ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് (Uniform Civil Code) നടപ്പാക്കണം എന്ന മുറവിളിക്കും അതിനോടുള്ള എതിർപ്പിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ ഹൈകോടതികളും സുപ്രീംകോടതിയും പല കേസുകളിലും ഈ ആവശ്യം എടുത്തുന്നയിക്കാറുണ്ട്. പക്ഷേ, അതൊന്നും സിവില്‍കോഡിന്റെ പ്രസക്തിയും അനിവാര്യതയും അതതു കേസുകളിലെ തര്‍ക്കവിഷയമായി (Issues or Points) എടുത്ത് അതിന്മേലുള്ള അനുകൂലമായതും പ്രതികൂലമായതുമായ വാദങ്ങള്‍ ഉന്നയിക്കാനോ തെളിവുകള്‍ നിരത്താനോ കക്ഷികള്‍ക്ക് അവസരം കൊടുത്തശേഷമോ അതിന്മേല് വിചാരണ നടത്തിയോ അല്ല. അവയെല്ലാം കോടതിയുടെ വ്യക്തിപരമായ അഭിപ്രായം (Obeter Dictum) എന്ന നിലക്കെ എടുക്കാന്‍ കഴിയൂ. പക്ഷേ, ഇത്തരം നിരീക്ഷണങ്ങള്‍ക്ക് (Observations) ദൗര്‍ഭാഗ്യകരമായ ചില പ്രതിഫലനങ്ങള്‍ ഉണ്ടാകാറുണ്ട്. കോടതി നടപടികളുടെയും നിയമത്തിന്റെയും ശാസ്ത്രീയവശങ്ങള്‍ അറിയാത്ത പൊതുജനം അവ കോടതി വിധികളായി തെറ്റിദ്ധരിക്കുന്നു; നിക്ഷിപ്ത താല്പര്യമുള്ള ഭരണകൂടങ്ങള്‍ക്ക് ഈ പുകമറക്കിടയിൽ നിയമം കൊണ്ടുവരാനുള്ള സാഹചര്യം ഉടലെടുക്കുന്നു, രാജ്യത്തെയും ജനതയെയും അടിസ്ഥാനപരമായി ബാധിക്കുന്ന ഇത്ര ഗൗരവമേറിയ ഒരു വിഷയത്തെ വ്യക്തവും വ്യാപകവുമായ ചര്‍ച്ചകള്‍ക്കോ നിയമ പരിഗണനകള്‍ക്കോ വിധേയമാക്കാതെ ലാഘവത്തോടെ കൈകാര്യം ചെയ്യാവുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകുന്നു.
രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പില്‍ വരുത്തുമ്പോള്‍ വിവിധ മത, വർഗ വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളെയാണ് അതു ബാധിക്കുക. നമ്മുടെ രാജ്യത്തെ അടിസ്ഥാനപരവും പ്രധാനപ്പെട്ടവയുമായ എല്ലാ സിവില്നിയമങ്ങളും ക്രിമിനല്‍ നിയമങ്ങള്‍ പൂര്‍ണമായും എല്ലാ പൗരര്‍ക്കും ഒരുപോലെ ബാധകമായ നിലയിലാണ് നടപ്പാക്കിയിട്ടുള്ളത്. വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം എന്നിങ്ങനെയുള്ള തീര്‍ത്തും വ്യക്തിപരവും പരിമിതവുമായ വിഷയങ്ങളില്‍ മാത്രമാണ് വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നത്. ഇവയില്‍തന്നെ കുറെയൊക്കെ വ്യക്തികളുടെ തിരഞ്ഞെടുപ്പിന് (Choice) വിധേയമാക്കപ്പെട്ടവയുമാണ്.
ഈ വ്യക്തിനിയമങ്ങള്‍ നമ്മുടെ ഭരണഘടന പൗരജനങ്ങൾക്ക് ഉറപ്പുനല്‍കിയ ചില മൗലികാവകാശങ്ങളുടെ താല്പര്യപ്രകാരമാണുതാനും. രാജ്യത്തെ വിവിധ മത, വര്‍ഗ വിഭാഗങ്ങളെ ഒന്നിച്ച് ഒരു ഭരണഘടനക്കുകീഴില്‍ നിലനിര്‍ത്താന്‍ അനിവാര്യമായവയാണ് പ്രസ്തുത മൗലികാവകാശങ്ങള്‍.
ഏകീകൃത സിവില്‍കോഡിനുവേണ്ടി വാദിക്കുന്നവരുടെ പ്രധാന ന്യായീകരണം ഭരണഘടനയിലെ നിർദേശക തത്ത്വങ്ങളിലെ 44-ാം അനുച്ഛേദത്തെ ആധാരമാക്കിയാണ്. അത് ഉദ്ഘോഷിക്കുന്നത് ഇന്ത്യയിലാകമാനം പൗരര്‍ക്കു ബാധകമായ ഒരു ഏകീകൃത സിവില്‍കോഡ് (Uniform Civil Code) കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിക്കണമെന്നാണ്.
നിർദേശകതത്ത്വങ്ങള്‍ പ്രതിപാദിക്കുന്നത് ഭരണഘടനയുടെ നാലാം ഭാഗത്തിലാണ്. അതിനുമുമ്പ് മൂന്നാം ഭാഗത്തിലായി മൗലികാവകാശങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇവിടെ പ്രസക്തമായ ഏറ്റവും പ്രധാനപ്പെട്ട ഒരു മൗലികാവകാശം അനുച്ഛേദം 25ല്‍ പറയുന്നതാണ്. പൊതു സമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവക്ക് വിധേയമായി ഒരോ വ്യക്തിക്കും തന്റെ വിശ്വാസം അല്ലെങ്കില്‍ മതം വെച്ചു പുലര്‍ത്താനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം അതു ഉറപ്പുനല്‍കുന്നു. പ്രത്യേക ഭാഷ, ലിപി, സംസ്കാരം എന്നിവവെച്ചു പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് അവ സംരക്ഷിച്ചു നിലനിര്‍ത്താനുള്ള മൗലികാവകാശം 29-ാം അനുച്ഛേദം ഉറപ്പ് നല്കുന്നു. ഈ നിലയില്‍ ലഭ്യമായ വളരെ പരിമിതമായ വ്യക്തിനിയമങ്ങള്‍ പോലും ഹനിക്കപ്പെടുകയോ എടുത്തുകളയപ്പെടുകയോ മാറ്റം വരുത്തപ്പെടുകയോ ചെയ്യുകയായിരിക്കും ഏകീകൃത സിവില്‍കോഡ് കൊണ്ടുണ്ടാകുന്ന ഫലം. അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ നീതിയുടെ തേട്ടമനുസരിച്ച് പലപ്പോഴായി കോടതി ഇടപെടലുകളിലൂടെയും നിയമനിർമാണം വഴിയുമൊക്കെ ചില വ്യക്തിനിയമങ്ങളില്‍ ഭേദഗതികള്‍ വന്നുചേരാറുണ്ട്. അതു പോലെയായിരിക്കില്ല ഇത്തരം പരിഗണനകള്‍ ഇല്ലാതെയും മൗലികാവകാശങ്ങളെ പാടെ അവഗണിച്ചുകൊണ്ടുമുള്ള പൂര്‍ണമായ ഒരു മാറ്റം. ഇന്ത്യയുടെ പൊതുസ്വഭാവത്തെ തന്നെ അത് മാറ്റിമറിച്ചെന്ന് വരാം. നിർദേശകതത്ത്വങ്ങളെ അപേക്ഷിച്ച് മൗലികാവകാശങ്ങള്‍ക്കാണ് ഭരണഘടന പ്രാധാന്യം നല്‍കിയിട്ടുള്ളത്. അനുച്ഛേദം 13 ല്‍ വ്യക്തമായി പറയുന്നത് മൗലികാവകാശങ്ങളെ എടുത്തുകളയുന്നതോ, മാറ്റം വരുത്തുന്നതോ ആയ ഒരു നിയമവും ഭരണകൂടത്തിന് നിര്‍മിക്കാന്‍ പാടില്ലെന്നാണ്. പില്ക്കാല കോടതിവിധികള്‍ പ്രകാരം ഈ അവസ്ഥക്ക് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ട് എന്നത് ശരി തന്നെ. അനുച്ഛേദം 32 പ്രകാരം മൗലികാവകാശങ്ങള്‍ നടപ്പാക്കിക്കിട്ടാന്‍ വ്യക്തികള്‍ക്കു സുപ്രീംകോടതിയെ സമീപിക്കാനുള്ള അവകാശവും ഒരു മൗലികാവകാശമായി തന്നെ ഉറപ്പു നല്കപ്പെട്ടിരിക്കുന്നു. മാര്‍ഗ നിർദേശക തത്ത്വങ്ങള്‍ ഭരണകൂടം നിലവില്‍ വരുത്തേണ്ട അതിന്റെ ചില ലക്ഷ്യങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് അവയുടെ പൂര്‍ത്തീകരണത്തിനു വേണ്ടി ഭരണകൂടം ശ്രമം നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി പറയുന്നു. പക്ഷേ അവയുടെ തുടക്കത്തില്‍ തന്നെ 37-ാം അനുച്ഛേദം അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത് ഇവയൊക്കെ ഭരണനിര്‍വഹണത്തിലെ ചില അടിസ്ഥാന തത്ത്വങ്ങളാണെങ്കില്‍ തന്നെ അവ ഒരു കോടതി മുഖേനയും നടപ്പില്‍ വരുത്താവുന്നതല്ലെന്നാണ്. ഈ ഒരു അനുച്ഛേദം കൊണ്ടുതന്നെ മൗലികാവകാശങ്ങളും മാര്‍ഗ നിർദേശകതത്ത്വങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം വ്യക്തമാക്കപ്പെടുന്നു. മാര്‍ഗ നിർദേശകതത്ത്വങ്ങള്‍ പൊതുവില്‍ സാമ്പത്തികമായും മറ്റുകാരണങ്ങളാലും പിന് നിരയില്‍ നിര്‍ത്തപ്പെട്ട വിഭാഗങ്ങളുടെയും തൊഴിലാളികളുടെയും കുട്ടികളുടെയുമൊക്കെ ഉന്നമനവും, ജനങ്ങളുടെ പൊതുവായ സുരക്ഷയും, പ്രകൃതി സംരക്ഷണം തുടങ്ങിയ പൊതുപ്രശ്നങ്ങളുടെ പരിഹാരവുമെല്ലാം മുന്‍നിര്‍ത്തിയുള്ള തത്ത്വങ്ങളാകയാല് അവക്കുവളരെ പ്രാധാന്യം നല്‍കിക്കൊണ്ട് തന്നെയാണ് കോടതികള്‍ അവയെ വ്യാഖ്യാനിച്ചിട്ടുള്ളതും ചില സന്ദര്‍ഭങ്ങളിൽ ചില മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന നിലക്കുതന്നെ ഈ മാര്‍ഗനിർദേശക തത്ത്വങ്ങളുടെ സംസ്ഥാപനത്തെ ഉദ്ഘോഷിച്ചിട്ടുള്ളതും. പക്ഷേ അനുച്ഛേദം 25 ലും 29 ലും പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളുടെ കാര്യത്തില്‍ ഇത്തരം പൊതുനന്മയുടെയും മറ്റും തത്ത്വങ്ങള്‍ അത്ര പ്രസക്തമല്ലെന്നും അവയുടെ സംസ്ഥാപനത്തിനു വേണ്ടി മേല്‍ പറഞ്ഞ അനുച്ഛേദങ്ങളെ ബാധിക്കുന്ന വിധത്തില്‍ ഒരു യൂനിഫോം സിവില്‍കോഡ് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും കാണാവുന്നതാണ്. പ്രമുഖ ഭരണഘടന വിദഗ്ധനായിരുന്ന നാനി പല്‍ക്കിവാലയുടെ അഭിപ്രായം ഭരണകൂടം ലക്ഷ്യം വെക്കേണ്ട ചില പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് നിർദേശക തത്ത്വങ്ങളെങ്കിലും അവ നേടിയെടുക്കേണ്ടത് മൗലികാവകാശങ്ങളാകുന്ന അനുവദനീയ മാര്‍ഗത്തിലൂടെ മാത്രമാണെന്നാണ്. ഇതുതന്നെയാണ് സുപ്രീംകോടതിയും പ്രഖ്യാപിച്ചിട്ടുള്ളത്. അഥവാ ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി മൗലികാവകാശങ്ങളാകുന്ന മാര്‍ഗത്തെ മുറിച്ചുകടക്കാനോ മറി കടക്കാനോ പാടില്ല എന്ന് വിവക്ഷ. മനുഷ്യജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുന്ന മദ്യം നിരോധിക്കേണ്ടതിന്റെ ആവശ്യകത 47-ാം അനുച്ഛേദത്തില്‍ ഒരു മാര്‍ഗനിർദേശക തത്ത്വമായി പറയുന്നുണ്ടെങ്കിലും മാര്‍ഗനിർദേശക തത്ത്വങ്ങളില്‍ പൊതുവെ പരാമര്‍ശിക്കപ്പെടുന്ന ലക്ഷ്യങ്ങളോട് തീര്‍ത്തും യോജിക്കുന്ന ഒരു ലക്ഷ്യമായിട്ടുപോലും ഈ ദിശയിലുള്ള നടപടികള്‍ക്കു കാര്യമായി ശ്രമിക്കാതെ അത്തരം പൊതുലക്ഷ്യങ്ങളോടൊന്നും കാര്യമായ ബന്ധമില്ലാത്ത ഏകീകൃത സിവില്‍കോഡ് കൊണ്ടുവരാനുള്ള ത്വരയാണ് ഭരണകൂട തലത്തിലും മറ്റും കണ്ടുവരുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്.
ഏകീകൃത സിവില്‍കോഡ് ദേശീയോദ്ഗ്രഥനത്തെ എളുപ്പമാക്കും എന്നാണ് മറ്റൊരു വാദം. ഭരണഘടനയുടെ ഒരിക്കലും മാറ്റം വരുത്താന്‍ പാടില്ലാത്ത അടിസ്ഥാന ഘടകങ്ങളിൽപെട്ടതാണ് മതേതരത്വം എന്നും അത് മതനിരാസമല്ല മതങ്ങളോടുള്ള തുല്യപരിഗണനയാണ് എന്നും സുപ്രീംകോടതിയടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. മതേതരത്വം എന്നത് മതങ്ങളുടെ വ്യത്യസ്ത സ്വത്വങ്ങളോടെയുള്ള നിലനിൽപിനെ അംഗീകരിക്കുന്നു. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ മുഖമുദ്രയും മഹത്തായ സന്ദേശവും. വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടുള്ള ഏകത്വമാണത്. അല്ലായെങ്കില്‍ മതേതരത്വം എന്നതുതന്നെ അര്‍ഥശൂന്യമാകും. നാനാത്വത്തെ അവഗണിച്ചു കൊണ്ടുള്ള ഏകത്വമല്ല ദേശീയോദ്ഗ്രഥനം.
(മുൻ ജില്ല ജഡ്ജിയും സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.