ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് ഇന്ത്യൻ മീഡിയയിൽ വരുന്ന വിശകലനങ്ങളിൽ പലതും വസ്തുനിഷ്ഠ വിവരങ്ങളിലൂന്നിയാണെങ്കിൽ ചിലതൊക്കെ ഒട്ടും വിശ്വാസ്യമല്ലാത്ത വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്
ലോകത്തുതന്നെ ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന വനിതാ പ്രധാനമന്ത്രി, ഹസീന വാജിദ് പൊടുന്നനെ ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനമൊഴിഞ്ഞ് ഇന്ത്യയിൽ താൽക്കാലികാഭയം തേടേണ്ടിവന്നതാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ പുതിയ സംഭവവികാസം. അവരെ എവിടെ എത്രത്തോളം സുരക്ഷിതയായി താമസിപ്പിക്കുമെന്ന സമസ്യക്ക് തൃപ്തികരമായ പരിഹാരം തേടിക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ.
ഭരണത്തിലിരുന്ന കാലമത്രയും ഇന്ത്യയുമായി ഉറ്റസൗഹൃദം സൂക്ഷിക്കുകയും നമ്മുടെ രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നടപടികളേതുമില്ലാതിരിക്കാൻ നിഷ്കർഷ പുലർത്തുകയും ചെയ്തുവന്ന ഹസീനയെ പ്രയാസപ്പെടുത്താതിരിക്കാനാണ് മോദിസർക്കാർ പരമാവധി ശ്രമിക്കുന്നതെന്ന് ന്യായമായും കരുതണം.
എന്നാൽ, ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന അയൽരാജ്യത്തെ ആര് ഭരിച്ചാലും അവരെ അലോസരപ്പെടുത്തുന്ന നീക്കങ്ങളോ നയനിലപാടുകളോ ഉണ്ടായാൽ പാകിസ്താനും ചൈനയും മുതലെടുക്കുന്ന സ്ഥിതിവിശേഷം രാജ്യത്തിന് ഗുണകരമാവില്ലെന്ന തിരിച്ചറിവും സർക്കാറിനുണ്ടാവും.
ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങളെക്കുറിച്ച് ഇന്ത്യൻ മീഡിയയിൽ ഒട്ടനവധി അഭിപ്രായപ്രകടനങ്ങളും വിശകലനങ്ങളും വരുന്നുണ്ട്. ഇതിൽ പലതും യാഥാർഥ്യബോധത്തോടെയുള്ള വസ്തുനിഷ്ഠ വിവരങ്ങളിലൂന്നിയാണെങ്കിൽ ചിലതൊക്കെ കടുത്ത മുൻവിധിയോടെയും ഒട്ടും വിശ്വാസ്യമല്ലാത്ത വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയതുമാണ്.
ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രം നിലവിൽവന്ന സാഹചര്യങ്ങളെക്കുറിച്ച അജ്ഞതയും, തങ്ങളുടെ കണ്ണിലെ കരടായ പാർട്ടികളെയും പ്രസ്ഥാനങ്ങളെയും കുറിച്ച കടുത്ത മുൻവിധികളും ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലാനുമുള്ള വ്യഗ്രതയുമൊക്കെ പച്ചയായി പ്രകടിപ്പിക്കുന്നതാണ് വിശകലനങ്ങളിൽ പലതും.
അയൽരാജ്യത്ത് നടന്നതെന്ത്?
ഏകാധിപത്യപരമായ നടപടികളിലൂടെ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കി 2024 ജനുവരിയിൽ ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് നടത്തിയ ഏകപക്ഷീയ ഇലക്ഷൻ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ബഹിഷ്കരിക്കുകയായിരുന്നു.
മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.എൻ.പിയുടെ അധ്യക്ഷ ഖാലിദ സിയയും മറ്റു ഒട്ടനവധി നേതാക്കളും ജയിലിൽ കഴിയവേ, രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ ജമാഅത്തെ ഇസ്ലാമിക്ക് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി നടക്കുന്ന തെരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്ന തിരിച്ചറിവിലായിരുന്നു പ്രതിപക്ഷ ബഹിഷ്കരണം.
സ്വാഭാവികമായും അവാമി ലീഗ് 300 അംഗ നാഷനൽ അസംബ്ലിയിൽ 224 സീറ്റുകൾ പിടിച്ചെടുത്ത് ഹസീന നാലാമതും പ്രധാനമന്ത്രിയായി. 17 കോടി ജനസംഖ്യയിൽ 30 ശതമാനം വരുന്ന യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ പൂർവാധികം രൂക്ഷമായി. ടെക്സ്റ്റൈൽ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ നിഷ്ഠുരവും മനുഷ്യത്വരഹിതവുമായ ചൂഷണത്തിനിരയായത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കി.
ഏറ്റവും ഒടുവിലത്തെ മൂന്നുവർഷങ്ങളിൽ ബംഗ്ലാദേശിന്റെ വിദേശനാണ്യ ശേഷി 44 ശതമാനവും താക്കയുടെ മൂല്യം 28 ശതമാനവുമായി കുറഞ്ഞതോടെ അവശ്യസാധനവില കുതിച്ചുയർന്നു. കൂനിന്മേൽ കുരുവെന്നോണം സർക്കാർ ജോലികളിൽ 56 ശതമാനം സംവരണം ചെയ്യപ്പെട്ടത് തൊഴിൽരഹിതരുടെ രോഷം ക്ഷണിച്ചുവരുത്തി.
ഇതിൽ 30 ശതമാനവും സ്വതന്ത്ര ബംഗ്ലാദേശിനുവേണ്ടി പൊരുതിയവരെന്ന് അവകാശപ്പെട്ട അവാമി ലീഗുകാരുടെ മക്കൾക്കും പേരമക്കൾക്കുമായിരുന്നു. ഈ വിവേചനത്തിനെതിരെയാണ് വിദ്യാർഥി പ്രക്ഷോഭം രൂക്ഷതരമായത്. അപ്പോഴും പക്ഷേ, അവരെ അനുരഞ്ജന ചർച്ചകളിലൂടെ ശാന്തരാക്കാനല്ല, പ്രക്ഷോഭകരെ സ്വാതന്ത്ര്യത്തിന്റെ ഒറ്റുകാരായ ‘റസാക്കാർമാർ’ എന്ന് മുദ്രയടിക്കാനാണ് പ്രധാനമന്ത്രി ഉദ്യുക്തയായത്.
അതോടെ പ്രക്ഷോഭം അക്രമാസക്തമായി. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ചുള്ള പ്രതിപക്ഷ വേട്ടയിൽ 200ലധികം പേർക്ക് ജീവഹാനി നേരിട്ടതോടെ സ്ഥിതി നിയന്ത്രണാതീതമായി. സുപ്രീംകോടതി ഇടപെട്ട് സംവരണ ശതമാനം 30ൽനിന്ന് അഞ്ചായി കുറച്ചതോടെ പ്രതിഷേധം അൽപം തണുത്തുവെങ്കിലും ഹസീനയുടെ വിവേകരഹിതമായ സമീപനം മൂലം ഭരണപക്ഷത്തെ അതൃപ്തരും പ്രതിപക്ഷവും വീണ്ടും തെരുവിലിറങ്ങുക മാത്രമല്ല ഹസീനയുടെ വസതിയിയിലേക്ക് തള്ളിക്കയറുകകൂടി ചെയ്തു.
അതിനോടകം സന്ദിഗ്ധാവസ്ഥ ഇന്ത്യൻ അധികൃതരെ അറിയിക്കുകയും അവർക്ക് അഭയം നൽകാനുള്ള സത്വര നടപടികൾ ഇന്ത്യ സ്വീകരിക്കുകയും ചെയ്തതിനാൽ രോഷാകുലരായ ജനക്കൂട്ടത്തിന്റെ പ്രതികാര നടപടികളിൽനിന്ന് അവർക്ക് രക്ഷപ്പെടാനായി.
തീവ്ര മതേതരവാദികളും ഹിന്ദുത്വ വർഗീയവാദികളും ഒരുപോലെ ബംഗ്ലാദേശ് സംഭവവികാസങ്ങളെ മൊത്തമായും ചില്ലറയായും ജമാഅത്തെ ഇസ്ലാമിയുടെ തലയിൽ കെട്ടിവെക്കാനാണ് തത്രപ്പെടുന്നത്.
മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി, വിവിധ ട്രേഡ് യൂനിയനുകൾ, വിദ്യാർഥി സംഘടനകൾ, അവാമി ലീഗിലെ അസംതൃപ്തർ എന്നിവരെല്ലാമടങ്ങുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ ജമാഅത്തെ ഇസ്ലാമിയും വിദ്യാർഥി സംഘടനയായ ഇസ്ലാമി ഛാത്ര ശിബിറും സജീവ പങ്കാളിയായിരുന്നു എന്നതാണ് വാസ്തവം.
ശൈഖ് മുജീബുർറഹ്മാനും അവാമി ലീഗും പാകിസ്താന്റെ ഭാഗമായിരുന്നപ്പോൾ മുതൽ ജമാഅത്തെ ഇസ്ലാമിയെ ശത്രുതയോടെ കണ്ടതാണ് ചരിത്രം.1970ലെ നിർണായക പൊതുതെരഞ്ഞെടുപ്പിൽ പ്രചാരണോദ്ഘാടനത്തിനായി ലാഹോറിൽ എത്തിയ സയ്യിദ് അബുൽ അഅ്ലാ മൗദൂദി പ്രസംഗിക്കേണ്ട ധാക്കയിലെ പൽടൺ മൈതാനിയിലെ മഹാറാലി കൈയേറി തകർക്കാൻ മാത്രം കഠിനമായിരുന്നു ശൈഖ് മുജീബുർറഹ്മാന്റെ വിരോധം.
പ്രതികാരത്തെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാതെ മൗദൂദി മടങ്ങിപ്പോയി. ഇലക്ഷൻ കഴിഞ്ഞു, പശ്ചിമ പാകിസ്താനും പൂർവ പാകിസ്താനും തമ്മിലെ ഏറ്റുമുട്ടലായിമാറിയ രാഷ്ട്രീയ യുദ്ധത്തിൽ പൂർവ പാകിസ്താനിൽ മുജീബിന്റെ അവാമി ലീഗ് 167ൽ 166 സീറ്റും സ്വന്തമാക്കി അട്ടിമറി വിജയം നേടിയപ്പോൾ പശ്ചിമ പാകിസ്താനിലെ 144 മണ്ഡലങ്ങളിൽ ഭൂരിഭാഗം നേടി സുൾഫിക്കർ അലി ഭുട്ടോയുടെ പീപ്ൾസ് പാർട്ടിയും വിജയിച്ചു. ജനാധിപത്യത്തിന്റെ താൽപര്യം പാകിസ്താൻ ഭരിക്കേണ്ടത് ഭൂരിപക്ഷം നേടിയ മുജീബുർറഹ്മാനാണ്.
പക്ഷേ, ഭുട്ടോ വഴങ്ങിയില്ല. രാജ്യത്തിന്റെ ഒരുഭാഗത്ത് മാത്രം സ്വാധീനമുള്ള പാർട്ടിക്ക് രാജ്യമൊന്നൊയി ഭരിക്കാൻ അവകാശമില്ലെന്നായി ഭുട്ടോ. സൈന്യാധിപനായ പ്രസിഡന്റ് ജനറൽ യഹ്യാഖാൻ അന്തംവിട്ട് നിന്നപ്പോൾ പശ്ചിമ പാകിസ്താനിൽനിന്നുയർന്ന വിവേകത്തിന്റെ ഒരേയൊരു ശബ്ദം അബുൽ അഅ്ലാ മൗദൂദി അധ്യക്ഷനായ ജമാഅത്തെ ഇസ്ലാമിയുടേതായിരുന്നു. ഭൂരിപക്ഷം നേടിയ പാർട്ടിക്കാണ് ജനാധിപത്യത്തിൽ ഭരിക്കാനുള്ള അവകാശമെന്ന് ജമാഅത്ത് പ്രഖ്യാപിച്ചു.
പക്ഷേ, അർധ പാകിസ്താനിലെങ്കിലും താൻതന്നെ പ്രധാനമന്ത്രി എന്ന് തീരുമാനിക്കുകയായിരുന്നു ഭുട്ടോ. ശൈഖ് മുജീബുർറഹ്മാൻ അവസരമൊട്ടും പാഴാക്കാതെ കിഴക്കൻ പാകിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ അഖണ്ഡത പരിരക്ഷിക്കാൻ യഹ്യാഖാൻ 90,000 സൈനികരെ 1800 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ പാകിസ്താനിലേക്കയച്ചതും മുജീബിന്റെ അനുയായി കേണൽ ഉസ്മാനിയുടെ നേതൃത്വത്തിലെ മുക്തിബാഹിനിക്ക് ഇന്ത്യ സൈനിക പരിശീലനം നൽകിയതും 1971 ഒടുവിൽ ആരംഭിച്ച യുദ്ധത്തിൽ ഇന്ത്യൻ പട്ടാളം ഇടപെട്ടതും ഗത്യന്തരമില്ലാതെ പാക് പട്ടാളം ഡിസംബർ മൂന്നിന് ഇന്ത്യൻ പടത്തലവൻ മുമ്പാകെ കീഴടങ്ങിയതും തുടർന്ന് ഇന്ദിര ഗാന്ധിയും പാക് പ്രധാനമന്ത്രി ഭുട്ടോയും സിംല കരാറിൽ ഒപ്പുവെച്ചതോടെ, തടവിലായ പാക് പട്ടാളക്കാർ മോചിതരായി സ്വദേശത്തേക്ക് തിരിച്ചുപോയതുമൊക്കെ ശേഷവിശേഷങ്ങൾ.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.