ന്യൂഡൽഹി: ഹിമാചലിൽ ആറുതവണ മുഖ്യമന്ത്രിയായിരുന്ന വീർഭദ്രസിങ്ങിന്റെ മരണത്തോടെ നാഥനില്ലാതായ കോൺഗ്രസ് ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ലാതെയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. സർക്കാർ ജീവനക്കാരുടെ പഴയ പെന്ഷന് സ്കീം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചും സേനയിൽ ജോലി സ്വപ്നം കാണുന്ന യുവാക്കൾക്കിടയിൽ അഗ്നിപഥ് പദ്ധതിക്കെതിരായ വികാരം ഉയർത്തിയും വോട്ടുപിടിക്കാൻ കോൺഗ്രസിന് സാധിച്ചു.
സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെയും നേതൃത്വത്തിൽ പാർട്ടിക്കുള്ളിലെ കലഹം താൽക്കാലികമായെങ്കിലും തുടക്കത്തിൽ തന്നെ പിടിച്ചുനിർത്താനായതും നേട്ടമായി.
കഴിഞ്ഞവർഷം ഒക്ടോബറിൽ നാലു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വിജയവും കോൺഗ്രസിന് അനുകൂലമായിരുന്നു. ഹിമാചൽ ഫലത്തിനു പിന്നാലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നന്ദി പറഞ്ഞു.
ജനഹിതം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി ജയ്റാം ഠാകുർ പറഞ്ഞു. മാൻഡി ജില്ലയിലെ സെറാജിൽ ഠാകുർ വിജയിച്ചെങ്കിലും മന്ത്രിമാരായ സുരേഷ് ഭരദ്വാജ്, രാംലാൽ മാർഖണ്ഡ, സുർവീൻ ചൗധരി എന്നിവർ പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ മുകേഷ് അഗ്നിഹോത്രി ഹരോളിയിൽനിന്നും കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കുൽദീപ് രാത്തോർ തിയോഗിൽ നിന്നും ജയിച്ചു. മുൻമന്ത്രി സുധീർ ശർമ ധരംശാലയിൽനിന്നും ജയിച്ചു.
മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും കോൺഗ്രസ് സിറ്റിങ് എം.എൽ.എയുമായ വിക്രമാദിത്യ സിങ് ഷിംല റൂറൽ സീറ്റ് നിലനിർത്തി. ബി.ജെ.പിയിലെ രവി കുമാർ മേത്തയെ 13,860 വോട്ടുകൾക്കാണ് സിങ് പരാജയപ്പെടുത്തിയത്.
വിജയം ഉറപ്പായതോടെ കോൺഗ്രസ് പുതിയ എം.എൽ.എമാരുടെ യോഗം ചണ്ഡിഗഢിൽ വിളിച്ചു. തെരഞ്ഞെടുപ്പിൽ വാഗ്ദാനംചെയ്ത പത്തു കാര്യങ്ങൾ നടപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഹിമാചൽ ചുമതലയുള്ള എ.ഐ.സി.സി പ്രതിനിധി രാജീവ് ശുക്ല പറഞ്ഞു.
നവംബർ 12ന് നടന്ന തെരഞ്ഞെടുപ്പിൽ 76.44 ശതമാനമായിരുന്നു പോളിങ്. മൊത്തം 412 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടായിരുന്നു. ഇതിൽ 24 പേർ വനിതകളും 99പേർ സ്വതന്ത്രരും ആയിരുന്നു. ബി.ജെ.പിയും കോൺഗ്രസും എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയപ്പോൾ 'ആപ്'67 മണ്ഡലങ്ങളിലും ബി.എസ്.പി 53 ഇടങ്ങളിലും സി.പി.എം 11 സീറ്റിലും മത്സരിച്ചു. 2017 തെരഞ്ഞെടുപ്പിൽ ബി.ജെ.പി 44 സീറ്റാണ് നേടിയത്. കോൺഗ്രസ് 21 ഉം സി.പി.എം ഒരു സീറ്റും നേടിയിരുന്നു. രണ്ട് സ്വതന്ത്രരും ജയിക്കുകയുണ്ടായി.
വിലക്കയറ്റം, തൊഴിലില്ലായ്മ, പഴയ പെൻഷൻ പദ്ധതി തുടങ്ങിയ കാര്യങ്ങളാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഉയർത്തിയത്. വനിതകളെയും യുവാക്കളെയും കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി കാമ്പയിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.