അമൃതില്ലാത്ത ദേവാരിയിൽ, സായൂബിൻ്റെ സങ്കടങ്ങൾക്കൊപ്പം

ഇന്ത്യയിലെ ഒരു ഹൈവേക്കരികിൽനിന്ന് ആരോ ഒരു ചിത്രം പകർത്തിയിരുന്നു.ചുട്ടുപൊള്ളുന്ന വെയിലിൽ മെലിഞ്ഞ്, ഉറച്ചശരീരമുള്ള ഒരാൾ ത​െൻറ സുഹൃത്തിനെ മടിയിൽ പിടിച്ചുനിൽക്കുകയാണ്. ഒരു ചുവന്ന ബാഗും പാതിയൊഴിഞ്ഞ കുപ്പിയും അടുത്തായി കിടപ്പുണ്ട്. സുഹൃത്തിന് തണലായി കുടപോലെ ചെരിഞ്ഞാണ് ഇയാളുടെ നിൽപ്. മുഖത്ത് ആശങ്ക നിഴലിട്ടിരിക്കുന്നു. സുഹൃത്തിെൻറ കണ്ണിൽ ജീവ​െൻറ തിളക്കം തിരയുകയാണയാൾ.

കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണ് സുഹൃത്ത്. എന്നാലും കായബലമുള്ളയാൾ. ടി ഷർട്ടും നിറംമങ്ങിയ ജീൻസുമാണ് വേഷം. എന്തോ കാര്യമായി ബാധിച്ചിട്ടുണ്ട്. ബോധമുണ്ടെന്ന് തോന്നുന്നില്ല. തലമുടി നനഞ്ഞുകുതിർന്ന് തലയോട്ടിയിൽ പതിഞ്ഞുകിടക്കുന്നു. അവിടെയിവിടെയായുള്ള രോമങ്ങൾ മുഖത്തെ മരണഛായക്ക് കൂടുതൽ ഇരുട്ട് നൽകുന്നുണ്ട്. കണ്ണുകൾ അടഞ്ഞുകിടക്കുന്നു, ഇരുണ്ട ചുണ്ടുകൾ പാതി തുറന്നും. വെള്ളക്കുപ്പി അടപ്പുതുറന്ന നിലയിലാണ്. കൈയിൽ വെള്ളമെടുത്ത് സുഹൃത്തിെൻറ വായിൽ ഇറ്റിച്ചുനൽകാനൊരുങ്ങുകയാണ്.

മേയിലാണ് ഇൗ ചിത്രം എെൻറ കണ്ണിൽ പതിയുന്നത്. ചിത്രം ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുന്ന കാലം. അനുബന്ധ വാർത്തകൾ സംഭവത്തെ കുറിച്ച് കൃത്യമായ വിശദീകരണം നൽകി. മധ്യപ്രദേശിലെ കൊളറാസ് ഗ്രാമത്തിൽനിന്ന് മേയ് 15ന് പകർത്തിയതായിരുന്നു ചിത്രം. ബാല്യകാല സുഹൃത്തുക്കളായ 22കാരനും മുസ്ലിമുമായ മുഹമ്മദ് സയൂബും 24കാരനും ദളിതനുമായ അമൃത് കുമാറുമായിരുന്നു ചിത്രത്തിൽ. ദളിതൻ എന്നത് ഒരുകാലത്ത് തീണ്ടിക്കൂടാത്തവർക്കുള്ള പദമായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ജാതി സംവിധാനത്തിൽ അക്രമവും വിവേചനവും ഏറെ അനുഭവിച്ചവർ.

തൊട്ടടുത്ത ആഴ്ചകളിൽ, ഇൗ ചിത്രം പങ്കുവെച്ച കാഴ്ചകളിലേക്ക് ഞാൻ പിന്നെയും തിരിച്ചെത്തി.

ഇന്ത്യയിലെ പത്രങ്ങൾ തിരഞ്ഞ് ഇരുവരുടെയും വിവരങ്ങൾ കണ്ടെത്തി. ഉത്തർ പ്രദേശിലെ ദെവാരിയെന്ന കൊച്ചുഗ്രാമത്തിൽനിന്നായിരുന്നു ഇരുവരുടെയും വരവ്. പശ്ചിമ തീരത്തെ നഗരമായ സൂറത്തിലായിരുന്നു ജോലി. കോവിഡിനെ പിടിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച ലോക്ഡൗണിൽ ജീവിതം വഴിമുട്ടി നാടുപിടിക്കാനിറങ്ങിയ അനേകരിൽ ഇരുവർ. ചിത്രം പിന്നെയും എന്നെ വേട്ടയാടാൻ തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിെൻറ തീവ്ര ഹിന്ദുത്വ കക്ഷിയായ ഭാരതീയ ജനത പാർട്ടിയും അധികാരത്തിലുള്ള കഴിഞ്ഞ ആറു വർഷം ഇന്ത്യയിൽ മനുഷ്യരുടെ അധമ വികാരങ്ങൾക്കു മേലുള്ള മറ പൂർണമായി നീക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സഭ്യതയും മനുഷ്യനന്മയും സഹിഷ്ണുതയും പോലുള്ള ആശയങ്ങൾ അരികിൽവെച്ച് പകരം സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ലിബറലുകൾ തുടങ്ങിയവർക്കെതിരെ മുൻവിധിയും വിദ്വേഷ പ്രസംഗവും തെറിവിളിയും നിറഞ്ഞ അധീശത്വപ്രകടനങ്ങളാണ് എങ്ങും. ടെലിവിഷൻ ചാനലുകൾ, സമൂഹ മാധ്യമങ്ങൾ, അതിൽതന്നെ ജനകീയത കൂടുതലുള്ള വാട്സാപ് തുടങ്ങിയവ നിറയെ വെറുപ്പ് ജയിക്കുന്ന സംസ്കാരത്തിെൻറ കാഴ്ചകൾ. കാരുണ്യവും സഹാനുഭൂതിയുമായി വല്ലവരും വന്നാൽ, പ്രകടനപരതയും ആളാവലും ആരോപിച്ച് അപമാനിക്കപ്പെടും.

വെറുപ്പിന് മേൽക്കൈയുള്ള പൊതുമണ്ഡലത്തിനു മേൽ ആകാശത്തുനിന്ന് വർഷിച്ച പുതുമഴയായി തോന്നി അമൃതി​െൻറയും സായൂബിെൻറയും ചിത്രം. അതിൽ നിറയുന്ന സൗഹൃദത്തിെൻറയും വിശ്വാസത്തിെൻറയും കരുതൽ എവിടെനിന്നോ എന്നിൽ നോവുനിറച്ചു. അവരുടെ ജീവിതം കൂടുതൽ പഠിക്കാമെന്നു തോന്നി.

ജൂൺ മാസത്തിൽ ഒരു രാവിലെ ന്യൂ ഡൽഹിയിൽനിന്ന് ദേവാരിയിലേക്ക് പുറപ്പെട്ടു. ഹൈവേ അസാധാരണമാം വിധം ശൂന്യമായിരുന്നു. ഇരുവശത്തും പാതിയിൽ നിൽക്കുന്ന അനേകം കെട്ടിടങ്ങൾ, മധ്യവർഗ ഉപഭോക്താക്കളുടെ തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ അവശിഷ്ടങ്ങളെന്നോണം, പൂർത്തിയാകാത്ത പതിനായിരക്കണക്കിന് അപാർട്ട്മെൻറുകൾ.

മനോഹരമായ പുതിയ ഹൈേവക്കരികിലെ ആളൊഴിഞ്ഞ കൊച്ചുപട്ടണങ്ങളും വിശാലമായ നെൽപാടങ്ങളും. അലിഗഢിലേക്കുള്ള ഒരു എക്സിറ്റ് പിന്നിട്ടപ്പോൾ 90കളിൽ അഞ്ചു വർഷം കഴിച്ചുകൂട്ടിയ ഒരു പഴയ യൂനിവേഴ്സിറ്റിയുടെ ഒാർമകൾ തികട്ടിവന്നു. അതിനിടെ, റേഡിയോയിൽ ഒഴുകിയെത്തിയ വാക്കുകൾ ഒരു സ്വകാര്യ യൂനിവേഴ്സിറ്റിയുടെ മധുര മനോഹര വാഗ്ദാനങ്ങൾ പങ്കുവെച്ചു. അവയെ കുറിച്ച് എനിക്ക് നന്നായറിയാം; നിങ്ങളുടെ വർഷങ്ങളും പണവും അവർ പരമാവധി ഉൗറ്റിയെടുക്കും, എന്നിട്ട്, ലോകത്തിനു മുന്നിൽ എഴുന്നുനിൽക്കാൻ ശേഷിയില്ലാത്തവരായി പാതിവഴിയിൽ നിങ്ങളെ ഇേട്ടച്ചുപോകുകയും ചെയ്യും.

നിങ്ങളെ പരുവപ്പെടുത്തിയ പ്രകൃതിദൃശ്യങ്ങളിലൂടെയുള്ള യാത്ര എപ്പോഴും ഒാർമകളെ പലതട്ടുകളായി തിരിെക തരും. 2000 ത്തിെൻറ തുടക്കത്തിൽ ഒരു റിപ്പോർട്ടറായി ഇൗ നിരത്തുകളിൽ ഞാൻ എത്ര സഞ്ചരിച്ചിട്ടുണ്ട്^ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ച സംവാദങ്ങൾ, ഇന്ത്യയിൽ പുതിയതായി ലഭിച്ച സമ്പത്തും അതുസൃഷ്ടിച്ച അസമത്വങ്ങളും അമേരിക്ക അതിവേഗം വളർന്ന 1920കളുമായുള്ള താരതമ്യങ്ങളും, അവസര സമത്വത്തെ കുറിച്ചും തുല്യ പൗരത്വത്തെ കുറിച്ചും പിന്നെ ജാതിയുടെ പേരിലെ അക്രമങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ...

പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ഇൗ കാലം 2014ലെ തെരഞ്ഞെടുപ്പോടെ അതിവേഗമാണ് ഹിന്ദുത്വ ഭൂരിപക്ഷവാദത്തിനും തീവ്ര ദേശീയതക്കും വഴിമാറിയത്. ചുരുങ്ങിയ വർഷങ്ങൾക്കിടെ സാമ്പത്തിക വളർച്ചയെ കുറിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പോലും മരീചികയെന്ന് തെളിഞ്ഞു.

ഹൈവേ സരയൂനദിക്കു കുറുകെയുള്ള കൂറ്റൻ പാലം കടന്ന് പച്ചപ്പുപടർന്ന നെൽപാടങ്ങളും അരികിൽ കൂട്ടിയിട്ട ഉണക്ക ചാണകവും പിന്നിട്ട് എത്തിയത് അയോധ്യയിലെ ക്ഷേത്ര നഗരത്തിൽ. അവിടെയാണ്, രാമ​െൻറ ജന്മസ്ഥലമെന്നാരോപിച്ച് 16ാം നൂറ്റാണ്ടോളം പഴക്കമുള്ള ഒരു പള്ളി ഹിന്ദുത്വ ആൾക്കൂട്ടം നാമാവശേഷമാക്കിയത്. പതിറ്റാണ്ടുകളായി, മോദിയുടെ കക്ഷി രാമക്ഷേത്ര നിർമാണത്തിനായി തീവ്ര പ്രചാരണത്തിലായിരുന്നു. ഭൂരിപക്ഷാധിപത്യ രാജ്യമാക്കി ഇന്ത്യയെ പരിവർത്തിപ്പിക്കാനുള്ള നീക്കത്തിൽ നിർണായകമായ ചുവടു കുറിച്ച്, കഴിഞ്ഞ നവംബറിൽ സുപ്രീം കോടതിയും ക്ഷേത്രത്തിന് അനുമതി നൽകി. അടുത്ത ദിവസം മോദി ഇവിടെ തറക്കല്ലിടാൻ പോകുകയാണ്.

ഹിന്ദുത്വ ദേശീയത പദ്ധതിയോടുള്ള സമർപണത്തിന് പുറമെ, നാടകീയമായ നയ പ്രഖ്യാപനങ്ങളാണ് മോദി ഭരണത്തിെൻറ പ്രധാന സവിശേഷതകളിലൊന്ന്^ കശ്മീർ മുതൽ കറൻസി വരെ. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച ചർച്ചക്കു പോലും പ്രസക്തിയുണ്ടാകാറില്ല.

ഇതുതന്നെയായിരുന്നു മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴത്തെയും കാഴ്ച. നാലു മണിക്കൂർ മാത്രം ഇടവേള നൽകി ഫാക്ടറികൾ, ഒാഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി എല്ലാം അടച്ചിട്ടു. 600 പേർക്ക് മാത്രമായിരുന്നു അന്ന് വൈറസ് ബാധയെന്നോർക്കണം. ഇന്നാകെട്ട, 16 ലക്ഷത്തിൽ എത്തിനിൽക്കുന്നു.

ഇന്ത്യയിലെ പാവങ്ങളുടെ തലയിൽ ഹാമർ കൊണ്ട് അടിക്കുംപോലെയായിരുന്നു ലോക്ഡൗൺ വന്നുവീണത്. തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ^92 ശതമാനവും^ അത്യപകടകരമായ ജീവിതമാണ് നയിച്ചുപോരുന്നത്. അന്നന്നത്തെ തൊഴിലിന് കൂലി കിട്ടും, തൊഴിൽ സുരക്ഷയോ കരാറുകളോ ഇല്ല. അവധിക്ക് കൂലിയില്ല, ആരോഗ്യ പരിരക്ഷയോ ആനുകൂല്യങ്ങളോ തെല്ലുമില്ല. ദൂരെ, ഏറെ ദൂരെ ചെന്ന് ഉപജീവനം തേടുന്നവർ. ഡിക്കൻസിയൻ കുടിലുകളിൽ രാപാർത്ത്, കിട്ടുന്നതിലധികവും നാട്ടിലെ കുടുംബങ്ങളുടെ അരച്ചാൺ വയറ്റിലെ വിശപ്പിെൻറ വിളി മാറ്റാൻ അയച്ചുകൊടുക്കുന്നവർ.

ലോക്ഡൗൺ ആഴ്ചകളിലേക്ക് നീണ്ടുപോയതോടെ, നിർമാണ കേന്ദ്രങ്ങളിലും ഇഷ്ടികക്കളങ്ങളിലും, ഖനികളിലും ഫാക്ടറികളിലും, േഹാട്ടലുകളിലും റസ്റ്റൊറൻറുകളിലും പിന്നെ മറ്റനേകം ഇടങ്ങളിലും ജോലിയെടുത്തവർക്കും തെരുവ് കച്ചവടക്കാർക്കും ഒരു നേരം ഭക്ഷണം കഴിക്കാനോ വാടക നൽകാനോ ഒന്നും അവശേഷിപ്പുണ്ടായിരുന്നില്ല.

പിന്നെ, അഭയം ലഭിക്കുമെന്ന ഏക പ്രതീക്ഷ പിറന്ന നാട്ടിലായിരുന്നു, അവർ വിേട്ടച്ചുപോന്ന ഗ്രാമം. വൈറസിനെ പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ കേന്ദ്ര സർക്കാരാകെട്ട, ട്രെയിനുകളും ബസുകളും നിർത്തിവെച്ച് അവർ നാടുവിടാതെ തടഞ്ഞുവെക്കാനായിരുന്നു തിടുക്കം കാട്ടിയത്.

വഴിയാധാരമായ ലക്ഷങ്ങൾ സർക്കാർ തിട്ടൂരങ്ങൾ മറന്ന് നിരത്തിലിറങ്ങി. സ്വന്തം നാട്ടിലേക്കായിരുന്നു അവരുടെ യാത്ര^ അങ്ങനെ ലോകത്തെ ആദ്യ കോവിഡ് അഭയാർഥികളുടെ പിറവിയായി. മേയ്^ ജൂൺ മാസങ്ങളിൽ രാജ്യത്തെ മഹാദരിദ്രരായ പതിനായിരങ്ങളുടെ യാത്ര 1947ലെ വിഭജന കാലത്തെ പലായനത്തിെൻറ ഛായ നൽകി. എെൻറ മനസ്സിൽവന്നത് ജോൺ സ്റ്റീൻബെകിെൻറ 'ദി ഗ്രെയ്പ്സ് ഒാഫ് റാഥും' ഡസ്റ്റ് ബൗളിൽനിന്ന് കാലിഫോർണിയയിൽ ഭാഗ്യം തേടിപ്പുറപ്പെട്ട ഒക്ലഹോമയിലെ കർഷകരുമായിരുന്നു. ഇവിടെ പക്ഷേ, പട്ടിണി അടയാളപ്പെട്ട ഗ്രാമങ്ങളിലേക്കാണ് മടക്കമെന്ന വ്യത്യാസമുണ്ട്.

ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ട ദശലക്ഷങ്ങളിൽ പെട്ടവരായിരുന്നു അമൃതും സായൂബും. 920 മൈൽ അകലെ ദേവാരിയിലായിരുന്നു അവർക്ക് എത്തേണ്ടത്. ഹൈേവക്കരികിൽ കത്തിയെരിയുന്ന മണ്ണിൽ ഇൗ ദുഃസ്ഥിതിയിൽ പെടുത്തിയത് മോദിയുടെ തീരുമാനവും.

അയോധ്യ പിന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞുകാണും. ഞാൻ ഹൈവേയിൽനിന്ന് മാറി സായൂബിെൻറ സ്വന്തം ഗ്രാമത്തിൽ യാത്ര നിർത്തി. സ്വന്തം സ്കൂട്ടറിൽ വഴികാട്ടിയായി പിന്നെ അവൻ മുന്നിൽ. മണ്ണും ഇഷ്ടികയും കൊണ്ടുള്ള വീടുകളാണ് ദേവാരിയിൽ. നിറയെ നെൽപാടങ്ങളും കരിമ്പിൻ തോട്ടങ്ങളും. കുട്ടികൾ അലഞ്ഞുനടക്കുന്നു, പശുക്കളും പോത്തുകളും മേഞ്ഞുനിൽപുണ്ട്. മേഞ്ഞുനടക്കുന്ന കൂട്ടങ്ങളുടെ കാൽപനികത ഒാരോ സന്ദർശകെൻറയും വിഭൂതിയാണ്. പക്ഷേ, ഇന്ത്യൻ ഗ്രാമങ്ങൾ പങ്കുവെക്കുന്നത് കടുത്ത യാഥാർഥ്യങ്ങൾ.

വിശാലമായി ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങൾ ഗ്രാമീണ ഇന്ത്യയുടെ സമൃദ്ധിയെ അറിയിക്കേണ്ടതായിരുന്നു. പക്ഷേ, അവിശ്വസനീയമാകാം, ഗ്രാമീണരുടെ സമ്പാദ്യം തുലോം തുഛമാണ്. ഗോതമ്പും അരിയും കടുകുമായി ഇവർക്ക് ലഭിക്കുന്ന സമ്പാദ്യം ഒരു വർഷം മുഴുക്കെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മതിയാകില്ല. സായൂബിെൻറ കുടുംബത്തിെൻറ സമ്പാദ്യം ഒരു ഏക്കറിെൻറ മൂന്നിലൊന്നാണ്. പിതാവ് മരിച്ചാൽ രണ്ടു സഹോദരൻമാർക്കും അവനുമിടയിൽ തുല്യമായി ഭാഗിക്കും. അമൃതിന് അത്രയുമില്ല, ഒരു ഏക്കറിെൻറ അഞ്ചിലൊന്നു മാത്രം.

ഒരു സാധാരണ വീട്ടിെൻറ മുറ്റത്ത് ഞാനും സായൂബുമിരുന്നു. ചാരെയായി, മൂന്ന് ആടുകളുണ്ട് ഒരു ഛാർപായിയിൽ വിശ്രമിക്കുന്നു. അവൻ അഞ്ചിൽ പഠിക്കുേമ്പാഴാണ് കടുത്ത പുറംവേദനയുടെ രൂപത്തിൽ പിതാവിന് അവശതയെത്തുന്നത്. മൂത്ത രണ്ടു സഹോദരൻമാരും മുംബൈയിലേക്ക് തൊഴിൽ തേടി വണ്ടികയറി. അവൻ വീട്ടുജോലികളിൽ സഹായിച്ച് നാട്ടിൽതങ്ങി. താൽപര്യമില്ലായിരുന്നെങ്കിലും സ്കൂളിലും പോയി. അയൽക്കാരനായ അമൃതുമൊത്ത് കറക്കമായിരുന്നു പ്രധാനം. പുതിയകാല രാഷ്ട്രീയ സംവാദങ്ങളുടെ സ്വഭാവം അങ്ങനെയല്ലെങ്കിലും ഇന്ത്യയിൽ മതങ്ങൾക്കിടയിലെ സൗഹൃദവും സാധാരണം.

ആദ്യം പുറപ്പെട്ടത് അമൃതായിരുന്നു. കൃഷിപ്പണിയും നിർമാണ കേന്ദ്രങ്ങളിൽ േജാലിയുമുണ്ടായിട്ടും അഞ്ചു മക്കളടങ്ങിയ കുടുംബം അരിഷ്ടിച്ചാണ് കഴിഞ്ഞുപോന്നത്. അങ്ങനെ ഹൈസ്കൂളിൽ പഠനം നിർത്തിയ അമൃത് സൂറത്തിലേക്ക് പുറപ്പെട്ടു.

അറബിക്കടലിെൻറ ഒാരം ചേർന്ന് തിരക്കിലമർന്ന വ്യവസായ നഗരമാണ് സൂറത്ത്. ടെക്സ്റ്റൈൽ വ്യവസായം, വജ്ര സംസ്കരണം തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തം. 45 ലക്ഷം ജനസംഖ്യയുള്ള പട്ടണത്തിൽ അനേകലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ ഉപജീവനം തേടുന്നു. വസ്ത്ര, സാരി നിർമാണ ഫാക്ടറിയിലായിരുന്നു അമിതിന് ജോലി.

ദീപാവലി അവധിയിൽ ഫാക്ടറി അടക്കുേമ്പാൾ അമിത് നാട്ടിലേക്ക് മടങ്ങും. സുഹൃത്തുമൊത്ത് പഴയ ഒാർമകളുമായി കറങ്ങി നടക്കും. സമീപത്തെ നിർമാണ സ്ഥലത്തായിരുന്നു സായൂബിന് അപ്പോൾ ജോലി. സൂറത്തിൽ േജാലി കണ്ടെത്താമെന്ന നിരന്തര പ്രലോഭനവുമായി അമൃത് വട്ടംകൂടി.

കൃത്യം കണക്കുകളറിയില്ലെങ്കിലും 10 കോടിയെങ്കിലും കാണും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെന്നാണ് ഏകദേശ കണക്ക്. കൊടിയ ദാരിദ്ര്യം വാഴുന്ന വടക്കേ ഇന്ത്യയിൽനിന്നാണ് ഇവരിലേറെയും വരുന്നത്. രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖലകളിൽ നിർമാണ, സേവന രംഗങ്ങൾ സജീവമായ സംസ്ഥാനങ്ങൾ, ദേശീയ തലസ്ഥാനമായ ഡൽഹി, ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന സംസ്ഥാനങ്ങൾ എന്നിവയാണ് അവരുടെ ആശ്രയം.

സായൂബിനും മറ്റു പോംവഴികളില്ലായിരുന്നു. 2015ലെ ഒരു തണുത്ത ദിവസം അമൃതിനൊപ്പം അവനും നാടുവിട്ടു. 36 മണിക്കൂർ െട്രയിൻ യാത്രക്കൊടുവിൽ അവൻ സൂറത്തിലെത്തി. അമൃതിെൻറ ഫാക്ടറിക്കടുത്ത് 2,000 രൂപ വാടകക്ക് ഇരുവരും ചേർന്ന് ഒരു മുറി വാടകക്കെടുത്തു. ദിവസങ്ങൾ കഴിഞ്ഞ് സായൂബിനും േജാലിയായി. നൂലുണ്ടാക്കുന്ന കമ്പനിയായിരുന്നു.

രാവിലെ ഏഴിന് ജോലി തുടങ്ങും. ഉച്ചവിശ്രമം കഴിഞ്ഞ് രാത്രി ഏഴുവരെ തുടരും. റൂമിലെത്തി ഭക്ഷണത്തിന് ഒരു മണിക്കൂർ. രാത്രി എട്ടുമണിക്ക് തിരിച്ചെത്തും. നാലു മണിക്കൂർകൂടി ജോലി^ അർധരാത്രി വരെ. ആറു മണിക്കൂർ ഉറക്കം. 16 മണിക്കൂറായിരുന്നു ഷിഫ്റ്റ്. അവനു പക്ഷേ, അതിൽ വിഷമമുണ്ടായിരുന്നില്ല.

സൂറത്തിലെത്തിയപ്പോൾ, താൻ മുസ്ലിമായത് വില്ലനാകുമോ എന്ന ഭയം അവനെ അലട്ടി. മോദിയുടെ സ്വന്തം സംസ്ഥാനവും ഹിന്ദുത്വ ദേശീയതയുടെ കോട്ടയുമാണ് ഗുജറാത്ത്. അവിടെ കഴിച്ചുകൂട്ടിയ അഞ്ചു വർഷവും ഇന്ത്യയിലുടനീളം നടക്കുന്ന മുസ്ലിം വേട്ടയുടെ കഥകൾ അവൻ വായിച്ചു. ഫാക്ടറിയിൽ രാഷ്ട്രീയം മിണ്ടിയില്ല. ''ആരും എന്നെ ഉപദ്രവിച്ചില്ല. ജോലിക്ക് കൂലിയും കിട്ടി''^ സായൂബ് പറയുന്നു.

ഞായറാഴ്ചകളിൽ അമൃതും സായൂബും ചേർന്ന് വസ്ത്രങ്ങൾ അലക്കിയിടും. പട്ടണക്കാഴ്ചകൾ കാണും. മൊബൈൽ ഫോണിൽ സിനിമ കാണും. വാർത്ത വായിക്കും. ''അമൃത് ഇടക്ക് ഒരു സ്പീക്കർ വാങ്ങി. ഞങ്ങൾ ഇരുവരും ചേർന്ന് തലയിണക്കരികെ വെച്ച് പാട്ടുകേൾക്കും''. പ്രതിമാസം 15,000 രൂപയായിരുന്നു ഇരുവർക്കും വരുമാനം. തുക നാട്ടിൽ മാതാപിതാക്കൾക്ക് അയച്ചുകൊടുക്കും. പതിയെ കൂരയിൽനിന്ന് ഒറ്റമുറി ഇഷ്ടിക വീട്ടിലേക്ക് മെച്ചപ്പെട്ടതിെൻറ സന്തോഷത്തിലായിരുന്നു സായൂബ്. സഹോദരിയുടെ വിവാഹം അടുത്തെത്തിയതിനാൽ അതിന് പണം സ്വരൂപിക്കലായിരുന്നു അടുത്ത ലക്ഷ്യം.

മാർച്ച് 25ന്, മോദി ലോക്ഡൗൺ പ്രഖ്യാപിച്ചതിെൻറ പിറ്റേന്ന് ഫാക്ടറി അടക്കുകയാണെന്ന് ഉടമകൾ അറിയിച്ചു. അടച്ചിടുന്ന കാലത്ത് വേതനമുണ്ടാകില്ലെന്നും അറിയിച്ചു. അരിയും ധാന്യങ്ങളും ഒപ്പം 1,500 രൂപയും സായൂബിന് മുതലാളിയുടെ വക ലഭിച്ചു. അരിയും ധാന്യങ്ങളും മാത്രമായിരുന്നു അമൃതിന് ലഭിച്ചത്, പണം കിട്ടിയില്ല.

ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയതൊഴികെ ഇരുവരും മുറിയിൽ തന്നെ കഴിച്ചുകൂട്ടി. ഏറെ നേരം സംസാരിച്ചിരിക്കും. വിഡിയോകൾ കാണും. അമൃതിന് സഹോദരിയുടെ വിവാഹത്തെ കുറിച്ച് എത്ര പറഞ്ഞിട്ടും മതിവരാത്ത നാളുകൾ.

പതിയെ മഹാമാരി ഇന്ത്യ കീഴടക്കുന്നതായി അവർ വാർത്തകളിലറിഞ്ഞു. ഭക്ഷണം കിട്ടാതെ തൊഴിലാളികൾ വലയുന്നതും നാട്ടിലേക്ക് മടങ്ങാനുള്ള അവരുടെ തിടുക്കങ്ങളും പിന്നെ മറ്റനേകം വാർത്തകളും. സൂറത്തിൽ പൊലീസ് തൊഴിലാളികളെ വിരട്ടുന്നതും അറസ്റ്റ് നടപടികളും അവർ നടുക്കത്തോടെ കണ്ടു, വായിച്ചു. നിരാശ നിഴലിച്ച മുഖങ്ങളുമായി നാട്ടിലേക്ക് നടന്നുനീങ്ങുന്ന തൊഴിലാളികൾ. കോവിഡ് പിടിച്ച് മരിക്കുന്നവരെ കുഴിയെടുത്ത് അതിലേെറ തള്ളുന്നതിെൻറ ദൃശ്യങ്ങൾ. വലിയ വീടുകളിൽ കഴിയുന്നവരായിട്ടും, സ്വകാര്യ ആശുപത്രികളിൽ ചികിത്സ താങ്ങാനാകാതെ മടക്കി അയക്കപ്പെടുന്നവർ.

മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ ഒരു ശതമാനത്തിലേറെ മാത്രമാണ് ഇന്ത്യൻ സർക്കാർ ആരോഗ്യ പരിരക്ഷക്ക് നൽകുന്നത്^ ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്ക്. സൗജന്യ ചികിത്സ ലഭിക്കുന്നത് സ്വന്തം നാട്ടിൽ മാത്രവും. ചികിത്സ ചെലവ് താങ്ങാനാകാതെ ഒാരോ വർഷവും പട്ടിണിയിലാകുന്നത് 6.3 കോടി ഇന്ത്യക്കാർ.

'നമുക്കും നാട്ടിലേക്ക് മടങ്ങണം''^ സായൂബ് പറഞ്ഞൂ. കടുത്ത സമ്മർദങ്ങൾക്കൊടുവിൽ മേയ് ഒന്നിന് കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. നാട്ടിനടുത്തെ സ്റ്റേഷനുകളായ ബസ്തിയിലേക്കോ ഗോരഖ്പൂരിലേക്കോ ഇരുവർക്കും ടിക്കറ്റ് തരപ്പെടുത്താൻ ഏജൻറിനെ ഏർപാടാക്കി. പണവും നൽകി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പണം പോയത് മിച്ചം.

ലോക്ഡൗൺ പ്രഖ്യാപിച്ച് 51 ദിവസം പിന്നിട്ടിരുന്നു. സമ്പാദ്യം ഏറെയും തീർന്നു. എങ്ങനെയും നാട്ടിലേക്ക് മടങ്ങാതെ തരമില്ല. അതിനിടെയാണ് യു.പിക്കാരായ കുറെ പേരെ ഇരുവരും പരിചയപ്പെടുന്നത്. 4,000 രൂപ നൽകിയാൽ നാട്ടിലെത്തിക്കുന്ന ട്രക്ക് ഡ്രൈവറുണ്ടെന്ന് അറിഞ്ഞു.

ദേശീയ പാത 48ൽ ആളൊഴിഞ്ഞ ഇടത്ത് ട്രക്ക് നിർത്തിയിട്ടുണ്ടാകും. അങ്ങനെ, രാത്രി ഒമ്പതു മണിയോടെ മുറിപൂട്ടി ഇറങ്ങി. 15 മൈൽ നടന്നു. കൂടെ 60 പേർ കൂടിയുണ്ട്. പുലർച്ചെ രണ്ടു മണിയോടെ ട്രക്ക് എത്തി.

മാടുകളെ കുത്തിനിറച്ചപോലെയായിരുന്നു ആളുകളെ കയറ്റിയത്. എന്നിട്ടും, 12 പേർ ബാക്കിയായി. ഡ്രൈവറുടെ കാബിെൻറ മുകളിൽ കയറിയിരിക്കാനായിരുന്നു ഇരുവരുമുൾപെടെ 12 പേർക്ക് നിർദേശം. നാട്ടിലേക്കല്ലേ, സഹിക്കാമെന്നുവെച്ച് രണ്ടു പേരും കയറി. ഉറക്കം വന്നെങ്കിലും കഥകൾ പറഞ്ഞ് അങ്ങനെ ഇരുന്നു.

പ്രഭാതം പുലരുേമ്പാൾ മധ്യപ്രദേശിലെത്തിയിരുന്നു. നിറയെ കാടുകളും വന്യജീവി പാർക്കുകളുമുള്ള രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. റുഡ്യാർഡ് കിപ്ലിങ്ങിന് 'ജംഗിൾ ബുക്ക്' എഴുതാൻ പ്രേരണയായ സംസ്ഥാനം. കോളറാസിലെത്തിയപ്പോൾ അമൃത് സായൂബിനെ വിളിച്ചുപറഞ്ഞു. 'എനിക്ക് തണുക്കുന്നു' പനിക്കുകയാണെന്ന് തോന്നുന്നു'. ഒരു ഫാർമസി കണ്ടാൽ ട്രക്ക് നിർത്താൻ പറയാമെന്ന് ആശ്വസിപ്പിച്ചു. ട്രക്ക് പിന്നെയും മുന്നോട്ടുപോയി. അമൃത് വല്ലാതെ വിറച്ചു. ശരീരോഷ്മാവ് കുത്തനെ ഉയരുന്നു. അമൃതിന് ആശ്വാസമാകാൻ ഇരുവരും താഴോട്ടിറങ്ങി.

വൈകിയില്ല, അമൃത് ചുമക്കാനും വിയർക്കാനും തുടങ്ങി. ചുമ കേട്ട യാത്രികർ അമൃതിന് കോവിഡ് പിടിച്ചെന്ന് ബഹളം വെക്കാൻ തുടങ്ങി. 'കൊറോണ പിടിക്കാതിരിക്കാനാ ഞങ്ങൾ നാട്ടിലേക്ക് മടങ്ങുന്നത്. ഇവൻ ഞങ്ങൾക്ക് കൂടി അസുഖം തരും. അവൻ കാരണം ഞങ്ങൾക്ക് മരിക്കാനാകില്ല''^ പരാതികൾക്ക് കനം കൂടി.

ഡ്രൈവർ ട്രക്ക് നിർത്തി. അമൃത് ഇറങ്ങണമെന്നായി സഹയാത്രികർ. സമീപത്തെ ആശുപത്രി വരെയെങ്കിലും കനിവ് കാട്ടണമെന്ന് സായൂബ് ഡ്രൈവറോടും യാത്രക്കാരോടും കെഞ്ചി. പക്ഷേ, അതുമാത്രമുണ്ടായില്ല.

'അവൻ ഇറങ്ങെട്ട. നീ കൂടെ പോന്നോളൂ' എന്നായി ഡ്രൈവർ.

'അമൃതിനെ ഒറ്റക്ക് ഉപേക്ഷിക്കാനില്ലെന്ന് സായൂബ് കട്ടായം പറഞ്ഞു. ഇരുവരും ബാഗുകളും പെറുക്കി താഴെയിറങ്ങി.ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു മരത്തണൽ പോലുമില്ലാതെ ഇരുവരും വഴിയരികിലിരുന്നു. അനേകം തൊഴിലാളികൾ അവരെയും കടന്നുപോയി. നിരവധി കാറുകളുടെ അകമ്പടിയിലെത്തിയ ഒരു രാഷ്ട്രീയക്കാരൻ ഇരുവർക്കും ഭക്ഷണവും വെള്ളവും നൽകി. അമൃത് മനസ്സിലാകാത്ത ഭാഷയിൽ പിറുപിറുക്കുന്നുണ്ടായിരുന്നു. അവെൻറ ശരീരോഷ്മാവ് പിന്നെയും ഉയരുകയാണ്^ ശരിക്കും വെന്തുപോകുന്ന ചൂട്. വെള്ളമെടുത്ത് തലയിലൊഴിച്ചുകൊടുത്തു, ഇത്തിരി ശമനം ലഭിച്ചാലോ. രാഷ്ട്രീയക്കാരനെ വിളിച്ച് ഒരു ആംബുലൻസിന് ആവശ്യപ്പെട്ടു. കാത്തിരിപ്പിെൻറ സമയത്തൊക്കെയും അമൃതിനെ മടിയിൽ കിടത്തി താലോലിച്ചു. നനഞ്ഞ തൂവാല കൊണ്ട് നെറ്റിയിൽ തടവി. ചുണ്ടിൽ വെള്ളം നനച്ചുകൊടുത്തു. ഇതിനിടെയാണ് ഉറ്റ സുഹൃത്തുക്കളുടെ ഫോേട്ടാ ആരോ പകർത്തിയത്.

ആംബുലൻസ് എത്തി ഇരുവരുമായി സമീപത്തെ ആശുപത്രിയിലേക്ക് പറന്നു. അമൃതിെൻറ ബ്ലഡ് ഷുഗർ കുറഞ്ഞ് ശരീരോഷ്മാവ് ഉയർന്നിട്ടുണ്ട്. സൂര്യാഘാതമാകാമെന്ന് ഡോക്ടർ സംശയം പറഞ്ഞു. നിർജലീകരണം കുറക്കാൻ വായിലൂടെ മരുന്ന് നൽകി. പക്ഷേ, അവെൻറ ബോധം മങ്ങുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് 15 മൈൽ അകലെ ശിവപുരിയിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. പരിശോധിച്ച ഡോക്ടർമാർ ഉടൻ െഎ.സി.യുവിലേക്ക് മാറ്റി.

ആശുപത്രിയിൽ വെച്ച് സായൂബ് അമൃതിെൻറ പിതാവിനെ ഫോണിൽ വിളിച്ചു. വിവരമറിഞ്ഞതോടെ ആധിയിലായ പിതാവ് രാം ചരൺ ബസ്തിയിൽ ജില്ലാ അധികൃതരെ കാണാൻ ചെന്നു. യു.പിയിൽ അന്യ സംസ്ഥാനങ്ങളിലേക്ക് അനുമതിയില്ലാതെ യാത്ര നിരോധിക്കപ്പെട്ടതാണ്. മകനെ കാണാൻ ശിവപുരിയിലേക്ക് പോകാൻ അനുവാദം തേടിയെങ്കിലും നിരസിക്കപ്പെട്ടു.

െഎ.സി.യുവിൽ അമൃതിന് കൂട്ടിരിപ്പായി സായൂബ് മാത്രം. അതിനിടെ, ഇരുവരെയും കോവിഡ് പരിശോധന നടത്തി. ഫലമറിയും വരെ ക്വാറൻറീനിൽ കഴിയണമെന്നായി പിന്നീടുള്ള നിർദേശം. സൂറത്ത് കാലത്ത് മൊബൈൽ േഫാണിൽ വാർത്തകളിൽ വായിച്ച പോലെ സുഹൃത്ത് മരിക്കുന്നതും മൃതദേഹം കുഴിയെടുത്ത് അതിലേക്ക് വലിച്ചെറിയുന്നതുമുൾപെടെ ദുഃസ്വപ്നങ്ങളായിരുന്നു ഇൗ സമയം സായൂബിെൻറ പാതിയടഞ്ഞ കണ്ണുകളിൽ. സുഹൃത്തിനെ ആശുപത്രിയിൽ മരണം വന്നുവിളിച്ചാൽ കുടുംബത്തിന് ഒരു നോക്ക് കാണാൻ പോലുമാകാത്ത സാഹചര്യമുണ്ടാകുമോ എന്നും അവൻ ഭയന്നു.

പുലർച്ചെ മൂന്നുമണിയോടെ പെെട്ടന്ന് മനസ്സ് വിങ്ങാൻ തുടങ്ങി. 'അമൃത് ലോകത്തോടു വിടപറഞ്ഞെന്ന് മനസ്സ് െമാഴിയും പോലെ''.

രാവിലെ വന്ന ഒരു നഴ്സ് താൻ ഭയന്നത് സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന്അവൻ കെഞ്ചി.

എന്നാൽ, കോവിഡ് പരിശോധന ഫലം കാത്തിരിക്കാനായിരുന്നു നിർദേശം. രണ്ടു ദിവസത്തെ കാത്തിരിപ്പിനിടെ അവന് ഒറ്റ പ്രാർഥന മാത്രം: ''യാ അല്ലാഹ്, പരിശോധന ഫലം വരുേമ്പാൾ അമൃതിന് നെഗറ്റീവ് ആക്കണേ''.^

മേയ് 18ന് ഫലം വന്നു. ഇരുവരും നെഗറ്റീവ്. പേപർ വർക്കുകൾ പൂർത്തിയാക്കി അമൃതിെൻറ മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചു. പക്ഷേ, ഒരു കുഴപ്പം, ആംബുലൻസിലെ ഫ്രീസർ പ്രവർത്തിക്കുന്നില്ല. സമയമേറെ കഴിഞ്ഞതോടെ അമൃതിെൻറ ശരീരം കൂടുതൽ ഇരുണ്ടു. തൊലിയും മാംസവും ഇളകിവീണുതുടങ്ങി.

ഇൗയവസ്ഥയിൽ ബന്ധുക്കളെ കാണിക്കാനാവില്ലെന്ന് തോന്നിയതോടെ രാം ചരണെ വിളിച്ച് വിവരം പറഞ്ഞു. ഗ്രാമത്തിലെ ശ്മശാനത്തിലേക്ക് നേരിട്ട് കൊണ്ടുപോകാമെന്ന് തീരുമാനിച്ചു.

യാത്രയിലുടനീളം പലരും വിളിച്ചെങ്കിലും േഫാൺ എടുക്കാതെ സുഹൃത്തിനരികെ അന്തിമോപചാരവുമായി സായൂബ് നിശ്ശബ്ദം ഇരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി അര മൈൽ അകലെ വീട്ടിലേക്ക് മടങ്ങുേമ്പാൾ വീണ്ടും ഫോൺ ബെല്ലടിച്ചു. അഹ്മദാബാദിൽനിന്നായിരുന്നു കോൾ. അന്ന് ട്രെയിൻ ടിക്കറ്റ് ഏൽപിച്ച ഏജൻറാണ്. ഗ്രാമത്തിലേക്ക് നാളെ െട്രയിനുണ്ടെന്ന് അറിയിക്കാൻ വിളിച്ചതാണ്.


അഞ്ചാഴ്ച കഴിഞ്ഞിരിക്കുന്നു. ഉള്ള സമ്പാദ്യവുമായി സായൂബ് മാതാപിതാക്കൾക്കൊപ്പം താമിച്ചുവരുന്നു. നാട്ടിൽ ജോലിയൊന്നുമില്ല. അമൃതിെൻറ കുടുംബത്തെ കുറിച്ചായിരുന്നു അവന് കൂടുതൽ ആധി. മാതാപിതാക്കൾ, നാല് പെൺമക്കൾ, 12 വയസ്സുള്ള സഹോദരൻ.

അമൃത് നാട്ടിൽ നിർമിച്ച ഇഷ്ടിക വീട്ടിൽ രണ്ട് മുറികളാണുള്ളത്. വീടിനോട് ചേർന്ന് ഒരു പശുവും ഒരു പോത്തും കെട്ടിയിട്ടിട്ടുണ്ട്. അമൃതിെൻറ നഷ്ടം ആ കുടുംബത്തെ ശരിക്കും വഴിയാധാരമാക്കി. എല്ലും തോലുമായ പിതാവ് രാം ചരണ് വാക്കുകൾ മുറിയുന്നു. സഹോദരിയുടെ വിവാഹം മാറ്റിവെച്ചതാണ്. സഹായിക്കാൻ നാട്ടുകാരും വഴികൾ തേടുന്നുണ്ട്.

കടപ്പാട്: nytimes.com മൊഴിമാറ്റം: കെ.പി. മൻസൂർ അലി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.