മാന്ദ്യം തടുക്കാന്‍ ഗ്രാമീണ നിക്ഷേപം

നോട്ട് അസാധുവാക്കല്‍ സമ്പദ്​വ്യവസ്ഥക്ക് ഏല്‍പ്പിച്ച പരിക്കുകളുടെ പശ്ചാത്തലത്തില്‍ ഏറെ താല്‍പ്പര്യത്തിലാണ് രാജ്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനായി കാത്തിരുന്നത്. ആദായ നികുതി പരിധിയിലും മറ്റും ഇടത്തരക്കാര്‍ പ്രതീക്ഷിച്ച ഇളവുകള്‍ ലഭിച്ചില്ളെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തുന്നതല്ല കേന്ദ്ര ബജറ്റ്.

ഗ്രാമീണ മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും കേന്ദ്ര നിക്ഷേപങ്ങള്‍ ഊര്‍ജിതമാക്കി സമ്പദ്വ്യവസ്ഥക്ക് താങ്ങാവാനാണ് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി ശ്രമിക്കുന്നത്. അതോടൊപ്പം ആദായ നികുതി നിരക്കിലെ താഴ്ന്ന സ്ളാബില്‍ ഇളവ് അനുവദിച്ച് കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവന്ന് ഭാവില്‍ നികുതി വരുമാനം വര്‍ധിപ്പിക്കാനും ധനമന്ത്രി ലക്ഷ്യമിടുന്നു.

അതേസമയം ഗ്രാമീണ മേഖലകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും കേന്ദ്ര നിക്ഷേപങ്ങള്‍ ഊര്‍ജിതമാക്കി നോട്ട് അസാധുവാക്കല്‍ സമ്മാനിച്ച മാന്ദ്യത്തില്‍ നിന്ന് സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ കഴിയുമോയെന്ന സംശയം ഉയരുന്നുണ്ട്. ധനമന്ത്രിയുടെ ഈ നീക്കം പരാജയപ്പെട്ടാല്‍ അത് സമ്പദ്വ്യവസ്ഥയ്ക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഗ്രാമീണ, കാര്‍ഷിക മേഖലകളിലും അനുബന്ധ രംഗങ്ങളിലും കേന്ദ്ര ധനവിനിയോഗത്തില്‍ 24 ശതമാനം വര്‍ധനയാണ് വരുത്തിയരിക്കുന്നത്. 1.87 ലക്ഷം കോടി രൂപയാണ് ഈ മേഖലകളില്‍ വിനിയോഗിക്കപ്പെടുക. ഗ്രാമീണ മേഖലകളിലെ തൊഴില്‍ പദ്ധതികള്‍ക്ക് 48000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചതിനെക്കാള്‍ 1000 കോടി രൂപ അധികമാണിത്. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിനായി 19000 കോടി രൂപയും അനുവദിച്ചു.

കാര്‍ഷിക മേഖലയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനൊപ്പം കാലവര്‍ഷം കൂടി അനുകൂലമായാല്‍ 4.5 ശതമാനത്തിനടുത്ത് കാര്‍ഷിക ഉത്പാദന വളര്‍ച്ച നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്‍ഷിക മേഖലയില്‍ ദീര്‍ഘകാല പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ജലസേചന പദ്ധതികള്‍ക്കായി നീക്കിവെച്ച 40000 കോടി രൂപയാണ് ഇതില്‍ പ്രധാനം. പാല്‍ സംസ്കരണ പ്ളാന്‍റുകളുടെ ആധുനികവത്കരണത്തിന് അടുത്ത മൂന്നു വര്‍ഷത്തിനിടെ 8000 കോടി രൂപ ചെലവഴിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഈ ഇനത്തില്‍ നീക്കിവെച്ചിരിക്കുന്നത് 2000 കോടി രൂപയാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനും വന്‍തുകകള്‍ വകയിരുത്തിയിട്ടുണ്ട്. ആകെ 3.96 ലക്ഷം കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവഴിക്കുക. ഇതിനു പുറമെ ഗതാഗത സൗകര്യ വിസനത്തിന് 2.41 ലക്ഷം കോടി രൂപയും ദേശീയ, സംസ്ഥാന ഹൈവേകളുടെ വികസനത്തിന് 64000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

നോട്ട് അസാധുവാക്കല്‍ ഏറ്റവും രൂക്ഷമായി ബാധിച്ച കണ്‍സ്ട്രക്ക്ഷന്‍ മേഖലയെ കരകയറ്റുന്നതിനും പദ്ധതികള്‍ ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ചെറിയ വീടുകള്‍ക്ക് അടിസ്ഥാന സൗകര്യ പദ്ധതിയുടെ പദവി നല്‍കിയത് ഈ ലക്ഷ്യം വെച്ചാണ്. ഇതോടെ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും വായ്പയും ലഭിക്കാന്‍ വഴിയൊരുങ്ങും. കൂടാതെ നാഷ്നല്‍ ഹൗസിങ് ബാങ്ക് 20000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം ഭവന വായ്പയായി അനുവദിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാവര വസ്തുക്കളുടെ മൂലധന നേട്ട നികുതി കണക്കാക്കുന്ന രീതി കൂടുതല്‍ ഉദാരമാക്കുകയും ചെയ്തിട്ടുണ്ട്.

ഈ നടപടികള്‍ വഴി അടിസ്ഥാന തൊഴില്‍ മേഖലയില്‍ വന്‍തോതില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന കണ്‍സ്ട്രക്ക്ഷന്‍ മേഖലയില്‍ വീണ്ടും ഉണര്‍വ് പ്രകടമായേക്കുമെന്നാണ് ധനമന്ത്രി കണക്കാക്കുന്നത്. ഇതിന്‍െറ പ്രതിഫലനങ്ങള്‍ മറ്റ് മേഖലകളില്‍ പ്രകടമാവുകയും ചെയ്യും.

 

 

 

 

Tags:    
News Summary - budget 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.