സാമ്പത്തിക സംവരണം എന്നു വിളിക്കപ്പെടുന്ന മുന്നാക്കസംവരണം സംബന്ധിച്ച ഏതാനും തെറ്റിദ്ധാരണകൾ ആദ്യമേ തിരുത്തണം. ഒന്നാമത്തേത് പേരുതന്നെ. സീബ്രയുടെ തൊലി വെളുപ്പിൽ കറുപ്പോ അതോ, കറുപ്പിൽ വെളുപ്പോ എന്നതുപോലെ ഫിഫ്റ്റി/ഫിഫ്റ്റി അല്ല വിഷയം. സാമ്പത്തിക സംവരണം മുന്നാക്കസമുദായങ്ങൾക്ക് മാത്രമുള്ളതാണോ അതോ മുന്നാക്കസംവരണം സാമ്പത്തികപരിധിക്ക് വിധേയമാക്കിയതാണോ എന്ന് ചോദിച്ചാൽ രണ്ടാമത്തേതാണ് ശരി; കാരണം ഇതിലെ സാമ്പത്തികസ്ഥിതി മാറാം, പക്ഷേ, മുന്നാക്കസമുദായത്തിനുള്ളത് എന്നത് മാറില്ല. ദരിദ്രർക്ക് മാത്രമാണ് ഈ സംവരണമെങ്കിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും ദരിദ്രർക്ക് അത് ലഭ്യമാവേണ്ടതാണ്. എന്നാൽ, ഇതുസംബന്ധമായ ഭരണഘടന ഭേദഗതിയിൽതന്നെ 'നിലവിൽ സംവരണത്തിന് അർഹരായ വിഭാഗങ്ങളൊഴിച്ച്' എന്ന് എടുത്തുപറയുന്നുണ്ട്. അപ്പോൾ ഈ സംവരണം ആർക്കുള്ളതാണ്? മുന്നാക്കവിഭാഗങ്ങൾക്ക്. അതിൽ പിന്നാക്കവിഭാഗങ്ങളിലെ സമ്പന്നരായ ക്രീമിലെയറിനെ ഒഴിച്ചുനിർത്തിയപോലെ ഒരു വരുമാനപരിധി ദാരിദ്ര്യം നിർവചിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നുമാത്രം.
രണ്ടാമതായി, സാമ്പത്തികസംവരണം കേന്ദ്രം പാസാക്കിയ നിയമത്തിെൻറ അടിസ്ഥാനത്തിൽ നിർബന്ധമാണെന്നത് ശരിയല്ല. പുതിയ ഖണ്ഡികയിൽ ഈ സംവരണം നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാനങ്ങളെ തടയുന്നില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്. മണി നൽകിയ റിട്ട്ഹരജിയിൽ പുതിയ സാമ്പത്തികസംവരണം നടപ്പാക്കാത്ത തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളോട് അതിന് ആജ്ഞാപിക്കണമെന്ന് അപേക്ഷിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാറിെൻറ പ്രതികരണം കോടതി ആരാഞ്ഞപ്പോൾ കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പിന് ഏതെങ്കിലും സംസ്ഥാനത്തിെൻറ സംവരണം നിർണയിക്കുന്നതിൽ ഒരു പങ്കുമില്ലെന്നാണ് ലഭിച്ച മറുപടി.
മൂന്നാമതായി, പത്തു ശതമാനം സംവരണം എന്നത് നിശ്ചിതമാണ് എന്ന തെറ്റിദ്ധാരണ. പാർലമെൻറ് പാസാക്കിയ നിയമത്തിൽ 'പരമാവധി പത്തു ശതമാനം എന്ന പരിധിക്ക് വിധേയമായി' എന്നാണുള്ളത്. അഥവാ പത്തിനു താഴെ എത്ര ശതമാനവുമാവാം. കേന്ദ്രം പാസാക്കിയ നിയമത്തിന് അനുസൃതമായി എന്നൊക്കെ കേരളം പറയുമ്പോൾ അതിൽ സത്യം മുഴുവൻ വരുന്നില്ല. അസത്യം വരുന്നുമുണ്ട്. അതിനിടയിൽ മുന്നാക്കസംവരണം സംബന്ധമായ സംസ്ഥാന സർക്കാറിെൻറ ഉത്തരവിറങ്ങിയ ഒക്ടോബർ 26നു മുഖ്യമന്ത്രി നടത്തിയ വാർത്തസമ്മേളനത്തിലും ഇപ്പറഞ്ഞ തെറ്റിദ്ധാരണകൾ ആവർത്തിക്കുന്ന ചില പരാമർശങ്ങളുണ്ടായി.
നിലവിലെ സംവരണവിഭാഗങ്ങൾക്ക് ഒരു നഷ്ടവും വരിെല്ലന്നും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നു. കേട്ടാൽ തോന്നുക പൊതുവിഭാഗത്തിലെ 50 ശതമാനത്തിൽ പിന്നാക്കവിഭാഗങ്ങൾക്ക് ഒരു വിഹിതവും ഇല്ല എന്നാണ്. ജനറൽ ക്വോട്ടയിൽ മെറിറ്റ് അടിസ്ഥാനത്തിൽ പിന്നാക്കക്കാർക്കും കൂടി ലഭ്യമായ തസ്തികകൾ ആകെയുള്ളതിെൻറ 50 ശതമാനം എന്നത് നാൽപത് ആയി കുറയും. അപ്പോൾ പുറന്തള്ളപ്പെടുന്നവർ സംവരണവിഭാഗത്തിലേക്ക് മാറ്റപ്പെടും. അവിടെ ജോലി ലഭിക്കുമായിരുന്ന ഒരാൾ പുറത്താവും.
എന്നാൽ, പരമോന്നത കോടതി ഈ ഹരജി കേൾക്കുന്ന ഘട്ടത്തിൽ മറ്റൊരു ഹരജി നിലവിലുണ്ടായിരുന്നു. പാർലമെൻറ് 2019 ജനുവരിയിൽ പാസാക്കിയ മുന്നാക്കസംവരണത്തിെൻറ സാധുത ചോദ്യം ചെയ്യുന്ന ഒന്നല്ല, ഏതാണ്ട് 20 ഹരജികൾ. അതിനു ആറു മാസം മുമ്പ് അതുമായി ബന്ധപ്പെട്ട് കോടതി മാറ്റിവെച്ച ഒരു തീരുമാനമുണ്ടായിരുന്നു, ആ ഹരജികൾ ഒരു ഭരണഘടന ബെഞ്ചിന് വിടണമോ വേേണ്ട എന്ന്. അത് തീരുമാനമാവുന്നതുവരെ നിയമം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി തള്ളുകയാണ് ചെയ്തത്.
സംവരണം നിശ്ചയിക്കുന്നതിന് സാമ്പത്തിക മാനദണ്ഡം ഉപയോഗിക്കുന്നതും മൊത്തം 50 ശതമാനത്തിൽ കൂടുന്നതും ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിെൻറ ലംഘനമാണെന്നും അത് അസാധുവായി പ്രഖ്യാപിക്കണമെന്നും ഹരജിക്കാർ ബോധിപ്പിച്ചിരുന്നു. ഈ അടിസ്ഥാനവിഷയങ്ങളൊന്നും പുതിയ സംവരണം തൽക്കാലത്തേക്ക് മരവിപ്പിക്കാൻ തക്ക കാരണങ്ങളായി കോടതി കണ്ടില്ല. തത്ഫലമായി, സാമ്പത്തികസംവരണം നടപ്പായാൽ അതിെൻറ ഗുണഭോക്താക്കൾ പിന്നീട് സങ്കീർണതകൾ നേരിട്ടേക്കും. എന്നിട്ടും പരമോന്നത കോടതി അത് തൽക്കാലം നിർത്തിവെക്കാൻ തുനിഞ്ഞില്ല. അഞ്ചു ദിവസം വാദം കേട്ട ശേഷം കോടതി വിഷയം ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം വിധിപറയാൻ മാറ്റി. പിന്നീട് ഈ വർഷം ആഗസ്റ്റ് അഞ്ചിന് അഞ്ചംഗ ഭരണഘടന ബെഞ്ചിന് പ്രസ്തുത വിഷയം റഫർ ചെയ്തു.
സംസ്ഥാനങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്ന പിന്നാക്കസംവരണം എന്ന ആശയം 1980ൽ മണ്ഡൽ കമീഷൻ ശിപാർശകളൊടെയാണ് കേന്ദ്രത്തിൽ വന്നത്. ബി.പി. മണ്ഡൽ ചെയർമാനായി മൊറാർജി ദേശായി സർക്കാർ 1979 ജനുവരി ഒന്നിനു നിയമിച്ചതാണ് മണ്ഡൽ കമീഷൻ. 1980ൽ കമീഷൻ റിപ്പോർട്ട് സമർപ്പിെച്ചങ്കിലും നടപ്പാവാൻ പിന്നെയും പത്തുവർഷമെടുത്തു. സംവരണം, വിശിഷ്യ, മേൽജാതിക്കാരെ പിണക്കാൻ സാധ്യതയുള്ള പിന്നാക്കവർഗ സംവരണം, പൊള്ളുന്ന വിഷയമായി എന്നതു തന്നെ കാരണം. അങ്ങനെ 1990 ആഗസ്റ്റിൽ വി.പി. സിങ് സർക്കാറാണ് അത് നടപ്പാക്കിയത്. ആ ഗവൺമെൻറിെൻറ കാലാവധി ചുരുക്കിയതിലും മണ്ഡൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു പങ്കുണ്ട്. പിന്നീട് കോൺഗ്രസ് ഗവൺമെൻറിെൻറ കാലത്ത് പിന്നാക്കക്കാരെ 'പ്രീണിപ്പിച്ച' സംവരണത്തെ തുടർന്നു മുന്നാക്കക്കാരിലെ ദരിദ്രർക്കും സംവരണം വേണമെന്ന ആവശ്യമുയർന്നു. 1991ൽ സജീവമായ ഇൗ ആവശ്യത്തോടുള്ള പ്രതികരണമായാണ് മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണത്തിനുള്ള ആദ്യ നിയമനിർമാണ ശ്രമം നടന്നത്. പുതിയ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ 10 ശതമാനം തസ്തികകൾ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ചു.
ആ ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഇന്ദിര സാഹ്നിയും സഹ ഹരജിക്കാരും നൽകിയ ഹരജി പരിഗണിച്ച ഒമ്പതംഗ ബെഞ്ചിെൻറ 6:3 ഭൂരിപക്ഷ വിധിയിൽ ആദ്യത്തെ പിന്നാക്ക സംവരണ ഉത്തരവ് ശരിവെക്കുകയും തുടർന്നു വന്ന സാമ്പത്തിക മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള സംവരണ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് ബി.ജെ. റെഡ്ഡി എഴുതിയ ചരിത്രപ്രധാന വിധിയിൽ, 'സാമ്പത്തിക മാനദണ്ഡം മാത്രം വെച്ച്, മറ്റെല്ലാ ഘടകങ്ങളെയും ഒഴിവാക്കി പിന്നാക്കാവസ്ഥ നിർണയിക്കാനാവില്ല' എന്നു കാണാം.
ഇപ്പോൾ സുപ്രീംകോടതിക്ക് മുമ്പാകെയുള്ള ഹരജികൾ മോദിസർക്കാർ പുതുതായി ഉൾപ്പെടുത്തിയ ഭരണഘടനയുടെ 15 (6), 16 (6) വകുപ്പുകൾ സംബന്ധിച്ചാണെങ്കിലും അവസാനം അത് ചെന്നുമുട്ടുക ഇന്ദിര സാഹ്നി കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷവിധിയിൽ തീർപ്പാക്കിയ വിഷയങ്ങളിലാണ്. നിയമം ചോദ്യം ചെയ്തു ഇപ്പോൾ ഫയൽ ചെയ്ത ഹരജികളിലെ മുഖ്യ വിഷയങ്ങൾ: ഒന്ന്, സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കുന്നതാണോ? രണ്ട്, സംവരണം അമ്പതു ശതമാനത്തിൽ കവിയരുത് എന്ന കോടതി ഉത്തരവിെൻറ ലംഘനമാവില്ലേ പുതിയ ഭേദഗതി? മൂന്ന്, പട്ടിക ജാതി-പട്ടികവർഗ വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിെൻറ പരിധിക്കു പുറത്ത് നിർത്തുന്നത് തുല്യതാ തത്ത്വത്തിനു നിരക്കുന്നതല്ല. നാല്, സർക്കാർ ധനസഹായം ലഭിക്കാത്ത സ്ഥാപനങ്ങളെ സാമ്പത്തിക സംവരണത്തിന് വിധേയമാക്കിയത് ഭരണഘടനയുടെ തുല്യതക്കുള്ള മൗലികാവകാശത്തിെൻറ ലംഘനമാവും.
ഒമ്പതംഗ ഭരണഘടന ബെഞ്ചിെൻറ ഇത്തരം പരിഗണനകൾ മുമ്പിൽവരുമ്പോൾ ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ചിെൻറ നിലപാട് എന്താവുമെന്നതും കാണാനിരിക്കുന്നതേയുള്ളൂ. നേരത്തെ തന്നെ ഉന്നതരായ ചില നിയമവിദഗ്ധർ അത്തരം വ്യാപകമായ അനന്തരഫലങ്ങൾ ഉളവാക്കുന്ന തീരുമാനം എടുക്കാൻ പതിനൊന്നംഗ ഭരണഘടന ബെഞ്ച് ആവശ്യമായി വന്നേക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ഉന്നത നീതിപീഠത്തിെൻറ താൽക്കാലിക വിലക്കിെൻറ അഭാവത്തിൽ അത് നടപ്പാക്കുന്നത് തുടരുന്നതാണ് അതിനിടയിലുള്ള ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും ഇടവരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.