സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഏറെ ചൂടുപിടിച്ച ചർച്ചയായിരുന്നു മണ്ഡലും മസ്ജിദും. മസ്ജിദിെൻറ കാര്യം അതു പൊളിച്ചവരുടെയും തൽസ്ഥാനത്തു ക്ഷേത്രം നിർമിക്കാൻ ആഗ്രഹിച്ചവരുടെയും ഇച്ഛക്ക് അനുസരിച്ച് നടന്നതോടെ കെട്ടടങ്ങി. മറ്റൊന്ന് സംവരണമാണ്. ഭരണപരമായ നയംമാറ്റവും എക്സിക്യൂട്ടീവിെൻറ ദുഷ്ട ലാക്കോടെയുള്ള പ്രവർത്തനങ്ങളും ജുഡീഷ്യറിയുടെ വിധിവൈപരിത്യവും എല്ലാം ചേർന്ന് അത് തേഞ്ഞുമാഞ്ഞില്ലാതാവുകയാണ്. കഷ്ടകാലമെന്നു പറയട്ടെ, സംവരണത്തെ ചതിക്കുഴിയിൽ വീഴ്ത്താനുള്ള ശ്രമങ്ങൾ സമർഥമായി ഒരുക്കുന്നതും നടപ്പാക്കുന്നതും കാണാൻപോലും സംവരണ സമുദായങ്ങൾക്ക് കഴിയാതെ വരുന്നു. അത് അവരുടെ കഴിവുകേടു കൊണ്ടു മാത്രമല്ല. സംവരണമെങ്ങനെ ഇല്ലാതാക്കാമെന്നതിനെ കുറിച്ച് സംവരണവിരോധികളുടെ പരീക്ഷണശാലയിൽ യുക്തിമാന്മാരായ ഗവേഷകന്മാർ പ്രത്യേകതന്ത്രം മെനയുകയും നടപ്പാക്കുകയും ചെയ്തുവരുകയാണ്. അതിെൻറ ഒടുവിലെ ഉദാഹരണമാണ് ‘നീറ്റ്’ (NEET) പ്രകാരമുള്ള മെഡിക്കൽ സീറ്റ് അലോട്മെൻറിൽ സംസ്ഥാന മെഡിക്കൽ സ്ഥാപനങ്ങളിൽ 2017 മുതൽ ഒ.ബി.സി ക്വോട്ട ഇല്ലായ്മചെയ്തു കേന്ദ്ര ഗവൺമെൻറ് എടുത്ത തീരുമാനം. സംസ്ഥാനത്തെ മെഡിക്കൽസ്ഥാപനങ്ങളിൽ ഈ ക്വോട്ട ബാധകമാക്കേണ്ടതില്ലെന്നും മറിച്ച് കേന്ദ്ര ഗവൺമെൻറ് സ്ഥാപനത്തിൽ മാത്രം നടപ്പിലാക്കിയാൽ മതിയെന്നുമുള്ള നിലപാടാണ് കേന്ദ്രം എടുത്തത്. സുപ്രീം കോടതിയിൽ ഇതു സംബന്ധിച്ച് ഒരു കേസ് വന്നിരുന്നു. ഈ കേസിൽ ഈ സംവരണാനുകൂല്യം നിർത്തലാക്കുന്നതിനുള്ള സ്റ്റേയോ നിരീക്ഷണമോപോലും വന്നിട്ടില്ല. കേന്ദ്രസർക്കാർ എടുത്ത സമീപനം, ഈ കേസിൽ പിന്നാക്കവിഭാഗങ്ങൾക്ക് അനുകൂലമായി വിധിവന്നാൽ മാത്രം ഈ ക്വോട്ട കൊടുത്താൽ മതിയെന്നാണ്. മണ്ഡൽ കമീഷൻ നിർദേശിച്ച സംവരണം കേന്ദ്ര ഗവ. കീഴിലെ സ്ഥാപനങ്ങൾക്കു മാത്രമേ ബാധകമാവുകയുള്ളൂ എന്ന ഒരു പൊതു വാദഗതിയും കേന്ദ്രത്തിന് നേരത്തേയുള്ളതാണ്.
മുന്നാക്കസംവരണം നഷ്ടപ്പെടുത്തിയത്
കേന്ദ്രഗവൺമെൻറ് പാസാക്കിയ മുന്നാക്കവിഭാഗത്തിൽ 10 ശതമാനം സംവരണം നടപ്പാക്കുന്ന കാര്യത്തിൽ കേരളമടക്കം എല്ലാ ഗവൺമെൻറുകളും കാണിക്കുന്ന വേഗം അത്ഭുതകരമാണ്. ഈ പ്രത്യേക സംവരണത്തിെൻറ നിയമനിർമാണം പാർലമെൻറിൽ വന്നപ്പോൾ അതിനെതിരായി വോട്ട് ചെയ്തത് മുസ്ലിംലീഗും എം.ഐ.എമ്മും മാത്രമായിരുന്നു. സാമൂഹികനീതിയുടെ വക്താക്കളെന്ന് പറയുന്ന പലരും അതിന് അനുകൂലമായി വോട്ട് ചെയ്യുകയും നിയമം മഹാഭൂരിപക്ഷത്തോടെ പാസാവുകയും ചെയ്തു. ഈ നിയമം മൂലം പിന്നാക്കക്കാർക്ക് ഒന്നും നഷ്ടപ്പെടുന്നില്ലല്ലോ, മുന്നാക്കത്തിലെ പിന്നാക്കക്കാരും രക്ഷപ്പെട്ടു പോയിക്കോട്ടെയെന്ന വാദം അത്തരക്കാർ തിരിച്ചു പറഞ്ഞു. ഞങ്ങളാരും മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാരുടെ ജീവിത സാഹചര്യങ്ങളോ സാമ്പത്തിക ഭദ്രതയോ ഉയർത്തുന്നതിന് എതിരല്ല. എന്നാൽ, സംവരണത്തിെൻറ കൂടെ, വിദ്യാഭ്യാസപരമായും സാമ്പത്തികമായും ചരിത്രപരമായ കാരണങ്ങളാലും പ്രാന്തവത്കരിക്കപ്പെട്ടവരുടെ കൂടെ മറ്റൊരു വിഭാഗത്തെ കൂടി കൂട്ടിക്കുഴക്കുന്നത് ദുഷ്ടലാക്കോടു കൂടിയാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം പാടിെല്ലന്ന് ഇന്ദ്ര സാഹ്നി കേസിലടക്കം വ്യക്തമാക്കിയതുമാണ്. സംവരണം ഒരു ദാരിദ്ര്യ നിർമാർജന പദ്ധതിയല്ലെന്നും പ്രാന്തവത്കരിക്കപ്പെട്ടവർക്ക് രാജ്യത്തിെൻറ ഭരണ നിർവഹണ സംവിധാനത്തിൽ പങ്കാളിത്തം നൽകാനുള്ള പരിഹാര നടപടിയാണെന്നും ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. നീറ്റ് (NEET) പ്രകാരമുള്ള മെഡിക്കൽ അലോട്ട്മെൻറിെൻറ കാര്യത്തിൽ സംവരണ വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന 10,000 മെഡിക്കൽ സീറ്റുകൾ നഷ്ടപ്പെടുത്തിയെന്ന കാര്യം പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടിയുള്ള ദേശീയ കമീഷൻ പരാതിപ്പെട്ടെങ്കിലും ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും ചാനലുകളും അതിന് ഒരു പ്രാധാന്യവും നൽകിയില്ല. ഇതിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൃത്യമായ ഒരു പ്രസ്താവന ഇറക്കി. ദേശീയപത്രങ്ങളിൽ ചിലത് ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പ്രസ്താവനകളുടെ ചുവടു പിടിച്ചു ഈ ലേഖകൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി. അതിനിടെ ‘സംവരണനിഷേധത്തിെൻറ പുതിയ പരീക്ഷണം’ എന്ന തലക്കെട്ടിൽ മാധ്യമം ഡോ. എം. ശാർങ്ഗധരെൻറ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമായിരുന്നു.
സംവരണത്തിലെ ചതി പ്രയോഗങ്ങളെക്കുറിച്ച് നീതിനിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾ ഒന്നിച്ചിരുന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻറുകൾ ഒന്നിച്ചു നടത്തുന്ന കപട നാടകങ്ങളും തുറന്ന ചർച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. സർക്കാർ സർവിസുകളിലെ നിയമനത്തിൽ സംവരണതത്ത്വം എപ്രകാരം പടിക്ക് പുറത്താക്കാം എന്നതിനെക്കുറിച്ച് പരീക്ഷണം നടത്തുകയും അതിൽ വിജയം കൈവരിക്കാൻ തന്ത്രങ്ങൾ മെനയുകയും ചെയ്തുകൊണ്ടിരിക്കുകയാണ് വിവിധ ഗവൺമെൻറുകൾ. 2014ലെ ബി.ജെ.പി പ്രകടനപത്രികയിൽ ലാറ്ററൽ എൻട്രി സമ്പ്രദായം ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. യു.പി.എസ്.ഇയുടെ പരിധിയിൽനിന്ന് സുപ്രധാനമായ ഉന്നത തസ്തികകളിലേക്കു ലാറ്ററൽ എൻട്രി മുഖേന പ്രത്യേക നിയമനം നടത്തുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് നിതി ആയോഗിെൻറ പിന്തുണയോടെ ഉന്നത തസ്തികകളിലേക്ക് സമാന്തര റിക്രൂട്ട്മെൻറ് നടന്നു വരുന്നു. സുപ്രധാനമായ പല തസ്തികകളും അപ്രകാരം നികത്തിക്കഴിഞ്ഞു. വ്യവസായം, വിദ്യാഭ്യാസം, സാമൂഹികസേവനം എന്നീ മേഖലകളിലെല്ലാമുള്ള വൻ പ്രതിഭശാലികളെ ഭരണസിരാകേന്ദ്രത്തിൽ എത്തിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നാണ് ബി.ജെ.പി വാദം. നിയമനങ്ങളിൽ സംവരണമുണ്ടായാൽ യോഗ്യതക്ക് ഉലച്ചിലുണ്ടാവുമെന്നതാണ് അവരുടെ സിദ്ധാന്തം. അങ്ങനെ ഭരണനിർവഹണ പ്രക്രിയയിൽനിന്ന് സംവരണ സമുദായങ്ങളെ മോദി സർക്കാർ സമർഥമായി പുറന്തള്ളിക്കൊണ്ടിരിക്കുന്നു. കേരള സർക്കാർ കൊണ്ടുവന്ന കേരള സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് സർവിസും ഇവിടെ ചെയ്യാൻ ആഗ്രഹിച്ചത് മറ്റൊരു സംവരണദ്രോഹമായിരുന്നു. ഇതു കൊണ്ടുവരുന്ന സമയത്ത് മുകളിലത്തെ തട്ടിൽ രണ്ടും മൂന്നും സ്ട്രീമിൽ സംവരണം നിഷേധിക്കുന്ന വിധത്തിലായിരുന്നു. കാര്യപ്രാപ്തിയുള്ള ഉന്നതരെ നേരിട്ടുള്ള നിയമനം വഴി എടുത്തില്ലെങ്കിൽ ഭരണത്തിൽ യോഗ്യരെ കിട്ടില്ലെന്ന വാദമായിരുന്നു അന്ന് കേരളത്തിൽ മുഴങ്ങിക്കേട്ടത്. പക്ഷേ, ഇത് കേരളമായതുകൊണ്ടും സംവരണത്തിെൻറ നീതിശാസ്ത്രം മനസ്സിലാക്കി പ്രതികരിക്കാൻ കഴിയുന്ന ഒരു ജനതയും മാധ്യമങ്ങളുമെല്ലാം ഉള്ളതുകൊണ്ടും അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിഞ്ഞു.
കേരളത്തിൽ പി.എസ്.സിയെ നോക്കുകുത്തിയാക്കി നിർത്തി ഓരോ വകുപ്പിലും സ്വന്തക്കാരെ നിയമിക്കാൻ മന്ത്രിമാർ തമ്മിൽ മത്സരിക്കുകയാണ്. ഇങ്ങനെ നിയമിക്കുന്നവരുടെ കാര്യത്തിൽ യോഗ്യതയോ സർവിസോ പോലും പരിശോധിക്കാൻ ഗവൺെമൻറ് തയാറാവുന്നില്ല. അവരുടെ സേവന വേതന വ്യവസ്ഥകളെല്ലാം സർക്കാർ പരസ്പര ധാരണയിൽ ചെയ്യുകയാണ്.
പൊതുമേഖലയിലെ
സ്വകാര്യവത്കരണം
ഇന്ത്യയിൽ പൊതുമേഖല സ്ഥാപനങ്ങളെ വൻതോതിൽ സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ജവഹർ ലാൽ നെഹ്റുവിെൻറ കാലത്ത് രാഷ്ട്രത്തിെൻറ ക്ഷേത്രങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾ മിക്കതും അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും വലിയ തൊഴിലുടമ ഇന്ത്യൻ റെയിൽവേ ആയിരുന്നു. ഇതും എയർ ഇന്ത്യയും ബി.എസ്.എൻ.എല്ലും യുദ്ധോപകരണ നിർമാണവും ഹൈവേകളും വിമാനത്താവളങ്ങളും എല്ലാം സ്വകാര്യമേഖലക്ക് പോവുകയാണ്. ഇവിടെ തകർന്നടിയുന്നതും സാമൂഹികനീതി തന്നെ. പിന്നാക്ക വിഭാഗത്തിനു നേരെ ഉണ്ടായിരുന്ന അസ്പൃശ്യത സാമൂഹികപരിവർത്തന പ്രക്രിയയിലൂടെ ഉച്ചാടനം ചെയ്യാൻ കഴിഞ്ഞുവെന്ന് നമ്മൾ അഭിമാനിക്കുന്നു. എന്നാൽ അത് വീണ്ടും വർധിത വീര്യത്തോടെ തിരിച്ചുവരുമ്പോൾ നാം മൗനം ദീക്ഷിക്കുകയാണോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.