ഡി.എൽ.എഡ്; നിലവാരം തകർക്കുന്ന അവഗണന

കുറച്ചു നാളുകൾക്ക് മുമ്പാണ് രണ്ടു വർഷത്തെ അധ്യാപക പരിശീലന കോഴ്സ് കഴിഞ്ഞ വിദ്യാർഥികൾ വിതുമ്പലോടെ മാധ്യമങ്ങൾക്കുമുന്നിൽ പരാതി പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് അപേക്ഷിക്കണമെങ്കിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കണം. ഇനിയും വൈകിയാൽ കരിയറിൽനിന്ന് ഒരുകൊല്ലം നഷ്ടമാകും. പ്രശ്നം മാധ്യമ ശ്രദ്ധ നേടിയതോടെ പരിഹരിക്കപ്പെട്ടു. എന്നാൽ, ഇനിയും പരിഹരിക്കപ്പെടാതെ നിരവധി പ്രശ്നങ്ങളാണ് അധ്യാപക പരിശീലന കോഴ്സിൽ ഇപ്പോഴും നിലനിൽക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നാലു കൊല്ലത്തോളമായി തുടർന്നുകൊണ്ടിരിക്കുന്ന, പ്രൈമറി തലത്തിലെ അധ്യാപകർക്കായി തയാറാക്കിയ പരിശീലന കോഴ്സാണ് ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലിമെൻററി എജുക്കേഷൻ). പഴയ ടി.ടി.സി പരിഷ്കരിച്ചാണ് ഇതു​ തുടങ്ങിയത്. ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിച്ചവർ മുതൽ പി.ജി കഴിഞ്ഞവർ വരെ ഈ കോഴ്സ് തെരഞ്ഞെടുക്കുന്നുണ്ട്. എന്നാൽ, അധ്യാപകരുടെ അഭാവം, പഠന സൗകര്യങ്ങളുടെ അപര്യാപ്തത, മൂല്യനിർണയത്തിലെ അശാസ്ത്രീയത തുടങ്ങി നിരവധി പ്രശ്നങ്ങൾ പഠിതാക്കൾക്കു​ മുന്നിൽ ചോദ്യചിഹ്നമായി മാറുന്നു.

ഓഫ് ലൈനിൽ കുടുക്കുന്ന അപേക്ഷ

ജനറൽ വിഭാഗത്തിനൊപ്പം ഹിന്ദി, അറബി, ഉർദു, സംസ്കൃതം എന്നീ ഭാഷകളിലാണ്​ പരിശീലനം നൽകുന്നത്. മറ്റു വിദ്യാഭ്യാസ മേഖലകളൊക്കെയും കാലാനുസൃതമായി അപേക്ഷകൾ സ്വീകരിക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ഡി.എൽ.എഡ് പ്രവേശനത്തിനുള്ള അപേക്ഷ ഇപ്പോഴും ഓഫ് ലൈനായാണ് സ്വീകരിക്കുന്നത്. ഇക്കാരണത്താൽ പ്രവേശന നടപടികളിൽ കാലതാമസം നേരിടുന്നു. രണ്ടു വർഷം നിശ്ചയിച്ച കോഴ്​സ്​ പൂർത്തിയാവാൻ ഏകദേശം രണ്ടര വർഷമെടുക്കും. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക്​ ഒരു അധ്യയന വർഷം നഷ്​ടമാവുമെന്ന കാര്യം തീർച്ചയാണ്​.

അശാസ്ത്രീയ സിലബസും മൂല്യനിർണയവും

സിലബസിന്റെ ഘടനയെ കുറിച്ചും സെമസ്റ്റർ പരീക്ഷകളിലെ മൂല്യനിർണയത്തെക്കുറിച്ചും പഠിതാക്കൾക്ക് ആശങ്കയുണ്ട്. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത ഹയർ സെക്കൻഡറി വിദ്യാഭ്യാസമാണെങ്കിലും കോഴ്സിന്‍റെ സിലബസ് ഘടന ഡിഗ്രിയോ പി.ജിയോ കഴിഞ്ഞവരുടെ നിലവാരത്തിലുള്ളതാണ്​. സ്വാഭാവികമായും മൂല്യനിർണയത്തിലും ഇതു പ്രകടമാവും. വിജയശതമാനത്തിൽ വലിയ വിള്ളലാണ് ഇതു​ സൃഷ്ടിക്കുന്നത്.

നിലവിലെ സിലബസിൽ ഭാഷാപഠനം തിരഞ്ഞെടുത്തവർക്ക് ഒരേ വിഷയം തന്നെ വ്യത്യസ്ത രീതിയിലാണ് പഠിപ്പിക്കുന്നത്. ചൈൽഡ് സൈക്കോളജിപോലുള്ള വിഷയങ്ങൾ പ്രത്യേക വിഷയമായി പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പഠിപ്പിക്കുന്നു. അതേസമയം, ഭാഷാപഠനത്തിന് പ്രാധാന്യം കുറയുകയും ചെയ്യുന്നുണ്ട്. ഭാഷാ പഠനത്തിന്റെ അടിസ്ഥാന നിയമങ്ങൾ, സാഹിത്യ ഗ്രന്ഥ പരിചയം, എഴുത്ത് പരിശീലനം, സംഭാഷണ നൈപുണി തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷകൾക്കുപോലും ആകെ മാർക്കിന്റെ മുപ്പത്തഞ്ചോ നാൽപതോ ശതമാനം മാർക്കാണ്​ വിജയപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഡി.എൽ.എഡ് കോഴ്സുകൾക്കാകട്ടെ പകുതിയിൽ കൂടുതൽ മാർക്ക് വേണമെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ, പഠനം പൂർത്തീകരിച്ചശേഷം കോഴ്സ് തീർക്കാനാവാതെയും മറ്റ് ഉപരിപഠന മേഖലകൾ തെരഞ്ഞെടുക്കാനാകാതെയും നിരവധി പഠിതാക്കളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

Tags:    
News Summary - D.L.Ed.; Negligence that undermines standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT