ന്യൂഡൽഹി: ശിവസേന രണ്ടു കഷണമാക്കി, തന്നെ അധികാരത്തിൽനിന്ന് പുറന്തള്ളിയ ബി.ജെ.പിയോടും ഏക് നാഥ് ഷിൻഡെയോടും കണക്കു തീർക്കാൻ മറാത്ത കടുവയായിരുന്ന ബാൽ താക്കറെയുടെ മകൻ ഉദ്ധവിന് കഴിയുമോ? കുതിരക്കച്ചവടത്തിന് ചുക്കാൻ പിടിച്ചിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മുഖ്യമന്ത്രിപദം വേണ്ടെന്ന് ബി.ജെ.പിയും ദേവേന്ദ്ര ഫഡ്നാവിസും തീരുമാനിച്ചതിന്റെ പൊരുൾ എന്താണ്?
ബി.ജെ.പിയുടെ വമ്പൻ ലക്ഷ്യങ്ങളും രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉദ്ധവ് താക്കറെയുടെ തികഞ്ഞ പരാജയവുമാണ് മറാത്ത നാടകങ്ങൾക്കൊപ്പം പുറത്തുവരുന്നത്. 2024ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിൽ വ്യക്തമായ മുന്നേറ്റമാണ് ബി.ജെ.പി ലക്ഷ്യം. താക്കറെ കുടുംബത്തിന്റെ വാഴ്ചയും പ്രതിപക്ഷ സഖ്യവും പൊളിക്കുക അടിയന്തര ലക്ഷ്യം. വിശാല ലക്ഷ്യങ്ങളിലേക്കുള്ള ഇടക്കാല കരുവാണ് മുഖ്യമന്ത്രിയായ ഏക് നാഥ് ഷിൻഡെ. ഹിന്ദുത്വ അജണ്ടയുടെ ഓഹരി പിടിച്ചുവാങ്ങി ബി.ജെ.പിയുടെ മുന്നേറ്റങ്ങൾക്ക് വർഷങ്ങളായി തടസ്സംനിന്ന ശിവസേനയാണ് രണ്ടു കഷണമായത്. അതിന്റെ സ്ഥാപക കുടുംബത്തെ തള്ളിമാറ്റി വിമതരെ ബി.ജെ.പി വാഴിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ബി.ജെ.പിയുടെ വരുതിയിൽ നിൽക്കാൻ കൂട്ടാക്കാതിരുന്ന ശിവസേന ഇനി ചരിത്രം. ഏക് നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന ബി.ജെ.പിയുടെ കൈയിലെ പാവ മാത്രം.
ഒപ്പമുള്ള എം.എൽ.എമാർ ചോർന്നുപോയെങ്കിലും പാർട്ടിയുടെ അമരം തന്റെ കൈയിൽ തന്നെയാണെന്ന ഉദ്ധവ് താക്കറെയുടെ അമിത വിശ്വാസവും പൊളിയുകയാണ്. പാർട്ടിയുടെ യഥാർഥ അവകാശികൾ ഷിൻഡെയും കൂട്ടരുമാണെന്ന് നിയമപരമായി സ്ഥാപിച്ചുകിട്ടാനുള്ള തന്ത്രംകൂടിയാണ് വിമതർക്ക് നൽകിയ മുഖ്യമന്ത്രിപദം. അധികാരത്തിന്റെ ബലത്തിൽ ഔദ്യോഗിക ശിവസേനയായി മാറാനും പാർട്ടി, കൊടി, ചിഹ്നം എന്നിവയെല്ലാം പിടിച്ചുവാങ്ങാനും ഷിൻഡെ പക്ഷത്തിന് അവസരം നൽകുകയാണ് ബി.ജെ.പി.
ബി.ജെ.പി ഭരണത്തിന് നേതൃത്വം നൽകിയാൽ അത് എളുപ്പമല്ല. ബി.ജെ.പിക്കു കീഴിൽ ഭരിക്കാനാണോ സ്വന്തം നേതാവിനെ മറിച്ചിട്ടതെന്ന ചോദ്യത്തിന് ശിവസേനക്കാരോട് ഉത്തരം പറയാൻ കഴിയാത്ത സാഹചര്യം ഷിൻഡെക്കും ഉണ്ടാവുമായിരുന്നു. ശിവസേനയുടെ സിംഹഭാഗം ഷിൻഡെക്കു കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ, ബി.ജെ.പിയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നീങ്ങാത്ത സഖ്യകക്ഷിയായി അതിനെ മാറ്റാൻ എളുപ്പമാണ്. അടുത്ത തെരഞ്ഞെടുപ്പു വരെ ബി.ജെ.പിയും ഫഡ്നാവിസും നടത്തുന്ന 'സഹനം' ഈ ലക്ഷ്യങ്ങൾക്കെല്ലാം വേണ്ടിയുള്ളതാണ്.
ബിഹാറിൽ വല്യേട്ടനായി ചമഞ്ഞു നടന്ന നിതീഷ് കുമാറിന്റെ ജനതാദൾ-യുവിനെ ഒതുക്കിയതിന്റെ മറ്റൊരു രൂപമാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി നടത്തുന്നത്. രണ്ടിടത്തും ഇപ്പോൾ പ്രാദേശിക കക്ഷി ബി.ജെ.പിയുടെ നിഴൽപറ്റി നിൽക്കാൻ നിർബന്ധിതം. താക്കറെയുടെ ഹിന്ദുത്വ താവഴി അവകാശപ്പെടാൻ കഴിയാത്ത ഷിൻഡെയുടെ ശിവസേനയെയും അണികളെയും വിഴുങ്ങാൻ ബി.ജെ.പിക്ക് കൂടുതൽ എളുപ്പവുമാണ്.
ഹിന്ദുത്വത്തിന്റെ പേരുപറഞ്ഞുള്ള അട്ടിമറിക്കും പുതിയ സഖ്യത്തിനുമിടയിൽ പുറന്തള്ളപ്പെട്ടുപോയ ഉദ്ധവ് താക്കറെക്കു മുന്നിൽ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാണ്. ഷിൻഡെയുടെ ഭരണം മുന്നോട്ടുപോകുമ്പോൾ ഉദ്ധവിനു പിന്നിലുള്ള അണികളുടെ എണ്ണം ചുരുങ്ങാനാണ് സാധ്യത.
പാർട്ടിക്കാരെ മറന്ന ഭരണതാൽപര്യമാണ് ഉദ്ധവിന്റെ വീഴ്ചക്ക് പ്രധാന കാരണം. കോൺഗ്രസും എൻ.സി.പിയുമായി സഖ്യമുണ്ടാക്കിയതു വഴി ശിവസേനയുടെ ഹിന്ദുത്വം ചോർന്നുപോയെന്ന തോന്നലുണ്ടാക്കുന്നതിൽ എതിർപക്ഷം വിജയിക്കുകയും ചെയ്തു. ശിവസേനയെ ബി.ജെ.പി വിഴുങ്ങുമെന്ന ചിന്തകൾക്കൊടുവിലാണ് കാലങ്ങളായുള്ള ബി.ജെ.പി സഖ്യം അവസാനിപ്പിച്ച് ഉദ്ധവ് പുതിയ പരീക്ഷണത്തിന് ഇറങ്ങിയത്. ഇപ്പോഴാകട്ടെ, ശിവസേനയെ ആശ്രിതരാക്കി മറാത്തയിൽ പുതിയ മുന്നേറ്റ പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. മുഖ്യൻ ആരായാലും ഭരണത്തിന്റെ സ്റ്റിയറിങ് ബി.ജെ.പിയുടെ കൈയിൽ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.