ഇന്ത്യയിന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ്. ഭരണഘടന വിഭാവനം ചെയ്ത ഇന്ത്യ എന്ന ആശയം തന്നെ ഭീഷണി നേരിടുന്നു. ജനങ്ങളും രാഷ്ട്രീയ പാർട്ടികളും ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥക്കെതിരെ ഐക്യപ്പെടുകയാണ്.
ഇതിന് അന്ത്യം കുറിക്കാനും സ്വതന്ത്രവായു ശ്വസിക്കാനും നരേന്ദ്ര മോദി സർക്കാറിനെ താഴെയിറക്കാൻ ഒന്നിച്ചു മുന്നേറാൻ രാജ്യത്തെങ്ങുമുള്ള ജനങ്ങളുടെ സമ്മർദം ഞങ്ങൾ പ്രതിപക്ഷ പാർട്ടികളുടെ മേലുണ്ട്. ജൂൺ 23ന് പട്നയിൽ ചേർന്ന പ്രതിപക്ഷ കോൺക്ലേവും മോദിയുടെ സ്വേച്ഛാവാഴ്ചക്കെതിരായ കൂട്ടായ പോരാട്ടത്തിനുള്ള ജനാഭിലാഷമാണ് വെളിപ്പെടുത്തിയത്.
ഔദ്യോഗികമായ സെൻഷർഷിപ് ഇല്ലെങ്കിലും വമ്പൻ കോർപറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങൾ മോദി സർക്കാറിന് അഹിതകരമായ അഭിപ്രായങ്ങളോ പ്രതികരണങ്ങളോ പ്രക്ഷേപണം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ മടിക്കുന്നു. ഇന്നത്തെ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയും 1975ലെ അടിയന്തരാവസ്ഥയും ഞാൻ ഒന്നു താരതമ്യം ചെയ്യാം.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരഗാന്ധി ഭരണഘടന വകുപ്പുകൾ തന്നെയാണ് ഉപയോഗപ്പെടുത്തിയത്. ഇന്ദിര ഞങ്ങളെയെല്ലാം അഴിക്കു പിന്നിലാക്കി. എന്നാൽ, അവരൊരിക്കലും ഞങ്ങളെ അധിക്ഷേപിച്ചില്ല. അവരോ, അവരുടെ മന്ത്രിമാരോ പാർട്ടി നേതാക്കളോ ഞങ്ങളെ ദേശദ്രോഹികളെന്നോ രാജ്യക്കൂറില്ലാത്തവരെന്നോ വിളിച്ചില്ല.
ഭരണഘടനാശിൽപി ബാബാ സാഹെബ് ഭീമറാവു അംബേദ്കറുടെ സ്മരണയെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ചെയ്തില്ല. അവർ മതത്തിന്റെയും ജാതിയുടെയും പേരിൽ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആൾക്കൂട്ടക്കൊലക്ക് ഇരയാക്കിയില്ല. കാലിക്കടത്തുകാർ ആക്രമിക്കപ്പെടുകയോ ബീഫ് കൈവശംവെച്ച സംശയത്തിന് ആരും വധിക്കപ്പെടുകയോ ചെയ്തില്ല. അന്നും പത്രക്കാരെ ജയിലിലടച്ചിരുന്നു.
എന്നാൽ, അവരെ പിന്നീട് വിട്ടയച്ചു. അവർ ജയിലിൽ പീഡനത്തിന് ഇരയായിട്ടുണ്ടാവാം. എന്നാൽ, ആരും നിർദാക്ഷിണ്യം കൊല്ലപ്പെട്ടിട്ടില്ല. അവരുടെ മന്ത്രിമാർ ജെ.എൻ.യു പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റിലും കറങ്ങിനടന്ന് വിദ്യാർഥികളുടെ ധാർമികതയെ ചോദ്യം ചെയ്തില്ല.
ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, ജനങ്ങൾ തന്നെ അടിയന്തരാവസ്ഥയെ അപലപിക്കുകയും ഇന്ദിരയോട് വിയോജിക്കുകയും ചെയ്തു. എന്നിട്ടും അവർ ആരോടും പാകിസ്താനിൽ പോകാൻ പറഞ്ഞില്ല. ഞാൻ അക്കാലത്തെ ഒരു യുവ വിദ്യാർഥി നേതാവായിരുന്നു. സ്വേച്ഛാവാഴ്ചയുടെ നിശിത വിമർശകനുമായിരുന്നു. എന്നാൽ, ഒന്നുറപ്പുണ്ട്. ജനങ്ങളോട് പാകിസ്താനിൽപോകാൻ പറയുന്ന നേതാക്കളോടോ പാർട്ടിക്കാരോടോ ഒരു സഹിഷ്ണുതയും കാണിക്കുമായിരുന്നില്ല.
1975ലെ അടിയന്തരാവസ്ഥക്കാലത്ത് ഗാന്ധി കൊലയാളികൾ ആരാധിക്കപ്പെട്ടില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവരുടെ ജീവിത പങ്കാളികളെ ഇഷ്ടാനുസാരം കണ്ടെത്താമായിരുന്നു. അവരൊന്നും ‘ലവ് ജിഹാദി’ന്റെ പേരിൽ ക്രൂശിക്കപ്പെട്ടില്ല. ഇന്ദിര അന്ധവിശ്വാസം പരത്തിയില്ല.
ഗണേശദേവന് ആനയുടെ തുമ്പിക്കൈ കിട്ടിയത് പ്ലാസ്റ്റിക് സർജറിയിലൂടെയാണെന്ന് അവരൊരിക്കലും പറഞ്ഞില്ല. അവർ ഇന്ത്യയെ ആണവശക്തിയാക്കി. അക്കാലത്ത് ഇന്ത്യൻസേന പാകിസ്താനെ തോൽപിച്ചു, 1971ൽ ബംഗ്ലാദേശ് ഉണ്ടാക്കി. എന്നാൽ, അവർ ഒരു രാഷ്ട്രതന്ത്രജ്ഞയെപ്പോലെ പെരുമാറി.
ഞങ്ങളുടെ ജനത പാർട്ടി 1977ൽ അവരെ തോൽപിച്ചു. അവർ ഞങ്ങൾക്കെതിരെ കഠിനമായി പൊരുതി 1980ൽ അധികാരം തിരിച്ചുപിടിച്ചു. അവർ ബിഹാറിലും രാജ്യത്തുടനീളവും പ്രചാരണ പരിപാടികളുമായി തെരുവുതോറും നടന്നു. പക്ഷേ, ഒരിക്കലും നുണകൾ പറഞ്ഞില്ല.
തെറ്റായ വാഗ്ദാനങ്ങൾ നൽകിയില്ല. എല്ലാ കൊല്ലവും രണ്ടുകോടി തൊഴിലവസരമൊരുക്കുമെന്നും എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും അവരൊരിക്കലും പറഞ്ഞില്ല. അച്ഛേ ദിൻ അഥവാ നല്ല നാൾ വാക്കുനൽകി, ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആൾക്കൂട്ടക്കൊലക്കു വിട്ടുകൊടുക്കുന്ന കെട്ട നാളി (ബുരേ ദിൻ)ലേക്ക് കെട്ടിയെടുത്തില്ല.
(അടിയന്തരാവസ്ഥക്കെതിരെ ജനകീയ പ്രക്ഷോഭം നയിച്ച) ജയ്പ്രകാശ് നാരായണിന്റെ പ്രസ്ഥാനം ഏതെങ്കിലും വ്യക്തിക്കെതിരായിരുന്നില്ല. അന്നാളുകളിലെ ഭരണത്തിനെതിരായിരുന്നു. സംഘ്പരിവാർ നേതാക്കൾ അന്നു ദുരൂഹമായ തരത്തിലാണ് കളിച്ചത്. ജെ.പി അവരെ ഇഷ്ടപ്പെട്ടില്ല.
ആർ.എസ്.എസുമായുള്ള ബന്ധം വിടർത്തി സോഷ്യലിസം, സമത്വം, നീതി എന്നീ തത്ത്വങ്ങളിലധിഷ്ഠിതമായ ജനത പാർട്ടിയിൽ ചേരാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. സംഘ്പരിവാർ ജെ.പിയെ അംഗീകരിച്ചില്ല. അവർ തങ്ങൾക്ക് സാമൂഹികാംഗീകാരം നേടിയെടുക്കാനാണ് പ്രസ്ഥാനത്തെ ഉപയോഗിച്ചത്. ജയിലിൽ പോകാൻ അവർക്ക് ഭയമായിരുന്നു. അതിനാൽ ‘ജയിൽ നിറക്കൂ’
കാമ്പയിനിൽ അവർ പങ്കുകൊണ്ടില്ല. എന്നിട്ടിപ്പോൾ ഇന്ന് എല്ലാവരും അടിയന്തരാവസ്ഥയിലെ ഇരകളുടെ കാർഡിറക്കുന്നു. ചില കേന്ദ്രമന്ത്രിമാർ എത്ര ‘ധീരമായാണ്’ തങ്ങൾ അടിയന്തരാവസ്ഥക്കെതിരെ പൊരുതിയതെന്നു വിവരിക്കുന്നതുകേട്ട് ചിരിച്ചിരിക്കുകയാണ് ഞാൻ. അടിയന്തരാവസ്ഥക്കെതിരെ ജെ.പി രൂപവത്കരിച്ച പ്രസ്ഥാനത്തിന്റെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ ഞാൻ ആയിരുന്നു.
എനിക്കോ, അന്നത്തെ കമ്മിറ്റിയിലെ സഹപ്രവർത്തകരായ ശിവാനന്ദ് തിവാരി, നിതീഷ്കുമാർ, ബശിഷ്ഠ നാരായൺ സിങ് എന്നിവർക്കോ അടിയന്തരാവസ്ഥാനുഭവങ്ങളുമായി ഇറങ്ങിയ കേന്ദ്രമന്ത്രിമാരിൽ പലരെയും അറിയില്ല. നരേന്ദ്ര മോദിയെ ഞങ്ങൾ കേട്ടിരുന്നില്ല. അരുൺ ജെയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവരെയൊന്നും അടിയന്തരാവസ്ഥക്കാലത്ത് കേട്ടിട്ടേയില്ല.
(മുൻ പ്രധാനമന്ത്രി) എസ്. ചന്ദ്രശേഖർ അന്ന് കോൺഗ്രസിലായിരുന്നു. അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിൽ ഇന്ദിര അദ്ദേഹത്തെ ഉയർന്ന മന്ത്രിപദത്തിൽ ഇരുത്തിയേനെ. എന്നാൽ, അദ്ദേഹം കോൺഗ്രസ് വിട്ട് ജെ.പിയോടൊപ്പം ചേർന്നു. എനിക്ക് അദ്ദേഹം മൂത്ത ജ്യേഷ്ഠനെപ്പോലെയാണ്. ജീവിച്ചിരുന്ന കാലമത്രയും ചേട്ടനായും നേതാവായും ഞാൻ അദ്ദേഹത്തെ ആദരിച്ചു.
എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും ആർ.എസ്.എസിന്റെ ഹിന്ദുത്വ ദർശനത്തോട് പ്രതിബദ്ധത പുലർത്തി. അന്ന് ജനസ്വാധീനം നേടാൻ അവർ ജെ.പിയുടെ കൂടെ ചേർന്നു. അപ്പോഴും ഭരണഘടനയേക്കാൾ, ജെ.പിയുടെ പ്രസ്ഥാനം മുന്നോട്ടുവെച്ച ജനാധിപത്യ ആശയങ്ങളേക്കാൾ അവരുടെ കൂറ് നാഗ്പുരിലായിരുന്നു.
പ്രക്ഷോഭത്തിന്റെ തുടക്കത്തിൽ ജെ.പി ‘ജയിൽ നിറക്കൂ’ ആഹ്വാനം നൽകി. വൻതോതിൽ അറസ്റ്റു വരിക്കാൻ വിദ്യാർഥികളെ ചട്ടംകെട്ടുന്ന ചുമതല എനിക്കുനൽകി. പ്രസ്ഥാനം അതിന്റെ ശൈശവദശയിലായിരുന്നു. കുറച്ചുപേരേ ജയിലിൽ പോകാൻ സന്നദ്ധരായി ഉണ്ടായിരുന്നുള്ളൂ. എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകരടങ്ങുന്ന ഒരു പതിനേഴംഗ ഗ്രൂപ്പിന് ഞാൻ രൂപം നൽകി. അവരെ പട്നയിലേക്ക് കൊണ്ടുവന്നു.
എന്റെ സുഹൃത്തിന്റെ വീട്ടിൽ നല്ല പൂരി-ജിലേബി സദ്യയും നൽകി. അവരെ പൊലീസ് വണ്ടിയിലാക്കി ബക്സർ ജയിലിലേക്ക് കൊണ്ടുപോയി. ബക്സർ ജയിലിനടുത്ത് ബസ് എത്തിയതും പതിനേഴുപേരും ഇറങ്ങിയോടി. അവരെ പറഞ്ഞുപറ്റിച്ചു ഞാൻ കൊണ്ടുവന്നു എന്നതു ശരി. എന്നാൽ, ജയിലിനടുത്തെത്തിയതും നടത്തിയ കണ്ടംവഴിയുള്ള ഓട്ടം കണ്ടപ്പോൾ മനസ്സിലായി, ജെ.പി പ്രസ്ഥാനത്തോടുള്ള അവരുടെ കൂറ്.
‘ആക്ടിവിസ്റ്റുകൾ’ വിരണ്ടോടിയ വാർത്ത പട്നയിലെത്തി. മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയും ജെ.പിയുടെ സുഹൃത്തുമായ ആചാര്യ രാമമൂർത്തി എന്നെ വിളിച്ചുവരുത്തി അവരുടെ ചെയ്തിയെക്കുറിച്ച് ആരാഞ്ഞു. ജയ്പ്രകാശ് നാരായണനെ പോയി കാണാനും പറഞ്ഞു. ഞാൻ വല്ലാതെയായി.
ഞാൻ ജെ.പിയെ കണ്ടുപറഞ്ഞു: ‘‘ബാബുജി, പതിനേഴുപേരും ഓടിപ്പോയതല്ല. 1942ൽ താങ്കൾ ഹസാരിബാഗ് ജയിലിൽനിന്നു ചാടി ഒളിവിൽപോയി അണ്ടർഗ്രൗണ്ട് മൂവ്മെന്റ് തുടങ്ങിയ കാര്യം അവർ എങ്ങനെയോ അറിഞ്ഞിട്ടുണ്ട്. താങ്കളെ അനുകരിച്ചതാണ് അവർ’’. ജെ.പി ഒന്നു ചിരിച്ചു.
ഞാൻ ചെയ്തത് മനസ്സിലാക്കിയാവാം അത്. അങ്ങനെ എന്നെ ചതിച്ച എ.ബി.വി.പിക്കാരെ ഞാൻ പ്രതിരോധിച്ചു. പക്ഷേ, എന്നെ പിറകിൽനിന്നു കുത്താനുള്ള ഒരു അവസരവും അവർ ഇതുവരെ പാഴാക്കിയിട്ടില്ല. 22-23 വയസ്സുള്ള കാലത്ത് എന്നോട് പ്രതികാരം തീർക്കാനിറങ്ങിയതാണ് ആർ.എസ്.എസും ബി.ജെ.പിയും. ഈ എഴുപതാം വയസ്സിലും അവർ എനിക്കെതിരെ തന്നെയാണ്.
(കടപ്പാട്: ദ വയർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.