യോഗി ആദിത്യനാഥിെൻറ ഉത്തർപ്രദേശിൽ ഒരു വർഷത്തിനകം നടന്ന പൊലീസ് ഏറ്റുമുട്ടലുകളുടെ ശരിയായ ചിത്രം നൽകുന്നതായിരുന്നു ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന പൊതുവിചാരണ. അവിടെ കേട്ട സാക്ഷിമൊഴികൾ ബി.ജെ.പി സർക്കാർ അധികാരമേറ്റശേഷം ഉത്തർപ്രദേശ് പൊലീസ് നടത്തിയ 1400 ഏറ്റുമുട്ടലുകളും വ്യാജവും ഏകപക്ഷീയവുമായിരുന്നുവെന്നതിെൻറ തെളിവുകളായിരുന്നു. ഡൽഹിയിൽനിന്ന് ഒട്ടും അകലത്തിലല്ലാത്ത ഒരു അയൽസംസ്ഥാനത്ത് തുടർന്നുകൊണ്ടിരിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെകുറിച്ചുള്ള അന്വേഷണത്തിന് ദേശീയ മാധ്യമങ്ങളൊന്നും മുതിരാത്തതാണ് ഇത്തരമൊരു അന്വേഷണത്തിനും പൊതുവിചാരണക്കും പ്രേരിപ്പിച്ചതെന്ന് ഡൽഹി സർവകലാശാലയിലെ അധ്യാപികയും സംഘാടകരായ ‘യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ്’ കൂട്ടായ്മയുടെ നേതാവുമായ ബനോജ്യോത്സ്ന ലാഹിരി പറഞ്ഞു. ദേശീയ മാധ്യമങ്ങളുടെ മൗനെത്തക്കാൾ തങ്ങളെ പേടിപ്പെടുത്തുന്നത് ഉത്തർപ്രദേശിലെ പ്രാദേശിക മാധ്യമങ്ങൾ ഇൗ ഏകപക്ഷീയ കൊലപാതകങ്ങളെ സാഘോഷം കൊണ്ടാടുന്നതാണെന്നും ബനോ ജ്യോത്സ്ന തുടർന്നു. ഇൗ വ്യാജ ഏറ്റുമുട്ടലുകൾ ഉത്തർപ്രദേശിനെ ക്രിമിനലുകളിൽനിന്ന് മോചിപ്പിക്കാനുള്ളതാണെന്ന് മഹത്വവത്കരിച്ച് യോഗി ആദിത്യനാഥിെൻറ അപദാനങ്ങൾ വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കുകയാണ് ഉത്തർപ്രദേശിലെ മാധ്യമങ്ങൾ.
പ്രമുഖ സുപ്രീംകോടതി അഭിഭാഷക അഡ്വ. ഇന്ദിര ജയ്സിങ്, അലഹബാദ് ഹൈകോടതി അഭിഭാഷകൻ അഡ്വ. അസദ് ഹയാത്ത് തുടങ്ങിയ നിയമവിദഗ്ധരുടെ സാന്നിധ്യത്തിൽ നടന്ന ഇൗ പൊതുവിചാരണയോടും സംഘ്പരിവാർ വിരുദ്ധമായതെന്തിനോടും എന്ന പോലുള്ള പതിവ് നിഷേധാത്മക സമീപനമായിരുന്നു ദേശീയ മാധ്യമങ്ങൾക്ക്. അതിൽ കവിഞ്ഞൊന്നും ഹിന്ദി ബെൽറ്റിലെ മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കാനില്ല. കേന്ദ്രത്തിൽ മോദിയെത്തിയതോടെ തന്നെ ബി.ജെ.പി വക്താക്കളെ പോലെയായി മാറിയ പല മാധ്യമപ്രവർത്തകരും ഉത്തർപ്രദേശിൽ യോഗി കൂടിയെത്തിയതോടെ അേങ്ങാട്ട് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ എന്തു നടക്കുന്നുവെന്ന് അന്വേഷിക്കുന്നതിനുപകരം നരേന്ദ്ര മോദിയെക്കുറിച്ചെന്ന പോലെ യോഗിയുടെ ജീവചരിത്ര ഗ്രന്ഥങ്ങളെഴുതാൻ മത്സരിക്കുകയാണ് പല പ്രമുഖ പത്രപ്രവർത്തകരും. മോദിയുടെ പ്രഭാവം കുറഞ്ഞുകൊണ്ടിരുന്നാൽ യോഗി പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന ദീർഘവീക്ഷണത്തോടെയാണ് പലരുടെയും യോഗീമാഹാത്മ്യം. യോഗിയുടെ ബൃഹത്തായ ജീവചരിത്രം തന്നെ രണ്ടിലേറെയായി. മുഖ്യമന്ത്രി പദത്തിലേറുേമ്പാൾ ഒരു ഡസനിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യോഗിയെ ‘കാവി സോഷ്യലിസ്റ്റ്’ ആയി പരിചയപ്പെടുത്തുന്നതാണ് അവയിലൊന്ന്.
അധോലോകമോ ഭരണകൂടമോ?
കൊല്ലുന്നത് ക്രിമിനലുകളെയാണെങ്കിൽ അതിന് നിയമവും സംവിധാനവുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. കണ്ണിൽ കാണുന്നവനെയെല്ലാം വെടിവെച്ചിടാൻ ആയുധം കൊടുത്തുവിട്ട് രാജ്യം ക്രിമിനൽ മുക്തമാക്കുന്ന പൊലീസിെൻറ ഗുണ്ടാരാജിന് ഭരണഘടന അനുവാദം നൽകുന്നില്ല. പ്രതിപക്ഷകക്ഷികൾ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾ ഏകപക്ഷീയമായ ഇൗ പൊലീസ് കൊലകളുമായി താൻ മുന്നോട്ടുപോകുമെന്നാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യോഗി നിയമസഭക്കുള്ളിൽപോലും പ്രഖ്യാപിച്ചത്. മീറത്തിലും ആഗ്രയിലും ബറേലിയിലും കാൺപൂരിലും തുടങ്ങി ഉത്തർപ്രദേശ് നഗരങ്ങളിലെയൊക്കെ ക്രിമിനലുകളെയും ഗുണ്ടാ തലവന്മാരെയുമാണ് തെൻറ പൊലീസ് നടത്തുന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നതെന്നും യോഗി ആണയിടുന്നു. ഒന്നുകിൽ പൊലീസിെൻറ വെടിയുണ്ട ഏറ്റുവാങ്ങുക അല്ലെങ്കിൽ അവർ ഉത്തർപ്രദേശ് വിട്ടുപോകുക എന്ന രണ്ടിലൊരു വഴി തെരഞ്ഞെടുക്കാൻ മുന്നറിയിപ്പും നൽകുന്നു.
എന്നാൽ, ഏറ്റുമുട്ടലിെൻറ മാനദണ്ഡം ഗുണ്ടാപ്രവർത്തനങ്ങെളക്കാളും ക്രിമിനൽ പശ്ചാത്തലെത്തക്കാളും മതവും ജാതിയുമാണെന്നുതന്നെയാണ് കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക പറയുന്നത്. വ്യാജ ഏറ്റുമുട്ടലുകൾക്കിരയായവരിൽ ഏറിയ പങ്കും ശാംലി, മുസഫർ നഗർ, സഹാറൻപൂർ, ബാഗ്പത് ജില്ലകളിൽ നിന്നുള്ള മുസ്ലിംകളും ദലിതുകളും മറ്റു പിന്നാക്ക വിഭാഗങ്ങളുമാണ്. എന്നാൽ, അത്തരം വസ്തുതകൾക്കുമേൽ മൂടുപടമിട്ട് രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ േകസുകളുള്ള ഒരു മുഖ്യമന്ത്രിയെ ക്രിമിനലുകളുടെ പേടിസ്വപ്നമാക്കി പുനരവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മാധ്യമങ്ങൾ. ഭരണകൂട സംവിധാനങ്ങളുപയോഗിച്ചും അല്ലാതെയും തങ്ങൾ വേട്ടയാടുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവരെല്ലാം ക്രിമിനലുകളാണെന്ന പൊതുബോധം സ്വന്തം വരുതിയിലാക്കിയ മാധ്യമപ്രവർത്തകരെ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുകയാണ് സംഘ്പരിവാർ ഉത്തർപ്രദേശിലെ കൊലനിലങ്ങളിലും ഇപ്പോൾ ചെയ്യുന്നത്.
ഭീകരവേട്ടയും ക്രിമിനൽ വേട്ടയും
പൊതുവിചാരണയിൽ ജൂറിയായി പങ്കെടുത്ത അഡ്വ. ഇന്ദിര ജയ്സിങ് സൊഹ്റാബുദ്ദീൻ ശൈഖ് കേസ് അടക്കമുള്ള വ്യാജ ഏറ്റുമുട്ടൽ കേസുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചത് ഇൗ വ്യാജ ഏറ്റുമുട്ടലുകളെ ഇതുവരെ രാജ്യത്ത് സംഘ്പരിവാർ നടത്തിയ സമാന ഏറ്റുമുട്ടലുകളുടെ തുടർച്ചയായി കാണണമെന്ന ആവശ്യത്തോടെയായിരുന്നു. ഒരു വ്യാജ ഏറ്റുമുട്ടലിന് ദൃക്സാക്ഷിയായതുകൊണ്ട് മാത്രം മറ്റൊരു വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടേണ്ടിവന്ന ഗുജറാത്തിലെ ഹതഭാഗ്യനായ തുളസീറാം പ്രജാപതിയെ കുറിച്ചും ഇന്ദിര ജയ്സിങ് പറഞ്ഞു. മുസ്ലിംകളെ ക്രിമിനൽ പിശാചുക്കളാക്കി നിരന്തരം ചിത്രീകരിച്ചുകൊണ്ടായിരുന്നു വ്യാജ ഏറ്റുമുട്ടലുകൾക്കു മുമ്പെ നടന്ന വംശഹത്യ ആളിക്കത്തിച്ചത്. കൊല്ലിനും കൊലക്കുമുള്ള ന്യായീകരണമാണ് ക്രിമിനൽവത്കരണമെന്നത് ഒന്നാന്തരം ഉദാഹരണവും സംഘ്പരിവാറിെൻറ മാതൃകാ സംസ്ഥാനമായ ഗുജറാത്തു തന്നെയാണ്. മുസ്ലിംകളെ ക്രിമിനലുകളാക്കി അപരവത്കരിച്ചാണ് ഗുജറാത്ത് വംശഹത്യ ഫലപ്രദമായി സംഘ്പരിവാർ നടപ്പാക്കിയത്. ഗുജറാത്ത് നഗരങ്ങളിലെ മുസ്ലിം ക്രിമിനലുകളെ അവസാനിപ്പിച്ചത് വംശഹത്യയുടെ നേട്ടമായി ഇപ്പോഴും പരസ്യമായി പറയുന്ന ഗുജറാത്തികളെ കാണാം.
ഏറ്റുമുട്ടലുകളുടെ കേരളാനുഭവങ്ങൾ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കിൽ സമീപകാലത്ത് കേരളത്തിൽ നടന്ന പ്രമാദമായ ഏറ്റുമുട്ടൽ മലപ്പുറത്തെ നിലമ്പൂരിലേതായിരുന്നു. യഥാർഥമെന്ന് സർക്കാർ പറയുേമ്പാഴും വ്യാജനെന്ന് സംസ്ഥാനത്തെ നല്ലൊരുവിഭാഗം വിശ്വസിക്കുന്ന ഇൗ ഏറ്റുമുട്ടലാണ് മലപ്പുറം ജില്ലയെ രാജ്യത്തെ ഏറ്റവും വലിയ നക്സൽ ഭീഷണിയുള്ള ജില്ലയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാറിെൻറ അപേക്ഷക്ക് കേന്ദ്ര സർക്കാറിന് മുമ്പിലെ പ്രധാന തെളിവായി മാറിയത്. നക്സൽ വേട്ടയുടെ പേരിൽ പൊലീസ് സേനക്ക് കിട്ടുന്ന ഫണ്ട് ഇൗ ജില്ലയിൽ ഉപയോഗിക്കാനാണ് സാധാരണഗതിയിൽ സംസ്ഥാന സർക്കാറുകൾ ഇത്തരമൊരു അപേക്ഷ നൽകുന്നത്. മലപ്പുറത്തെ മാത്രം രൂക്ഷമായ നക്സൽ ഭീഷണിയുള്ള ജില്ലയാക്കുന്നത് മോശമേല്ല എന്നുകരുതിയാകണം, കാണിക്കാൻ ഏറ്റുമുട്ടലൊന്നുമില്ലെങ്കിലും മാവോയിസ്റ്റുകളുടെ ആളനക്കങ്ങൾ പതിവാണെന്ന കാരണം കാണിച്ച് പാലക്കാടിെനയും കേരള സർക്കാർ കൂടെ ചേർത്തത്.
കേരളത്തിലെ ഏതാനും മുസ്ലിം ചെറുപ്പക്കാർ കൊല്ലപ്പെട്ട കശ്മീരിലെ കുപ്വാരയിൽ നടന്നുവെന്ന് പറയുന്ന ഒരു ഏറ്റുമുട്ടലാണ് നിലമ്പൂരിലേത് കഴിഞ്ഞാൽ കേരള പൊലീസ് ആഘോഷിച്ചത്. കേരളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് ആത്മീയ തീർഥയാത്ര നടത്തിയ അവരെ ആരൊക്കെയോ ചേർന്ന് പാകിസ്താൻ അതിർത്തി കടത്താനായി കശ്മീരിലേക്ക് ഡൽഹി വഴി കൊണ്ടുപോയ കേസാണ് കശ്മീർ തീവ്രവാദ കേസായി കേരളം മുഴുവൻ ചർച്ച ചെയ്ത ഇൗ ഏറ്റുമുട്ടൽ. പൊലീസ്ഭാഷ്യമല്ലാതെ ഇൗ ഏറ്റുമുട്ടലിെനക്കുറിച്ച് മറ്റൊന്നും കേട്ടിട്ടില്ല. ആടുമേയ്ക്കലും െഎസിസുമൊക്കെയായി തീവ്രവാദ കഥകൾ രൂപപ്പെടുന്നതിനും മുമ്പ് കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെന്ന് കാണിക്കാൻ ഉയർത്തിക്കാണിച്ചത് ഇൗ ഏറ്റുമുട്ടൽ കേസായിരുന്നു. ആ കേസിനുപിറകെ കേരളത്തിലെ മുസ്ലിംകളെ മുഖ്യധാരയിൽനിന്ന് അന്യവത്കരിക്കുന്ന തരത്തിലുള്ള നിരവധി വിവാദ കേസുകളുടെ പരമ്പര തന്നെയുണ്ടായി. അതിനുശേഷമാണ് കേരള മുസ്ലിംകളെ, അവരുടെ ജനവാസ മേഖലകളെ, മത വിദ്യാഭ്യാസസ്ഥാപനങ്ങളെ, മതനേതാക്കളെ അന്യവത്കരിക്കുന്ന തരത്തിൽ മലയാള മാധ്യമങ്ങളിൽ നിരന്തരം വാർത്തകളിറങ്ങിത്തുടങ്ങുന്നത്. ഉത്തരേന്ത്യയിലും മേധ്യന്ത്യയിലും മുസ്ലിംകൾ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ശക്തിയാർജിച്ച ജാമിഅ നഗർ, അഅ്സംഗഢ്, ദർഭംഗ, മാലേഗാവ്, ഭട്കൽ തുടങ്ങിയ പ്രദേശങ്ങളെ ക്രിമിനൽവത്കരിച്ച് ഉത്തരേന്ത്യൻ മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തകളെ ഒാർമിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു അതിൽ പലതും.
ഉത്തരേന്ത്യയിൽ പൊലീസിെൻറ വ്യാജ ഏറ്റുമുട്ടലുകൾക്കുശേഷം ന്യായീകരണവാർത്തകളുമായി മാധ്യമങ്ങളിറങ്ങുകയാണെങ്കിൽ കേരളത്തിൽ അത് മറിച്ചാണ്. വ്യാജ വാർത്തകൾ ചമച്ച് മുസ്ലിം സ്ഥാപനങ്ങളുമായും വ്യക്തികളുമായും നിരന്തരം ഏറ്റുമുട്ടലുകൾക്ക് മാധ്യമങ്ങൾ തുടക്കമിടുകയും അവർ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ തുടർനടപടിയെന്ന നിലയിൽ കേസുകളും നിയമ നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. സൃഷ്ടിച്ച വ്യാജ വാർത്തകൾക്കുപിറകെ വന്ന കേസുകളുടെ ഗതിവേഗം കണ്ടാലറിയാം ഇവക്കു പിന്നിലുള്ള ബോധപൂർവമായ അജണ്ടകളും കരുനീക്കങ്ങളും. അത്തരമൊരു നീക്കത്തിെൻറ ഏറ്റവും മനുഷ്യത്വരഹിതമായ ഉദാഹരണമാണ് സുപ്രീംകോടതി വരെയെത്തി സങ്കീർണമായി നിൽക്കുന്ന യതീംഖാന വിവാദം. കേരളത്തിൽ മുസ്ലിംസമുദായം തുടക്കമിട്ട, അനാഥകളെ സംരക്ഷിക്കുന്ന യതീംഖാന പ്രസ്ഥാനത്തെ മനുഷ്യക്കടത്താക്കി ചിത്രീകരിച്ച് മലയാള മാധ്യമങ്ങൾ കേസെടുപ്പിച്ചതുമൂലം കേരളത്തിലെ യതീംഖാനകൾ അടച്ചുപൂട്ടേണ്ടതുണ്ടോ എന്ന കാര്യം ഏതാനും ദിവസങ്ങൾക്കകം സുപ്രീം കോടതി തീരുമാനിക്കാനിരിക്കുകയാണ്. ജാമിഅനഗറും അഅ്സംഗഢും ദർഭംഗയും ഭട്കലും കഴിഞ്ഞാൽ സംഘ്പരിവാറിനും അവർ പരിശീലിപ്പിച്ചെടുത്ത ഏജൻസികൾക്കും കണ്ണിലെ കരടായി പിന്നെയുള്ളത് ശാക്തീകരിക്കപ്പെട്ട മുസ്ലിംകളുള്ള കേരളമാണ്. അതുംകൂടി ക്രിമിനൽവത്കരിക്കപ്പെടുന്നതുവരെ മലയാള മാധ്യമങ്ങളുടെ ഇൗ വ്യാജ ഏറ്റുമുട്ടലുകളും തുടരാനാണ് സാധ്യത.
കേരളത്തിൽ ഇതുവരെയായി മാധ്യമങ്ങളുണ്ടാക്കിയ അപകടകരമായ പ്രോപഗാൻഡകളും അവയുണ്ടാക്കിയ പ്രത്യാഘാതങ്ങളും ഒരു സോഷ്യൽ ഓഡിറ്റിന് വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആ പ്രോപഗാൻഡകൾക്ക് ഇരകളാക്കപ്പെട്ട പല ചെറുപ്പക്കാരും ഭീകരകുറ്റങ്ങൾ ചുമത്തപ്പെട്ട് കേരളത്തിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലെയും ജയിലുകളിൽ മോചനത്തിെൻറ നേരിയ പ്രതീക്ഷ പോലുമില്ലാതെ ജീവിതം ഹോമിച്ചുകൊണ്ടിരിക്കുേമ്പാൾ വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.