കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ കൊയ്യുന്നത് പാടത്തെയും പറമ്പിലെയും വിളയല്ല. പദ്ധതിപ്പണമാണ്. ഞെട്ടിപ്പിക്കുന്ന പകൽക്കൊള്ളയാണ് കൃഷിവകുപ്പിൽ നടക്കുന്നത്. പതിറ്റാണ്ടുകളായി ആഴത്തിൽ വേരൂന്നിയ അഴിമതി ഉന്നത ഉദ്യോഗസ്ഥർ മുതൽ കൃഷിഭവനുകൾവരെ വ്യാപിച്ചിരിക്കുന്നു. ഈ അഴിമതിയാണ് കർഷകരുടെ നട്ടെല്ലൊടിക്കുന്നത്. ഉദ്യോഗസ്ഥരിൽ പലരും കോടീശ്വരന്മാരായാണ് പടിയിറങ്ങുന്നത്. രാഷ്ട്രീയ സംവിധാനം മുന്നണിഭേദം മറന്ന് കൊള്ളക്ക് കുടപിടിക്കുന്നതിനാൽ ഇവർ സമൂഹത്തിലെ പകൽമാന്യന്മാരായും തുടരുന്നു. കാർഷിക നയത്തിൽ എത്ര പൊളിച്ചെഴുത്ത് നടത്തിയാലും കൃഷിഭവനുകൾക്ക് ഒരു മാറ്റവുമില്ലാത്ത അവസ്ഥയാണ്.
കൃഷിവകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതികൾ താഴേത്തട്ടിൽ നടപ്പാക്കുന്നത് കൃഷിഭവനുകളാണ്. കൃഷി ഓഫിസറും രണ്ടോ മൂന്നോ ഫീൽഡ് അസിസ്റ്റൻറുമാരുമാണ് ഓഫിസിലുണ്ടാവുക. ഇവർ പദ്ധതി നിർവഹണം നടത്തി അർഹതയുള്ളവർക്ക് ആനുകൂല്യം നൽകുന്നതിനുള്ള ശിപാർശ അസി.ഡയറക്ടർക്ക് സമർപ്പിക്കുന്നു. ഈ ഓഫിസിൽനിന്ന് കർഷകരുടെ അക്കൗണ്ട് വഴി ധനസഹായം നൽകുകയാണ് പതിവ്. നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങൾ പ്രകാരമാണോ പദ്ധതി നടപ്പാക്കിയതെന്നും ഫീൽഡ് തലത്തിൽ പദ്ധതി നിർവഹിക്കപ്പെട്ടോയെന്നും തുടർപരിശോധനയും വിലയിരുത്തലും നടത്തേണ്ടത് അസി.ഡയറക്ടർ മുതൽ മുകളിലുള്ള ഉദ്യോഗസ്ഥരാണ്. ഇവിടെയാണ് പാളിച്ച തുടങ്ങുന്നത്. ഈ പരിശോധന കടലാസിലൊതുങ്ങുന്നു. ഇതു പദ്ധതി നിർവഹണത്തിെൻറ കാര്യക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു.
ഫണ്ട് തട്ടാൻ വഴികൾ പലതാണ്. അതിലൊന്ന് ക്ലസ്റ്ററുകൾ. പച്ചക്കറി ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വയനാട്ടിലെ തൊണ്ടർനാട് കൃഷിഭവനിൽ കർഷകരുടെ കൂട്ടായ്മ (ക്ലസ്റ്ററുകൾ) രൂപവത്കരിച്ചാണ് ഫണ്ട് വെട്ടിപ്പ് നടന്നത്. അനർഹമായി 'എ' ഗ്രേഡ് നൽകിയ പ്രിയങ്ക, ഉദയം എന്നീ സംഘങ്ങൾ ഒരു പ്രവർത്തനവും നടത്തിയില്ല. ഉദയത്തിന് 10.30 ലക്ഷമാണ് ധനസഹായം അനുവദിച്ചത്. നഴ്സറി തുടങ്ങാൻ ഷെഡ് നിർമിച്ചതായും വളം വാങ്ങിയതായും ട്രാൻസ്പോർട്ട് സബ്സിഡി നൽകിയതായും രേഖകൾ സമർപ്പിച്ചാണ് തുക കൈപ്പറ്റിയത്. അനുവദിച്ച തുകയിൽ 75,000 രൂപ വീതം രണ്ടുതവണയായി കൃഷി ഓഫിസർക്കും അസിസ്റ്റൻറുമാർക്കും നൽകാനായി കൃഷിഭവനിലെ മറ്റൊരു ജീവനക്കാരനെ ഏൽപിെച്ചന്നാണ് ക്ലസ്റ്റർ കൺവീനർ നൽകിയ മൊഴി. ഇതിൽ കൃഷി ഓഫിസർക്ക് 1.15 ലക്ഷവും അസിസ്റ്റൻറുമാർക്ക് 75,000, 60,000രൂപ വീതവും ലഭിച്ചതായി പുറത്തുവന്നു.
മറ്റൊരുദാഹരണം തിരുനെല്ലി. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 13ാം വാർഡിൽ കുരുമുളക് സമിതി തുടങ്ങുന്നതിന് 30,000 രൂപ കൃഷി ഓഫിസർ സബ്സിഡി അനുവദിച്ചു. നേരിട്ട് പരിശോധിച്ചപ്പോൾ ഷെഡ് നിർമിച്ചതല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്ന് കണ്ടെത്തി. കർഷകർക്ക് 69,045 രൂപ വിലവരുന്ന കീടനാശിനികൾ വാങ്ങി വിതരണം ചെയ്യാതെ പാഴാക്കി. പച്ചക്കറി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി 2014 മാർച്ച് 25നു കർഷകർക്ക് പരിശീലനം നൽകി. ഇതിനായി 40,000 രൂപ കൃഷി ഓഫിസർ കൈപ്പറ്റി. പരിശീലനത്തിൽ 100 പേർ പങ്കെടുത്തതായും ഇവർക്കായി 15,000 രൂപക്ക് 150 രൂപ വിലയുള്ള 100 ഫയൽ പാഡുകളും ആറു രൂപ വിലയുള്ള 1200 പന്നിയൂർ ഒന്ന് കുരുമുളക് തൈകളും (10,200 രൂപ) വാങ്ങിയതിെൻറ ബില്ലുകൾ ഹാജരാക്കിയാണ് തുക കൈപ്പറ്റിയത്. എന്നാൽ, 100 പേർ പരിശീലനത്തിൽ പങ്കെടുത്തിട്ടില്ല. സാധനങ്ങൾ വിതരണം ചെയ്തതുമില്ല. പരിശീലനത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം പെരുപ്പിച്ച് വ്യാജ ബില്ലുകൾ സമർപ്പിച്ച് പണം തട്ടുകയായിരുന്നു.
തവിഞ്ഞാലിലെ കൃഷി ഓഫിസർക്ക് താൽപര്യം പഠനയാത്രകളോടായിരുന്നു. ക്രമക്കേടിന് എളുപ്പവഴി അതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 2015-16ൽ 25 പേർ വീതമുള്ള യാത്രകൾ നടത്തുന്നതിനായി 25,000 രൂപയുടെ രേഖകൾ സമർപ്പിച്ചു. എന്നാൽ, ഗതാഗത വകുപ്പിലെ രേഖകൾ പ്രകാരം 25 പേർ യാത്രചെയ്തത് ഇരുചക്ര വാഹനത്തിലാണ്. ഏകദേശം 60 കിലോമീറ്ററിൽ താഴെ മാത്രം ദൂരം വരുന്ന അമ്പലവയൽ ഫാമിലേക്ക് 280 കിലോമീറ്റർ യാത്ര ചെയ്തതായി രേഖയുണ്ടാക്കി. യാത്രയിൽ 2,520 രൂപയുടെ ഭക്ഷണ ബിൽ തിരുത്തി 12,820 രൂപയാക്കി. അധികപണം കൃഷി ഓഫിസർ തട്ടി. പിന്നീട് വന്ന കൃഷി ഓഫിസറും പഠനയാത്രക്ക് കുറച്ചില്ല. അദ്ദേഹം 2016-17 വയനാട് പാക്കേജിൽ 25 പേർ വീതമുള്ള നാല് യാത്ര നടത്തി. ബിൽ ഹാജരാക്കി 40,000 കൈപ്പറ്റി. വാഹന നമ്പറിൽ കൃത്രിമം കണ്ടെത്തി. അഞ്ച്, ഏഴ്, 13 പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളാണ് ഉപയോഗിച്ചത്. നടത്താത്ത യാത്രയുടെ പേരിൽ മറ്റൊരു ഓഫിസറും 10,000 കൈപ്പറ്റി.
വയനാട്ടിലെ എടവക കൃഷിഭവന് കീഴിൽ 2014 മുതൽ ധനസഹായം അനുവദിച്ച നാല് ക്ലസ്റ്ററുകളിൽ ഒന്നുപോലും പ്രവർത്തിച്ചില്ല. 40 ലക്ഷം ഈ ക്ലസ്റ്ററുകളിൽ ഉപയോഗിക്കാതെ കിടന്നു. പരിശോധനാകാലത്ത് ചുമതലയേറ്റ കൃഷി ഓഫിസർ ക്ലസ്റ്ററുകൾ പ്രവർത്തിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ, അവ രൂപവത്കരിച്ചതുതന്നെ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു. അതിനാൽ, ഒരു രൂപ പോലും ഫണ്ടിൽനിന്ന് പിൻവലിക്കാൻ ഭാരവാഹികൾക്കായില്ല.
വെള്ളമുണ്ട കൃഷിഭവനിലും ക്ലസ്റ്ററുകൾക്ക് അനർഹ ധനസഹായം ലഭിച്ചു. ഫ്രഷ് - 7.06 ലക്ഷം, ബ്ലൂ മൗണ്ട്- 8.76, പഴശ്ശി -23.11 ലക്ഷം, ഹൈറേഞ്ച് (പൊട്ടൻഷ്യൽ)-80,000 എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ഈ ക്ലസ്റ്ററുകളൊന്നും മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചിട്ടില്ല. എന്നിട്ടും 1.67 ലക്ഷം ധനസഹായം നൽകിയെന്നും ഗുണഭോക്തൃ പട്ടികയിൽ ഇരട്ടിെപ്പന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഇടുക്കി കുമളി പഞ്ചായത്തിൽ 2017-18 വർഷം ജൈവവളം വിതരണ പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ നടന്നത് വൻതട്ടിപ്പാണ്. ഏലം, കുരുമുളക് കൃഷിക്ക് വേപ്പിൻപിണ്ണാക്ക് 75 ശതമാനം സബ്സിഡിയിൽ നൽകാനായിരുന്നു പദ്ധതി. വിതരണത്തിന് ഹൈറേഞ്ച് ഫെർട്ടിലൈസേഴ്സിന് 2018 ജനുവരി ഒമ്പതിന് കിലോക്ക് 27.50 രൂപക്ക് കരാർ നൽകി. ആദ്യഘട്ട രണ്ടാം ഘട്ടത്തിലും ജൈവവളം വിതരണം ചെയ്്െതന്നാണ് കൃഷിഭവനിലെ രേഖ. എന്നാൽ, ഒരു തവണ മാത്രമാണ് കർഷകർക്ക് ലഭിച്ചത്. രണ്ടാം തവണ അപേക്ഷിക്കുകയോ ഗുണഭോക്തൃ വിഹിതം അടക്കുകയോ ചെയ്തിട്ടില്ലെന്ന് കർഷകർതന്നെ പറയുന്നു. 1,47,878 കിലോ ജൈവവളം വിതരണം ചെയ്തതായി കൃഷി ഓഫിസർ സാക്ഷ്യപ്പെടുത്തി. എന്നിട്ടും 2,500 കിലോ വേപ്പിൻപിണ്ണാക്ക് സ്േറ്റാർ റൂമിൽ ബാക്കിയായി. വളം വിതരണം ചെയ്ത സ്ഥാപനത്തിന് 40. 66 ലക്ഷം രൂപ കൈമാറി. 2017-18ലെ ടെൻഡർ രജിസ്റ്റർ കൃഷിഭവനിൽനിന്ന് അപ്രത്യക്ഷമായി. കർഷകർക്ക് വിതരണം ചെയ്യേണ്ട കൈപ്പറ്റ് രസീതും വാങ്ങി സൂക്ഷിച്ചില്ല. പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക തയാറാക്കിയത് മാർഗരേഖ പ്രകാരമല്ലെന്നും കണ്ടെത്തി.
അസിസ്റ്റൻറ് കൃഷി ഓഫിസർ 23 ചാക്ക് ജൈവവളമാണ് സ്വന്തം കൃഷിയിടത്തിലേക്ക് കടത്തിയത്. ഇതു പതിവാണെന്നും കണ്ടെത്തി. കൃഷിഭവനിൽ ലഭിച്ച തുകയിൽനിന്ന് 66,662.50 രൂപയാണ് തട്ടിയത്. ജീവനക്കാരുടെ തട്ടിപ്പിന് പഞ്ചായത്ത് കമ്മിറ്റിയുടെ മൗനാനുവാദവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.