നിരൂപകരില്ലാത്ത സ്വപ്ന സുന്ദര കൊറിയ; സിനിമക്കാരേ നിങ്ങൾ വിമർശനങ്ങളെ ഭയപ്പെടുന്നതെന്തിന് ?

മനുഷ്യനെ രസിപ്പിക്കുന്ന എല്ലാത്തിനും നാം കല എന്നാണ് പറയുക. സിനിമയാണ് 20ാം നൂറ്റാണ്ടിന്റെ സമ്പൂർണ്ണ കല. ജനപ്രിയതയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. വിവിധതരം കലകളുടെ സംയോജനം സാധ്യമാണെന്നതാണ് സിനിമയെ മറ്റ് കലകളിൽ നിന്ന് വേറിട്ടുനിർത്തുന്നത്. അഭിനയം, സംഗീതം, ശിൽപ്പവിദ്യ, ചിത്രകല ഇങ്ങിനെ അടിസ്ഥാന കലകളുടെ സങ്കലനമാണ് സിനിമയിൽ നടക്കുന്നത്. സിനിമയെ കച്ചവടം ചെയ്യാം എന്നതും വലിയ സാധ്യതയാണ്. എന്തും വളരണമെങ്കിൽ അത് കച്ചവടം ചെയ്യാൻ സാധിക്കണം. പണം മുടക്കുമ്പോഴാണ് എന്തും വളരുക. സിനിമയിൽ പണം മുടക്കിയാൽ അത് ലാഭം തരും എന്നത് കച്ചവടക്കാരുടെ വലിയ പ്രലോഭനമാണ്.

ഇതിനെല്ലാം ഇടയിൽ സിനിമയെന്ന കല വളരണം എന്ന് ആഗ്രഹിക്കുന്ന ചെറിയ വിഭാഗവും ഉണ്ട്. സിനിമയെ കച്ചവടം ചെയ്യുന്നവരും അതിലെ കലാമൂല്യം വളർത്തുന്നവരും തമ്മിൽ എന്നുമൊരു സംഘർഷം നിലനിന്നിരുന്നു. രണ്ടുകൂട്ടരും രണ്ടുവഴിക്കാണ് പലപ്പോഴും സഞ്ചരിച്ചിരുന്നത്. പലകാലത്തും പലപേരുകളിൽ ഇവർ അറിയപ്പെട്ടിരുന്നു. സമാന്തര സിനിമയെന്നും മുഖ്യധാരാ സിനിമയെന്നുമാണ് ചിലപ്പോഴവരെ നാം കേൾക്കുക. ഒരുകാലത്ത് നല്ല സിനിമക്കാരെ നാം ഉച്ചപ്പടക്കാർ എന്ന് വിളിച്ചിരുന്നു. ഇന്ന് സമൂഹമാധ്യമങ്ങളിൽ അവരെ 'പ്രകൃതി' സിനിമക്കാർ എന്നാണ് വിളിക്കുക. നാച്ചുറൽ (സ്വാഭാവികം) ആയി സിനിമി എടുക്കുന്നവരെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.


കച്ചവടം കൊണ്ടുവരുന്ന മേന്മകൾ

സിനിമാ സാ​ങ്കേതിക വിദ്യ വളരാനും പടർന്ന് പന്തലിക്കാനും കാരണം അതിൽവരുന്ന ഭീമമായ മുതൽമുടക്കാണ്. അതിന് നാം കച്ചവടക്കാരോട് നന്ദി പറയേണ്ടതുണ്ട്. മികച്ചൊരു കാമറ ഉണ്ടാക്കണമെങ്കിൽ കൂടുതൽ ഗവേഷണം നടക്കണം. മികച്ച ലൈറ്റുകളും ക്രെയിനുകളും മുതൽ മികച്ച തീയറ്ററുകൾവരെ ഉണ്ടാകുന്നത് അതിലേക്ക് മുടക്കുന്ന ശതകോടികൾ കൊണ്ടാണ്. കച്ചവട സിനിമ അത്ര മോശമല്ല എന്നാണ് ഇതിന് അർഥം. എന്നാൽ സിനിമ വെറും വ്യവസായം മാത്രം ആയാൽ മതിയോ. അതിലെ കലാംശം വളരേണ്ടതില്ലേ. ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അതിനുവേണ്ടത് മറ്റൊരുതരം നിക്ഷേപമാണ്. സർഗാത്മക മനസുകളുടെ നിക്ഷേപമാണതിൽ പ്രധാനം. വിസ്ഫോടനാത്മകമായ ദൃശ്യബോധമുള്ള മനുഷ്യർ സിനിമയിലേക്ക് കടന്നുവരേണ്ടതുണ്ട്.

അടിസ്ഥാനപരമായി സിനിമയൊരു ദൃശ്യവിനിമയമാണ്. വിവിധതരം കാഴ്ച്ചകൾ പ്രത്യേക അടരുകളായി ചേർത്തുവയ്ച്ചാണ് ഒരു സിനിമ പൂർത്തിയാക്കുന്നത്. ഈ ദൃശ്യങ്ങളിൽ നിങ്ങൾക്ക് എത്ര മാറ്റങ്ങൾകൊണ്ടുവരാം എന്നതാണ് ഓരോ ഫിലിം മേക്കറും നേരിടുന്ന വെല്ലുവിളി. കച്ചവട സിനിമയിൽ പക്ഷെ ദൃശ്യങ്ങളല്ല പ്രധാനം. സംഭാഷണവും സംഗീതവും എല്ലാം അവിടെ ദൃശ്യങ്ങളെ കവച്ചുവയ്ക്കും. നല്ല ബി.ജി.എം എന്നൊക്കെ സിനിമയെ വിലയിരുത്തുന്നവർ പറയുന്നത് അതുകൊണ്ടാണ്. സിനിമയെപറ്റിയുള്ള ഇത്തരം തർക്കവിതർക്കങ്ങൾ തുടരുകതന്നെ ചെയ്യും. കലാപ്രവർത്തനത്തിന് സിനിമയിൽ ഇടം തുടരേണ്ടതുണ്ട്. ഒരു കലാകാരന് അയാൾ ഇഷ്ടപ്പെടുന്ന സിനിമ എടുക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുമ്പോഴാണ് ആരോഗ്യമുള്ള സിനിമാ സമൂഹമാണത് എന്ന് പറയാനാവുക.


സിനിമയും നിരൂപണവും

നിരൂപകനും സൃഷ്ടാവും (ക്രിറ്റികും ക്രിയേറ്ററും) തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും പഴയ വൈരാഗ്യങ്ങളിൽ ഒന്നാണ്. എന്ന് കല ജനിച്ചോ അന്ന് നിരൂപകനും ജനിക്കുന്നുണ്ട്. നിരൂപകനെ ഒരിക്കലും സൃഷ്ടാവിന് ഇഷ്ടമായിരുന്നില്ല. തന്നെ വിമർശിക്കാൻ ഇവനാര് എന്നത് തന്നെയാണ് സൃഷ്ടാവിന്റെ എന്നത്തേയും വലിയ ചോദ്യം. കഴിഞ്ഞദിവസവും നാം കേട്ടത് അത്തരമൊരു ചോദ്യമാണ്. പ്രശസ്തനായൊരു സംവിധായകൻ നിരൂപകരെ ഒന്നടങ്കം ചോദ്യമുനയിൽ നിർത്തുകയാണ്. ഈ വിമർശകർക്ക് ഒരു തിരക്കഥ എഴുതാനറിയുമോ, സിനിമ എടുക്കാനറിയുമോ, കാമറ പിടിക്കാനറിയുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരുതരം ഈർഷ്യയിൽ നിന്ന് വരുന്ന ചോദ്യമാണത്. തന്റെ സൃഷ്ടിയെ ചോദ്യം ചെയ്യാനിവർ ആരാണ് എന്നാണ് ചോദ്യത്തിന്റെ അർഥം. നിരൂപകരുടെ യോഗ്യതയാണിവിടെ പ്രശ്നവത്കരിക്കപ്പെടുന്നത്. ഈ ചോദ്യത്തെ നമ്മുക്ക് 'ഞങ്ങൾ പണം തന്ന് കണ്ടിട്ടാണ് വിമർശിക്കുന്നത്'എന്ന വരട്ടുതത്വവാദം കൊണ്ട് നേരിടാവുന്നതല്ല. ചോദ്യം ഗൗരവമുള്ളതായതിനാൽ അതിനെ ഗൗരവമായിത്ത​െന്ന പരിശോധിക്കേണ്ടതുണ്ട്.

നിരൂപണം ആവശ്യമോ

നമ്മുടെ സംവിധായകൻ പറഞ്ഞ മറ്റൊരുകാര്യം കൊറിയയിൽ നിരൂപണം ഇല്ല എന്നാണ്. അപ്പോഴദ്ദേഹത്തിന്റെ സംശയത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് നിരൂപണം വേണോ എന്നതാണ്. രണ്ടാമത്തേത് ആർക്കൊക്കെ നിരൂപണം ചെയ്യാം എന്നതാണ്. കലയെ നിരൂപണം നടത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായൊരു ഉത്തരമുണ്ട്. കലയെ മാത്രമല്ല രാഷ്ട്രീയത്തേയും സമൂഹത്തേയും സംസ്കാരത്തേയുമെല്ലാം നിരൂപണം ചെയ്യാം എന്നാണ് ആ ഉത്തരം. മാത്രമല്ല കലാകാരനോളം പ്രാധാന്യം നിരൂപകനും ഉണ്ട്. എവിടെ നിരൂപണം ശക്തമാണോ അവിടെ കലയും ജനാഥിപത്യവും സംസ്കാരവും എല്ലാം അത്രയും ശക്തമാകും. എന്നെ വിമർശിക്കാനുള്ള മറ്റൊരാളുടെ അവകാശത്തിനുവേണ്ടി പോരാടി മരിക്കാൻ ഞാൻ തയ്യാറാണ് എന്ന് വോൾട്ടയർ പറയുന്നത് വിമർശനത്തി​ന്റെ അപാരമായ ശക്തി കണ്ടിട്ടാണ്. വിമർശനങ്ങൾ എവിടെ അവസാനിക്കുന്നുവോ അവിടെ ഏകാഥിപതികൾ ജനിക്കുകയാണ്. സിനിമക്കും ഈ നിയമം ബാധകമാണ്. കൊറിയയിൽ നിരൂപണം ഇല്ലെങ്കിൽ അവിടെ ജനാഥിപത്യവും ഉണ്ടാകില്ല. അതൊരു യോഗ്യതയല്ല, വലിയ കുറവായാണ് വിവേകശാലികൾ മനസിലാക്കേണ്ടത്. ഒരു കലാകാരനെന്ന നിലക്ക് വ​ഴിതെറ്റിപ്പോകാൻ ഇടയുള്ള ക്രിയേറ്ററെ നേർവഴിക്ക് നയിക്കുകയാണ് ഉത്തരവാദിത്വമുള്ള നിരൂപകൻ ചെയ്യേണ്ടത്.


നിരൂപകന്റെ യോഗ്യത

നമ്മുടെ സംവിധായകന്റെ മറ്റൊരു പ്രധാന ചോദ്യം നിരൂപകന്റെ യോഗ്യത സംബന്ധിച്ചാണ്. എന്താണ് യഥാർഥത്തിൽ നിരൂപകന്റെ യോഗ്യത. ഈ ചോദ്യത്തെ നമ്മുക്കൊന്ന് വികസിപ്പിക്കാം. എന്താണ് രാഷ്ട്രീയ വിമർശകന്റെ യോഗ്യത. എന്താണ് ഒരു സാഹിത്യ വിമർശകന്റെ യോഗ്യത. എന്താണ് ഒരു സ്​പോർട്സ് ക്രിറ്റിക്കിന്റെ യോഗ്യത. എന്താണ് ഒരു ഫുഡ് ക്രിറ്റിക്കിന്റെ യോഗ്യത. ഇന്ത്യയിലെ ഏറ്റവും മകച്ച ​കളി വിമർശകനായ ഹർഷ ഭോഗ്ലെ ക്രിക്കറ്റ് കളിച്ചയാ​ളാണോ? മലയാളത്തി​ലെ എണ്ണം പറഞ്ഞ് സാഹിത്യ നിരൂപകനായ എം.പി.അപ്പൻ ഒരു നോവൽ എഴുത്തുകാരനായിരുന്നോ​? രാഷ്ട്രീയ വിമർശകൻ ഏതെങ്കിലും പാർട്ടയിൽ അംഗത്വം എടുത്ത് എം.എൽ.എയും മ​ന്ത്രിയും ആയശേഷം വിമർശിച്ചാൽ മതി എന്ന് പറഞ്ഞാലതിലെ പരിഹാസ്യത നമ്മുക്ക് പെട്ടെന്ന് ബോധ്യമാകും. ഒരാൾ​െക്കാരു ക്രിറ്റിക് ആകാൻ അയാൾ വിമർശിക്കുന്ന വിഷയം സ്വയം ചെയ്യണം എന്ന് പറയുന്നത് കുറഞ്ഞപക്ഷം അന്തക്കേടാണ്.

വിമർശകന് ഒന്നും വേണ്ടതില്ല എന്നതും വരട്ടുവാദമാണ്. നിരൂപകന് വേണ്ടത് അറിവാണ്. താൻ ഏത് വിഷയത്തേയാണോ വിമർശിക്കുന്നത് അതിൽ ആഴത്തിൽ അറിവുണ്ടാവുക പ്രധാനമാണ്. സംവിധാനം ചെയ്യാത്തയാൾക്കും തിരക്കഥ എഴുതാത്തയാൾക്കും അഭിനയിക്കാത്തയാൾക്കും സിനിമ നിരൂപകനാകാം. എന്നാൽ നല്ല സിനിമ എന്താണെന്ന് അറിയാത്തയാൾക്ക് നല്ലൊരു നിരൂപകനാകാൻ സാധ്യമാവില്ല. പക്ഷെ ഈ തിരിച്ചറിവ് സ്വയം ഉണ്ടാകേണ്ടതാണ്. അത് നമ്മുക്ക് അടിച്ചേൽപ്പിക്കാൻ കഴിയില്ല.

നിരൂപണം ഇല്ലാത്ത സുന്ദര സുരഭിലമായൊരു ലോകം സ്വപ്നം കാണുന്നത് ഏതായാലും ഒരു സംവിധായനെ സംബന്ധിച്ച് അത്ര നല്ല കാര്യമല്ല. അത് തനിക്ക് ഒരിക്കലും നല്ലതാവില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടാവേണ്ടതുണ്ട്. ഇതൊരാളുടെ മാത്രം പ്രശ്നമല്ല എന്നതുകൊണ്ടാണീ വിഷയം നമ്മുക്ക് പരിഗണിക്കേണ്ടിവരുന്നതുതന്നെ. അതുപോലെ, നിരൂപണം എന്നത് ഉത്തരവാദിത്വമുള്ള ജോലിയാണ് എന്ന ബോധ്യം ക്രിറ്റിക്കിനും ഉണ്ടാകണം. നിരൂപണം ഒരു വിയോജിക്കലാണ്. കുറ്റപ്പെടുത്തലല്ല. അത് മികവിലേക്കുള്ള പ്രയാണമാകണം. ക്രിയേറ്റവും ക്രിറ്റികും ശക്തരായി തുടരുമ്പോൾ മാത്രമാകും ഏതൊരു കലയും കൂടുതൽ ഉന്നതിയിലേക്ക് എത്തുക.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.