ജാതിസർവേ കാലത്തിന്റെ ആവശ്യം

ഇന്ത്യയില്‍ ജാതീയത ഇന്നും വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമായി നിലനില്‍ക്കുന്നുണ്ട്. ക്ലാസ് മുറികളിൽ വിദ്യാർഥികളെ വേര്‍തിരിക്കുന്നു,, പൊതുവഴികളിലേക്കും ആരാധനാലയങ്ങളിലേക്കും പൊതുകിണറുകളിലേക്കുമുള്ള പ്രവേശനം നിഷേധിക്കുന്നു. എന്തിനേറെ ചില ഇടങ്ങളില്‍ താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് മീശവെക്കാനും നല്ല വസ്ത്രം ധരിക്കാനുമുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നുണ്ട്

ജാതി അടിസ്ഥാനമാക്കിയുള്ള സർവേയുടെ ആവശ്യകതയും സംവരണ മാനദണ്ഡങ്ങളുടെ ആധികാരികതയുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബിഹാർ സർക്കാറിന്റെ ജാതി സർവേക്കെതിരെ സമർപ്പിച്ച ഹരജികൾ തള്ളിയ പട്ന ഹൈകോടതി, നടപടിയുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയിരിക്കുന്നു. ജാതി സർവേ വേണമെന്ന് ഒരുവിഭാഗം രാഷ്ട്രീയ പാർട്ടികളും സാമൂഹികവിദഗ്ധരും ആവശ്യപ്പെടുമ്പോൾ, അത് സമൂഹത്തിലെ വിഭാഗീയത വലുതാക്കുമെന്ന ആക്ഷേപവും അത്തരമൊരു കണക്കെടുപ്പുകൊണ്ടെന്തു ഫലം എന്ന ചോദ്യവും തിരിച്ചും ഉയരുന്നു. ഈ സാഹചര്യത്തെ ഏതുരീതി സമീപിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കുന്ന ഒരു പഠനം 1979ല്‍ അമേരിക്കയിലെ ടെക്‌സസ് മെഡിക്കല്‍ സ്‌കൂളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. 2002 ഫെബ്രുവരി 17ന്റെ ‘ദ ന്യൂയോർക് ടൈംസ്’ മാഗസിൻ ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

800 വിദ്യാർഥികളാണ് 1979ലെ അധ്യയന വര്‍ഷത്തില്‍ പ്രവേശനം തേടി ടെക്‌സസ് മെഡിക്കല്‍ സ്‌കൂളില്‍ എത്തിച്ചേര്‍ന്നത്. വിശദ ഇന്റര്‍വ്യൂവിനുശേഷം ഇതില്‍ 150 വിദ്യാർഥികള്‍ ആദ്യവര്‍ഷത്തേക്ക് പ്രവേശനം കരസ്ഥമാക്കി. ഈ സാഹചര്യത്തിൽ അന്നത്തെ സ്റ്റേറ്റ് ലെജിസ്ലേറ്റര്‍, പ്രവേശന പരീക്ഷയിലെ അവസാനത്തെ 50 റാങ്കുകാർക്കുകൂടി അഡ്മിഷൻ കൊടുക്കാൻ നിർദേശിച്ചു. ഇതോടെ ഇന്റര്‍വ്യൂവില്‍ മുന്‍നിരയിലെത്താത്ത, മോശപ്പെട്ട സ്‌കോര്‍ മാത്രം കരസ്ഥമാക്കിയ വിദ്യാർഥികളും പ്രവേശനത്തിന് അര്‍ഹത നേടി. ഇന്റര്‍വ്യൂവിലും പൊതുവായ മാര്‍ക്കിലും പിന്‍നിരയിലായിരുന്ന ഇവർ സംവരണാനുകൂല്യത്തിന്റെ ബലത്തിൽ പ്രവേശനം നേടിയവരായതിനാല്‍ സ്വാഭാവികമായും പഠനത്തിൽ ആ ക്ലാസിലെ ഏറ്റവും മോശം റിസല്‍ട്ടിനുടമകളായേക്കുമെന്ന ധാരണ വ്യാപകമായിരുന്നു. എന്നാല്‍, മുന്‍വിധികളെ തീര്‍ത്തും നിരാകരിച്ച് സഹപാഠികളോടൊപ്പം തുല്യത പ്രകടിപ്പിക്കുന്ന മികവ് എന്നതിനപ്പുറം ആ ക്ലാസിലെ ഏറ്റവും മികച്ച 50 പേരില്‍നിന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത മികവാണ് അവര്‍ പുലര്‍ത്തിയത്.

സോഷ്യല്‍ സൈക്കോളജിസ്റ്റുകളുടെ വിലയിരുത്തലുകളില്‍ ഉൾപ്പെടുന്ന സെലക്ഷന്‍ ഇഫക്ട് (Selection effect), ട്രീറ്റ്‌മെന്റ് ഇഫക്ട് (Treatment effect) എന്നിവയിലെ വ്യതിയാനമാണ് ഇവിടെ വ്യക്തമാക്കപ്പെട്ടത്. ഇതില്‍ വിദ്യാർഥികളുടെ യോഗ്യത മാനദണ്ഡമാക്കുന്ന സെലക്ഷന്‍ ഇഫക്ടിനേക്കാള്‍ പ്രതിഫലിച്ചത് ഒരേ ക്ലാസ് മുറിയില്‍ ഒരേ വിദ്യാഭ്യാസ നിലവാരത്തില്‍ നാലുവര്‍ഷം ഇവര്‍ ചെലവഴിച്ചതാണ്. ഇതാണ് ട്രീറ്റ്‌മെന്റ് ഇഫക്ട്.

ഒന്നുകൂടി വ്യക്തമാക്കിയാല്‍, എല്ലാവര്‍ക്കും പ്രകടനം നടത്താന്‍ തുല്യമായ അവസരം ലഭ്യമായാല്‍ അവിടെ അന്തരങ്ങളില്ലാതാകുന്ന സാഹചര്യമുണ്ടാകും. അതായത് അവസരങ്ങളും സാധ്യതകളും പരിമിതപ്പെടുന്നതാണ് പിന്നാക്കാവസ്ഥയില്‍ തുടരുന്നതിനുള്ള പ്രധാന കാരണമെന്ന് കാണാം. സംവരണവുമായി ബന്ധപ്പെട്ട ആശയസംവാദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാമുള്ള സന്ദേശമാണ് ടെക്‌സസിലെ ഈ പഠനം വെളിപ്പെടുത്തുന്നത്. ലളിതമായി പറഞ്ഞാല്‍ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളുടെ മുഖ്യധാരയില്‍നിന്നും തുല്യത ലഭിക്കാതെ നൂറ്റാണ്ടുകളായി മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന അവസരമാണ് സംവരണം.

സാമ്പത്തിക സംവരണം എന്ന

വ്യതിചലനം

പുതിയ വിഭാഗങ്ങളെക്കൂടി സംവരണത്തിന്റെയും അനുബന്ധമായ വിഹിതങ്ങളുടെയും അര്‍ഹതപ്പട്ടികയിലേക്ക് ഉള്‍പ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുപകരിക്കുമെന്ന തിരിച്ചറിവ് നിലവിലെ ഭരണകക്ഷികള്‍ക്കുണ്ട്. ഇത് യഥാർഥ പിന്നാക്ക-പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ നിലനിൽപിനെത്തന്നെ ചോദ്യംചെയ്യുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും. ഉന്നത ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാൻ ഭരണഘടന ഭേദഗതി കൊണ്ടുവന്നത് ഇതിനുദാഹരണമാണ്. 2019ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വജ്രായുധങ്ങളിൽ ഒന്നുകൂടിയായിരുന്നു ഈ നീക്കം. താരതമ്യേന ദുര്‍ബലമായ പ്രതിപക്ഷത്തിന് ഭരണപക്ഷത്തിന്റെ ഈ നീക്കത്തിനുമുന്നില്‍ പകച്ചുനില്‍ക്കാനേ സാധിച്ചുള്ളൂ. അവസരത്തെ കൃത്യമായി മുതലെടുത്ത ബി.ജെ.പി ഈ ബിൽ പാര്‍ലമെന്റില്‍ അനായാസേന പാസാക്കുകയും ചെയ്തു.

2022ല്‍ സുപ്രീംകോടതിയുടെ 3:2 വിധിയിലൂടെ ഈ 103ാം ഭേദഗതി ബില്‍ അംഗീകരിക്കപ്പെട്ടു. സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി സംവരണത്തിനുള്ള മാനദണ്ഡം ജാതി മാത്രമല്ല എന്ന വിധിയാണ് ഇതിലൂടെ പുറത്തുവന്നത്. റിസര്‍വേഷനുള്ള അടിസ്ഥാന മാനദണ്ഡം ജാതിപരമായ പിന്നാക്കാവസ്ഥയാണ് എന്ന ചിരകാല ചരിത്രത്തില്‍നിന്നുള്ള അടിസ്ഥാനപരമായ മാറ്റംകൂടിയാണ് ഇതോടെ സംഭവിച്ചത്.

ഇന്ത്യയില്‍ ജാതീയത എന്നത് ഇന്നും വേദനിപ്പിക്കുന്ന ഒരു യാഥാർഥ്യമായി നിലനില്‍ക്കുന്നുണ്ട്. ക്ലാസ് മുറികളില്‍പോലും വിദ്യാർഥികളെ വേര്‍തിരിക്കുക, പൊതുവഴികളിലേക്കും ആരാധനാലയങ്ങളിലേക്കും പൊതുകിണറുകളിലേക്കുമുള്ള പ്രവേശനം നിഷേധിക്കപ്പെടുക, എന്തിനേറെ ചില ഇടങ്ങളില്‍ താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് മീശവെക്കാനും ചെരിപ്പും നല്ല വസ്ത്രവും ധരിക്കാനുമുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നുണ്ട്. ദുരനുഭവങ്ങളുടെ കയ്്പ്പുനീര്‍ കുടിക്കാത്ത, അധികാരത്തിന്റെയും സാമൂഹിക ഉന്നതിയുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വരേണ്യവർഗത്തിന് ജാതീയതയുടെ വിവേചനം അനുഭവിക്കുന്ന അധഃസ്ഥിതരുടെയും പിന്നാക്കാവസ്ഥയിലുള്ളവരുടെയും ദുരിതങ്ങള്‍ മനസ്സിലാക്കാന്‍ ഒരിക്കലും സാധിക്കില്ല.

അനുകൂലിക്കുന്നവരും

വിമര്‍ശിക്കുന്നവരും

1931ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് നമ്മുടെ രാജ്യത്ത് ഇന്നും സാമൂഹിക ക്ഷേമനയങ്ങള്‍ ആവിഷ്‌കരിച്ചുവരുന്നത്. ജാതിസംബന്ധമായ കൃത്യമായ വിവരങ്ങളുടെ (ഡേറ്റ) അഭാവം എപ്പോഴും സംവരണ വിരുദ്ധരെയാണ് സഹായിക്കുന്നത്. കേരള സംസ്ഥാന സെക്രട്ടേറിയറ്റിലുൾപ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ എല്ലാ മേഖലകളിലും ഇത്തരക്കാരുടെ സാന്നിധ്യം വ്യാപകമാണ്. ഏത് രാഷ്ട്രീയപ്രസ്ഥാനം അധികാരത്തിൽ വന്നാലും സംവരണത്തെ ഏതെല്ലാം തരത്തില്‍ അട്ടിമറിക്കാം എന്ന ഗവേഷണത്തിലേര്‍പ്പെടുന്നവരാണ് ഈ പ്രബലർ.

ഈയിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ശ്രദ്ധേയമായ ഒരു പ്രസ്താവന ലോക്സഭയില്‍ നടത്തി: ‘നടക്കാനിരിക്കുന്ന സെന്‍സസില്‍ എസ്.സി/എസ്.ടി വിഭാഗത്തെ ഒഴിച്ചുള്ള ജാതി തിരിച്ചുള്ള കണക്ക് സെന്‍സസില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നതാണ് സര്‍ക്കാറിന്റെ നയം’. ആര്‍.എസ്.എസിന്റെ പ്രഖ്യാപിത നയമായ ‘ജാതി സെന്‍സസ് ജാതീയതയെ ദൃഢീകരിക്കാനേ ഉപകരിക്കൂ’ എന്ന നിലപാടിനുള്ള സാധൂകരണമാണിതെന്ന് കാണാം.

സെന്‍സസില്‍ ജാതി തിരിച്ച് വിവരശേഖരണം നടത്തുക എന്നത് വലിയ ബുദ്ധിമുട്ടാണെന്ന മറ്റൊരു യുക്തിക്ക് ചേരാത്ത വാദഗതിയും ഭരണകൂടം ഉയര്‍ത്തുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത വാദഗതിയാണിത്. നിലവില്‍ നടക്കുന്ന എല്ലാ വിവരശേഖരണങ്ങളിലും പട്ടികജാതി-വർഗം മുതലായവയുടെ വിശദാംശങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ട്. സെന്‍സസില്‍ ഒരാളുടെ ജാതി നിർണയിക്കുന്നതിന് കേവലം ഒരുകോളം മാത്രമേ ചേർക്കേണ്ടതുള്ളൂ എന്നതാണ് യാഥാർഥ്യം.

ജാതി അടിസ്ഥാനമാക്കിയുള്ള സംവരണവിരുദ്ധത മുഖമുദ്രയായി സ്വീകരിക്കുകയും അവരുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താനായി സംവരണവിരുദ്ധത ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സര്‍ക്കാറില്‍നിന്ന് അനുകൂലമായ ഒരു നയത്തിനായി കാത്തിരിക്കുന്നതില്‍ അർഥമില്ല. ജാതി സർവേ നടത്തുന്നതിന് ദേശീയാടിസ്ഥാനത്തിൽ ഗവൺമെന്റിനുമേൽ തീവ്രമായ സമ്മർദം നടത്തി, സംവരണം സംബന്ധിച്ച് വ്യക്തത വരുത്താനുള്ള സമയം മറ്റ് എന്നത്തേക്കാളുപരി ഇപ്പോഴാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഉയര്‍ന്ന ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നിന്നവര്‍ക്കായി 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയവര്‍ ഈയിടെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കർണാടകയിലെ മുസ്‍ലിംകളുടെ നാലുശതമാനം സംവരണം എടുത്തുകളഞ്ഞത് കാണാതിരിക്കരുത്. അതിഭീകരമായ പ്രത്യാഘാതങ്ങള്‍ക്കാണ് സംവരണത്തിലെ രാഷ്ട്രീയക്കളി കാരണമാകുന്നതെന്ന സത്യം മണിപ്പൂര്‍ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.

Tags:    
News Summary - Caste Survey is the need of the hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT