രജനിയില്‍ നിന്ന് ജിഷ്ണുവിലേക്കുള്ള ദൂരം

സ്വാശ്രയ ഇടിമുറി
സിവില്‍ സര്‍വിസ്, മെഡിസിന്‍, എന്‍ജിനീയറിങ്...തീര്‍ന്നു, മലയാളിയുടെ സ്വപ്നത്തിലെ ഒന്നാം നമ്പര്‍ ഉദ്യോഗങ്ങള്‍. ജോലിയിലാവട്ടെ, വിവാഹ മാര്‍ക്കറ്റിലാവട്ടെ മുന്തിയ പരിഗണന. അതുകൊണ്ട്, കേരളത്തില്‍ കിട്ടിയില്ളെങ്കില്‍ തമിഴ്നാട്ടിലേക്കോ കര്‍ണാടകയിലേക്കോ വണ്ടി പിടിക്കും. ഇവരെ ഇവിടെതന്നെ പിടിച്ചുനിര്‍ത്താനുള്ള ഒറ്റമൂലിയായാണ് പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയിലും സ്വകാര്യ മേഖല വന്നത്. പിന്നെ കാണുന്നത്  സ്വാശ്രയ വിദ്യാഭ്യാസം നാട്ടുനടപ്പാകുന്നതാണ്. അതോടെ, കൊള്ളലാഭം കിട്ടുന്ന കച്ചവടമായി അത് മാറി. കള്ളുഷാപ്പു മുതലാളിയും കശുവണ്ടി മുതലാളിയുമടക്കം ഈ രംഗത്തേക്കു വന്നു. ലാഭമാത്ര പ്രചോദിതമായി നടക്കുന്ന കച്ചവട സ്ഥാപനത്തില്‍ നടക്കാവുന്നതൊക്കെ സ്വാശ്രയ വിദ്യാഭ്യാസത്തിലും  നടക്കുന്നു. നാളുകള്‍ക്കു മുമ്പാണ്, നഴ്സറി കുട്ടിയെ പട്ടിക്കൂട്ടിലിട്ടതായി പരാതിയുയര്‍ന്നത്. നഴ്സറിയില്‍ പട്ടിക്കൂടെങ്കില്‍ എന്‍ജിനീയറിങ് കോളജില്‍ ഇടിമുറി. രജതജൂബിലി പൂര്‍ത്തിയാക്കുന്ന കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസം നേടിയതും നഷ്ടപ്പെടുത്തിയതും എന്തൊക്കെയാണ്? മാധ്യമം ലേഖകര്‍ നടത്തുന്ന അന്വേഷണം.

2004 ജൂലൈ 22. മലയാളി പെട്ടെന്ന് മറന്ന ദിനമാണ്. അന്നായിരുന്നു രജനി എസ്. ആനന്ദിന്‍െറ മരണം. പഠനമികവിനു പകരം പണാധിപത്യം സ്ഥാനം പിടിച്ച സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിന് സമ്മാനിച്ച ആദ്യ ഇര, അല്ളെങ്കില്‍ രക്തസാക്ഷി. അടൂര്‍ സഹകരണ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്ന രജനിക്ക് തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഹൗസിങ് ബോര്‍ഡ് കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കേണ്ടി വന്നതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ; അവളുടെ മാതാപിതാക്കള്‍ക്ക് പണമില്ല. ഇഷ്ടപ്പെട്ട് ചേര്‍ന്ന എന്‍ജിനീയറിങ് കോഴ്സിന് പഠിക്കാന്‍ പണമില്ലാതെ വന്നതോടെ അവള്‍ മുന്നില്‍ മറ്റൊരു വഴി കണ്ടില്ല.

രജനിക്ക് പിന്‍ഗാമികള്‍ പിറക്കുന്നു. ഇന്നത് പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയില്‍ എത്തിനില്‍ക്കുന്നു. രജനിയില്‍നിന്ന് ജിഷ്ണുവിലേക്ക് 13 വര്‍ഷത്തെ ദൂരമുണ്ടെങ്കിലും അവരെ ഇരകളാക്കിയ വിദ്യാഭ്യാസ സമ്പ്രദായം ഇന്നും ആര്‍ത്തിയുടെ പുതുവഴി തേടുകയാണ്. പ്രഫഷനല്‍ വിദ്യാഭ്യാസം കച്ചവടമായതോടെ അവിടെ മനുഷ്യരില്ല. എല്ലാം ലാഭാധിഷ്ഠിത കച്ചവടവും വില്‍പന ചരക്കും മാത്രം.

പ്രിന്‍സിപ്പല്‍മാര്‍ റബര്‍ സ്റ്റാമ്പുകള്‍
സ്വാശ്രയ കോളജുകള്‍ കലാലയങ്ങള്‍ എന്ന സങ്കല്‍പത്തിന്‍െറ അടിവേരറുത്ത് വിദ്യാര്‍ഥി തടവറകളായി മാറുന്ന വര്‍ത്തമാനങ്ങള്‍ പുറത്തുവരുന്നു. അക്കാദമികവും ഭരണപരവുമായി കോളജിന് നേതൃത്വം നല്‍കേണ്ട പ്രിന്‍സിപ്പല്‍മാര്‍ റബര്‍ സ്റ്റാമ്പുകളായ കാമ്പസുകളില്‍ മാനേജര്‍മാര്‍ ഓഫിസ് വെച്ച് വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്മണരേഖ വരക്കുന്നു. ജനാധിപത്യത്തിന്‍െറ നാട്ടിലെ കാമ്പസുകളിലെ ഏകഛത്രാധിപതികളായ സ്വാശ്രയ മുതലാളിമാര്‍ കോട്ടകെട്ടി വാഴുന്നു. സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ കേരളം കടന്നുകയറിയ പുരോഗതിയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന പ്രസ്ഥാനങ്ങളായി സ്വാശ്രയ സ്ഥാപനങ്ങള്‍ മാറി.  

ചിരിപ്പിഴയിലൂടെ വന്‍ ലാഭം
കണ്ണൂര്‍ വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ ചിരിച്ചതിന് വിദ്യാര്‍ഥിയില്‍നിന്ന് 50 രൂപ പിഴ ഈടാക്കിയതിന്‍െറ രസീതി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇംഗ്ളീഷില്‍ ‘ലാഫിങ്’ എന്ന് എഴുതാന്‍പോലും അറിയാത്തയാളാണ് ആ കോളജിലെ  വാര്‍ഡന്‍. ഈ കോളജില്‍ വരുമാനം ഉയര്‍ത്താനുള്ള പ്രധാനമാര്‍ഗമാണ് പിഴ. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ പിഴ ഇനത്തില്‍ വരുമാനം 3,33,422 രൂപയെങ്കില്‍ തൊട്ടടുത്ത വര്‍ഷം 6,21,936 രൂപയായി. 2014 -15ല്‍ 9,73,472 രൂപയായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.  ബഹളം വെക്കല്‍, ഷൂ ഇടാതിരിക്കല്‍, ഞൊറിയുള്ള ഷര്‍ട്ട് ഇടുക,  ഹാള്‍ ടിക്കറ്റ് വീണ്ടും പ്രിന്‍റ് എടുക്കുക,  വൈകി വരല്‍, കൂട്ടംകൂടി നില്‍ക്കല്‍, മുടിവെട്ടാതിരിക്കല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ സംസാരിക്കല്‍ എന്നിവക്കൊക്കെ പിഴയും ശാസനയുമാണ് ശിക്ഷ. ഇതിന് പുറമെയാണ് പ്രത്യേക മുറിയിലുള്ള വിചാരണയും മര്‍ദനവും. വിദ്യാര്‍ഥികളെ കായികമായി നേരിടലാണ് കായികാധ്യാപകന്‍െറ ജോലി.

കൈകാര്യം ചെയ്യാന്‍ ഗുണ്ടാസംഘങ്ങള്‍
ചില കോളജുകള്‍ പ്രാദേശിക ഗുണ്ടാസംഘങ്ങളെ തീറ്റിപ്പോറ്റുന്നുണ്ട്.  മാനേജ്മെന്‍റിന്‍െറ നോട്ടപ്പുള്ളികളാകുന്നവരെ കാമ്പസിന് പുറത്തുവെച്ചാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്. കോട്ടയം മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജുമായി ബന്ധപ്പെട്ട പരാതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടപടിക്ക് മനുഷ്യാവകാശ കമീഷന്‍ ഡി.ഐ.ജി എസ്. ശ്രീജിത്ത് നിര്‍ദേശം നല്‍കിയിരുന്നു.    കോളജ് ചെയര്‍മാന്‍െറ രാത്രി ഹോസ്റ്റല്‍  സന്ദര്‍ശനം സംബന്ധിച്ച് 2011ല്‍തന്നെ വനിത കമീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി. ശ്രീദേവി അന്വേഷിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതാണ്. നടപടി മാത്രമുണ്ടായില്ല.

മൂവാറ്റുപുഴയിലെ സ്വാശ്രയ ഡെന്‍റല്‍ കോളജില്‍ ആരോഗ്യ സര്‍വകലാശാല നിര്‍ദേശിക്കുന്ന രീതിയില്‍ അല്ല ക്ളാസ്. സര്‍വകലാശാല അവധി നല്‍കിയ ദിവസങ്ങളിലും അവിടെ ക്ളാസുണ്ടാകും. രക്ഷിതാക്കള്‍ എത്തിയാല്‍പോലും കുട്ടികളെ വിടില്ല. മാനേജ്മെന്‍റിന്‍െറയോ അധ്യാപകരുടെയോ ഹിറ്റ്ലിസ്റ്റില്‍ പെട്ടാല്‍ ഇന്‍േറണല്‍ മാര്‍ക്ക് വെട്ടിക്കുറച്ച് വിദ്യാര്‍ഥികളെ വരുതിയില്‍ നിര്‍ത്തും.

മതേതര, ജനാധിപത്യ വിദ്യാഭ്യാസത്തിന്‍െറ തിരിച്ചുവരവ് ഉദ്ഘോഷിക്കുന്ന ഈ കാലം കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്‍െറ രജതജൂബിലി കൂടിയാണ്. 25 വര്‍ഷം എന്നു പറഞ്ഞാല്‍ ഒരു തലമുറയുടെ കാലം. അത് പടര്‍ന്ന് പന്തലിച്ചിട്ട് ഒന്നര പതിറ്റാണ്ടും പിന്നിടുന്നു. സ്വാശ്രയ ചന്തയില്‍ മുതലിറക്കിയ മുതലാളിയുടെ ലാഭത്തിനപ്പുറം അത് സമൂഹത്തിലുണ്ടാക്കിയ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? വിദ്യാര്‍ഥികള്‍ എങ്ങനെ ഇരകളായി? എന്തുകൊണ്ട് ഭരണകൂടം സ്വാശ്രയ മുതലാളിമാരുടെ പങ്കുകച്ചവടക്കാരാകുന്നു? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പലപ്പോഴും ഞെട്ടിക്കുന്നവയാണ്.

(നാളെ: പണം കൊടുത്തു വാങ്ങുന്ന തടവറ)

Tags:    
News Summary - distance between rajani to jishnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT