എൻഡോസൾഫാൻ ദുരിതബാധിതനായ 32കാരനും പിതാവും ചെർക്കള ബേർക്കയിലെ വീട്ടിൽ 

അമ്മമനസ്സുകളിലുയരുന്ന വിഷാദരാഗം

അജാനൂർ പഞ്ചായത്തിലെ മണ്ണട്ടയിലെ നയനയുടെ വീട്ടിലേക്കു പോകുമ്പോൾ ആക്ടിവിസ്റ്റ് അമ്പലത്തറ കുഞ്ഞികൃഷ്ണനും കൂടെയുണ്ടായിരുന്നു. പൊടുന്നനെ ഞങ്ങളുടെ മുന്നിലേക്ക് 28 വയസ്സുള്ള പെൺകുട്ടി ഓടിവന്നു. അവൾ രോഗിയാണെന്ന് ആദ്യം എനിക്കു തോന്നിയില്ല. കുഞ്ഞികൃഷ്ണൻ കുട്ടിയോട് സുഖവിവരങ്ങൾ തിരക്കി. പോരാൻ നേരം അവൾ പറഞ്ഞു: ''കല്യാണ ആലോചനകൾ വരുന്നുണ്ട് കൃഷ്ണേട്ടാ. കുറെയെണ്ണം വന്നു. നിങ്ങളും നോക്കണം.''

വാഹനം പുറപ്പെട്ടപ്പോൾ കൃഷ്ണേട്ടൻ എന്നോടായി പറഞ്ഞു: ''അത് ബെറുതെ പറയുന്നതാണ്. ആരും വന്നിട്ടുണ്ടാവില്ല. ഇതാണ് ഇപ്പോഴത്തെ വേദന. കുഞ്ഞായിരിക്കുമ്പോൾ അത് കണ്ടാൽ മതി. ഇനി അമ്മമാരുടെ നൊമ്പരം ഇതാണ്.''

ഇരകളായ മക്കളിൽ മുളപൊട്ടുന്ന സ്വപ്നങ്ങളാണ് അമ്മമാരുടെ വിഷാദത്തിന്റെ ആധാരം. ഇത്തരം വീടുകളും രോഗികളും നാടിന്റെ നൊമ്പരമാകുന്നു. കണ്ടുനിൽക്കാൻ ശേഷിയില്ലാത്ത കണ്ണുകൾ അവരിലേക്ക് എത്തിനോക്കാൻതന്നെ പ്രയാസപ്പെടുന്നു. അത് സാമൂഹികമായ ഒറ്റപ്പെടലിനും കാരണമാകുന്നു. ഒറ്റപ്പെടുത്തലിന്റെയും ഉൾവലിയലിന്റെയും ഇടങ്ങളായി എൻഡോസൾഫാൻ ദുരിതബാധിത മേഖലകൾ മാറുന്നു.

എൻഡോസൾഫാൻ ദുരിതബാധിത മേഖലയായി തിട്ടപ്പെടുത്തിയ 11 പഞ്ചായത്തുകളിലെ 15 വീടുകളിൽ ഞാൻ കയറി. രോഗികളായ പെൺമക്കളെക്കുറിച്ച് സംസാരിച്ചുതുടങ്ങുമ്പോൾ അമ്മമാരിൽ ആധിയുണ്ടെന്ന് തോന്നില്ല. ഇന്നലെ വന്ന പനിയിൽ, മരുന്നു കഴിച്ചു കിടക്കുന്ന മകളെക്കുറിച്ച് സംസാരിക്കുന്നപോലെയാണ് അവർ പറഞ്ഞു തുടങ്ങുക.

പതിയപ്പതിയെ ചിന്തകൾ പറന്നിറങ്ങി അവരുടെ മുഖത്ത് വിഷാദമേഘങ്ങൾ ഉരുണ്ടുകൂടും. പിന്നാലെ മഴയും. അതു കണ്ടുനിൽക്കാൻ സാധിക്കില്ല. ഇതുതന്നെയാണ് എൻഡോസൾഫാൻ ദുരന്തത്തിന്റെ രൂപമാറ്റം. ബഹളംനിറഞ്ഞ ലോകത്തിന്റെ ഒരു കോണിൽ ഒറ്റപ്പെട്ട് അമ്മയും മകളും എന്ന രണ്ടു ജീവബിന്ദുക്കൾ മാത്രമുള്ള ലോകത്താണ് പലരുടെയും ജീവിതം.

പെരുരിൽ നളിനി ജീവിക്കുന്നത് 27 വയസ്സുള്ള മകൾക്കൊപ്പം ഒറ്റക്കാണ്. മകൾ ധന്യയെ കണ്ടാൽ അഞ്ചുവയസ്സുമാത്രമേ തോന്നിക്കുകയുള്ളൂ. വിളിപ്പുറത്തുപോലും അയൽപക്കമില്ല. ജനനിബിഡമായ കാഞ്ഞങ്ങാട് നഗരത്തിനടുത്തുനിന്ന് മകളെ പറിച്ചെടുത്തുകൊണ്ടുവന്ന് ഒറ്റക്കു ജീവിക്കുകയാണ് നളിനി.

നാലായിരത്തോളം വരുന്ന എൻഡോസൾഫാൻ ദുരന്തബാധിതരുടെ പട്ടികയിൽ മഹാഭൂരിപക്ഷവും പ്രായപൂർത്തിയായി 40 വയസ്സുവരെ എത്തിയവരാണ്. 60 ശതമാനത്തോളം പെൺകുട്ടികൾ അഥവാ സ്ത്രീകൾ. ഈ മക്കളെ ഇപ്പോഴും ഒക്കത്ത് എടുത്തു നടക്കുന്നു വിവിധ രോഗങ്ങളാലും മാനസികത്തകർച്ചയാലും തളർന്നുപോയ അമ്മമാർ.

പുനരധിവാസം എന്ത്, എങ്ങനെ എന്ന് നിർവചിക്കേണ്ടത് ഈ അമ്മമാരുടെ വേദനയിൽനിന്നാണ്. കണ്ണീർമഷിപ്പാത്രത്തിൽ പേനമുക്കി വേണം അതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ.

(തുടരും...)

Tags:    
News Summary - endosulphan that causes death to victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.