രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയപ്പെടുന്നതുതന്നെ 'ജാദൂഗർ' (മാജിക്കുകാരൻ) എന്നാണ്. കഴിഞ്ഞ ദിവസം വൈകീട്ട് തന്റെ എം.എൽ.എമാരെ വിളിച്ചു കൂട്ടി അദ്ദേഹം നടത്തിയ പ്രഖ്യാപനവും ഒരു മാജിക്കായി വേണം കാണാൻ- താൻ ഡൽഹിയിൽ പോയാലും രാജസ്ഥാന്റെ കാര്യങ്ങൾ നോക്കിക്കൊള്ളാം എന്നായിരുന്നു പ്രഖ്യാപനം. അതായത്, കോൺഗ്രസുകാർ അദ്ദേഹത്തെപ്പിടിച്ച് പാർട്ടിയുടെ അധ്യക്ഷപദമേൽപിച്ചാലും സ്വന്തം കളരി വിട്ടുകൊടുക്കില്ലെന്നു ചുരുക്കം; പ്രത്യേകിച്ച് പ്രതിയോഗിയായ സചിൻ പൈലറ്റിന്.
2018ൽ പാർട്ടി രാജസ്ഥാനിൽ അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രിസ്ഥാനം വീതിച്ചുനൽകുമെന്നാണ് സചിൻ പൈലറ്റിന് ലഭിച്ചിരുന്ന വാഗ്ദാനം. അടുത്ത വർഷം സംസ്ഥാനം വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങവെ ആ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. സചിനെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തില്ലെന്ന് ഗെഹ്ലോട്ട് അത്രകണ്ട് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. സംഗതിവശാൽ എ.ഐ.സി.സി അധ്യക്ഷ സ്ഥാനം ഏൽക്കേണ്ടിവന്നാൽപോലും തന്റെ ഒരു ശിങ്കിടിയെ മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന് താൽപര്യം.
രാജസ്ഥാൻ നിയമസഭാകക്ഷിയിൽ തന്റെ നിയന്ത്രണം ഉറപ്പിക്കാൻ എം.എൽ.എമാരുടെ യോഗം വിളിച്ച സമയത്തിനുമുണ്ട് പ്രത്യേകത. സചിൻ പൈലറ്റ് അന്നേരം ഇങ്ങ് കേരളത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയായിരുന്നു. സോണിയയെ കണ്ട ശേഷം ഗെഹ്ലോട്ട് യാത്രയുടെ ഭാഗമാവും. രണ്ടു ദിവസം മുമ്പ് രാജസ്ഥാൻകാരനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ചു, പിറ്റേന്ന് രാത്രിതന്നെ ഗെഹ്ലോട്ട് ധൻകറിന് വിരുന്നുമൊരുക്കി. ചുരുക്കിപ്പറഞ്ഞാൽ രണ്ടുപേരും തമ്മിലെ കിടമത്സരം പരകോടിയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ട ശശി തരൂർ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനുള്ള താൽപര്യമറിയിച്ചു. സോണിയ ഗാന്ധിയെ കണ്ടത് 'അനുവാദം' വാങ്ങാനോ 'പച്ചക്കൊടി' കാണാനോ വേണ്ടിയല്ലെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചചെയ്യാനാണെന്നുമാണ് ശശി തരൂരുമായി അടുത്ത വൃത്തങ്ങൾ ഈ കുറിപ്പുകാരിയോട് പറഞ്ഞത്. സോണിയ 'ഔദ്യോഗിക സ്ഥാനാർഥി'യെ മുന്നോട്ടുവെക്കില്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നും കരുതപ്പെടുന്നു. എന്നിരുന്നാലും, സ്ഥാനം ഏറ്റെടുക്കാൻ അശോക് ഗെഹ്ലോട്ടിനെ സോണിയ പ്രേരിപ്പിക്കുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.
അശോക് ഗെഹ്ലോട്ട് മുതൽ ശശി തരൂർ വരെ ആരും രാഹുലിനുവേണ്ടി മാറിനിൽക്കാൻ ഒരുക്കമാണ്. എന്നാൽ, അദ്ദേഹം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്നുതന്നെയാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഗെഹ്ലോട്ടിന്റെ അടുപ്പക്കാരനായ എം.എൽ.എ പറഞ്ഞത് ഭാരത് ജോഡോ യാത്രക്കിടയിൽവെച്ച് രാഹുലിന്റെ മനസ്സുമാറ്റാൻ അവസാനവട്ട ശ്രമംകൂടി നടത്തുമെന്നും അത് ഫലിച്ചില്ലെങ്കിൽ 'പാർട്ടിയെ രക്ഷിക്കാൻ' നാമനിർദേശം നൽകുമെന്നുമാണ്.
വൈമുഖ്യമുള്ള സ്ഥാനാർഥിയാണെന്നിരിക്കിലും പാർട്ടി ഏൽപിക്കുന്ന ഏതു ദൗത്യവും അദ്ദേഹം സ്വീകരിക്കും. കുശാഗ്രബുദ്ധിക്കാരനായ നേതാവ് എന്ന നിലയിൽ ഗാന്ധികുടുംബത്തിന് ഗെഹ്ലോട്ടിനെ വിശ്വാസമാണ്. രണ്ടു വർഷം മുമ്പ് പാർട്ടിയെ പിളർത്താൻ സചിൻ പൈലറ്റ് ശ്രമം നടത്തിയ വേളയിൽ ഗെഹ്ലോട്ടിന്റെ രാഷ്ട്രീയമിടുക്കാണ് കോൺഗ്രസിനെ രക്ഷിച്ചത്. അനുയായികളെന്ന് കരുതപ്പെടുന്നവരെ മുഴുവൻ ഗെഹ്ലോട്ട് വളച്ചെടുത്തതോടെ ഒറ്റപ്പെട്ട സചിന് ഉദ്യമം ഉപേക്ഷിച്ച് തിരിച്ചുവരേണ്ടിവന്നു. വിജയം നേടാനായില്ലെങ്കിലും കോൺഗ്രസ് ബി.ജെ.പിക്കെതിരെ കടുത്ത മത്സരം കാഴ്ചവെച്ച ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ രാഹുലുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ആളാണ് ഗെഹ്ലോട്ട്. പല സംഘടനാപദവികളും വഹിച്ചിട്ടുള്ള അദ്ദേഹത്തിന് പാർട്ടി അണികൾക്കിടയിലും മികച്ച ബന്ധങ്ങളുണ്ട്. വൻകിട കോർപറേറ്റുകളുമായി സൂക്ഷിക്കുന്ന ബന്ധമാണ് കോൺഗ്രസ് ഗുണകരമായി കാണുന്ന മറ്റൊരു സംഗതി.
മറുവശത്ത് പാർട്ടിയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് വിമതാഭിപ്രായമുയർത്തിയ ജി23 കൂട്ടായ്മയിലെ നിശ്ശബ്ദ അംഗമായിരുന്നു ശശി തരൂർ. ജി23ന്റെ തുടക്കക്കാരായിരുന്ന കപിൽ സിബലും ഗുലാം നബി ആസാദും രാഹുലിനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിച്ച് പാർട്ടി വിട്ടുപോയി.
കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് തരൂരിനെ എത്തിച്ചത് സോണിയയാണ്. 2009 മുതൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന അദ്ദേഹം അറിയപ്പെടുന്ന എഴുത്തുകാരൻ എന്ന നിലയിലും പ്രഗല്ഭ പ്രഭാഷകൻ എന്ന നിലയിലും നഗരഇന്ത്യയുടെ അടയാള ചിഹ്നവുമാണ്, പക്ഷേ പാർട്ടിപ്രവർത്തകർക്കിടയിൽ കാര്യമായ അടിത്തറയില്ല. സ്വന്തം സംസ്ഥാനമായ കേരളത്തിലെ പാർട്ടി യൂനിറ്റ് മറ്റ് പത്ത് പി.സി.സികൾക്കൊപ്പം രാഹുൽ പ്രസിഡന്റ് പദവി ഏറ്റെടുക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്.
ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ള അവസാന കോൺഗ്രസ് പ്രസിഡന്റായ സീതാറാം കേസരിയെ മാറ്റി ചുമതലയേറ്റ സോണിയ ഗാന്ധി ഏറ്റവുമധികം കാലം ആ പദവി വഹിച്ച വ്യക്തിയാണ്. കോൺഗ്രസിന്, അല്ലെങ്കിൽ പോരായ്മകളുടെ കുത്തൊഴുക്കിനിടയിലും പാർട്ടിയിൽ പിടിച്ചുനിൽക്കുന്നവർക്ക് ഗാന്ധികുടുംബം ഒരു കടുത്ത വികാരമാണ്. പാർട്ടി അധ്യക്ഷൻ സംഘടനാപരമായ ചുമതലകളും പിന്തുണയും ഒരുക്കുമ്പോൾ പാർട്ടിയുടെ അജണ്ടയും ആശയവും രൂപപ്പെടുത്തുന്ന ആളായി നിലകൊള്ളാം എന്ന കാഴ്ചപ്പാട് രാഹുലിനുണ്ടെന്നാണ് വാർത്താസ്രോതസ്സുകൾ വ്യക്തമാക്കുന്നത്. ശരിക്കു പറഞ്ഞാൽ രാഹുൽ തിരശ്ശീലക്കു പിന്നിൽ നിന്ന് കാര്യങ്ങൾ നീക്കുകയും അമ്മ റബർസ്റ്റാമ്പായി വർത്തിക്കുകയും ചെയ്യുന്ന നിലവിലെ സംവിധാനംതന്നെ.
ഈ സൗന്ദര്യവത്കരണ ശസ്ത്രക്രിയ കോൺഗ്രസിന്റെ പതനത്തെ എത്രമാത്രം തടുത്തുനിർത്തും എന്ന കാര്യമൊക്കെ ചർച്ചചെയ്യേണ്ടതാണ്. പ്രസിഡന്റാവുന്നതിൽ ഗെഹ്ലോട്ടിന് സന്തോഷമായിരിക്കും, സചിൻ പൈലറ്റിനെ തന്റെ പിൻഗാമിയാക്കരുതെന്നേ അദ്ദേഹത്തിനുണ്ടാവൂ. സചിനാവട്ടെ തന്റെ സ്വപ്നക്കസേര പൊരുതിനേടുമെന്ന് നിശ്ചയിച്ചുറപ്പിച്ചു നിൽക്കുകയുമാണ്.
(പ്രമുഖ മാധ്യമപ്രവർത്തകയും ഗ്രന്ഥകാരിയുമാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.