മണി ചെയിൻ, പലിശരഹിത ലാഭവിഹിതം.... തട്ടിപ്പ്​ കായ്​ക്കുന്ന മരങ്ങൾ പലവിധം

ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ആളുകൾ കബളിപ്പിക്കപ്പെടുന്ന ഒന്നാണ് നിക്ഷേപ തട്ടിപ്പുകൾ. അമിത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിയെടുക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പിന്നാമ്പുറ കഥകളും ഇരകളുടെ ഒടുങ്ങാത്ത ദുരിതവും കാലങ്ങളായി കേരളത്തിലെ പതിവു വർത്തമാനമായിട്ടും തട്ടിപ്പുകാർക്കും അവർക്ക് തലവെച്ചുകൊടുക്കുന്നവർക്കും കുറവില്ല.

കുറഞ്ഞ നഷ്​ടസാധ്യതയും ഉയർന്ന നിക്ഷേപ വളർച്ചയും വാഗ്ദാനം ചെയ്തുള്ള നിക്ഷേപ തട്ടിപ്പുകൾ തടയാൻ 2019 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ 'ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ്' ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല.

ആട് തേക്ക് മാഞ്ചിയം മുതൽ പോപ്പുലർ ഫിനാൻസ് വരെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ ഇത്തരം തട്ടിപ്പുകളിലൂടെ മലയാളിക്ക് അര ലക്ഷം കോടിയിലധികം നഷ്​ടമായെന്നാണ് ഏകദേശ കണക്ക്. പണം കായ്​ക്കുന്ന മരമോ സ്വർണം കുഴിച്ചെടുക്കാവുന്ന ഖനികളോ ഉണ്ടെങ്കിൽ പോലും നൽകാൻ കഴിയാത്ത ലാഭവിഹിതമാണ്​ പലരും വാഗ്​ദാനം ചെയ്യുന്നത്​. എന്നിട്ട്​ അതും വിശ്വസിക്കുന്ന നമ്മളെയൊക്കെ എന്തു ചെയ്യണം​?

മരണമില്ലാത്ത മണി ചെയിൻ

ഒരുകാലത്ത് കേരളം ഏറെ ചർച്ച ചെയ്ത മണി ചെയിൻ തട്ടിപ്പിന് ഇപ്പോൾ പുതിയ വേഷപ്പകർച്ചകളാണ്. ഇതിെൻറ ആധുനിക രൂപമായ ക്യൂനെറ്റ് എന്ന ഒാൺലൈൻ ബിസിനസിലൂടെ കോടികളുടെ തട്ടിപ്പാണ് നടന്നത്. ദിവസങ്ങൾക്കകം ഇരട്ടിയായി തിരിച്ചുകിട്ടുമെന്ന് കേട്ടപ്പോൾ ഒാരോരുത്തരും നിക്ഷേപിച്ചത് ലക്ഷങ്ങൾ. ഇവർ വഴി കൂടുതൽ പേരെ പദ്ധതിയിൽ കണ്ണികളാക്കി.

മൾട്ടിലെവൽ മാർക്കറ്റിങ്ങിലൂടെ കിട്ടിയ കോടികളിൽനിന്ന് നിക്ഷേപകർക്ക് കൊടുക്കേണ്ടിവന്നത് ചെറിയൊരു തുക മാത്രം. വ്യാജ ആപ്പുകളിലൂടെ കോടികൾ നിക്ഷേപം സ്വീകരിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ മലയാളിയടക്കം ഒമ്പതംഗ സംഘത്തെ നാലുമാസം മുമ്പാണ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്. ആഴ്ചതോറും ആകർഷക പലിശ എന്നതായിരുന്നു ഒാഫർ. ആറുമാസം കൊണ്ട് ഇവരുടെ അക്കൗണ്ടുകളിൽ 300 കോടിയോളമെത്തി. തട്ടിപ്പിന് മറയാക്കിയ പവർ ബാങ്ക്, സൺ ഫാക്ടറി തുടങ്ങിയ ആപ്പുകൾ മാസങ്ങൾക്കകം പ്ലേ സ്​റ്റോറിൽനിന്ന് അപ്രത്യക്ഷമായതോടെയാണ് നിക്ഷേപകർ ചതി തിരിച്ചറിഞ്ഞത്.

2007-08 കാലയളവിലാണ്​ ശബരിനാഥ്​ എന്ന 20കാരൻ 700 പേരിൽനിന്നായി 200 കോടിയോളം രൂപ തട്ടിയത്​. 20 മുതൽ 80 ശതമാനം വരെ പലിശ വാഗ്​ദാനം ചെയ്​ത്​ തലസ്​ഥാന നഗരിയിൽ അഞ്ചിടത്തായി സ്​ഥാപനം തുറന്നായിരുന്നു തട്ടിപ്പ്​.

കുറഞ്ഞ കാലത്തിനിടെ കേരളത്തിനകത്തും പുറത്തുമായി 284 ശാഖകൾ തുറന്ന് നിക്ഷേപകരിൽനിന്ന് 2000 കോടിയോളം കൈക്കലാക്കിയ പോപ്പുലർ ഫിനാൻസ് തുടങ്ങിയതുതന്നെ തട്ടിപ്പ് ലക്ഷ്യമിട്ടാണെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായി. നിക്ഷേപം വിദേശ രാജ്യങ്ങളിലേക്ക് കടത്തിയതും മുൻകൂട്ടി പാപ്പർ ഹരജി തയാറാക്കി അഭിഭാഷകനെ ഏൽപിച്ചതുമായിരുന്നു ഏറ്റവും വലിയ തെളിവ്. കോയമ്പത്തൂർ കേന്ദ്രമായ യൂനിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ് മണി ചെയിൻ തട്ടിപ്പിലൂടെ കേരളത്തിൽനിന്ന് മാത്രം 3500 കോടിയോളം തട്ടിയെടുത്തു.

പലിശരഹിത ലാഭവിഹിതമെന്ന കെണി

പലിശ ഇടപാടുകളിൽനിന്നെല്ലാം വിട്ടുനിൽക്കണമെന്നാഗ്രഹിച്ച്​ ജീവിക്കുന്നവരെ ഉന്നംവെച്ച്​ പലിശ രഹിത ലാഭവിഹിതം വാഗ്​ദാനം ചെയ്​തുള്ള തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമാണ്​. കാസർ​കോട്​ മുൻ എം.എൽ.എ പ്രതിയായ സ്വർണ നിക്ഷേപ തട്ടിപ്പ്​ വാർത്തയിൽ നിറഞ്ഞെങ്കിൽ പുറംലോകത്ത്​ കാര്യമായി ചർച്ചചെയ്യപ്പെടാതെ പോയ തട്ടിപ്പുകൾ ഒട്ടനവധിയാണ്​. വിവിധ ബിസിനസ് സംരംഭങ്ങളിൽ മുടക്കാൻ എന്ന പേരിൽ തുടങ്ങിയ ഈ പദ്ധതികളിൽ പണവും സ്വർണവും നിക്ഷേപിച്ച കുടുംബങ്ങളിൽ പലരും എവിടെ ആരോട്​ പരാതി പറയും എന്നുപോലും അറിയാത്ത അവസ്​ഥയിലാണ്​.

മാന്യതയും മതനിഷ്​ഠയും തുളുമ്പുന്ന സംസാരവും പെരുമാറ്റവുമായി സമൂഹത്തിലെ പ്രമുഖരെയും ​പ്രദേശത്തെ പേരു​േകട്ട കുടുംബങ്ങളിലെ വനിതക​ളെയും സമീപിച്ച്​ ആദ്യ കണ്ണികളായി ചേർത്താണ്​ തുടക്കം. കൃത്യമായ ലാഭവിഹിതം നൽകിയും പലിശയിൽനിന്ന്​ അകന്നുനിൽക്കാൻ പുലർത്തുന്ന സൂക്ഷ്​മത വിശദീകരിച്ചും വിശ്വസ്​തത ആർജിക്കുന്നതോടെ ശ​ുദ്ധഗതിക്കാരായ ഇടപാടുകാർ മറ്റുള്ളവർക്കും പദ്ധതിയുടെ ലാഭവും വിശ്വസനീയതയും വിവരിച്ചുകൊടുക്കും. ഇത്തരത്തിൽ പ്രവാസികളിൽ നിന്നും വീട്ടമ്മമാരിൽനിന്നുമെല്ലാം കോടികൾ സ്വരൂപിച്ച നിരവധി നിക്ഷേപ പദ്ധതികളാണ്​ പൊട്ടിയത്​. കാസർ​കോ​ട്ടെ ഒരു പഞ്ചായത്തിൽനിന്ന്​ മാത്രം ഇത്തരത്തിൽ ബഹുലക്ഷങ്ങൾ വഞ്ചിച്ചെടുത്തതായാണ്​ വിവരം. പലിശ രഹിത പദ്ധതി ആകയാൽ ഗ്യാരണ്ടി ചെക്കു പോലും നൽകിയിട്ടുണ്ടാവില്ല.

അതുകൊണ്ടുതന്നെ പരാതി നൽകാനും മാർഗമില്ല. മലപ്പുറം ജില്ലയിൽ അടുത്തിടെ ഒരു സ്വർണപ്പണിക്കാരനാണ് ഇത്തരം തട്ടിപ്പ് നടത്തിയത്. ഒരുലക്ഷം നിക്ഷേപിക്കുന്നവർക്ക് മാസം 5000 രൂപ ലാഭവിഹിതമായിരുന്നു വാഗ്ദാനം. പണം മുടക്കാൻ ആളുകൾ ക്യൂ നിന്നു. ഒടുവിൽ നിക്ഷേപം സ്വീകരിക്കണമെങ്കിൽ ശിപാർശ വേണമെന്ന അവസ്ഥയായി. നിക്ഷേപകർക്ക് പറഞ്ഞ തുക ആദ്യ മാസങ്ങളിൽ കൃത്യമായി നൽകി. അതുകഴിഞ്ഞപ്പോൾ കൈയിൽവന്ന കോടികളുമായി സ്വർണപ്പണിക്കാരൻ മുങ്ങി. സമാനരീതിയിലാണ് കോഴിക്കോട് ജില്ലയിൽ മത്സ്യവ്യാപാരത്തിെൻറ മറവിൽ നിക്ഷേപം സ്വീകരിച്ച് ലക്ഷങ്ങൾ തട്ടിയത്.

എറണാകുളത്ത് കുട്ടികളുടെ വസ്ത്രങ്ങളുടെ വിതരണാവകാശം നൽകാമെന്ന് പത്രപരസ്യം നൽകി വ്യാപാരിയും ഭാര്യയും ചേർന്ന് ചെറുകിട കച്ചവടക്കാരിൽനിന്ന് തട്ടിയെടുത്തത് 50 ലക്ഷത്തിലധികം രൂപയാണ്. പണം തിരിച്ചുകിട്ടാൻ വ്യാപാരികൾ പൊലീസ് സ്​റ്റേഷൻ കയറിയിറങ്ങുേമ്പാൾ തട്ടിപ്പ് നടത്തിയയാൾ എറണാകുളം ജില്ലയിൽതന്നെ മറ്റൊരിടത്ത് പുതിയൊരു പേരിൽ കച്ചവടം തുടങ്ങി.

പണം മതി, എങ്ങനെയും

പ്രവാസികളും സർക്കാർ ജോലിയിൽനിന്ന് വിരമിച്ചവരും മക്കളുടെ ഭാവി ആവശ്യങ്ങൾക്കായി പണം കരുതിവെക്കുന്ന സാധാരണക്കാരുമാണ് ഇത്തരം തട്ടിപ്പുകളിൽ പ്രധാനമായും കുടുങ്ങുന്നത്. കൈയിലുള്ള പണം ഒരു അധ്വാനവുമില്ലാതെ ഇരട്ടിയാക്കിയെടുക്കാനുള്ള ആർത്തിയിൽ ഇവർ രണ്ടാമതൊന്ന് ആലോചിക്കാതെ നിക്ഷേപം നടത്തുന്നു. പണം കൊടുത്തതിന് പലരുടെയും കൈയിൽ ഒരു രേഖയുമുണ്ടാകില്ല. അതിനാൽ പരാതി കൊടുത്താലും ഫലമില്ല.

18 ശതമാനവും 24 ശതമാനവുമൊക്കെ പലിശ വാഗ്ദാനം ചെയ്യുേമ്പാൾ അത് നിയമപരമാണോ, സ്ഥിര നിക്ഷേപം സ്വീകരിക്കാൻ അവർക്ക് അനുമതിയുണ്ടോ, സ്ഥാപനത്തിെൻറ കഴിഞ്ഞകാല പ്രവർത്തനങ്ങൾ എങ്ങനെ എന്നുതുടങ്ങി കമ്പനി യഥാർഥത്തിൽ ഉള്ളതാണോ എന്നുപോലും ആരും അന്വേഷിക്കാറില്ല. ഒടുവിൽ പൊലീസിലും രാഷ്​​ട്രീയത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള ഉന്നത ബന്ധങ്ങൾ മറയാക്കി പ്രതികൾ രക്ഷപ്പെടും.

കുരുക്കാണ് 'റിസ്ക് ഫാക്ടർ'

നിക്ഷേപം സ്വീകരിക്കാൻ യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാഗ്ദാനങ്ങളും യുക്തിരഹിതമായ ആശയങ്ങളും മുന്നോട്ടുവെക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തികഞ്ഞ ജാഗ്രത വേണമെന്ന് നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച സി.ബി.െഎയിലെ മുൻ ഇൻസ്പെക്ടർ പി.െഎ. അബ്​ദുൽ അസീസ് പറയുന്നു.

അപേക്ഷാ ഫോറത്തി​െൻറ ഒരു മൂലയിൽ വളരെ ചെറിയ അക്ഷരത്തിൽ വിശദീകരിക്കുന്ന 'റിസ്ക് ഫാക്ടർ' എന്ന കെണി ശരിയായി വായിച്ച് മനസ്സിലാക്കാതെ ഒപ്പിട്ട് നൽകുേമ്പാൾ നിയമ പരിരക്ഷപോലും കിട്ടാത്ത ഒരു അപകടത്തിലേക്കാണ് എടുത്തുചാടുന്നതെന്ന് ഒാർക്കണം. പണം മുടക്കുന്നയാൾ കമ്പനിയുടെ വിശ്വാസ്യത പൂർണമായി പഠിക്കണം. കാര്യങ്ങൾ പൊലിപ്പിച്ച് കാണിക്കുന്നതാണോ, ഇവരുടെ വളർച്ച എങ്ങനെയായിരുന്നു എന്നൊക്കെ നോക്കണം.

ടൂർ പാക്കേജ് പോലുള്ള ഒാഫറുകളും നാട്ടുനടപ്പിനേക്കാൾ ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുേമ്പാൾതന്നെ സംശയിക്കണം. ഇത്തരം കേസുകളിലെ ഇരകൾക്ക് മാന്യമായ നീതിയോ പ്രതികൾക്ക് അർഹമായ ശിക്ഷയോ പലപ്പോഴും ലഭിക്കുന്നില്ല. കേസുകൾ വർഷങ്ങൾ നീണ്ടുപോകുേമ്പാൾ നിക്ഷേപകരും സാക്ഷികളും ഒരുപക്ഷേ മരിച്ചിട്ടുണ്ടാകും. വഞ്ചനാകുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽതന്നെ പാപ്പർ ഹരജിയും പിഴയടക്കലും അപ്പീലുമൊക്കെ ആയുധമാക്കി കുറ്റവാളികൾ നിയമത്തിെൻറ പഴുതുകൾ തേടുെമന്നും അദ്ദേഹം പറയുന്നു.

(തുടരും)

Tags:    
News Summary - Changing Face of Financial Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.