20 വർഷമായി മാറ്റമില്ലാതെ തുടർന്നിരുന്ന കോർട്ട് ഫീ പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ കേരള സർക്കാർ നിയോഗിച്ചിരുന്നു. ഡോ.എൻ.കെ. ജയകുമാർ, അഡ്വ. സി.പി. പ്രമോദ്, നിയമ, നികുതി വകുപ്പ് സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതി ഈ മാസം 19 മുതൽ 22 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഹിയറിങ് നടത്തി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിക്കുകയുണ്ടായി. ജൂലൈ 15നകം റിപ്പോർട്ട് നൽകുമെന്നാണ് ജസ്റ്റിസ് മോഹനൻ അറിയിച്ചിരിക്കുന്നത്. പക്ഷേ മാസങ്ങൾക്കുമുമ്പ് സമിതി നൽകിയ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ കോർട്ട് ഫീസ് കുത്തനെ വർധിപ്പിക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു സർക്കാർ. ഇതുവഴി പ്രതിവർഷം 50 കോടി രൂപയാണ് അധികമായി പ്രതീക്ഷിക്കുന്നതെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.
ജ.മോഹനൻ കമ്മിറ്റി മുമ്പാകെ അഭിപ്രായമറിയിച്ച കേരള ഹൈകോർട്ട് അഡ്വക്കറ്റ് അസോസിയേഷൻ ഉൾപ്പെടെ നിയമരംഗത്തെ കൂട്ടായ്മകളും പൊതു ജനങ്ങളും ആക്ടിവിസ്റ്റുകളും നിരക്കു വർധനവിനോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. നിരക്ക് വർധന പൊതു ജനങ്ങൾക്കും അഭിഭാഷകർക്കുമിടയിൽ കടുത്ത എതിർപ്പ് സൃഷ്ടിച്ചതിനു പിന്നിലെ വിവിധ കാരണങ്ങളിൽ ചിലത് ഇവിടെ ചൂണ്ടിക്കാണിക്കാം.
2024 ഏപ്രിലിനുശേഷം ഭീമമായ തുക കോർട്ട് ഫീ അടക്കേണ്ടി വരുന്നതിനാൽ ചെക്ക് കേസുകൾ നൽകാനാവാത്ത അവസ്ഥയിലാണ് സാധാരണക്കാർ. പുതിയ നിരക്കുപ്രകാരം ചെക്ക് കേസ് ബോധിപ്പിക്കുമ്പോൾ ചെക്ക് സംഖ്യ 10,000 രൂപയിൽ താഴെ ആണെങ്കിൽ 250 രൂപയും 10,000 രൂപയിൽ കൂടുതലാണെങ്കിൽ തുകയുടെ അഞ്ച് ശതമാനവും കോർട്ട് ഫീസായി അടക്കണം (പരമാവധി മൂന്ന് ലക്ഷം രൂപ). ചെക്ക് കേസ് കൊടുക്കേണ്ടത് മജിസ്ട്രേറ്റ് കോടതിയിലാണ്. ഇത്തരം കോടതികളിൽ നിലവിൽ ഏത് അപേക്ഷയാണെങ്കിലും അഞ്ച് മുതൽ 10 രൂപ വരെയാണ് കോർട്ട് ഫീസ് ഒടുക്കേണ്ടിയിരുന്നത്. കോടി രൂപയുടെ ചെക്കാണെങ്കിൽ പോലും കോർട്ട് ഫീ 10 രൂപ മതിയായിരുന്നു. അതാണിപ്പോൾ മൂന്നു ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്. കേസ് വിധി ഹരജിക്കാരനെതിരായാൽ അപ്പീൽ/റിവിഷൻ കൊടുക്കണമെങ്കിലും അടക്കണം ചെക്ക് തുകയുടെ പത്തിലൊന്ന് സംഖ്യ. പ്രതിക്കെതിരെയാണ് കോടതി വിധിയെങ്കിൽ അപ്പീൽ ബോധിപ്പിക്കാൻ അയാൾ കൊടുക്കേണ്ട കോർട്ട് ഫീ 1500 രൂപയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്ര ഭീമമായ സംഖ്യ കോർട്ട് ഫീസായി നിലവിലില്ല.
സ്വത്ത് സംബന്ധിച്ച് കുടുംബ കോടതികളിൽ കൊടുക്കുന്ന കേസുകൾക്ക് നിലവിലുണ്ടായിരുന്ന 50 രൂപ കോർട്ട് ഫീയും പുതുക്കി നിശ്ചയിച്ചു. ഒരു ലക്ഷം രൂപ വരെ വിലയുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾക്ക് 200 രൂപയും ലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾക്ക് മൊത്തം സംഖ്യയുടെ അര ശതമാനവും അഞ്ചുലക്ഷം രൂപക്ക് മുകളിലെ കേസുകൾക്ക് സംഖ്യയുടെ ഒരു ശതമാനവുമാണ് നിശ്ചയിച്ചിരിക്കുന്നത്. മേൽ ഇനത്തിൽ അടക്കേണ്ടിവരുന്ന പരമാവധി കോർട്ട് ഫീ രണ്ടുലക്ഷം രൂപയായി നിശ്ചയിച്ചിട്ടുമുണ്ട്. കേസ് തള്ളിയാൽ ഹൈകോടതിയിൽ അപ്പീൽ പോവുമ്പോഴും ഇതേ നിരക്കിൽ ഫീസൊടുക്കണം.
സംഖ്യ തിരിച്ചുകിട്ടാൻ സിവിൽ നിയമപ്രകാരം കൊടുക്കുന്ന കേസുകൾക്ക് നിലവിലുണ്ടായിരുന്നത് 15000 രൂപ വരെയുള്ളതിന് ക്ലെയിം സംഖ്യയുടെ നാല് ശതമാനവും 15000 രൂപ മുതൽ 50,000 വരെ ക്ലെയിം സംഖ്യയുടെ എട്ട് ശതമാനവും 50,000 രൂപക്ക് മുകളിൽ 10,000,00 വരെ ക്ലെയിം സംഖ്യയുള്ള കേസുകൾക്ക് 10 ശതമാനവും അതിന് മുകളിൽ 10 മില്യൺ വരെ ക്ലെയിം സംഖ്യയുള്ള കേസുകൾക്ക് ഒരു ശതമാനവുമാണ് കോർട്ട് ഫീസായി കൊടുക്കേണ്ടത്. കൂടാതെ മേപ്പടി ക്ലെയിം സംഖ്യയുടെ ഒരു ശതമാനം ലീഗൽ ബെനിഫിറ്റായും കൊടുക്കണം. എന്നാൽ, ഇങ്ങനെ ഒടുക്കേണ്ട കോർട്ട് ഫീസിന്റെയും ലീഗൽ ബെനിഫിറ്റിന്റെയും മൊത്തം സംഖ്യയുടെ ഒരു ശതമാനം മാത്രമേ കേസ് കൊടുക്കുന്ന സമയത്ത് ഒടുക്കേണ്ടതുള്ളൂ എന്നും ബാക്കി സംഖ്യ എതിർഭാഗം കക്ഷി ഹാജരായി കേസിൽ ഉത്തരം കൊടുത്ത ശേഷമോ എതിർകക്ഷി മനപ്പൂർവം ഹാജരാവാത്തതിനാൽ അവരെ എക്സ്പ്പാർട്ടിയാക്കി കോടതി വിധിച്ചതിന് ശേഷമോ കൊടുത്താൽ മതിയെന്നതും കക്ഷികൾക്ക് തെല്ലൊരു ആശ്വാസമായിരുന്നു. എതിർകക്ഷി ഹാജരായ ശേഷം കക്ഷികൾ തമ്മിൽ കേസ് മീഡിയേഷനിൽ വെച്ച് ഒത്തുതീർന്നാൽ അടച്ച കോർട്ട് ഫീ സംഖ്യ മുഴുവനും തിരിച്ചുകിട്ടിയിരുന്നതും എതിർകക്ഷി ഹാജരായി അന്യായം സമ്മതിച്ചുകൊണ്ട് ഉത്തരം കൊടുത്താൽ യഥാർഥത്തിൽ അടക്കേണ്ടിയിരുന്ന കോർട്ട് ഫീയുടെ നേർ പകുതി അടച്ചാലും മതി എന്നതും ഏറെ ആശ്വാസമായാണ് സാധാരണക്കാർ കണ്ടിരുന്നത്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം ഇപ്പോൾ ചെക്ക് കേസുകൾക്ക് അടക്കം കേസ് ബോധിപ്പിക്കുമ്പോൾ തന്നെ ഭീമമായ മുഴുവൻ കോർട്ട് ഫീസ് സംഖ്യയും ഒന്നിച്ച് ഒടുക്കണം.
ഇത്രയും സംഖ്യ പരാതിക്കാർക്ക് ആര് തിരിച്ചുകൊടുക്കുമെന്നത് ചോദ്യ ചിഹ്നമാണ്. പ്രതിയോട് കോടതി ചെലവ് പരാതിക്കാർക്ക് കൊടുക്കാൻ വിധിക്കാനുള്ള അവസരം ക്രിമിനൽ കോടതികൾക്കില്ല. ചെക്ക് തന്ന് വഞ്ചിച്ച പ്രതിയെ ശിക്ഷിക്കാനാണ് ക്രിമിനൽ കോടതിയിൽ പരാതി കൊടുക്കുന്നത്. അല്ലാതെ ചെക്ക് സംഖ്യ തിരിച്ചുകിട്ടാനല്ല. ചെക്ക് സംഖ്യ തിരിച്ചുകിട്ടാൻ വീണ്ടും ഭീമമായ കോർട്ട് ഫീ അടച്ച് പരാതിക്കാർ സിവിൽ കോടതിയെ സമീപിക്കുകയും വേണം. എന്നാൽ, പ്രതിക്കെതിരെ വിധിക്കുന്ന പിഴത്തുകയിൽ നിന്ന് കോടതി നിശ്ചയിക്കുന്ന സംഖ്യ നഷ്ടപരിഹാരമായി പരാതിക്കാർക്ക് അനുവദിക്കാൻ സി.ആർ.പി.സി 357 വകുപ്പ് പ്രകാരം ക്രിമിനൽ കോടതികൾക്ക് അനുവാദമുണ്ട്. കോർട്ട് ഫീ ആ ഇനത്തിൽ കോടതികൾ പരാതിക്കാർക്ക് അനുവദിച്ചു കൊടുത്താൽ ഭാഗ്യം.
നിർബന്ധിതരായി കോടതികളെ സമീപിക്കുന്ന ഇരകളുടെ വ്യവഹാരങ്ങൾക്ക് ഫീസ് ഈടാക്കുന്നതുതന്നെ അനീതിയാണെന്നിരിക്കെ അന്യായമായ കോർട്ട് ഫീ വർധന സാധാരണക്കാരെ നിയമവഴിയിൽനിന്ന് ബഹുദൂരം അകറ്റുമെന്നതിൽ സംശയമില്ല. വഞ്ചിക്കപ്പെട്ട തനിക്കും കുഞ്ഞുങ്ങൾക്കും ഒരുതരി നീതി കിട്ടുമോ എന്നുതേടി കുടുംബ കോടതികളുടെ പടികയറിവരുന്ന അനാഥകളും ആലംബഹീനരുമായ പാവപ്പെട്ട അനാഥരായ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരും കരച്ചിലും സർക്കാർ കാണാതെ പോവുന്നത് അന്യായമല്ലേ? അത്തരം മനുഷ്യർ ഭീമമായ കോർട്ട് ഫീസിനുള്ള വഴി എങ്ങനെ കണ്ടെത്താനാണ്? നീതി തേടാനുള്ള അവകാശം തന്നെയാണ് നിർധനരും നിരാലംബരുമായ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്.
നീതി വിൽപനച്ചരക്കല്ല എന്ന് ഒന്നുകൂടി പതിനാലാം നിയമ കമീഷൻ ഓർമിപ്പിച്ചത് നാം മറന്നുപോയിരിക്കുന്നു. കോടതി ചെലവുകൾ കുറക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതികൾ സാധാരണക്കാരന് അപ്രാപ്യമാക്കരുതെന്നും സുപ്രീംകോടതിയും നിരന്തരം ഉണർത്താറുണ്ട്. നിയമത്തിലും നീതിപീഠത്തിലും വിശ്വാസവും സാധാരണ ജനങ്ങളുടെ ക്ഷേമത്തിൽ അൽപമെങ്കിലും താൽപര്യവുമുണ്ടെങ്കിൽ കോർട്ട് ഫീ വർധന എന്ന അനീതി സർക്കാർ പിൻവലിക്കുക തന്നെ വേണം.
(അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന അധ്യക്ഷനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.