'ടീസ്റ്റ ആരാണെന്ന് എനിക്കറിഞ്ഞു കൂടാ, ഏത് കലാപത്തെപ്പറ്റിയാണ് അവർ പറയുന്നത്'? ജൂൺ 27ന് ജന്തർ മന്തറിൽ നടന്ന ജനകീയ പ്രതിഷേധത്തിന്റെ വിഡിയോ കണ്ട് 12ാം ക്ലാസ് വിദ്യാർഥിനി പ്രതികരിച്ചത് ഇങ്ങനെയാണ്. രാജ്യ തലസ്ഥാന മേഖലയിലുള്ള പ്രശസ്ത വിദ്യാലയത്തിൽ പഠിച്ചു വളർന്നതാണ് ഈ 18 വയസ്സുകാരി. 2002ലെ ഗുജറാത്ത് വംശഹത്യയെപ്പറ്റിയോ ടീസ്റ്റ സെറ്റൽവാദിനെക്കുറിച്ചോ കേട്ടിട്ടേയില്ല.
എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു തിരിച്ചറിവിന്റെ നിമിഷമായിരുന്നു-കൗമാരത്തിന്റെ അവസാനഘട്ടത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ഉള്ള ഇന്ത്യൻ ചെറുപ്പക്കാർക്ക് അവർ ജീവിക്കുന്ന ഇന്ത്യയിൽ ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് വംശഹത്യ പോലുള്ള സംഗതികൾ വരുത്തിയ ആഘാതങ്ങളെക്കുറിച്ച് ഒന്നുമറിഞ്ഞു കൂടാ.
ആ പ്ലസ്ടുകാരി സയൻസ് വിദ്യാർഥിനിയാണ്. പത്താം ക്ലാസ് കഴിഞ്ഞതോടെ പ്രാചീന, മധ്യകാല, ആധുനിക ഇന്ത്യാചരിത്രം പഠിക്കൽ നിർത്തിയതാണ്. കലാപങ്ങളെക്കുറിച്ച് പറഞ്ഞു തരുവാൻ എന്നോട് ആവശ്യപ്പെട്ടു.ഞാൻ ഒന്ന് ശങ്കിച്ചു. ലോകത്തിന്റെ ഭയാനതകൾ ചെറുപ്രായക്കാരിൽ നിന്ന് കഴിയുന്നത്ര മറച്ചുപിടിക്കാനാണല്ലോ നമ്മൾ ശ്രമിക്കുക. പക്ഷേ, ഇവിടെയൊരാൾ തുറന്ന മനസ്സോടെ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണ്. 2002 ലെ വംശഹത്യയെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിവിധ പുസ്തകങ്ങളെയും അഭിമുഖങ്ങളെയും ലേഖനങ്ങളെയും മുൻനിർത്തി പറഞ്ഞു കൊടുത്തു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‍ലിംകളായിരുന്നുവെന്നും, അക്രമാസക്ത ജനക്കൂട്ടം അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയവരിൽ ഒരു മുൻ പാർലമെന്റംഗവുമുണ്ടായിരുന്നുവെന്നും ഞാൻ പറഞ്ഞു. വൈമുഖ്യത്തോടെയാണെങ്കിലും വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സ്ത്രീകളെക്കുറിച്ചും പറഞ്ഞു കൊടുത്തു;
ടീസ്റ്റ സെറ്റൽവാദ് ഉൾപ്പെടെയുള്ള മനുഷ്യാവകാശ- സാമൂഹിക പ്രവർത്തകരുടെയും അഭിഭാഷകരുടെയും പ്രയത്നങ്ങളുടെ ഫലമായി ഈ അക്രമങ്ങൾ നയിച്ചവരിൽ ചിലർ ജയിലിലടക്കപ്പെട്ടുവെന്നും കുറ്റക്കാരെന്ന് കണ്ടെത്തി കോടതികൾ ശിക്ഷ വിധിച്ച കുറ്റവാളികളിൽ പലരും ഇപ്പോൾ ജാമ്യത്തിലിറങ്ങി നടക്കുകയാണെന്നും ഇരകൾക്ക് നീതിതേടി അവിശ്രാന്തം പരിശ്രമിച്ച ടീസ്റ്റയെപ്പോലുള്ളവരെ ഇപ്പോൾ ജയിലിലടച്ചിരിക്കുകയാണെന്നും അതിനെതിരെയാണ് ജന്തർ മന്തറിലും മറ്റു പലയിടങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നതെന്നും ഞാൻ പറഞ്ഞു.
'ഈ കാര്യം ഇന്ത്യയിൽ എല്ലാവർക്കും അറിയുമോ? എന്തു കൊണ്ടാവും ഞാൻ ഇതൊന്നും ഇതുവരെ അറിയാതിരുന്നത്' എന്ന് അവൾ. ഇന്നത്തെ ദിവസം നശിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞപ്പോൾ അത് കൂട്ടാക്കാതെ അവൾ പറഞ്ഞു- 'എനിക്ക് തോന്നുന്നത് ഞാൻ ഇതൊന്നും അറിയാതെ പോയത് എന്റെ വീട്ടുകാർ മോദിയെ പുകഴ്ത്തുന്ന ചാനലുകൾ മാത്രം വെച്ച് കാണുന്നതുകൊണ്ടാവും'
കുടുംബത്തിലെ ഭൂരിപക്ഷം ആളുകളും ഉറച്ചു വിശ്വസിക്കുന്നത് മുസ്‍ലിംകൾ 'അപകടം പിടിച്ച' ആളുകളാണെന്നാണ്. ഒരു സമുദായത്തിലെ ആളുകളെ ഇങ്ങനെ പൈശാചികവത്കരിക്കുന്നതിലെ അനീതിയും അസന്തുഷ്ടിയും അവൾ തുറന്നു പറഞ്ഞു. അടുത്ത ദിവസം അവൾ പറഞ്ഞു: കുടുംബം പറഞ്ഞുപോരുന്ന ആഖ്യാനങ്ങളെ 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് മനസ്സിലാക്കിയത് മുൻനിർത്തി ഫാമിലി വാട്ട്സ്ആപ് ഗ്രൂപ്പിൽ ചോദ്യം ചെയ്തുവെന്ന്. താൻ പറഞ്ഞ കാര്യങ്ങളെ വസ്തുനിഷ്ഠമായി ഖണ്ഡിക്കാൻ ഒരാളുമുണ്ടായില്ല എന്നത് അവളെ അത്ഭുതപ്പെടുത്തി.
ഏതാനും മാസം മുമ്പ് രാജ്യതലസ്ഥാന മേഖലയിലുള്ള ഒരു സ്വകാര്യ വിദ്യാലയത്തിലെ കുട്ടികളുമായി നടത്തിയ സമാനമായ ഒരു സംഭാഷണവും ഓർമ വന്നു. കർഷകസമരം ഞാൻ രേഖപ്പെടുത്തിയിരുന്നു എന്ന് മനസ്സിലാക്കിയതിനെ തുടർന്ന് എട്ടാം ക്ലാസിൽ പഠിക്കുന്ന 200 കുട്ടികളുടെ കൂട്ടവുമായി അതേക്കുറിച്ച് സംസാരിക്കാൻ അവരുടെ അധ്യാപകർ ആവശ്യപ്പെട്ടു. സംസാരിക്കുന്നതിൽ ബുദ്ധിമുട്ടൊന്നുമില്ല, വിവാദ വിഷയമായതിനാൽ ചിലപ്പോൾ രക്ഷിതാക്കളിൽ ചിലർക്ക് എതിർപ്പുണ്ടായേക്കാമെന്ന് ഞാൻ പറഞ്ഞു.
ഒരു നിമിഷത്തിന്റെ നിശ്ശബ്ദതക്ക് ശേഷം അധ്യാപകരിലൊരാൾ പറഞ്ഞു ''അറിയാം സർ, പക്ഷേ ഈ സമരത്തെക്കുറിച്ച് ടി.വിയിൽ എപ്പോഴും കാണുന്നതല്ലാത്തൊരു കാഴ്ചപ്പാട് അതിൽ ഭാഗമായ ഒരാളിൽ നിന്ന് ഞങ്ങളുടെ കുട്ടികൾ കേൾക്കുക എന്നത് സുപ്രധാനമാണ്''.
ആ സാമൂഹിക ശാസ്ത്ര അധ്യാപകർ കുട്ടികളോട് പുലർത്തുന്ന കരുതൽ എന്നെ ഹൃദ്യമായി സ്പർശിച്ചു. സ്കൂളുകൾ അന്ന് പൂർണമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നില്ല. ഓൺലൈനിലായിരുന്നു ആ സംഭാഷണം. ഡൽഹിയുടെ ഒരു ഭൂപടം കാണിച്ച് സിംഘു, ടിക്രി, ഗാസിപുർ, ഷാജഹാൻപുർ അതിർത്തികളെക്കുറിച്ചും പതിനായിരക്കണക്കിന് കർഷകർ ഒരു വർഷത്തോളമായി അവിടെ തമ്പടിച്ചിരിക്കുന്നതിനെക്കുറിച്ചും ഞാൻ പറഞ്ഞു.
സമരത്തിനായി കർഷകർ ഡൽഹിയിലെത്തിയ 2020 നവംബർ 26 മുതലുള്ള ടി.വി ക്ലിപ്പുകൾ കാണിച്ചു കൊടുത്തു, അക്രമങ്ങളിൽ തരിമ്പ് കുലുങ്ങാതെ അവർ സമരം തുടരുകയാണെന്ന് വിവരിച്ചു. പ്രതീക്ഷിച്ചതു പോലെ കുട്ടികളിലൊരാൾ ചോദിച്ചു '' പക്ഷേ എന്തിനാണവർ സമരം ചെയ്യുന്നത്?
മറുപടിയായി ഇന്ത്യൻ കർഷകർ അഭിമുഖീകരിക്കുന്ന ദാരിദ്ര്യവും കടങ്ങളും നിറഞ്ഞ അവസ്ഥയെക്കുറിച്ചുള്ള ദൃശ്യങ്ങൾ അവർക്ക് കാണിച്ചു കൊടുത്തു. വിവാദ കാർഷിക നിയമങ്ങൾ അവരെ കൂടുതൽ ദുർബലരാക്കും, നശിപ്പിക്കും. കർഷകരുടെ ചെറുത്തുനിൽപ്പും ഗാന്ധിയൻ അഹിംസാത്മക സമരത്തോടുള്ള പ്രതിബദ്ധതയും പ്രകടമാക്കുന്ന സമരഭൂമിയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാൻ ഒരു മണിക്കൂറിന്റെ നല്ലൊരു ഭാഗം ഞങ്ങൾ ചെലവിട്ടു.
സന്ദർശിക്കുന്നവരോട് കർഷകർ പ്രകടിപ്പിച്ച സൗമ്യതയും ആതിഥ്യമര്യാദയും കണ്ട് വിദ്യാർഥികൾ വികാരഭരിതരായി. കർഷകർ എന്തുമാത്രം അറിവും വിവേകവുമുള്ളവരാണ് എന്ന അറിവ് അവരെ പ്രചോദിപ്പിച്ചു. കൂടാതെ ഈ പ്രതിഷേധത്തെക്കുറിച്ച് മാധ്യമങ്ങൾ നടത്തുന്ന ഏകപക്ഷീയവും പക്ഷപാതപരവുമായ കവറേജിൽ അമ്പരപ്പുമുണ്ടായി.
ഏതാനും ദിവസങ്ങൾക്കുശേഷം അക്കൂട്ടത്തിലൊരു കുട്ടി ചെറുതെങ്കിലും ഹൃദയസ്പർശിയായ ഇ-മെയിൽ അയച്ചു എനിക്ക് 'ഇന്ത്യയിലെ ഒരു പൗരനെന്ന നിലയിൽ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തിരിച്ചറിയുന്നു. കാര്യങ്ങൾ എത്ര കഷ്ടമാണെങ്കിലും രാജ്യത്തെ സഹായിക്കാനും മെച്ചപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു, അതിനുള്ള ഏക മാർഗം ചെറിയ ചുവടുകളിൽ നിന്ന് തുടങ്ങുക എന്നതാണ്'-എന്നായിരുന്നു ആ കത്ത്.
ടീസ്റ്റയെപ്പോലുള്ള മനുഷ്യാവകാശപോരാളികളും മുഹമ്മദ് സുബൈറിനെപ്പോലുള്ള വസ്തുത പരിശോധകരും സത്യം പറഞ്ഞതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുന്ന, ആശകൾ മുഴുവൻ അറ്റുപോകുന്നുവെന്ന് തോന്നിപ്പിക്കുന്ന അവസ്ഥയിലും ആ എട്ടാം ക്ലാസുകാരൻ അയച്ച ചെറിയ കത്ത് എനിക്ക് കരുത്തും ആശ്വാസവും പകരുന്നു - ഒപ്പം എന്നെ വഴികാട്ടുകയും ചെയ്യുന്നു.
(നന്ദി: theindiacable.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.