ബൂർഷ്വാ പാർട്ടികളെ ബാധിച്ച എല്ലാ ജീർണതകളും ഇടതുപാർട്ടികളെയും ഗ്രസിച്ചിരിക്കുന്നു. എന്നല്ല, കൂടുതൽ ആഴത്തിലും വ്യാപ്തിയിലും അഴിമതിയും സ്വജനപക്ഷപാതവും ‘കുടുംബസ്നേഹ’വും ഗുണ്ടാ സൗഹൃദവും മുതലാളിത്ത സേവയും കമ്യൂണിസ്റ്റുകാരെ പിടികൂടിയതിന്റെ കഥകളാണ് പാർട്ടി ശക്തികേന്ദ്രങ്ങളിൽനിന്ന് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്
സമീപകാലത്തൊന്നും ഉദാഹരണമില്ലാത്ത തിരിച്ചടിയാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കും ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ടതെന്ന് അവരും മറ്റുള്ളവരും ഒരുപോലെ സമ്മതിക്കുന്നു. അഭൂതപൂർവമായ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചുവന്ന് ഭരണത്തിന്റെ രണ്ടാമൂഴം മൂന്നുവർഷം പൂർത്തീകരിക്കെയാണ് ഈ അപ്രതീക്ഷിത പരാജയം.
അതും കമ്യൂണിസ്റ്റ് പാർട്ടികൾകൂടി ഘടകകക്ഷികളായ ഇൻഡ്യ മുന്നണി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷത്തിന് ഞെട്ടിക്കുന്ന ആഘാതമേൽപിച്ച സാഹചര്യത്തിൽ.
പതനത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാനും അനിവാര്യമായ തിരുത്തലുകൾ വരുത്താനുമായി ജില്ല കമ്മിറ്റികളിൽനിന്നുള്ള റിപ്പോർട്ടുകൾ വിലയിരുത്തി സംസ്ഥാന സമിതികൾ കേന്ദ്ര നേതൃത്വത്തിനയച്ച റിപ്പോർട്ടുകളിന്മേൽ കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചകൾക്കൊടുവിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ നിരാശയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര കമ്മിറ്റി ഏറെ സമയം ചർച്ചചെയ്തത് വിശാലമായ ഇന്ത്യ രാജ്യത്ത് ഇടതിന്റെ ഒരേയൊരു പച്ചത്തുരുത്തായ കേരളത്തിൽ സംഭവിച്ച ഭീമമായ പരാജയം തന്നെ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് ഒരേയൊരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നെങ്കിലും തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 140ൽ 99 സീറ്റുകളും ഇടതുമുന്നണി സ്വന്തമാക്കിയിരിക്കെ, ഈ ലോക്സഭ ഇലക്ഷനിൽ മൂന്ന്-നാല് സീറ്റുകളെങ്കിലും മുന്നണി സ്വന്തമാക്കുമെന്ന് ഏതാണ്ടെല്ലാ അഭിപ്രായ സർവേകളും പ്രവചിച്ചിരുന്നു; സി.പി.എമ്മിന്റെ കണക്കുകൂട്ടലിൽ എട്ട് സീറ്റുകൾ വരെ വിജയസാധ്യത കണ്ടിരുന്നതാണ്.
പക്ഷേ, ആലത്തൂരിലെ സംവരണ മണ്ഡലത്തിൽ സ്ഥാനാർഥിയായ മന്ത്രി രാധാകൃഷ്ണന്റെ വ്യക്തിത്വ സ്വീകാര്യതയും കോൺഗ്രസ് സ്ഥാനാർഥിയുടെ തിളക്കമില്ലാത്ത പ്രതിച്ഛായയും കാരണമായി മരുന്നിന് ഒരൊറ്റ സീറ്റുകൊണ്ട് ഇടതുമുന്നണി തൃപ്തിപ്പെടേണ്ടിവന്നു. ഇന്നേവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത ബി.ജെ.പിക്കുവേണ്ടി സിനിമനടൻ സുരേഷ് ഗോപി സാമാന്യം മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ തൃശൂർ മണ്ഡലം ‘ഇങ്ങെടുക്കുകയും’ ചെയ്തു.
മൊത്തത്തിൽ കാവിപ്പട മൂന്ന് ശതമാനം വോട്ട് വർധിപ്പിച്ചപ്പോൾ ഇടതുമുന്നണിക്ക് മുൻ തെരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ 1.75 ശതമാനം കുറയുകയാണ് ചെയ്തത്. 11 നിയമസഭ മണ്ഡലങ്ങളിൽ എൻ.ഡി.എ ഒന്നാംസ്ഥാനത്തെത്തിയതും ഗൗരവപൂർവമായ വിലയിരുത്തലിന് വിധേയമായിട്ടുണ്ട്.
ഈസ്ഥിതിവിശേഷമാണ് സി.പി.എമ്മിനെയും സി.പി.ഐയെയും തളർത്തിയിരിക്കുന്നത്. തിരിച്ചടിയുടെ കാരണങ്ങൾ ആഴത്തിൽ പഠിച്ച് സാരമായ തിരുത്തുകൾ ഭരണത്തിലും പാർട്ടി നയങ്ങളിലും വരുത്തണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരസ്യപ്രഖ്യാപനം.
എന്നാൽ, കേരളത്തിലേതിനെക്കാൾ ശക്തവും വ്യക്തവുമായ മേധാവിത്വം തെളിയിച്ച് മൂന്ന് പതിറ്റാണ്ടുകാലം അനുസ്യൂതമായി ഭരണത്തിലിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും കോൺഗ്രസുമായി കൂട്ടുകെട്ടി മത്സരിച്ചിട്ടും പൂർവാധികം ദയനീയമായ പതനത്തിലെത്തിയതെന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റ് പാർട്ടികൾ ഇപ്പോഴും വിശദീകരിക്കുന്നില്ല.
കോൺഗ്രസ് മുന്നണിയെ മുഖ്യശത്രുവായി കണ്ട കേരളത്തിലും ബംഗാളിന്റെ വഴിയെ പോവുന്നതെന്തുകൊണ്ട് എന്ന ചോദ്യമുണ്ട്. കാരണങ്ങൾ മൗലികമായി പരിശോധിക്കുമ്പോൾ ചില വസ്തുതകൾ, എത്ര തിക്തമാണെങ്കിലും അംഗീകരിക്കേണ്ടതായിവരും.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ലോകത്തിലെ ഒന്നാമത്തെയും ഏറ്റവും ശക്തവുമായ കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ തിരോധാനത്തിനും തുടർന്ന്, ആഗോളവ്യാപകമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനത്തിനും ശേഷം ഏതാണ്ടെല്ലാ കമ്യൂണിസ്റ്റ് പാർട്ടികളെയും ബാധിച്ച ദ്രുതവാട്ടത്തിൽനിന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും രക്ഷപ്പെട്ടിട്ടില്ല.
പലതായി പിളർന്നതിനൊപ്പം ഇന്ത്യൻ സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി പ്രായോഗികതന്ത്രം ആവിഷ്കരിക്കുന്നതിൽ തൊഴിലാളിവർഗ കൂട്ടായ്മ പരാജയപ്പെട്ടു. തീവ്ര ഹിന്ദുത്വ ദേശീയതയുടെ കുത്തൊഴുക്കിൽ ചകിതരായ മതനിരപേക്ഷ സമൂഹത്തിന്റെയും മത ന്യൂനപക്ഷങ്ങളുടെയും പിന്തുണയും സഹകരണവുമാണ് ഇടതുപക്ഷത്തിന് തൽക്കാലം പിടിച്ചുനിൽക്കാൻ തുണയായത്.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ബൗദ്ധിക നേതൃത്വവും ഹർകിഷൻ സുർജിതിന്റെ നയതന്ത്ര വൈദഗ്ധ്യവും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആയുസ്സ് നീട്ടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നെങ്കിലും ഇപ്പോൾ അത്തരമൊരു നേതൃത്വം കമ്യൂണിസ്റ്റ് പാർട്ടികൾക്കില്ല.
രണ്ടാമതായി, ബൂർഷ്വാ പാർട്ടികളെ ബാധിച്ച എല്ലാ ജീർണതകളും ഇടതുപാർട്ടികളെയും ഗ്രസിച്ചിരിക്കുന്നു. എന്നല്ല, കൂടുതൽ ആഴത്തിലും വ്യാപ്തിയിലും അഴിമതിയും സ്വജനപക്ഷപാതവും ‘കുടുംബസ്നേഹ’വും ഗുണ്ടാ സൗഹൃദവും മുതലാളിത്ത സേവയും കമ്യൂണിസ്റ്റുകാരെ പിടികൂടിയതിന്റെ കഥകളാണ് പാർട്ടി ശക്തികേന്ദ്രങ്ങളിൽനിന്ന് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതിഗൗരവതരമായ സ്ത്രീപീഡനം, ലൈംഗികാതിക്രമങ്ങൾ, ബോംബ് നിർമാണം പോലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സഖാക്കളെ നിയമത്തിന്റെ മുന്നിൽ ഹാജരാക്കാതെ കേവലം പാർട്ടി നടപടികളിൽ ഒതുക്കി രക്ഷപ്പെടാൻ വഴിയൊരുക്കുന്നു. വിമർശനങ്ങൾ ഉയരുമ്പോൾ വലതുപക്ഷ പാർട്ടിക്കാരിലും അത്തരക്കാരുണ്ട് എന്നാണ് മറുപടി.
ചെങ്കൊടിയുടെ ഈറ്റില്ലങ്ങളിൽനിന്ന് പുറത്തുവരുന്ന വർത്തമാനങ്ങൾ കേൾക്കുമ്പോൾ ചെവിപൊത്തേണ്ട സാഹചര്യമാണെന്ന് ഉത്തരവാദപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കൾപോലും വിലപിക്കുന്നതാണ് നിലവിലെ കാഴ്ച.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപഭോഗത്തിനും വ്യാപനത്തിനുമെതിരെ കാമ്പയിൻ നടത്തുന്നതോടൊപ്പംതന്നെ ലഹരിയുടെ കുത്തൊഴുക്കിന് ഉദാരമായി വാതിൽ തുറക്കുന്നു എന്ന തിക്തസത്യവും ഇതോട് ചേർത്തുവായിക്കണം. തദ്ഫലമായി കുറ്റകൃത്യങ്ങൾ ഭയാനകമായി പെരുകുന്നു. സ്ത്രീപീഡനം, ശിശുപീഡനം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നു; പാർട്ടി പ്രവർത്തകരും അത്തരം കേസുകളിൽ പ്രതികളാകുന്നു.
അതേസമയം, സ്വൈരജീവിതത്തിന് വെല്ലുവിളിയായ ഈ പ്രവണതകളെ ചെറുക്കാനും ധർമച്യുതിയുടെ മാരക പ്രത്യാഘാതങ്ങളിൽനിന്ന് തലമുറകളെ രക്ഷിക്കാനും ഘനാന്ധകാരത്തിൽ നന്മയുടെ തിരിനാളം കൊളുത്താനും സമാധാനപൂർവം പ്രവർത്തിക്കുന്ന ധാർമികസംഘടനകളെയും കൂട്ടായ്മകളെയും തങ്ങൾക്ക് അഹിതകരമായ സത്യം തുറന്നുപറയുന്ന കാരണത്താൽ വർഗീയ-തീവ്രവാദ മുദ്രകുത്തി അകറ്റിനിർത്താനും ഒറ്റപ്പെടുത്താനുമാണ് ആസൂത്രിത ശ്രമം.
അതോടൊപ്പം അരിവാൾ ചുറ്റിക അടയാളത്തിൽ വോട്ടുചെയ്യുന്നത് രക്ഷാമാർഗമായി കാണുന്ന അറുപിന്തിരിപ്പൻ കൂട്ടായ്മകളെ ആവോളം പ്രീണിപ്പിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കുന്നുമില്ല.
ഈ വൈരുധ്യാധിഷ്ഠിത രാഷ്ട്രീയ ഞാണിന്മേൽകളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിലെ ഇടത് പരാജയത്തിന്റെ കാരണങ്ങളിൽ ഒരു മുഖ്യ ഇനമായി സി.പി.എം നേതാക്കളും വക്താക്കളും കണ്ടുപിടിച്ച മുസ്ലിം ലീഗിന്റെ മാറിയ മുഖം. സി.പി.എം കേന്ദ്ര കമ്മിറ്റി തോൽവിക്കുള്ള ഇത്തരം ന്യായീകരണങ്ങളെ മുഖവിലക്കെടുത്തില്ലെങ്കിലും കേരളത്തിൽ സംസ്ഥാന കമ്മിറ്റിയും പാർട്ടി മാധ്യമങ്ങളും ദുരാരോപണം തുടരുക തന്നെയാണ്.
മതരാഷ്ട്രവാദം ഉയർത്തുന്ന ഒരു മുസ്ലിം സംഘടനയും ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല. ഇന്ത്യൻ ഭരണഘടന മൗലികമായി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യത്തെയാണ് മുസ്ലിം സംഘടനകൾ പിന്താങ്ങുന്നത്; തെരഞ്ഞെടുപ്പുകളിൽ അതംഗീകരിച്ച പാർട്ടികൾക്കും മുന്നണികൾക്കുമാണ് ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയും.
ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും ലക്ഷ്യമാക്കുന്ന പാർട്ടികളെ പിന്തുണക്കുന്നതോടൊപ്പം മതന്യൂനപക്ഷങ്ങളുടെ ഭരണഘടനദത്തമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും സ്വസമുദായത്തെ മാതൃക സമുദായമാക്കി മാറ്റാൻ പരമാവധി പണിയെടുക്കുകയുമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്.
ഇന്ത്യൻ ഭരണഘടനക്കോ നിയമ വ്യവസ്ഥക്കോ നിരക്കാത്ത ഒരു പ്രവർത്തനവും സംഘടന 75 വർഷക്കാലത്തിനിടയിൽ നടത്തിയതായി ആരും ചൂണ്ടിക്കാട്ടിയിട്ടില്ല; അങ്ങനെ ഒരു ചിത്രവുമില്ല.
1992 ഡിസംബർ ആറിന് സംഘ്പരിവാർ ബാബരി മസ്ജിദ് തരിപ്പണമാക്കിയതിനെ തുടർന്ന് നരസിംഹറാവുവിന്റെ കോൺഗ്രസ് സർക്കാർ ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ നിരോധിച്ചപ്പോൾ തൂക്കമൊപ്പിക്കാൻ ജമാഅത്തെ ഇസ്ലാമിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനെതിരെ സംഘടന സുപ്രീംകോടതിയെ സമീപിച്ചതും സർക്കാറിന്റെയും ജമാഅത്തിന്റെയും വാദങ്ങൾ സവിസ്തരം കേട്ട പരമോന്നത കോടതി നിരോധനത്തെ ന്യായീകരിക്കാവുന്ന ഒരു തെളിവും ഹാജരാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നിരോധനം റദ്ദാക്കുകയാണ് ചെയ്തതെന്ന് മറക്കരുത്.
ഏറ്റവുമൊടുവിൽ 2022 മാർച്ചിൽ മീഡിയവൺ ചാനലിന്റെ ലൈസൻസ് ഇന്ത്യൻ ഗവൺമെന്റ് റദ്ദാക്കിയതിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിച്ചതും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് ഇരുപക്ഷത്തിന്റെയും വാദഗതികൾ സവിസ്തരം വിലയിരുത്തിയതിനുശേഷം വിലക്ക് നീക്കിയതും മറക്കാൻ നേരമായിട്ടില്ല.
പ്രസ്തുത വിധിന്യായത്തിൽ, സുപ്രീംകോടതി കമ്പനിയുടെ ഷെയറുടമകൾക്ക് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന സർക്കാർവാദത്തെ നിരാകരിക്കുക മാത്രമല്ല, കോടതി തന്നെ നിരോധനം നീക്കിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് എടുത്തുപറയുകയും ചെയ്തു.
എല്ലാം പോവട്ടെ, 2006ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിലും തുടർന്നുവന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സി.പി.എം അതിനെ സ്വാഗതം ചെയ്തതാണ്.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദമുയർത്തുന്ന സംഘടനയാണെന്നാരോപിച്ച് അന്ന് പിന്തുണ നിരാകരിക്കാതിരുന്നതെന്തേ? ഡൽഹിയിലെ എ.കെ.ജി സെന്ററിൽ എസ്. രാമചന്ദ്രൻ പിള്ളയുമായി ജമാഅത്തെ ഇസ്ലാമി നേതാക്കളായ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ, എസ്.ക്യു.ആർ. ഇല്യാസ് എന്നിവർ നടത്തിയ ചർച്ചകളിൽ സി.പി.എം ജമാഅത്തിന്റെ പിന്തുണ ആവശ്യപ്പെടുമ്പോൾ പഴയ ആരോപണത്തിന്റെ കാര്യം ഓർമിപ്പിച്ചത് ഈ ലേഖകന്റെ കൂടി സാന്നിധ്യത്തിലായിരുന്നു.
അതൊക്കെ ആരു കാര്യമാക്കുന്നെന്നാണ് അന്ന് രാമചന്ദ്രൻപിള്ള പ്രതികരിച്ചത്. വാർത്തസമ്മേളനത്തിൽ പിണറായി വിജയൻ, ജമാഅത്തെ ഇസ്ലാമി നിലപാടുകളുള്ള സംഘടനയാണെന്ന് പ്രതികരിച്ചതും ഓർമ വേണം.
പതിനേഴാം ലോക്സഭ ഇലക്ഷനിലെന്നപോലെ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിലും ഇടതുപാർട്ടികൾകൂടി ഉൾപ്പെട്ട മതനിരപേക്ഷ മുന്നണിയെയാണ് ജമാഅത്ത് പിന്തുണച്ചത്. ഇത്തവണ അനിവാര്യമായ കാരണങ്ങളാൽ മുസ്ലിം സംഘടനകൾ സാമാന്യമായി ഇൻഡ്യ മുന്നണിയോടൊപ്പം നിന്നു.
യു.ഡി.എഫിന്റെ ഭാഗമായ മുസ്ലിം ലീഗും അതേ നിലപാട് സ്വീകരിച്ചു. ഇതെങ്ങനെ ഇടതുവിരുദ്ധവും സി.പി.എം വിരുദ്ധവും ലീഗിന്റെ മുഖംമാറ്റവുമാകും? സംസ്ഥാനം ഇടതുമുന്നണിയുടെ ഭരണത്തിലാണെന്നത് ശരി. പക്ഷേ, ഇലക്ഷൻ നരേന്ദ്ര മോദി എന്ന ഏകാധിപതിയെയും സംഘ്പരിവാറിനെയും ഭരണത്തിൽനിന്ന് പുറന്തള്ളാനായിരുന്നല്ലോ.
കേളത്തിന് പുറത്ത് കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന ഇൻഡ്യ മുന്നണിയിൽ ഘടകങ്ങളായിരുന്നല്ലോ കമ്യൂണിസ്റ്റ് പാർട്ടികളും. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ പ്രതിയോഗികളാണെന്നത് ദേശീയതലത്തിൽ നിലപാടെടുത്ത ജമാഅത്തെ ഇസ്ലാമിക്കും മറ്റു മുസ്ലിം സംഘടനകൾക്കും പ്രശ്നമാവുന്നതെങ്ങനെ? എന്നിട്ടും ഇരുമുന്നണികൾക്കുവേണ്ടിയും പ്രചാരണ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് ജമാഅത്ത് തീരുമാനിച്ചത്.
‘മതരാഷ്ട്രവാദം വെച്ചുപുലർത്തുന്ന ജമാഅത്തെ ഇസ്ലാമിയോടൊപ്പം നിന്നാൽ അത് ഹിന്ദുരാഷ്ട്രവാദികൾക്കാണ് സഹായകമാവുക’ എന്ന് മുസ്ലിം ലീഗിനെ ഭയപ്പെടുത്തുന്നു സി.പി.എം നേതാക്കളും വക്താക്കളും. ഏതാണ്ടൊരു നൂറ്റാണ്ടുകാലമായി ഇന്ത്യയിൽ ഹിന്ദുരാഷ്ട്ര നിർമിതിക്കായി അനവരതം പണിയെടുത്തുവരുന്ന ആർ.എസ്.എസ് എപ്പോഴെങ്കിലും വാദിച്ചിട്ടുണ്ടോ, ഏതെങ്കിലും മുസ്ലിം സംഘടന ഇസ്ലാമികരാഷ്ട്ര നിർമിതിക്കായി നിലകൊള്ളുന്നതുകൊണ്ടാണ് തങ്ങൾക്ക് ഹിന്ദുരാഷ്ട്രനിർമാണം ലക്ഷ്യംവെക്കേണ്ടിവന്നതെന്ന്? ഒരൊറ്റ മുസ്ലിം സംഘടനയും ഇന്ത്യയിലില്ലെന്ന് സങ്കൽപിക്കുക.
എന്നാലും ഹിന്ദുത്വ തീവ്ര ദേശീയതയിൽ പണിതുയർത്തുന്ന രാഷ്ട്രനിർമിതിക്കായി അവർ നിലകൊള്ളുമെന്ന് സംശയാതീതമായി വ്യക്തമാക്കുന്നതാണ് താത്ത്വികാചാര്യന്റെ ‘വിചാരധാര’യും മറ്റു കൃതികളും. മുസ്ലിം-ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെപ്പോലെ കമ്യൂണിസ്റ്റുകാരെയും രാജ്യത്തോട് കൂറില്ലാത്തവരായി പ്രഖ്യാപിച്ച ഹിന്ദുത്വ വിചാരധാര അവരുടെ വാദമനുസരിച്ച് മതാധിഷ്ഠിത രാഷ്ട്രനിർമിതിക്കല്ല, മറിച്ച് ഉന്മാദ ദേശീയതയുടെ പാരമ്യത പുലർത്തുന്ന ഹിന്ദു രാഷ്ട്രനിർമിതിയാണ് ലക്ഷ്യംവെക്കുന്നതെന്നത് പകൽവെളിച്ചം പോലെ വ്യക്തമാണ്.
മുസ്ലിം സംഘടനകൾ പൊതുവെ സെക്യുലർ പാർട്ടികളോടൊപ്പം നിന്നിട്ടും സംഘ്പരിവാറിന്റെ മുസ്ലിം വിരോധത്തിന് തെല്ലും കുറവില്ലാത്തതും അതുകൊണ്ടുതന്നെ. ഒന്നരമാസത്തെ ഇലക്ഷൻ പ്രചാരണ പ്രസംഗങ്ങളിൽ 288 തവണയാണ് നരേന്ദ്ര മോദി മുസ്ലിംകളെ കടന്നാക്രമിച്ചത്.
ഗോവധം, ഹിജാബ്, ഹലാൽഭക്ഷണം, നുഴഞ്ഞുകയറ്റം, സന്താനോൽപാദനം തുടങ്ങിയവയാണ് കാവിപ്പടയുടെ ഇഷ്ടവിഷയങ്ങൾ. മുസ്ലിംകൾ മതാടിസ്ഥാനത്തിലോ മതേതരാടിസ്ഥാനത്തിലോ സംഘടിച്ചാലും ഇത്തരം ആരോപണങ്ങൾ സംഘ്പരിവാർ തുടരുകതന്നെ ചെയ്യും.
മുസ്ലിം ന്യൂനപക്ഷം ചെങ്കൊടി പിടിച്ചാലും രക്ഷയില്ലെന്ന് തെളിയിക്കുന്നു മൂന്നരപ്പതിറ്റാണ്ടുകാലം ഇടതുമുന്നണി ഭരിച്ച പശ്ചിമ ബംഗാളിൽ ചെങ്കൊടിക്ക് മീതെ കാവിക്കൊടി പാറുന്ന സ്ഥിതിവിശേഷം. അതേസമയം, ഇടതിനെ വിട്ട് മുസ്ലിം ന്യൂനപക്ഷം തൃണമൂലിൽ അഭയം തേടിയപ്പോൾ ബി.ജെ.പി എം.പിമാരുടെ എണ്ണം കുത്തനെ താഴോട്ടുപോയി.
ചുരുക്കത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തിൽനിന്ന് കരകയറാൻ കുറുക്കുവഴികളോ ചൊട്ടുചികിത്സകളോ ഇല്ല. പ്രത്യയശാസ്ത്രപരമായ പാപ്പരത്തത്തോടൊപ്പം പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങളിലെ പാളിച്ചകളും ദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലെ പിടിപ്പുകേടും അണികളുടെ ജീർണതയുമെല്ലാം കൂടിച്ചേർന്നതാണ് ഇടതുപക്ഷം നേരിടുന്ന ആഴമേറിയ പ്രതിസന്ധി. അതിനാൽതന്നെ വീണ്ടെടുപ്പിന് കുറുക്കുവഴികളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.