ഞാൻ 12 വർഷം ജോലി ചെയ്ത ഔട്ട്ലുക്ക് മാഗസിന്റെ പത്രാധിപരായിരുന്ന വിനോദ് മേത്ത, വാജ്പേയി സർക്കാറിന്റെ കാലത്ത് സ്ഥാപന ഉടമക്കെതിരായ ആദായ നികുതി വകുപ്പിന്റെ റെയ്ഡുകളെത്തുടർന്ന് ഒരു തന്ത്രം രൂപപ്പെടുത്തിയെടുത്തിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി സംഘങ്ങളിൽപെട്ട എഴുത്തുകാരിൽനിന്ന് മുമ്പത്തേക്കാൾ കൂടുതലായി ലേഖനങ്ങൾ വാങ്ങാൻ തുടങ്ങി. എന്തിനാണതെന്ന് അദ്ദേഹം ഞങ്ങളോട് വ്യക്തമാക്കിയിരുന്നു - സർക്കാറുമായുള്ള അനിവാര്യമായ സംഘട്ടനങ്ങളിൽ മാഗസിനുവേണ്ടി മധ്യസ്ഥത വഹിക്കാൻ ബി.ജെ.പിയിൽ ആളുകൾ ഉണ്ടെന്ന് ഉറപ്പാക്കാനായിരുന്നു ഈ ലേഖനമെഴുതിക്കൽ. ഓരോ പത്രാധിപരും ശ്രദ്ധിക്കേണ്ട ഭയഘടകം എന്ന് ഇതിനെ വേണമെങ്കിൽ വിളിക്കാം.
നമ്മൾ കടന്നുപോകുന്ന കാലഘട്ടത്തിലെ മാധ്യമ ഭയത്തോത് അളക്കാൻ ഞാൻ ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് എന്നീ ദേശീയ പത്രങ്ങളുടെ ആർക്കൈവുകൾ ദിവസങ്ങളോളം പരതി. ആർ.എസ്.എസ്-ബി.ജെ.പി കൂട്ടത്തിൽനിന്ന് അവർക്കായി ആരൊക്കെ, എത്രതവണ എഴുതിയെന്ന് പരിശോധിച്ചു. ഏറെ കഠിനമായ അഭ്യാസമായിരുന്നു അത്, എഴുത്തുകാരുടെ സൂചിക അപൂർണമായിരുന്നു. തുടർന്ന് എനിക്ക് ഓർമയുള്ള എഴുത്തുകാർക്കായി ഇന്റർനെറ്റിൽ തിരഞ്ഞു.
രാഷ്ട്രീയ-എഴുത്തുകാർ വളരെ കുറവേ പ്രത്യക്ഷപ്പെടാറുള്ളൂ എന്നതിനാൽ ‘ദ ഹിന്ദു’ പത്രത്തെ ഞാൻ ഇതിൽ ഉൾപ്പെടുത്തിയില്ല. രൂപാന്തരീകരണം വരുന്നതിനു മുമ്പ് വർഷങ്ങളോളം മാധ്യമ പ്രവർത്തകരായിരുന്ന സ്വപൻ ദാസ്ഗുപ്ത, എം.ജെ. അക്ബർ എന്നിവരെയും ഒഴിവാക്കി. പക്ഷേ, രണ്ടുതവണ രാജ്യസഭയിൽ പാർട്ടിയെ പ്രതിനിധീകരിച്ച, സംഘത്തിൽ തുടരുകയും ബി.ജെ.പി.യിൽ സുപ്രധാന പദവികൾ വഹിക്കുകയും ചെയ്ത മാധ്യമപ്രവർത്തകൻ ബൽബീർ പുഞ്ചിനെ ഈ തിരച്ചിലിൽ ഉൾപ്പെടുത്തി. ആർ.എസ്.എസ്-ബി.ജെ.പി കോളമിസ്റ്റുകളെക്കുറിച്ച് ഞാൻ സമാഹരിച്ച കണക്ക് യഥാർഥത്തിൽ ഉള്ളതിനേക്കാൾ കുറവാണെന്ന് അടിവരയിടാനാണ് ഇക്കാര്യം തുടക്കത്തിലേ പറയുന്നത്. എന്നിരുന്നാലും, ഇന്ന് ഇന്ത്യൻ മാധ്യമങ്ങളിൽ നിലനിൽക്കുന്ന ഭയത്തോത് അളക്കാൻ, അഥവാ പത്രപ്രവർത്തനത്തിലെ അസന്തുലിതാവസ്ഥയുടെ തോത് കണ്ടുപിടിക്കാൻ ഇത് സഹായിക്കും.
2014 മേയിൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം, 3,000 ദിവസങ്ങളിലായി അതിന്റെ അംഗങ്ങൾ എഴുതിയ 640 നിലപാട് ലേഖനങ്ങളാണ് എന്റെ പരിശോധനയിൽ കണ്ടെടുക്കാനായത്. അതായത്, ഓരോ അഞ്ച് ദിവസം കൂടുമ്പോഴും ഈ പ്രമുഖ പത്രങ്ങളിലൊന്നിൽ അവരുടെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ലേഖനം അച്ചടിക്കപ്പെട്ടു. 640 ലേഖനങ്ങളിൽ 337 എണ്ണം പ്രസിദ്ധീകരിച്ചത് ഇന്ത്യൻ എക്സ്പ്രസിലാണ്. ഹിന്ദുസ്ഥാൻ ടൈംസ് 97 എണ്ണവും ടൈംസ് ഓഫ് ഇന്ത്യ 206 എണ്ണവും പ്രസിദ്ധീകരിച്ചു. ഇന്ത്യൻ എക്സ്പ്രസിന്റെ പഴയ താളുകൾ കണ്ടെത്താനുള്ള സൗകര്യം മികവുറ്റതായതിനാലാണ് അതിൽ വന്ന കൂടുതൽ ലേഖനങ്ങൾ കണ്ടെടുക്കാനായത്.
640 ലേഖനങ്ങളിൽ 399 എണ്ണത്തിലും പ്രധാനമന്ത്രിയെയോ അദ്ദേഹത്തിന്റെ സർക്കാറിനെയോ ഒരുതവണയെങ്കിലും പരാമർശിക്കുന്നുണ്ട്. ആർ.എസ്.എസ് നേതാവ് രാം മാധവ് എഴുതിയ ഒരു ലേഖനത്തിൽ മോദിയുടെ പേര് 20 വട്ടമാണ് ആവർത്തിക്കുന്നത്, മറ്റൊന്നിൽ 18 തവണ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമൊഴിഞ്ഞതിനു ശേഷം എഴുതിയ കുറിപ്പിൽ മോദിയെ 22 തവണ പരാമർശിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് 21 തവണയാണ് ഒരു ലേഖനത്തിൽ ആ പേര് എടുത്തെഴുതിയത്. ഒരാവശ്യവുമില്ലെങ്കിലും മോദി മോദി എന്ന് ഉരുവിടാനുള്ള മുഖസ്തുതിത്വരയുണ്ട് മിക്ക ബി.ജെ.പി വക്താക്കൾക്കും.
തങ്ങളെ എഴുത്തുകാരാക്കി മാറ്റിയതിന് അവർ മോദിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് തോന്നിപ്പോകും. 2014 മേയ് മുതൽ മാധവ് ഇന്ത്യൻ എക്സ്പ്രസിൽ 101, ഹിന്ദുസ്ഥാൻ ടൈംസിൽ 25, ടൈംസ് ഓഫ് ഇന്ത്യയിൽ ആറ് എന്നീ കണക്കിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മൂന്ന് പത്രങ്ങളിലായി 68 ലേഖനങ്ങൾ എഴുതി, ഭൂപേന്ദർ യാദവ് 34, ഡോ. രാകേഷ് സിൻഹ എം.പി 31, ഇന്ത്യൻ എക്സ്പ്രസിൽ മുൻ മന്ത്രി രവിശങ്കർ പ്രസാദ് 22ഉം പാർട്ടി വക്താവ് അനിൽ ബലൂനി 26ഉം ലേഖനങ്ങൾ എഴുതി. ഷെഹ്സാദ് പൂനവാല ടൈംസ് ഓഫ് ഇന്ത്യയിൽ 20 തവണയും.
മോദി ടൈംസ് ഓഫ് ഇന്ത്യയിൽ 18 ലേഖനങ്ങളും ഹിന്ദുസ്ഥാൻ ടൈംസിൽ ഒമ്പതും ലേഖനങ്ങൾ എഴുതി. ആഭ്യന്തര മന്ത്രി അമിത് ഷാ ടൈംസ് ഓഫ് ഇന്ത്യക്ക് 12ഉം ഇന്ത്യൻ എക്സ്പ്രസിൽ രണ്ടും ലേഖനങ്ങളെഴുതി, ഒരുതവണ പ്രസംഗത്തിൽനിന്നുള്ള ഭാഗവും. രാജ്യത്ത് നടക്കുന്ന സകല നല്ല കാര്യങ്ങളും മോദിയുടെ പേരിലാണ് ഷാ എണ്ണുന്നത്. ഹാ!എത്ര ഉദാത്തം! സുന്ദരം!!. 30 കാബിനറ്റ് മന്ത്രിമാരിൽ 17 പേരും ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയിട്ടുണ്ട്.
ആർ.എസ്.എസ്-ബി.ജെ.പി എഴുത്തുകാർക്ക് വിഷമം വരുമോ എന്നു ഭയന്ന് എഡിറ്റർമാർ ലേഖനങ്ങൾ സ്വീകരിക്കുന്നതാണോ അതോ ലേഖനങ്ങൾ അയക്കാൻ അവരെ ചുമതലപ്പെടുത്തിയതാണോ എന്ന് കണ്ടെത്തുക പ്രയാസമാണ്. ‘തെരഞ്ഞെടുപ്പ് ഷെഡ്യൂളിന്റെ ആവേശത്തുടക്കം മാധ്യമപ്രവർത്തകരെ വെളിച്ചപ്പെട്ട് പുറത്തുവരാൻ ധൈര്യപ്പെടുത്തിയതായി തോന്നുന്നു’വെന്ന് ‘മോദി എങ്ങനെ വിജയം കൈവരിച്ചു: 2014ലെ തെരഞ്ഞെടുപ്പിൽനിന്നുള്ള കുറിപ്പുകൾ’ (How Modi Won It: Notes from the 2014 Elections) എന്ന പുസ്തകത്തിൽ മാധ്യമപ്രവർത്തകൻ ഹരീഷ് ഖാരെ എഴുതുന്നു. മാധ്യമപ്രവർത്തകർ പ്രത്യയശാസ്ത്രപരമായി സംഘികളാണെന്ന് ഖാരെ സൂചിപ്പിക്കുന്നു; അത് തെളിയിക്കാൻ പ്രയാസമാണ്. എന്നാൽ, ആർ.എസ്.എസ്-ബി.ജെ.പി എഴുത്തുകാരുടെ ലേഖനങ്ങൾക്ക് ഇത്രയേറെ സ്ഥലം അനുവദിക്കാൻ തിടുക്കപ്പെടുന്ന മാധ്യമസ്ഥാപനങ്ങൾ പ്രതിപക്ഷത്തിന് അസമമായ ഇടം മാത്രം അനുവദിക്കുന്നു. ഡെറക് ഒബ്രിയനും പി. ചിദംബരത്തിനും ഒരു കോളമുണ്ട് എന്നത് ശരിതന്നെ. ശശി തരൂരിന്റെ ബൈലൈനുകളും ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ ഭരണപക്ഷ വക്താക്കളുടെ 640 ലേഖനങ്ങൾ പ്രസിദ്ധീകരിച്ച സ്ഥിതിക്ക് പ്രതിപക്ഷ നിരയിൽ നിന്നുള്ളവരുടെ 500 ലേഖനങ്ങളെങ്കിലും പ്രസിദ്ധീകരിച്ചാൽ സമതുലനമുണ്ടായേനെ- പക്ഷേ അത് സംഭവിച്ചിട്ടില്ല.
ബി.ജെ.പിക്ക് വകവെച്ചുകൊടുക്കുന്ന ഇത്തരം അന്യായ ആനുകൂല്യങ്ങളാണ് മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതിലേക്ക് പ്രതിപക്ഷത്തെ കൊണ്ടെത്തിക്കുന്നത്. അടുത്തിടെ ഒരു വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് മോശമായി പെരുമാറിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിക്കപ്പെട്ടിരുന്നു. അപകീർത്തിക്കേസിൽ ശിക്ഷക്ക് കാരണമായ പരാമർശം ഒ.ബി.സി വിഭാഗങ്ങളെ അപമാനിക്കുന്നതാണെന്ന ബി.ജെ.പിയുടെ ആരോപണത്തെക്കുറിച്ച് എന്താണ് കരുതുന്നതെന്ന് മാധ്യമപ്രവർത്തകൻ ആദ്യം രാഹുൽ ഗാന്ധിയോട് ചോദിക്കുമ്പോൾ അദ്ദേഹം മറുപടി നൽകുന്നുണ്ട്. അടുത്തതായി കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി ബന്ധപ്പെട്ട ഒരു അപകീർത്തി പരാമർശമാണ്. അതിനും രാഹുൽ മറുപടി പറഞ്ഞു. എന്നാൽ, ‘ഒ.ബി.സികളെ അപമാനിച്ചു’ എന്ന ആരോപണം ആവർത്തിച്ച് തനിക്കുമേൽ പ്രയോഗിക്കപ്പെട്ടതോടെ രാഹുൽ നിലവിട്ട് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ, മോദിയെപ്പോലെ മാധ്യമപ്രവർത്തകരിൽനിന്ന് ഓടി മറയാറില്ല രാഹുൽ. എന്നിരിക്കിലും ജനാധിപത്യബോധം പുലർത്തുന്നവരോടും അതല്ലെങ്കിൽ അധികാരത്തിൽനിന്ന് പുറത്തുനിൽക്കുന്നവരോടും അവഹേളന നിലപാട് സ്വീകരിക്കുന്ന രീതിയുണ്ട് മാധ്യമ പ്രവർത്തകർക്ക്. സംഘ്പരിവാർ ലായത്തിൽനിന്ന് മുളച്ചുപൊന്തുന്ന കോളമിസ്റ്റുകളുടെ എണ്ണപ്പെരുക്കവും അതാണ് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.