണ്ടാവില്ല. നിലനിൽപിന്‍റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ ഉരുണ്ടുകൂടും. ലീഗ്-സി.പി.എം പ്രണയസാധ്യതാ ചർച്ച ഉയർന്നു തുടങ്ങിയത് ഈ സാഹചര്യത്തിൽ കൂടിയാണ്. അന്നേരമാണ് തരൂരിന്‍റെ രംഗപ്രവേശവും ലീഗിന്‍റെ കൈയടിയും. തരൂർ ഉറച്ച കാൽവെപ്പ് നടത്തിയാൽ, നിലാക്കോഴി പരുവത്തിലായ കോൺഗ്രസിന്‍റെ നിലവിലെ നേതാക്കളെ തള്ളി അദ്ദേഹത്തിനുപിന്നിൽ നിൽക്കാൻ ലീഗ് തയാറായെന്നുവരും.

കോൺഗ്രസും യു.ഡി.എഫുമായി ചേർന്നുനിൽക്കാൻ കൂടുതൽ ഇഷ്ടപ്പെടുന്ന കേരള കോൺഗ്രസുകൾക്കും മറ്റും തരൂരിന്‍റെ നേതൃത്വം കൂടുതൽ സ്വീകാര്യമായെന്നുവരും. അങ്ങനെയൊക്കെ വന്നാൽ മുന്നണി ബന്ധങ്ങളിൽ പൊളിച്ചെഴുത്തുതന്നെ ഉണ്ടായെന്നുവരാം. ഈ ആകുലതകൾ സി.പി.എമ്മിൽ ഉണ്ടാക്കിയ അസ്വസ്ഥത ലീഗിനെ നോക്കിയുള്ള പുഞ്ചിരിയിൽ ഒളിഞ്ഞുകിടപ്പുണ്ട്.

കേരളത്തിലെ ഇരുമുന്നണി രാഷ്ട്രീയത്തിൽ മടുത്തവരെ ആകർഷിച്ചും ക്രൈസ്തവ സഭകളെയും അടുപ്പിച്ചുമൊക്കെ മൂന്നാമതൊരു മുന്നണി രാഷ്ട്രീയത്തിന് ശ്രമിക്കുന്ന ബി.ജെ.പിക്ക്, പറ്റിയ നേതാവില്ലാത്തത് പ്രധാന പ്രതിസന്ധികളിലൊന്നാണ്. കോൺഗ്രസ് ചേരിയിലുള്ളവർക്ക് പുതിയ ഉന്മേഷം കിട്ടുന്ന വിധത്തിൽ തരൂർ കടന്നുവരുന്നതാകട്ടെ, ബി.ജെ.പിയുടെ കേരളത്തിലെ സാധ്യതകളെ മാത്രമല്ല, ഭാവിയിൽ ദേശീയ തലത്തിലും പ്രതികൂലമായി ബാധിക്കും.

കോടതി അടച്ച സുനന്ദ പുഷ്കർ കേസ് വീണ്ടും തുറക്കാൻ പൊലീസ് വീണ്ടും കോടതിയിലെത്തിയത് ഏറെ വൈകി ഈയിടെ മാത്രമാണ്. ദേശീയതലത്തിലും കേരളത്തിലും തരൂരിന്‍റെ നീക്കങ്ങളിലെ അപകടം കണ്ടറിയുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമെന്ന നിലയിൽക്കൂടി അത് കാണാനാവും.

കേരളത്തിൽ കളം പിടിക്കാൻ തരൂരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി കോൺഗ്രസിന്‍റെ സംഘടന സംവിധാനമാണ്. കൈയിൽ പാർട്ടിയില്ലാതെ, വായുവിൽ മാത്രമായി നേതാവിന് നിൽക്കാനാവില്ല. പലവഴി പിടിച്ചുവലിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളാണ് കേരളത്തിലേത്. അതിനിടയിൽ പൊതുസമ്മതൻ എന്നതിനപ്പുറം, മുന്നണി രാഷ്ട്രീയമോ ഗ്രൂപ് രാഷ്ട്രീയമോ നടത്താനുള്ള നയതന്ത്ര-രാഷ്ട്രീയം കൈമുതലായി ഉണ്ടെന്ന് തരൂർ ഇനിയും തെളിയിച്ചിട്ടുവേണം.

എന്നാൽ, ഒരിക്കൽ ഗ്രൂപ്പുകളെ നയിച്ച മുതിർന്ന നേതാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയാണ് തരൂരിന്‍റെ സ്വപ്നങ്ങൾക്ക് അടിത്തറ. ആ സ്വപ്നങ്ങൾക്കപ്പുറം, തരൂരിന്‍റെ ഇരുത്തം പരീക്ഷിക്കപ്പെടുന്ന നാളുകളാണ് മുന്നിൽ. തരൂർ വെക്കുന്ന പുതിയ ചുവടുകൾ നിർണായകമായെന്നുവരും. പാളിയാൽ സി.പി.എമ്മിന് മുതൽക്കൂട്ടായെന്നും വരും. ശേഷം സ്ക്രീനിൽ.

Tags:    
News Summary - bharat jodo yatra- rahul and tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT