കാട് കത്തുന്നതല്ല, കത്തിക്കുന്നതാണ്

കാടുകളും മലകളും കത്തിക്കുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന പ്രാകൃതസന്തോഷം എന്താണ്! ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികള്‍, കാട്ടുമുയലുകള്‍, കാട്ടുകോഴികള്‍, കേഴ, പന്നികള്‍ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഇതാ തേനിയില്‍ നിന്ന് കാടിനെ സ്നേഹിച്ച കുറേ കുരുന്നുകളും. ഇടുക്കിയില്‍ തന്നെ അമ്പതല്ല, നൂറല്ല, പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമിയിലെ പുല്‍മേടുകളും കാടുകളും ഈ വേനലില്‍ തന്നെ കത്തിച്ചു കളഞ്ഞപ്പോള്‍ ഒരു പത്രവും ചാനലും അത് വാര്‍ത്തയാക്കിയില്ല. അവസാനം ചൊറിയാന്‍ കാത്തിരുന്നു നമ്മള്‍ അറിയാന്‍. ഇപ്പോള്‍ കണക്കെടുക്കുന്നു, അധികാരികള്‍ എത്തിച്ചേരുന്നു; പക്ഷേ, പുല്‍മേട്ടിലും കാട്ടിലും കത്തിച്ചാമ്പലായ പച്ചപ്പിനും ചെറുകിളികളുടേയും മുയലുകളുടേയും ജീവനും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട കാട്ടാടുകളുടേയും കാട്ടുപന്നികളുടേയും അലച്ചിലിനും വിലയിടാന്‍ നമുക്കാവില്ലല്ലോ. വീണ്ടും പറയുകയാണ്‌ പശ്ചിമഘട്ട നിത്യഹരിതമേഖലയില്‍ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല (നൂറ്റാണ്ടുകളില്‍ ഒന്നോ രണ്ടോ അത്യപൂര്‍‍വമായി സംഭവിക്കാം), കത്തിക്കുന്നത് മനുഷ്യര്‍ തന്നെയാണ്.

കൊളുക്കുമലക്ക്​ സമീപത്തെ കൊരങ്കണിയില്‍ കാട്ടുതീയിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്തുന്നു
 


അരുണ്‍ ദേവ് എന്ന വനപാലകന്‍ എഴുതിയ തന്‍റെ അനുഭവക്കുറിപ്പ്‌ ഇങ്ങനെയാണ്: "19/2ന് കാലത്ത് ഒരു ഗ്ലാസ് വെള്ളവും കുടിച്ച് ഞങ്ങൾ ഫയർ വാച്ചർമാരടക്കം 25 പേർ തീയണക്കാൻ മാമ്പാറയിലെത്തിയതാണ്. കിളിമല ഭാഗത്തെ അഗാതമായ കൊക്കയിൽ നിന്ന് കാട്ടുതീ കുതിച്ചുയരുന്നു കനത്ത കാറ്റിനൊപ്പം. പരവതാനി വിരിച്ച പോലെ പച്ച പുല്ലാൽ മനോഹരമായിരുന്ന മാൻപാറ വേനലിന്റെ കാഠിന്യത്താൽ അപ്പൂപ്പൻ താടി പോലെ വെളുത്ത് കാണുന്നു. ഞങ്ങൾ കൊക്കയിൽ നിന്ന് കയറി വരുന്ന കാട്ടുതീയെ പല ഭാഗങ്ങളിലായി നിരന്ന് നിന്ന് പച്ചില തൂപ്പു കൊണ്ട് അടിച്ച് കെടുത്തി കൊണ്ടിരിക്കുന്നു. മൂക്കിലേക്ക് അടിച്ചു കയറുന്ന പുകക്കൊപ്പം രണ്ട് കയ്യിലെയും രോമങ്ങളെല്ലാം കരിഞ്ഞ് ശരീരം ചുട്ടു കത്തുമ്പോഴും ഞങ്ങളെല്ലാം ഒരൊറ്റ ആവേശത്തിലായിരുന്നു. ഞങ്ങളുടെ പിറക് വശത്തുള്ള കാട് കത്തരുത്. എന്തായാലും അതിന്ന് ഫലംകണ്ടു എന്ന് പറഞ്ഞ് തീർന്നപ്പോഴാണ് കാറ്റിനൊപ്പം പറന്നുയർന്ന ചെറിയ ഒരു തീപ്പൊരി ഞങ്ങൾക്ക് പിറകിലുള്ള പുൽ മേട്ടിൽ വീണത്. പിന്നീട് ഒരാന്തലായിരുന്നു. ഓടി മാറിയതുകൊണ്ട് ആരും തീയ്യിൽ പെട്ടില്ല. പക്ഷേ പലരും പല ഭാഗത്തായി. ചെറിയ ചെറിയ ഗ്രൂപ്പുകളായി മാറി പരസ്പരം കാണാനാകാത്ത അകലത്തായി. ഒന്നും ചെയ്യാനാകാതെ തീക്കു മുമ്പിൽ നിരായുധരായി ഞങ്ങൾ നിന്നു 'ഞങ്ങൾ നാലു പേർ തീ കത്തി തീർന്ന ഭാഗത്തേക്കാണ് ഓടി മാറിയത്.


കരിപുരണ്ട് നിൽക്കുന്ന ഇടക്ക് കുറ്റിക്കാടുകളുള്ള ആ പുൽമേടിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നു, വെന്തുതീർന്ന പാവം കാട്ടുപാമ്പിൻെറ ജഡം, പാതിവെന്ത ദേഹവുമായി ഓടി പോകുന്ന മുയൽ, കുറ്റിക്കാടിന് ചുറ്റും സ്വന്തം കഞ്ഞുങ്ങളുടെ ജഡം പോലും കാണാത്തതിനാൽ നിലവിളിച്ച് പറക്കുന്ന കുഞ്ഞിക്കിളി....... വയ്യ പറയാനേറെയുണ്ട്. പിന്നെ മറ്റൊന്നും ആലോചിച്ചല്ല തീയണക്കാനുള്ള കഠിനശ്രമമായിരുന്നു. കാറ്റും തീയ്യും അതിന് മത്സരിച്ച് ഞങ്ങളെ പ്രതിരോധിച്ചു കൊണ്ടിരുന്നു 'കൊണ്ടുപോയ ഒരോ കുപ്പിവെള്ളം എപ്പഴോ തീർന്നു. സമയം മൂന്ന് മണിയായിട്ടും ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ബാക്കിയുള്ള 21 പേർ താഴെയെവിടെയോ തീയ്യോട് മല്ലിടുന്നുണ്ട്. പരസ്പരം ബന്ധപ്പെടാൻ ഒരു മാർഗവുമില്ല. തീ മുറിച്ച് കടന്ന് അപ്പുറത്തെത്താൻ രെു വഴിയുമില്ല. അവരും തളർന്നു കാണും. ഭക്ഷണം സംഘടിപ്പിച്ചാലെ ഇനിയെന്തെങ്കിലും ചെയ്യാനാകൂ. അങ്ങനെ ഞങ്ങളുടെ വശത്തേക്കുള്ള തീ അണച്ച് അഞ്ച് കി.മി അകലെയുള്ള നെല്ലിയാമ്പതിക്ക് ഭക്ഷണത്തിനായി നടന്ന് തുടങ്ങി. വൈകീട്ട് ആറ് മണിക്ക് 21 പേർക്കുള്ള ഭക്ഷണവുമായി ഇരുട്ടു തപ്പി സുരേഷിന്റെ മൊബെൽ ടോർച്ചിന്റെ വെളിച്ചത്തിൽ ആനക്കാട്ടിലൂടെ തിരിച്ച് നടന്നു. 7.30ന് മാൻപാറ ടോപ്പിലെത്തുമ്പോൾ ഒരു വിധം തീ ഒരുക്കി ഞങ്ങളെ കാണാതെ അവശരായിരിക്കുന്ന 21 പേർ. ഭക്ഷണം കണ്ടപ്പോൾ അവർക്കം സന്തോഷം. ഭക്ഷണം കഴിച്ച് മുഴുവനാക്കാൻ ഞങ്ങൾക്കായില്ല, അതിന്നു മുന്നെ കുറച്ചകലെ മരകൊമ്പിൽ മിന്നി കിനിഞ്ഞിരുന്ന തീ ,കൊമ്പ് മുറിഞ്ഞ് താഴത്ത് വീണതോടെ വീണ്ടും കാടു കത്താൻ തുടങ്ങി.


ഭക്ഷണമെല്ലാം ഏങ്ങിനെയോ കഴിച്ച് തീർത്ത് തീക്ക് അപ്പുറം ഫയർ ലൈൻ തീർത്ത് കൗണ്ടർ ഫയർ കൊടുത്ത് ഒതുക്കി. ഇപ്പോൾ സമയം രാത്രി 11 മണി. നിൽക്കാൻ പോലും വയ്യാതായിരിക്കുന്നു പലർക്കും, ഇനി തീ കത്തി കൊണ്ടിക്കുന്നത് കൊക്കയിലാണ്. ഒന്നും ചെയ്യാൻ കഴിയുകയില്ല. ആ തീ ഇവിടെയുള്ള കാട്ടിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുക എന്നല്ലാതെ. മുൻകരുതൽ പൂർത്തിയാക്കി കരിഞ്ഞ ദേഹവും ഉറക്കാത്ത കാലടികളുമായി സ്റ്റേഷനിൽ തിരിച്ചെത്തുമ്പോൾ പുലരാരായിരിക്കുന്നു. ഞാനിത് പറഞ്ഞത് ഒരിക്കലും കാട്ടുതീ തനിയെ ഉണ്ടാവുന്നതല്ല, ഞാനും നിങ്ങളും ഉൾപ്പെടുന്ന മനുഷ്യൻ ഉണ്ടാക്കുന്നതാണ്. വെള്ളം വറ്റി തീരുമ്പോഴും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ജലസംഭരണ, ഉൽപാദന കേന്ദ്രങ്ങളായ വനങ്ങൾ നശിപ്പിക്കുന്നവരെ നിങ്ങളുടെ കൂട്ടത്തിലാണല്ലോ ഞാനും പിറന്നത് എന്നോർത്ത് ലജ്ജ തോന്നുന്നു."

പടയോട്ടങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചൂര് മാറാത്ത ഒരു പ്രാചീന ജനതയോടുപോലും നിയമാവര്ത്തകന് ഇങ്ങനെ പറയുന്നു: ''നിങ്ങള് ഒരു നാടിനെ ആക്രമിച്ച് കീഴടക്കുമ്പോൾ മഴുകൊണ്ട് അതിലെ മരങ്ങളെ വെട്ടിനശിപ്പിക്കരുത്. അവയിൽ നിന്ന് നിങ്ങള് ഭക്ഷിച്ചുകൊള്ളുക, എന്നാൽ വെട്ടിനശിപ്പിക്കരുത്. അല്ലയോ മനുഷ്യാ, മണ്ണിലെ മരങ്ങളെ നിങ്ങൾക്കെങ്ങനെ യുദ്ധം ചെയ്ത് പിടിച്ചെടുക്കാനാവും?'' (നിയമാവര്ത്തനം 20:19). ചൈതന്യമുള്ള മനുഷ്യർക്ക് മാത്രമേ ഒരു കൊച്ചുചെടി വാടുന്നത് കണ്ടാല് ദുഃഖം വരൂ എന്ന് വായിച്ചതോർക്കുന്നു. ഒരു തൈ വാടുന്നത് കണ്ടിട്ട് മനസ്സ് വേദനിക്കാത്തവർക്ക് ഒരു കുട്ടി പട്ടിണികിടന്ന് മരിച്ചു എന്നു പറഞ്ഞാലും ദുഃഖം വരില്ല. ''മനുഷ്യനെ മറന്ന പ്രകൃതിസ്നേഹം ഭീകരവാദമാണെന്ന'' ആക്രോശമാണ് ഇപ്പോള് മലമുകളില് മുഴങ്ങിക്കേൾക്കുന്നത്. 'പ്രകൃതിസ്നേഹമാണ്' ഇന്ന് പശ്ചിമഘട്ടത്തില് ചെയ്യാവുന്ന ഏറ്റവും മാരക പാപം എന്ന കണക്കെ. ഇങ്ങനെ വിലപിച്ച സഖറിയാസ് ദീര്‍ഘദര്‍ശിയുടെ മനസ്സ് വരുംകാലമെങ്കിലും സ്വന്തമാക്കണം കാട്ടുതീയില്‍ പെട്ടുപോയ നമ്മുടെ കുഞ്ഞുങ്ങളെ.  

"ലെബനാനേ, നീ വാതിലുകള് തുറന്നു നോക്കൂ, 
നിന്റെ ദേവതാരുക്കളെ തീ വിഴുങ്ങിയിരിക്കുന്നു. 
സൈപ്രസ് മരങ്ങളെ വിലപിക്കൂ, 
നിങ്ങളുടെ ദേവതാരുക്കള് കടപുഴകി വീണിരിക്കുന്നു. 
നിങ്ങളുടെ ശക്തന്മാര് നശിപ്പിക്കപ്പെട്ടിരിക്കുന്നു. 
ബാഷാനിലെ ഓക്കുമരങ്ങളെ വിലപിക്കൂ,
നിത്യഹരിതവനങ്ങള് വെട്ടിവീഴ്ത്തപ്പെട്ടിരിക്കുന്നു. 
ആട്ടിടയന്മാരുടെ വിലാപത്തിന് കാതോര്ക്കൂ, 
അവരുടെ ഐശ്വര്യമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സിംഹക്കുട്ടികളുടെ കരച്ചില് കേള്ക്കുന്നില്ലേ,
യോര്ദാനിലെ കുറ്റിക്കാടുകളാണ് തരിശാക്കപ്പെട്ടത്."
(സഖറിയാസ് 11: 13)




 

Tags:    
News Summary - forest fire caused by acts of human- openforum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.