പഞ്ചായത്തുകൾ തനതു വരുമാന സമാഹരണത്തിൽ വളരെ പിന്നിലാണെന്ന റിപ്പോർട്ടിലെ പരാമർശം വളരെ ശരിയാണ്. എന്നാൽ, കേരളത്തിൽ തൊണ്ണൂറുകളിൽ ഗ്രാമപഞ്ചായത്തുകളുടെ വരുമാനത്തിന്റെ 70 ശതമാനവും തനത് വരുമാനമായിരുന്നുവെന്ന് ഒന്നാം ധനകാര്യകമീഷൻ പറയുന്നു. ഇപ്പോഴും വളരെ ഉയർന്ന വരുമാനമുള്ള നിരവധി പഞ്ചായത്തുകൾ കേരളത്തിലുണ്ട്
ഗ്രാമപഞ്ചായത്തുകളുടെ ധനകാര്യം സംബന്ധിച്ച് 2024 ജനുവരിയിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് ഏറെ പ്രതീക്ഷയോടെ വായിച്ചു. ഒരുപാട് പട്ടികകളും ഗ്രാഫുകളുമുണ്ടെങ്കിലും ഒന്നും തൃപ്തികരമോ, ബാങ്കിന്റെ ഉയർന്ന നിലവാരത്തിന് ചേരുന്നതോ ആയി തോന്നിയില്ല. റിപ്പോർട്ട് തയാറാക്കിയവർ വിഷയത്തിന്റെ ഗൗരവവും വായനക്കാരുടെയും ധനകാര്യനയങ്ങളിൽ തീരുമാനമെടുക്കുന്നരെയും ഗവേഷകരെയും വേണ്ടത്ര മനസ്സിലാക്കിയെന്നു പറയാനാവില്ല.
എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടാം. ഇന്ത്യയിലെ സംസ്ഥാനങ്ങൾ 73/74 ഭരണഘടനാഭേദഗതി അംഗീകരിച്ച് നിയമങ്ങൾ പാസാക്കിയിട്ട് 2024 ഏപ്രിലിൽ 30 വർഷം തികയുകയാണ്. ഇന്ത്യയിലെ ഗ്രാമവികസനവകുപ്പുകളുടെ ഭാഗമായി കഴിഞ്ഞിരുന്ന പഞ്ചായത്തുകൾക്ക് ഇതിനകം പുതിയ രൂപവും ഭാവവും കൈവന്നു.
അപ്പോൾ ഭരണഘടനയുടെ അവിഭാജ്യഘടകമായി പഞ്ചായത്തുകൾ പ്രവർത്തിച്ചതിന്റെ കാലഘട്ടത്തെ വിലയിരുത്തേണ്ട സന്ദർഭംകൂടിയാണ് നമ്മുടെ മുന്നിൽ ചുരുളഴിയുക. നല്ലൊരു ബജറ്റ്-ഓഡിറ്റ് സമ്പ്രദായം പഞ്ചായത്തുതലത്തിൽ ഫലപ്രദമായി ഉറപ്പുവരുത്തുകയാണ് അതിൽ ഏറ്റവും നിർണായകം. ഇവിടെ പഞ്ചായത്തുകൾ മാത്രമല്ല ഒരളവിൽ ഭരണഘടനാ ഭേദഗതിതന്നെ പരാജയപ്പെട്ടു നിൽക്കുന്നു എന്നതാണ് വസ്തുത.
2009 ൽതന്നെ പഞ്ചായത്തുതലത്തിലെ സ്ഥിതി വിവരണക്കണക്കുകൾ (പ്രത്യേകിച്ച് ധനകാര്യം) സംബന്ധിച്ചു ഭീമമായ വിടവ് ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. വാസ്തവം പറഞ്ഞാൽ 73/74 ഭരണഘടനാ ഭേദഗതികൾക്കൊപ്പം ഇന്ത്യൻ പൊതുധനകാര്യം പുനർനിർവഹിക്കേണ്ടതായിരുന്നു.
റിസർവ് ബാങ്ക് എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റുകളും യൂനിയൻ ഗവൺമെന്റിന്റെ ബജറ്റും ആണ്ടുതോറും പതിവായി അപഗ്രഥിച്ച് വിലയിരുത്താറുണ്ട്. 1998 മുതൽ ഇന്ത്യൻ ഫെഡറേഷനിൽ യൂനിയൻ, സംസ്ഥാനങ്ങൾ, തദ്ദേശസർക്കാറുകൾ എന്നീ മൂന്നു തലങ്ങളെയും ചേർത്തിണക്കിയ ഒരു പൊതുധനകാര്യം (Public finance) അനിവാര്യമാണെന്നും റിസർവ് ബാങ്കിന്റെ ധനകാര്യ വിലയിരുത്തലിൽ ഇതും ഉൾചേർക്കണമെന്നും പറഞ്ഞു ഞാൻ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
തുടക്കത്തിൽതന്നെ റിപ്പോർട്ട് ഒരു കാര്യം സമ്മതിക്കുന്നു. ‘നിലവിലെ ബജറ്റു രേഖകളിൽ സംസ്ഥാനങ്ങളും, ജില്ലകൾ തമ്മിൽ ഉള്ളടക്കത്തിലും, ഘടനയിലും വലിയ അന്തരം നിലനിൽക്കുന്നു. മൂലധനകണക്കുകളെ സംബന്ധിച്ച വിവരങ്ങൾ തുലോം പരിമിതമാണ്; റവന്യൂ കണക്കുകൾ വേണ്ടത്ര വിശദാംശങ്ങൾ നൽകുന്നില്ല’ (പുറം 2). ഈ സ്ഥിതി മറികടക്കാൻ റിപ്പോർട്ടിൽ എന്ത് പുതിയ നിർദേശമാണുള്ളതെന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി.
എന്നിരുന്നാലും പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ഇ-ഗ്രാം സ്വരാജ് (eGram Swaraj) പോർട്ടലിലൂടെ കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 90 ശതമാനം ഗ്രാമപഞ്ചായത്തുകളിൽനിന്ന് വരവ് ചെലവ് തുടങ്ങിയ ബജറ്റ് കണക്കുകൾ ശേഖരിക്കാൻ സാധിച്ചുവെന്നും (ഏതാണ്ട് 2.43 ലക്ഷം പഞ്ചായത്തുകളെ ഉൾക്കൊള്ളിക്കാനായി എന്നാണ് പറയുന്നത്) പ്രസ്തുത കണക്കുകളാണ് ധനകാര്യ അപഗ്രഥനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
ഉള്ളടക്കത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഒന്നു രണ്ടു കാര്യങ്ങൾകൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഇ-ഗ്രാമസ്വരാജ് പോർട്ടൽ പ്രയോഗത്തിൽ വരുന്നതിനു മുമ്പ് പഞ്ചായത്ത് കണക്കുകൾ ക്രമപ്പെടുത്തുവാൻ യൂനിയൻ ധനകാര്യ കമീഷനുകൾ നിരവധി പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
അതേക്കുറിച്ച് റിപ്പോർട്ട് അക്ഷന്തവ്യമായ മൗനം ദീക്ഷിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. മുൻ ചൊന്ന ഭരണഘടന ഭേദഗതികൾക്ക് ശേഷം വന്ന 11, 12, 13 കേന്ദ്ര ധനകാര്യ കമീഷനുകൾ പല പരിശ്രമങ്ങളും നടത്തി. 13ാം കമീഷൻ ഓൺലൈനായി കണക്കുകൾ ചേർത്തപ്പോൾ മറ്റേ രണ്ടു കമീഷനുകൾ തദ്ദേശീയസർക്കാറുകളെക്കുറിച്ചുള്ള അധ്യായത്തിന് അനുബന്ധമായി റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഈ കണക്കുകൾ എന്തുകൊണ്ടു വേണ്ടവണ്ണം ഉപയോഗിച്ചില്ല? പോരായ്മകൾ ഇ-ഗ്രാമസ്വരാജ് എത്രകണ്ടു പരിഹരിച്ചുവെന്ന് പറയാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യവും അവശേഷിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഇതുവരെ ഏതാണ്ട് നൂറിൽപരം സംസ്ഥാന ധനകാര്യകമീഷൻ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളം തന്നെ ആറു റിപ്പോർട്ടുകൾ സമർപ്പിച്ചു. അവ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ധനകാര്യം സംബന്ധിച്ച പഠനങ്ങളും ശിപാർശകളുമാണ്. ഈ റിപ്പോർട്ടുകൾ പഠിക്കാതെ പഞ്ചായത്ത് ധനകാര്യം കാര്യക്ഷമമായി പരിഷ്കരിക്കാനാവില്ല.
സ്ഥിതിവിവരക്കണക്കുകളുടെ സകല പരാധീനതകളെയും അവഗണിച്ച് (ശാസ്ത്രീയ സമീപനം ഒട്ടും കൈവിടാതെ) 13ാം കമീഷന്റെ കണക്കുകളെ കൂട്ടിയിണക്കി ഇന്ത്യൻ ഫെഡറൽ ധനകാര്യചരിത്രത്തിൽ ആദ്യമായി ഞാനൊരു പ്രബന്ധം ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ (നവംബർ 27, 2010 ലക്കം) എഴുതിയത് ഒരുവക സാഹസമായിരുന്നു.
റിസർവ് ബാങ്കിന് കൂടുതൽ ശാസ്ത്രീയവും സമഗ്രവുമായി അത്തരമൊരു പഠനം നടത്താമായിരുന്നു; അതുണ്ടായില്ല. എന്റെ പഠനം യൂനിയൻ, സംസ്ഥാനങ്ങൾ, തദ്ദേശസർക്കാറുകൾ എന്നീ ബഹുതല പൊതുമേഖലയുടെ മൊത്തം ചെലവുകൾ, തനതു വരുമാനങ്ങൾ ഒക്കെ എടുക്കുകയും അവയിൽ പഞ്ചായത്തുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രത്യേകം പ്രത്യേകം പങ്കും, ആഭ്യന്തരവരുമാനത്തിലെ അവയുടെ ആറുവർഷത്തെ (2002 മുതൽ 2007-08 വരെ) കണക്കുകളുടെ ഗതിയും വിലയിരുത്തിയിരുന്നുവെന്നും ഇവിടെ സൂചിപ്പിക്കട്ടെ.
റിസർവ് ബാങ്ക് പഠനം കേവലം 2020-21 മുതൽ മൂന്നുവർഷങ്ങളിൽ ഒതുങ്ങുന്നതിനാൽ അപഗ്രഥന ശേഷിയും വ്യാഖ്യാനശേഷിയും നന്നേ കുറവാണ്. 2022-23 ൽ യൂനിയൻ, സംസ്ഥാനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പൊതുമേഖലയുടെ മൊത്തം ചെലവ് ഏകദേശം 74.20 ലക്ഷം കോടിയാണ് (ഇത് എന്റെ കണക്കുകൂട്ടലാണ്). റിസർവ് ബാങ്കിന്റെ കണക്കിൻപ്രകാരം ഗ്രാമപഞ്ചായത്തുകളുടെ ചെലവ് മൊത്തം പൊതുമേഖല ചെലവിന്റെ 0.28 ശതമാനം മാത്രമാണ്.
ഇതേ രീതിയിൽ മൊത്തം പൊതുധനകാര്യത്തിൽ (യൂനിയൻ, സംസ്ഥാനങ്ങൾ, ഗ്രാമപഞ്ചായത്തുകൾ) കണക്കാക്കിയാൽ ഗ്രാമപഞ്ചായത്തുകളുടെ വിഹിതം വെറും 0.040 ശതമാനം മാത്രമാണ്. ഇത്തരത്തിൽ വിശാലമായ ഒരപഗ്രഥനത്തിന് ബാങ്ക് പഠനം ഒരുമ്പെട്ടിട്ടില്ല.
ഈ പഠനം എനിക്ക് അസ്വീകാര്യമാകുന്നതിന്റെ ചില കാരണങ്ങൾകൂടി വിശദീകരിക്കേണ്ടതുണ്ട്. 90 ശതമാനം പഞ്ചായത്തുകൾ വിവരങ്ങൾ നൽകിയെങ്കിലും 80.8 പഞ്ചായത്തുകൾ മാത്രമേ വരുമാനവും, 69.1 ശതമാനം മാത്രം ചെലവുകളും തുടർച്ചയായി നൽകിയുള്ളൂ എന്നു പറയുമ്പോൾ ഈ റിപ്പോർട്ടിന് വലിയ സമഗ്രതയില്ല. യഥാർഥത്തിൽ വരുമാനവും ചെലവും റിപ്പോർട്ടു ചെയ്യുന്നത് 69 ശതമാനമെന്നു വ്യക്തം.
അതിൽതന്നെ ഇനം തിരിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നില്ലെങ്കിൽ എല്ലാ വസ്തുതകളും കൃത്യമായി വിശദീകരിക്കാനോ പഠിക്കുവാനോ പറ്റില്ല. ഏറ്റവും കൂടുതൽ വിശദാംശങ്ങൾ നൽകാവുന്നതും തീർച്ചയായും നൽകേണ്ടതും വരുമാന സ്രോതസ്സുകളാണ്. സൂക്ഷ്മ പരിശോധനയിൽ 14 സംസ്ഥാനങ്ങൾ ഇക്കാര്യം റിപ്പോർട്ടു ചെയ്തതായി കാണുന്നില്ല.
ഇക്കൂട്ടത്തിൽ കേരളവും ഉൾപ്പെടുന്നുവെന്നത് വിശ്വസിക്കാൻ പ്രയാസം. ആറ് ധനകാര്യ കമീഷനുകൾ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ഇൻഫർമേഷൻ കേരളാ മിഷൻ (IKM) ഏതാണ്ട് കൃത്യമായി വരവു ചെലവ് വിശദാംശങ്ങൾ തയാറാക്കുകയും ചെയ്തിട്ടും ഈ വീഴ്ച എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല. അതുപോലെ റിപ്പോർട്ടിൽ വസ്തു നികുതിയെക്കുറിച്ച് (Property tax) പരാമർശമേ ഇല്ല. സംസ്ഥാന ധനകാര്യ കമീഷൻ റിപ്പോർട്ടുകൾ പഠിച്ചാൽ വസ്തു നികുതിയുടെ പ്രാധാന്യവും വ്യക്തമാവും.
ലോകമെമ്പാടുമുള്ള തദ്ദേശീയ ഗവൺമെന്റുകളുടെ മുഖ്യ സ്രോതസ്സ് വസ്തുനികുതിയാണ്. കേന്ദ്രസർക്കാറിന്റെ 2017-18 ലെ ഇക്കണോമിക് സർവേ നാലാം അധ്യായത്തിൽ സുന്ദരമായ ഒരു പഠനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് റിസർവ് ബാങ്ക് പഠനം കണ്ട മട്ടില്ല. നാലാം അധ്യായവും അതിലെ റഫറൻസുകളും വായിച്ചിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ പഠനത്തിന്റെ രൂപവും ഭാവവും വേറൊന്ന് ആകുമായിരുന്നുവെന്ന് തോന്നുന്നു.
ബാങ്ക് പഠനത്തിലെ ചില കണ്ടെത്തലുകളും പരാമർശങ്ങളും അപ്പാടെ സ്വീകരിക്കാൻ വിഷമം. 30 വർഷങ്ങൾക്കുശേഷം ഭരണഘടന വിഭാവനം ചെയ്യുന്ന ചില മൗലിക ലക്ഷ്യങ്ങൾ ഫലപ്രദമായി നേടുന്നതിൽ ഓരോ സംസ്ഥാനവും എത്രകണ്ടു മുന്നോട്ടുപോയി എന്നു വിലയിരുത്തുന്നില്ല.
ലോകത്തിൽ ഒരു തദ്ദേശീയഭരണകൂടത്തിനുമില്ലാത്ത ഉത്തരവാദിത്തമാണ് ആർട്ടിക്കിൾ 243-ജി ഇന്ത്യൻ പഞ്ചായത്തുകളോടു ആവശ്യപ്പെടുന്നത്. പഞ്ചായത്തുകൾ സ്വയംഭരണസ്ഥാപനങ്ങളാകണമെന്നും (അവരെ ഏൽപിച്ച ചുമതലകൾ നടപ്പാക്കുന്നതിൽ) സാമ്പത്തിക വികസനവും സാമൂഹികനീതിയും നടപ്പാക്കാൻ വേണ്ട ആസൂത്രണവും പരിപാടികളും തയാറാക്കണമെന്നും ആവശ്യപ്പെടുന്നുവെന്നകാര്യം റിപ്പോർട്ട് ശ്രദ്ധിക്കുന്നില്ല.
ഭരണഘടനാ ഭേദഗതി പ്രകാരം ഉൾചേർത്ത 11ാം ഷെഡ്യൂളിൽ പഞ്ചായത്തുകളുടെ ചുമതലകളായി 29 വിഷയങ്ങൾ (സ്റ്റേറ്റ് ലിസ്റ്റിൽനിന്ന് എടുത്തവയാണ് മിക്കതും) എടുത്തു പറയുന്നു. എന്നാൽ, ത്രിതല പഞ്ചായത്തുകൾ ഓരോന്നിന്റെയും സംസ്ഥാനത്തിന്റെയും ചുമതലകൾ വേർതിരിച്ചില്ലെങ്കിൽ പ്രവർത്തനങ്ങൾ സുഗമമാകില്ല. ഉദാഹരണത്തിന് വിദ്യാഭ്യാസമെന്നു പറഞ്ഞാൽ പോരാ.
നഴ്സറി സ്കൂളുകളും പ്രാഥമിക വിദ്യാഭ്യാസവുമാണ് ഗ്രാമപഞ്ചായത്തുകളുടെ ചുമതല എന്നു തുടങ്ങി നിയമപരമായ ത്രിതലപഞ്ചായത്തുകളുടെ പ്രവൃത്തികൾ നിർവചിക്കുന്ന ആക്ടിവിറ്റി മാപ്പിങ് ആവശ്യമാണ്. കേരളത്തിലെ സെൻ കമ്മിറ്റി (1996-98) അത് ആദ്യം ചെയ്തു. പിന്നീട് അത് പകർത്തുന്ന ഒരു വൻ പ്രക്രിയക്ക് മറ്റു സംസ്ഥാനങ്ങൾ തുടക്കംകുറിച്ചു. പഞ്ചായത്തീരാജ് മന്ത്രാലയം തുടങ്ങിയ കാലം മുതൽ ഈ പ്രക്രിയക്ക് മുൻകൈയെടുത്തു.
പഞ്ചായത്തുകൾ തനതു വരുമാന സമാഹരണത്തിൽ വളരെ പിന്നിലാണെന്ന റിപ്പോർട്ടിലെ പരാമർശം വളരെ ശരിയാണ്. എന്നാൽ, കേരളത്തിൽ തൊണ്ണൂറുകളിൽ ഗ്രാമപഞ്ചായത്തുകളുടെ വരുമാനത്തിന്റെ 70 ശതമാനവും തനത് വരുമാനമായിരുന്നുവെന്നു ഒന്നാം ധനകാര്യകമീഷൻ പറയുന്നു.
ഇപ്പോഴും വളരെ ഉയർന്ന വരുമാനമുള്ള നിരവധി പഞ്ചായത്തുകൾ കേരളത്തിലുണ്ട്. അതുപോലെ തന്നെ ബംഗളൂരു, ബാഗെയ്ക്കോട്, മൈസൂരു തുടങ്ങി നഗരങ്ങളോടു ചേർന്ന കർണാടകയിലെ പഞ്ചായത്തുകളുടെ തനതു വരുമാനം മൊത്തം വരുമാനത്തിന്റെ 40 ശതമാനത്തിന് അടുത്തുവരുന്നുണ്ട്. ആഴത്തിൽ പഠിക്കാതെ അനുമാനങ്ങൾ നടത്തരുത്.
അതുപോലെ എടുത്തുപറയേണ്ട കാര്യമാണ് 2030 നകം നടപ്പാക്കേണ്ട ഐക്യരാഷ്ട്ര സഭയുടെ ശാശ്വതവികസനലക്ഷ്യങ്ങൾ പഞ്ചായത്തുകളെ ഏൽപിച്ച ഒമ്പതു പ്രധാനവിഷയങ്ങൾ. ദാരിദ്യ്രരഹിത ഗ്രാമങ്ങൾ, കുടിവെള്ളത്തിൽ സ്വയം പര്യാപ്തത കൈവരിച്ച ഗ്രാമങ്ങൾ, ഹരിതഗ്രാമങ്ങൾ, സൽഭരണം, സാമൂഹികനീതി, ശിശു-സൗഹൃദ, സ്ത്രീ സൗഹൃദ പഞ്ചായത്തുകൾ എന്നിങ്ങനെ പോകുന്നു ആ ഉത്തരവാദിത്തങ്ങൾ.
ഓരോ സംസ്ഥാനവും ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പഞ്ചായത്ത് മന്ത്രാലയവും നിതിആയോഗും വിശദപഠനങ്ങൾ നടത്തിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ ഒരു റിപ്പോർട്ട് ഈ പഠനങ്ങൾ പരിഗണിക്കാതിരുന്നത് ഭൂഷണമല്ലെന്ന് മാത്രമല്ല, പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ പഞ്ചായത്ത് വികസന സൂചിക കണ്ടില്ലെന്ന് നടിക്കുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്.
പഞ്ചായത്ത് വികസനത്തിന്റെ പോരായ്മകളിലേക്ക് വികസന റിപ്പോർട്ടു വെളിച്ചം വീശുന്നു. ഈ റിപ്പോർട്ടു വിശദമായി പഠിച്ചിരുന്നുവെങ്കിൽ മുന്നോട്ടുള്ള മാർഗം എന്ന അവസാന അധ്യായം ഇത്ര ശുഷ്കമാകുമായിരുന്നില്ല.
റിപ്പോർട്ട് കാര്യമായ ഒരു നിർദേശവും മുമ്പോട്ടുവെക്കുന്നില്ല. ‘തൃണമൂലതല ജനാധിപത്യത്തിന്റെ കാര്യക്ഷമത’ വർധിപ്പിക്കണമെന്ന് പറയാൻ ഒരു വിദഗ്ധസമിതിയുടെ ആവശ്യമില്ല. തനതു വരുമാനം കുറവാണെന്ന് പറയുവാൻ എളുപ്പമാണ്. നികുതി കൊടുക്കുമ്പോഴാണ് യഥാർഥ പങ്കാളിത്തമുണ്ടാകുക.
നികുതി കൊടുക്കാത്തവർ എങ്ങനെ ഗുണനിലവാരം ആവശ്യപ്പെടും? തദ്ദേശ സ്ഥാപനങ്ങളുടെ അവകാശമായ വസ്തു നികുതി അവർക്ക് ഏൽപിച്ചുകൊടുക്കണം. നിർബന്ധമായും അവർ പിരിക്കണം. താമസിക്കുന്ന വീടുകളെ മാത്രം അടിസ്ഥാനപ്പെടുത്തി 2017-18 ലെ ഇക്കണോമിക് സർവേ ഇക്കാര്യത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ച വസ്തുനികുതിയുടെ നിസ്സീമ സാധ്യത മുകളിൽ പറഞ്ഞത് ഓർമിപ്പിക്കുകയാണ്.
പഞ്ചായത്തുതലത്തിൽ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന ആസ്തികൾ എത്ര, അവ എങ്ങനെ പരിപാലിക്കപ്പെടുന്നു എന്ന കാര്യത്തെക്കുറിച്ച് ഒരു റിപ്പോർട്ടും ശ്രദ്ധിക്കുന്നില്ല. അവസാന അധ്യായത്തിൽ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ പഞ്ചായത്തുകൾക്ക് പങ്കുണ്ടെന്നു പറയുന്നതല്ലാതെ ഒരു നിർദേശവും മുന്നോട്ടുവെക്കുന്നില്ല.
തദ്ദേശ ജനാധിപത്യത്തെക്കുറിച്ചും എവിടെ താളപ്പിഴ സംഭവിച്ചുവെന്നും അവ സ്വന്തം കാലിൽ നിൽക്കുന്ന സ്ഥാപനമാക്കുന്നതിന് ഉതകുന്ന നിർദേശങ്ങളെക്കുറിച്ചും വിദഗ്ധമായി അപഗ്രഥിക്കുന്ന ഒരു റിപ്പോർട്ട് റിസർവ് ബാങ്കിൽനിന്ന് പ്രതീക്ഷിച്ചു. പക്ഷേ, വളരെ നിരാശജനകമായിരുന്നു ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ച അവരുടെ പഠനം എന്നു പറയാതിരിക്കാൻ നിവൃത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.