സായുധ സംഘട്ടനങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 2023ൽ 72 ശതമാനം വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ വോൾകർ ടർക്ക് യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ 56ാമത് കാര്യനിർവഹണ യോഗം ജനീവയിൽ ഉദ്ഘാടനം ചെയ്തത്. കുട്ടികളെ വെടിവെച്ചുകൊല്ലുന്നതും ആശുപത്രികൾ ബോംബിട്ടു തകർക്കുന്നതും വാര്ത്തയല്ലാതായിരിക്കുന്നു.
മേയ് ആദ്യവാരം ഇസ്രായേലി സേന റഫയിൽ ബോംബാക്രമണം തീക്ഷ്ണമാക്കിയതോടെ ഏതാണ്ട് 10 ലക്ഷം ഫലസ്തീനികളാണ് കുടിയൊഴിപ്പിക്കപ്പെട്ടതത്രെ! ഈ സമയത്ത് ഗസ്സയിലേക്കുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സഹായവും നിലച്ചുപോയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘട്ടനങ്ങൾ രൂക്ഷമാണ്.
സുഡാൻ, യുക്രെയ്ൻ -റഷ്യ, റിപ്പബ്ലിക് ഓഫ് കോംഗോ, സിറിയ, ലബനാൻ, ഗസ്സ… എന്നിങ്ങനെ ചിത്രം നീണ്ടുപോകുന്നു. ഇതിനിടയിൽ മനുഷ്യാവകാശങ്ങൾക്കായി നാം ചെലവിടുന്ന തുക കഴിഞ്ഞ മേയ് മാസത്തോടെ 40.8 ബില്യൺ ഡോളർ കുറഞ്ഞതായി വോൾകർ ടർക് ചൂണ്ടിക്കാട്ടുന്നു; എന്നാൽ, യുദ്ധത്തിന്റെ കാര്യത്തിൽ ചെലവ് വർധിച്ചിരിക്കുന്നു.
2023ൽ ചെലവിട്ടത് 2.5 ട്രില്യൺ ഡോളറാണ്. 2022ലേതിനേതിനെക്കാൾ 6.8 ശതമാനം കൂടുതലാണിത്.
യു.എസും, ബ്രിട്ടനും, ഫ്രാൻസുമെല്ലാം സദാ മനുഷ്യാവകാശങ്ങളെക്കുറിച്ചും സമാധാന ദൗത്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എന്നാൽ, യുദ്ധം തുടങ്ങുന്നതോടെ അവർ ബോംബുകളും മറ്റു പടയായുധങ്ങളും കയറ്റിയയക്കുകയും പക്ഷം ചേരുകയും ചെയ്യുന്നു.
ഈയിടെ ബ്രിട്ടനിലെ ‘ദ ഗാർഡിയൻ’ പത്രത്തിന്റെ നിയമകാര്യ ലേഖകൻ ഹാറൂൻ സിദ്ദീഖി ഇതു സംബന്ധിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം സന്നദ്ധ സംഘടനയായ ബ്രിട്ടീഷ് ഓക്സ് ഫാം പ്രസിദ്ധീകരിച്ച കണക്കുകളുദ്ധരിച്ചുകൊണ്ട് ബ്രിട്ടൻ ഇസ്രായേലിലേക്ക് ആയുധങ്ങളയച്ചതിനെ ചോദ്യം ചെയ്യുന്നു.
ഇസ്രായേലിനും ലബനാനുമിടയിൽ യുദ്ധമുണ്ടായപ്പോൾ ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി നിർത്തിവെക്കാൻ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ സന്നദ്ധയായത് അതിൽ എടുത്തുപറയുന്നു. 1982ൽ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ ഇസ്രായേലിലേക്ക് ക്ലസ്റ്റർ ബോംബുകൾ അയക്കേണ്ട എന്നു തീരുമാനിച്ചു.
ഇസ്രായേൽ ക്രൂരത തുടർന്നാൽ ബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്നും അദ്ദേഹം താക്കീത് ചെയ്തു. ഗസ്സ യുദ്ധം തുടങ്ങിയതു മുതൽ മേയ് 31 വരെ യുദ്ധോപകരണങ്ങൾ കയറ്റിയയക്കാൻ ബ്രിട്ടൻ 108 ലൈസൻസുകൾ വിതരണം ചെയ്തതതായി ലേഖകൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതേക്കുറിച്ച് ബ്രിട്ടൻ പ്രതികരിച്ചിട്ടില്ല.
അമേരിക്ക സദാ സംസാരിച്ചുകൊണ്ടിരിക്കുന്നത് സമാധാനം, നീതി, മനുഷ്യാവകാശം എന്നിവയെക്കുറിച്ചാണ്. ഈ വരികൾ കുറിക്കുമ്പോൾ, ഇസ്രായേലി യുദ്ധകാര്യ മന്ത്രി യോവ് ഗാലൻത് വാഷിങ്ടണിലാണ്. അദ്ദേഹം വിദേശകാര്യ- ആഭ്യന്തര സെക്രട്ടറിമാരെ കാത്തിരിക്കുന്നത് അമേരിക്കയിൽനിന്ന് പടക്കോപ്പുകൾ വൈകിയെത്തുന്ന കാര്യം അന്വേഷിക്കുന്നതിനാണ്. യു.എസ് പ്രതിരോധ വകുപ്പ് ഇസ്രായേലിന് ആയുധങ്ങൾ നല്കുന്നതിനെ ബൈഡനു വേണ്ടി ജോസ് കർബി ന്യായീകരിക്കുന്നു.
പിന്നെയെങ്ങനെ സമാധാനം സാധ്യമാകും?
ആണവായുധങ്ങൾ ഒഴിവാക്കുന്നതിനായി പ്രചാരണം നടത്തുന്ന International Campaign to Abolish Nuclear Weapons പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഇസ്രായേൽ, ബ്രിട്ടൺ, ഫ്രാൻസ്, പാകിസ്താൻ, ഉത്തര കൊറിയ എന്നിങ്ങനെ ഒമ്പത് രാഷ്ട്രങ്ങളുടെ കൈവശമാണ് ആണവായുധങ്ങൾ ഉള്ളത്.
കഴിഞ്ഞവർഷം, ആയുധങ്ങൾ നവീകരിക്കാനായി ഈ രാജ്യങ്ങൾ 91 ബില്യൺ അമേരിക്കൻ ഡോളർ ചെലവഴിച്ചു. ഈ രാഷ്ട്രങ്ങളെല്ലാം ആണവായുധങ്ങൾക്ക് ശക്തി കൂട്ടാൻ വേണ്ട ശ്രമങ്ങൾ നടത്തിയതായി സ്റ്റോക്ഹോമിലെ ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കുന്നു.
ചരിത്രം പരിശോധിച്ചാലറിയാം, ഓരോ രാജ്യത്തും സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത് അവിടങ്ങളിലെ ഉൽപതിഷ്ണുക്കളായ നേതാക്കളായിരുന്നുവെന്ന്. എന്നാൽ, ഇന്ന് ഭരണകർത്താക്കൾ സുഖസൗകര്യങ്ങൾ ആസ്വദിക്കുന്നതിലും പ്രത്യേക അവകാശങ്ങൾ നേടിയെടുക്കുന്നതിലും മുന്നിലാണ്.
കുറ്റാരോപിതരായാൽ ശിക്ഷയിൽനിന്ന് അവർ ഒഴിവാക്കപ്പെടുന്നു! പക്ഷേ, സമൂഹത്തോട് വ്യവസ്ഥാനുരൂപമായ കടപ്പാടുകൾ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെടുന്നു. ഭരണാധികാരികളുടെ ഈ ദ്വന്ദ്വ മുഖമാണ് ഇന്നത്തെ മിക്ക പ്രശ്നങ്ങൾക്കും കാരണം! ഗസ്സയുടെ കാര്യംതന്നെ ആലോചിച്ചുനോക്കൂ.
നിസ്സഹായരായ ഫലസ്തീനികളെ ഇസ്രായേൽ നിഷ്ഠുരമായി കൊലചെയ്യാൻ തുടങ്ങിയപ്പോൾ എല്ലാ പാശ്ചാത്യ ശക്തികളും കൂട്ടുനിന്നു. ഇപ്പോൾ, യുദ്ധം പാരമ്യത്തിലെത്തിയപ്പോൾ അത് നിർത്താനുള്ള ആഹ്വാനമാണ്. എന്നാൽ, അവർക്കൊന്നും നെതന്യാഹുവിനെ സ്വാധീനിക്കാൻ സാധ്യമാകുന്നുമില്ല. ദീർഘവീക്ഷണമുള്ള ഒരു നേതാവ് യൂറോപ്പിനോ അമേരിക്കക്കോ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.