30 ക്രിമിനൽ കേസുകൾ; എന്നിട്ടും ഡിസ്മിസ് ചെയ്ത പൊലീസുകാരനെ എന്തിനാവും തിരികെയെടുത്തത്

ആകെ 30 ക്രിമിനൽ കേസുകളിൽ പ്രതി. അതിൽ 18 തെളിയിക്കപ്പെട്ട കുറ്റങ്ങൾക്ക് പിരിച്ചുവിട്ട ഒരു പൊലീസുകാരനെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവീസിൽ തിരിച്ചെടുത്തു. പൊലീസുകാരൻ ചെയ്തതായി തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങൾ ഗൗരവമുള്ളതല്ലെന്നും പിരിച്ചുവിടൽ അർഹിക്കുന്നില്ലെന്നും നിരീക്ഷിച്ചാണ് നടപടി.

അതിക്രമം, പീഡനം, അധികാര ദുർവിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികൾ ഈ പൊലീസുകാരനെതിരെ 30 പരാതികൾ നൽകിയിരുന്നു. അതിൽ 18 എണ്ണം അന്വേഷണത്തിൽ ശരിയാണെന്ന് തെളിഞ്ഞു. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഐ.ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി, 'ഈ പൊലീസ് ഉദ്യോഗസ്ഥൻ സർവീസിൽ തുടരുന്നത് പൊതുജനങ്ങൾക്കും നിയമപാലനത്തിനും ഭീഷണിയാകുമെന്ന്' നിരീക്ഷിച്ചു. സംസ്ഥാനത്തെ പരമോന്നത നീതിപീഠം ഇത്തരമൊരു നിരീക്ഷണം നടത്തിയിട്ടും, തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങൾ 'നിസ്സാരമാണെന്ന്' പൊലീസ് ഉന്നതർ കണ്ടെത്തി. ഇത്തരം 'ചെറിയ കുറ്റകൃത്യങ്ങൾക്ക്' പിരിച്ചുവിടൽ പോലെ കഠിനമായ ശിക്ഷ വേണ്ടതില്ല എന്നും തീരുമാനിച്ചു.

2018 ആഗസ്റ്റിൽ ഇടുക്കിയിലെ തൊടുപുഴ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എൻ. ജി ശ്രീമോനെതിരെ പീഡനം ആരോപിച്ച് തൊടുപുഴ സ്വദേശി ബേബിച്ചൻ വർക്കി കേരള ഹൈക്കോടതിയിൽ ഒരു റിട്ട് ഹരജി നൽകിയതോടെയാണ് കഥയുടെ തുടക്കം. പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത കുറ്റങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇയാൾക്കെതിരെ 30 പരാതികൾ ഉയർന്നതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തി. തുടർന്ന് രണ്ട് റിപ്പോർട്ടുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഒന്ന് ഐ.ജി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും മറ്റൊന്ന് ഇന്റലിജൻസ് എ.ഡി.ജി.പിയും.

ഇന്റലിജൻസ് എ.ഡി.ജി.പി സമർപ്പിച്ച റിപ്പോർട്ടിലെ സംഗ്രഹം ഇങ്ങനെ: "ഇൻസ്പെക്ടർ ശ്രീമോനെതിരെയുള്ള അന്വേഷണത്തിൽ അദ്ദേഹം ആവർത്തിച്ച് നിയമത്തിന്റെയും ചട്ടങ്ങളുടെയും ഗുരുതരമായ ലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. തനിക്ക് അധികാരപരിധിയില്ലാത്ത സിവിൽ തർക്കങ്ങളിൽ അദ്ദേഹം ആവർത്തിച്ച് ഇടപെട്ടിട്ടുണ്ട്. ഇൻസ്‌പെക്ടർ നിയമവിരുദ്ധമായി ശാരീരിക പീഡനം നടത്തിയതായി വ്യക്തമായ ആരോപണമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഒരു പൊലീസ് ഓഫീസർ എന്ന നിലയിലുള്ള തന്റെ അധികാരം ദുരുപയോഗം ചെയ്യാനും ഇൻസ്പെക്ടർ എൻ. ജി ശ്രീമോൻ മടിച്ചില്ല''.

ഒന്നുകിൽ ശ്രീമോനെ സർവീസിൽ നിന്ന് മാറ്റുകയോ താഴ്ന്ന റാങ്കിലേക്ക് തരംതാഴ്ത്തുകയോ അല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് വിജിലൻസ് ഐ.ജിയുടെ നിർദേശം. 30 ആരോപണങ്ങളിൽ 18 എണ്ണവും തെളിഞ്ഞതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായി. ഈ 18 കുറ്റകൃത്യങ്ങളിൽ 14 എണ്ണം തന്റെ അധികാരപരിധിയിൽ വരാത്ത സിവിൽ വിഷയങ്ങളിൽ തന്റെ ഇടപെടൽ തെളിയിക്കുന്ന സ്വഭാവമുള്ളവയായിരുന്നു.

ഇവ കൂടാതെ വിവിധ മജിസ്‌ട്രേറ്റ് കോടതികളിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2020 മാർച്ചിൽ ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, ശ്രീമോൻ ഹരജിക്കാരനായ ബേബിച്ചൻ വർക്കിയെ സമീപിച്ച് പരാതി പിൻവലിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ റിപ്പോർട്ടുകൾക്കും നിരീക്ഷണങ്ങൾക്കും ശേഷം, 2021 ഫെബ്രുവരി 12 ന് ശ്രീമോനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ടതിനെതിരെ അദ്ദേഹം എ.ഡി.ജി.പിക്ക് അപ്പീൽ നൽകി. ഒന്നര വർഷത്തിന് ശേഷം, 2022 ആഗസ്റ്റ് 19ന്, തെളിയിക്കപ്പെട്ട കുറ്റങ്ങൾ 'ഗൗരവമുള്ളതല്ല' എന്ന നിരീക്ഷണം നടത്തി എ.ഡി.ജി.പി വിജയ് സാഖറെ അദ്ദേഹത്തിന്റെ പിരിച്ചുവിടൽ റദ്ദാക്കി. സർവീസിൽ തുടരുന്നത് പൊതുജനങ്ങൾക്കും നിയമപാലനത്തിനും ഭീഷണിയാകുമെന്ന് ഹൈക്കോടതി പറഞ്ഞ അതേ കുറ്റങ്ങളെക്കുറിച്ചാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.

എ.ഡി.ജി.പി കണ്ട 'ചെറിയ കുറ്റങ്ങൾ':

വിജയ് സാഖറെ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്ന പൊലീസ് ഉദ്യോഗസ്ഥൻ ചെയ്ത 'ചെറിയ കുറ്റങ്ങൾ' ഏതാണെന്ന് നോക്കുന്നത് നന്നാവും. തെളിയിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും 2016ലും 2017ലും നടന്നതാണ്. തൊടുപുഴയുടെ അധികാരപരിധിക്ക് പുറത്തുള്ള ഒരു സിവിൽ വിഷയത്തിൽ ജെയ്‌സൺ പോൾ എന്നയാളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു. ക്രിമിനൽ കേസ് ഉണ്ടാക്കുന്നതിനായി മുഹമ്മദ് സലിം എന്നയാളെ കള്ളക്കേസുകൾ ചേർത്ത് അറസ്റ്റ് ചെയ്യുക. അത് പിന്നീട് സിവിൽ സ്വഭാവമുള്ളതായി ഹൈക്കോടതി റദ്ദാക്കി. കൂടാതെ, ഒരു പ്ലാറ്റ്ഫോം വെണ്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും അയാളുടെ മകനെ മർദിക്കുകയും ചെയ്യുക. പാഴ്‌സൽ നഷ്ടപ്പെട്ടെന്ന പരാതിയിൽ രണ്ട് തപാൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി 8000 രൂപ കൈക്കലാക്കുക എന്നീ കേസുകൾ ചിലത് മാത്രം.

അതുപോലെ തൊടുപുഴ പെരുമ്പള്ളി യു.പി സ്കൂളിലെ അധ്യാപികയെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. പെവലീസ് സ്‌റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ട ആളെ വസ്ത്രം അഴിച്ച് മർദിച്ചു. സർക്കാർ ആശുപത്രിയിലെ ഡോക്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയെ അധിക്ഷേപിക്കുക, ഉപദ്രവിക്കുക, ജാമ്യക്കാരനെ ഭീഷണിപ്പെടുത്തുക, കേസ് ഒത്തുതീർപ്പാക്കാൻ സാക്ഷിയെയും പ്രതിയെയും പ്രതിയുടെ മകനെയും മകളെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക. ഇവയൊക്കെയാണ് മറ്റ് കേസുകൾ.

ഈ കുറ്റകൃത്യങ്ങളെല്ലാം വളരെ ചെറിയ പിഴ മാത്രംആവശ്യപ്പെടുന്നതാണെന്നും സർവീസിൽ നിന്ന് പിരിച്ചുവിടൽ ശിക്ഷ അമിതവും കഠിനവുമാണെന്നുമാണ് വിജയ് സാഖറെയുടെ കണ്ടെത്തൽ. കുറ്റത്തിന്റെ സ്വഭാവത്തിന് ആനുപാതികമല്ലാത്ത ശിക്ഷയാണ് നൽകപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. "കുടുംബത്തിന്റെ ഏക വരുമാന മാർഗം അദ്ദേഹമാണെന്ന വസ്തുത കണക്കിലെടുത്ത്, പിരിച്ചുവിടലിന്റെ ശിക്ഷ ഞാൻ കുറക്കുന്നു" -അദ്ദേഹം തന്റെ റിപ്പോർട്ടിൽ പറഞ്ഞു. "അദ്ദേഹത്തിന്റെ അടുത്ത മൂന്ന് ഇൻക്രിമെന്റുകൾ തടഞ്ഞുവയ്ക്കുക" എന്നതിലേക്ക് ശിക്ഷ കുറക്കുന്നു. കൂടാതെ, സർവീസിൽ നിന്ന് പിരിച്ചുവിട്ട കാലയളവ് അനുവദനീയമായ അവധിയായി ക്രമീകരിച്ചു നൽകുന്നു.

(ദി ഫെഡറൽ ഡോട്ട് കോമിൽ വന്ന ലേഖനത്തിൽനിന്ന്)

Tags:    
News Summary - Dismissed Kerala cop with 18 cases reinstated after ADGP feels offences are ‘minor’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT