ഉള്ളം നിറയ​ട്ടെ ആത്മവീര്യത്താൽ

ചരിത്രത്തെ അറിയുന്നതിനെക്കാൾ ആഘോഷിക്കാനാണ് നമുക്ക് തിടുക്കം. അതിന്റെ ആഹ്ലാദത്തിനുവേണ്ടി കുറേയധികം മിത്തുകളെ നമ്മൾ അതിനോടുകൂടി ചേർത്ത് പ്രതിഷ്ഠിക്കുന്നു. പുൽക്കൂടൊരുക്കുമ്പോഴും കേക്ക് മുറിക്കുമ്പോഴും ഒരു ജനത അനുഭവിച്ച ദുരിതങ്ങളുടെ പശ്ചാത്തലംകൂടി രക്ഷകന്റെ ജനനത്തിനും മരണത്തിനുമിടയിൽ ഉണ്ടെന്നത് നാം മറക്കാതിരിക്കുക 

‘റാമായിൽ ഞാനൊരു നിലവിളി കേട്ടു. റാഹേൽ തന്റെ കുഞ്ഞുങ്ങളെ ഓർത്തു കരഞ്ഞു..’ ഓരോ ക്രിസ്​മസിനും ഞാൻ ഓർക്കുന്നൊരു ബൈബിൾ വചനമാണിത്. ചരിത്രാവബോധമില്ലാതിരുന്ന ബാല്യ വായനകളിൽപോലും ഈ വാചകങ്ങൾ എന്നെ വല്ലാതെ ഞെരുക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ചൊരു വിശദീകരണം ആദ്യം തരുന്നത് കൊച്ചിയിലെ വല്യമ്മയാണ്. യേശുവിന്റെ ജനനസമയം കണക്കാക്കി, ആ കാലയളവിൽ ജനിച്ച ബത്‍ലഹേമിലെ എല്ലാം കുഞ്ഞുങ്ങളെയും വധിക്കാൻ ഹെരോദ് രാജാവ് തീരുമാനിക്കുന്നു. ക്രിസ്തുവിന്റെ പിറവിയോടു ചേർന്നുള്ള ഈ ക്രൂരമായ ശിശുവേട്ടയിൽ അന്ന് രണ്ടരവയസ്സിൽ താഴെയുള്ള രണ്ടായിരത്തിനുമേൽ കുഞ്ഞുങ്ങളാണ് വധിക്കപ്പെട്ടത്. ‘ആർക്കറിയാം’ എന്ന കഥയിൽ പ്രിയ എഴുത്തുകാരൻ സക്കറിയ ഈ സംഭവത്തെയാണ് പ്രമേയമാക്കി അവതരിപ്പിക്കുന്നത്.

ഉറക്കത്തിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട്, ഈ ശിശുഹത്യയെക്കുറിച്ച് യേശുവിന്റെ പിതാവായ ജോസഫിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. അദ്ദേഹം തന്റെ കൈക്കുഞ്ഞായ മകനെയും ഭാര്യയെയും കൂട്ടിക്കൊണ്ട് ബത്‍ലഹേമിൽനിന്ന്​ ഈജിപ്തിലേക്ക് പലായനം ചെയ്യുന്നു. തുടർന്ന് നസ്രേത്തിൽ ചെന്ന് കുടുംബത്തോടൊപ്പം സമാധാനത്തിൽ കഴിയുമ്പോഴും ജോസഫിനെ ഒരു ദുഃഖം അലട്ടുന്നുണ്ട്. മാലാഖയുടെ ദൂതിനെക്കുറിച്ച് ബത്‍ലഹേമിലെ ആരോടും പറയാതെയാണ് അദ്ദേഹം അവിടെനിന്ന് പുറപ്പെട്ടുപോന്നത്. ഒരുപക്ഷേ, അത് ആരോടെങ്കിലും പങ്കുവെച്ചിരുന്നെങ്കിൽ അവിടെയുണ്ടായിരുന്ന ചിലരെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളുമായി ആ പട്ടണം വിട്ട് രക്ഷപ്പെടുമായിരുന്നു. ഈ വ്യഥയും പേറിയുള്ള ജീവിതമാകാം, യേശുവിന്റെ ബാല്യകാലത്തുതന്നെ അദ്ദേഹം മരിച്ചുപോകാനുള്ള കാരണം എന്ന രീതിയിൽ പ്രമേയമായി ഇറങ്ങിയ നോവലുകളും കഥകളും സാഹിത്യലോകത്തിലുണ്ടായിട്ടുണ്ട്. ഇത്തരം സമാന്തരമായി രചിക്കപ്പെട്ട രചനകൾ ചിലപ്പോഴൊക്കെ ചരിത്രത്തെ കൃത്യമായി വായിച്ചെടുക്കാൻ നമ്മളെ സഹായിക്കുന്നുണ്ടെന്നതാണ് വാസ്തവം. ലാരി കോളിൻസും ഡൊമിനിക് ലാപ്പിയറും ചേർന്നെഴുതിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന പുസ്തകം ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിൽ ഒരു പാരലൽ വായനയുടെ ആഴം പകരുന്നതുപോലെ.

റാമായിലെ കുഞ്ഞുങ്ങളുടെ കരച്ചിൽ നമ്മൾ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത് ഫലസ്തീനിലാണ്. യേശു ജനിക്കാതിരിക്കാൻവേണ്ടി കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ അതേ ഭരണകൂടത്തിന്റെ തുടർച്ചപോലെ, ഫലസ്തീനിലെ പൈതങ്ങളുടെ കരച്ചിൽ നമ്മുടെ ഉള്ളത്തെ പൊള്ളിക്കുന്നുണ്ട്. ഇത്തവണത്തെ ക്രിസ്​മസിന് വീട്ടുമുറ്റത്തൊരു പുൽക്കൂട് ഒരുക്കി പിള്ളത്തൊട്ടിയിൽ ശിശുവിനെ കിടത്തുമ്പോൾ, നിരന്തരമായി ബോംബിങ്ങിൽ തകർന്നുവീണ കോൺക്രീറ്റ് ഭവനങ്ങളും അതിനുള്ളിൽപെട്ട് മരിച്ചുവീണ കുഞ്ഞുങ്ങളെയും നമ്മളെങ്ങനെ ഓർക്കാതിരിക്കും.

ക്രിസ്​മസിന്റെ ചരിത്രവായനയിൽ എന്നെ സ്പർശിച്ച മറ്റൊരു സംഭവം ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് അഗസ്റ്റസ് സീസർ എന്ന ഭരണാധികാരി നടത്തിയ സെൻസസാണ്. ഓരോരുത്തരും താൻ ജനിച്ച പട്ടണങ്ങളിൽ പോയി അവരുടെ ജനനം രേഖപ്പെടുത്തണമെന്നതായിരുന്നു ചക്രവർത്തി പുറപ്പെടുവിച്ച തിട്ടൂരം. ആ കൽപന അനുസരിക്കാൻ വേണ്ടിയാണ് പൂർണ ഗർഭിണിയായ തന്റെ ഭാര്യ മേരിയെ ഒരു കഴുതപ്പുറത്ത് കയറ്റിയിരുത്തി ജോസഫ് എന്ന മനുഷ്യന് അനേക കാതം ദൂരയുള്ളൊരു ദേശത്തേക്ക് രാത്രിക്കു രാത്രി പുറപ്പെടേണ്ടിവന്നത്. ജോസഫ് എന്ന സാധാരണക്കാരനായ ഒരു പൗരനും അയാളുടെ ഭാര്യയും ഒരു ഭരണകൂട തീരുമാനത്തെ അനുസരിക്കാൻ വിധേയപ്പെട്ടു ചെയ്യുന്ന യാത്രയും തുടർന്നുള്ള ക്ലേശങ്ങളും കാണുമ്പോൾ പലപ്പോഴും എന്റെ ഓർമയിലെത്തുക നമ്മുടെ നോട്ടുനിരോധനമാണ്. ഗവൺമെന്റിന്റെ ചില തീരുമാനങ്ങൾ അനുസരിക്കുന്നതിനുവേണ്ടി എത്രമാത്രം ദുരിതമാണ് നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്നത്. കൊടിയുടെ നിറഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഭരണകർത്താക്കൾ അത്തരം ചില തീരുമാനങ്ങൾ പല രീതികളിലായി ഇപ്പോഴും തുടരുന്നു എന്നതാണ് വാസ്തവം.ചരിത്രത്തെ അറിയുന്നതിനെക്കാൾ ആഘോഷിക്കാനാണ് നമുക്ക് തിടുക്കം. അതിന്റെ ആഹ്ലാദത്തിനുവേണ്ടി കുറേയധികം മിത്തുകളെ നമ്മൾ അതിനോടുകൂടി ചേർത്ത് പ്രതിഷ്ഠിക്കുന്നു. പുൽക്കൂടൊരുക്കുമ്പോഴും കേക്ക് മുറിക്കുമ്പോഴും ഒരു ജനത അനുഭവിച്ച ദുരിതങ്ങളുടെ പശ്ചാത്തലംകൂടി രക്ഷകന്റെ ജനനത്തിനും മരണത്തിനുമിടിയിൽ ഉണ്ടെന്നത് നാം മറക്കാതിരിക്കുക. അത്തരം ഭരണകൂടങ്ങളുടെ അടിച്ചമർത്തലുകൾക്കെതിരെ പോരാടാനുള്ള ഒരു ആത്മവീര്യംകൂടി നമ്മുടെ ആഘോഷങ്ങളുടെ അരികു പിടിച്ചെങ്കിലും കടന്നുവരട്ടെ.

എല്ലാവർക്കും ക്രിസ്​മസ്-പുതുവത്സര ആശംസകൾ നേരുന്നു.

noronhas07@gmail.com

Tags:    
News Summary - christmas 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.