പുറമേക്ക് അൽപം ഹിന്ദുത്വ വിരുദ്ധത, അകമേ സവർണ ഭാവുകത്വം, അര സ്പൂൺ ദലിത് സ്നേഹം, പാകത്തിന് എൽ.ജി.ബി.ടി പ്രണയം, ഒരു കുടം ഇടതുപക്ഷ ഗൃഹാതുരത, രണ്ടു കപ്പ് മുസ്ലിം വിരുദ്ധത-ഇവ പാകത്തിൽ ചേരുമ്പോഴാണ് ഒരു ഇടതു-ലിബറൽ വ്യക്തിത്വം രൂപപ്പെടുന്നത്. എസ്.എഫ്.ഐയിലോ മറ്റേതെങ്കിലും ഇടതു കൂട്ടായ്മകളിലോ പ്രവർത്തിച്ചവർക്കാണ് ഈ പദവിയിലേക്ക് നിർവാണം പ്രാപിക്കാനാവുക. സാമൂഹിക മാധ്യമങ്ങൾ വഴിയും സംസ്കാര വ്യവസായം വഴിയും രൂപപ്പെട്ട നിരവധി ഇടതു/ലിബറൽ ബിംബങ്ങൾ നാട്ടിലുണ്ട്. മുൻ എസ്.എഫ്.ഐക്കാരനും സിനിമ സംവിധായകനുമായ ആഷിഖ് അബു ആ ഗണത്തിൽ പ്രധാനിയാണ്. 2014 സെപ്റ്റംബർ 20ന് അദ്ദേഹത്തിെൻറ ഫേസ്ബുക്ക് വാളിൽ വന്ന ഒരു കുറിപ്പുണ്ട്. പശ്ചാത്തലം ഇതാണ്: തിരുവനന്തപുരത്ത് ആദിവാസികളുടെ നിൽപുസമരം. വിവിധ കോണുകളിൽനിന്ന് അതിന് പിന്തുണ ലഭിക്കുന്നു. സിനിമ പ്രവർത്തകരും ഐക്യദാർഢ്യവുമായി വരുന്നു. ഇതിനെ പരിഹസിച്ച് ഒരു കാർട്ടൂണും ലേഖനവും ‘മാതൃഭൂമി’യുടെ കോഴിക്കോട് നഗരം പേജിൽ. വംശീയ സ്വഭാവമുള്ളതാണ് കാർട്ടൂണും ലേഖനവും. സിനിമ പ്രവർത്തകരെയും മോശമായാണ് ചിത്രീകരിച്ചത്. സ്വാഭാവികമായും നിശിത വിമർശനത്തിന് അർഹവും.
ഈ പശ്ചാത്തലത്തിലാണ് ആഷിഖ് അബു എഴുതുന്നത്: ‘‘മഹത്തായ ചരിത്രമുള്ള മാതൃഭൂമി കുടുംബത്തോട് എളിയ അപേക്ഷ. മനോരോഗികളെ ലേഖകന്മാരായി നിയമിക്കരുതേ!’’ ആഷിഖിനെ പോലൊരാൾ നടത്തേണ്ട പ്രതികരണം തന്നെ. ഇനി 2016 മാർച്ച് 10ന് ഇതേ വാളിൽ വന്ന മറ്റൊരു കുറിപ്പ്. ഇതേ പത്രത്തിെൻറ നഗരം പേജിൽ മുഹമ്മദ് നബിയെയും പത്നി ആയിഷയെയും അധിക്ഷേപിക്കുന്ന കുറിപ്പ് പ്രത്യക്ഷപ്പെടുന്നു. മുഹമ്മദ് നബിയെ ആദരിക്കുന്ന ആളുകൾ പ്രതിഷേധിച്ചു. അതെക്കുറിച്ചാണ് ടി പോസ്റ്റ്. ‘ഒരു സബ് എഡിറ്റർ അകത്തേ പേജിൽ വരുത്തിയ പിഴവിന് മാതൃഭൂമി ഒന്നാം പേജിൽ ക്ഷമാപണം നടത്തിയിട്ടും പ്രശ്നങ്ങൾ തീരുന്നില്ല’ എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ‘മഹത്തായ ചരിത്രമുള്ള ഒരു പത്രം മനഃപൂർവം ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്’ എന്നാണ് പത്രത്തിനുവേണ്ടി പോസ്റ്റ് മാൻ എടുക്കുന്ന ജാമ്യം.
നോക്കണേ, സിനിമക്കാരെ അധിക്ഷേപിച്ചാൽ സബ് എഡിറ്ററെ മനോരോഗിയാക്കും. പക്ഷേ, പ്രവാചകനെ അവഹേളിച്ചാൽ, അത് അകത്തേ പേജിൽ വരുന്ന അബോധപൂർവമായ അബദ്ധം മാത്രം. മുസ്ലിമായി ജനിച്ച ഇടതു ലിബറലിന് തെൻറ പൊതുമുഖം പരിക്കേൽക്കാതെ നിൽക്കാൻ ഇതല്ലാതെ നിർവാഹമില്ല (എസ്.എഫ്.ഐ നടത്തുന്ന ചേലാകർമ വിരുദ്ധ കാമ്പയിനിെൻറ ബ്രാൻഡ് അംബാസഡർ ആക്കാൻ യോജിച്ച വ്യക്തിയും ഇദ്ദേഹമായിരിക്കും). കാര്യമിതാണ്: നിങ്ങൾ ഫാഷിസത്തിനെതിരെ നിലപാടെടുക്കുെന്നങ്കിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിലകൊള്ളുന്നുവെങ്കിൽ മുസ്ലിം ബാലൻസിങ് നടത്തിയാലേ പൊതുസമ്മതി നിലനിർത്താൻ സാധിക്കൂ. ലിബറൽ/ഇടതു വ്യക്തിത്വത്തിെൻറ രൂപപ്പെടലും നിലനിൽപും അങ്ങനെയേ സാധ്യമാവൂ.
വി.ടി. ബലറാമിെൻറ വിവാദ എ.കെ.ജി പ്രസ്താവന എടുക്കുക. എ.കെ.ജിയുടെ ആത്്മകഥ ഉദ്ധരിച്ച് ശിശുരതി ആരോപിക്കുകയായിരുന്നു അദ്ദേഹം. ബലറാമിനെതിരെ മുഖ്യമന്ത്രി മുതൽ താഴോട്ടുള്ള ഇടതു നേതൃത്വം പ്രതികരിച്ചത് നാം കണ്ടതാണ്. ബലറാമിെൻറ നാവ് ചൂഴ്ന്നെടുക്കുമെന്നാണ് ഒരു സി.പി.എം നേതാവ് പ്രസംഗിച്ചത്. ആവിഷ്കാരത്തിെൻറ അമ്മാവന്മാർ ബലറാമിനു വേണ്ടി രംഗത്തു വന്നില്ല. ആയിശ ബീവിക്ക് 11 വയസ്സുള്ളപ്പോഴാണ് മുഹമ്മദ് നബി അവരെ വിവാഹം കഴിക്കുന്നത്. അതിെൻറ പേരിൽ അദ്ദേഹത്തിന് ശിശുരതി എല്ലാ വഷളത്തങ്ങളോടും കൂടി ആരോപിച്ചയാളാണ് സൽമാൻ റുഷ്ദി. ബലറാമിെൻറ എ.കെ.ജി പരാമർശത്തിൽ കൊലവിളി ഉയർത്തിയ ഇടതുപക്ഷം പക്ഷേ, മുഹമ്മദ് നബിക്കെതിരെ അതേ ആരോപണങ്ങളുന്നയിച്ച റുഷ്ദിയോടൊപ്പമായിരുന്നു. ഈ റുഷ്ദിയുടെ കാര്യമാകട്ടെ, അതേക്കാൾ രസാവഹമാണ്. സ്കോട്ട്ലൻഡ് യാർഡിെൻറ സംരക്ഷണയിലായിരുന്നല്ലോ ദീർഘകാലം അദ്ദേഹം.
ആ സമയത്ത് സുരക്ഷ ചുമതലയുണ്ടായിരുന്ന സംഘത്തിലെ അംഗമായ റോൺ ഇവാൻസ് 2008 ആഗസ്റ്റിൽ ‘Her Majesty's Service: My Incredible Life in the World's Most Dangerous Close Protection Squad എന്ന പേരിൽ ഒരു പുസ്തകമെഴുതി. റുഷ്ദിയുടെ സ്വഭാവഗുണങ്ങളുടെ ‘മഹത്ത്വം’ നാട്ടുകാരെ അറിയിക്കുന്നതായിരുന്നു പുസ്തകം. പ്രസ്തുത പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇതേ സൽമാൻ റുഷ്ദി തന്നെയായിരുന്നു! ഇത് റുഷ്ദിയുടെയോ ആഷിക് അബുവിെൻറയോ മാത്രം പ്രശ്നമല്ല. ‘ആറാം നൂറ്റാണ്ടിലെ പ്രാകൃത ബോധങ്ങൾ’ കൊണ്ടുനടക്കുന്ന ഒരു സമൂഹത്തെ ‘പരിഷ്കൃത’ മൂല്യങ്ങൾ പഠിപ്പിക്കാൻ കഷ്ടപ്പെടുന്നവരേറെയുണ്ട്. മുസ്ലിംകളെ പ്രാകൃത ചിന്താഗതികളിൽ നിന്ന് രക്ഷിക്കാനായി ഇടതുപക്ഷം സ്പോൺസർ ചെയ്ത ലിബറൽ വല്യമ്മാവനാണ് ഹമീദ് ചേന്ദമംഗലൂർ. കേരളത്തിലെ വരേണ്യ വായനസമൂഹത്തിെൻറ മുസ്ലിംകളെക്കുറിച്ച ബോധം രൂപപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്ക് ഇദ്ദേഹത്തിേൻറതാണ്. ഇടതു/ലിബറൽ വരേണ്യത ഉള്ളടക്കപരമായി എന്തുമാത്രം മുസ്ലിം വിരുദ്ധമാണ് എന്നറിയാൻ ഇദ്ദേഹത്തിെൻറ എഴുത്തുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാൽ മതി. ‘കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കപ്പെടേണ്ട എഴുത്തുകാരൻ’ എന്ന് ആർ.എസ്.എസ് വാരിക ഇദ്ദേഹത്തിന് പട്ടം നൽകി ആദരിച്ചതിെൻറ കാരണവും അതുതന്നെ.
സ്വാതന്ത്ര്യ സമരനായകനായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് ‘വീരപുത്രൻ’ എന്ന സിനിമ വന്നപ്പോൾ, അത് പിൻവലിക്കണമെന്നതായിരുന്നു ഹമീദ് ചേന്ദമംഗലൂരിെൻറ ആവശ്യം. ‘ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല, എെൻറ പൂർവികരെ അവമതിക്കുകയും ചെയ്യുന്നു. ഇത്തരം വ്യാജ ചരിത്രകഥകൾ ജനങ്ങളെ തെറ്റായ വഴികളിലേക്ക് നയിക്കും. അതിനാൽ സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിക്കണം’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത് (ദ ഹിന്ദു, ഒക്ടോബർ 18, 2011). ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫാറൂഖ് കോളജിൽ വെവ്വേറെ ഇരിപ്പിടങ്ങൾ സംവിധാനം ചെയ്തതിനെതിരെ എസ്.എഫ്.ഐ പിന്തുണയോടെ ഉയർന്നുവന്ന സമരം ഓർക്കുക. വിഷയത്തിൽ ഇടപെട്ടു കൊണ്ട് എം.എ. ബേബി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ‘ആൺകുട്ടികളും പെൺകുട്ടികളും കാമ്പസിൽ എപ്പോഴും ഒരു മീറ്റർ അകലം പാലിക്കണ’മെന്ന് സ്വന്തം േപ്രാസ്പെക്റ്റ്സിൽ എഴുതിവെച്ച, മേരി റോയ് നടത്തുന്ന കോട്ടയത്തെ ‘പള്ളിക്കൂടം’ സ്കൂളിനെ ‘പേരെടുത്ത ലിബറൽ സ്ഥാപനം’ എന്നാണ് വിശേഷിപ്പിച്ചത്!
ഇടതു ലിബറലുകൾ അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയുണ്ട്. തങ്ങളുടെ രാഷ്ട്രീയ തത്ത്വശാസ്ത്രത്തിെൻറ ചില നിർബന്ധങ്ങൾ നിമിത്തം പ്രത്യക്ഷ ഹിന്ദുത്വ വരേണ്യതയെ എതിർക്കാൻ അവർ ബാധ്യസ്ഥരാണ്. അകമേ അതിെൻറ സാംസ്കാരിക മൂല്യങ്ങൾ കൊണ്ടു നടക്കുന്നവരാണെങ്കിലും പുറമേക്ക് അതിനെതിരെ നിന്നില്ലെങ്കിൽ അവരുടെ വ്യക്തിത്വം ഇല്ലാതാവും. പക്ഷേ, മറുപുറത്ത് ഒരു മുസ്ലിം അപരനെ നിർത്തി സമീകരണ വിദ്യയിലൂടെ മാത്രമേ അവർക്ക് ഹിന്ദുത്വ വിമർശനം നടത്താൻ സാധിക്കുന്നുള്ളൂ. ഇടതുപക്ഷത്തിെൻറ പുരോഗമന ട്യൂഷന് ഏറ്റവും വിധേയമാവാറുള്ളത് മുസ്ലിം പെൺകുട്ടികളാണ്. മുസ്ലിം പുരുഷെൻറ കൊടിയ പീഡനങ്ങളിൽനിന്ന് സ്ത്രീകളെ രക്ഷിക്കാൻ അവർ സഹിക്കുന്ന കഷ്ടപ്പാടുകൾക്ക് കണക്കില്ല. അങ്ങനെ മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ കഷ്ടപ്പെടുന്നതിനിടക്കാണ് ഹാദിയ രംഗത്തുവരുന്നത്. ഇപ്പറഞ്ഞ ഇടതു അമ്മാവന്മാർ ആരും പക്ഷേ, ഹാദിയക്കു വേണ്ടി ഒന്നും പറഞ്ഞില്ല.
പക്ഷേ, ഹാദിയ വിഷയം കത്തിനിൽക്കുമ്പോൾ തന്നെയാണ് മലപ്പുറത്ത് ഏതാനും മുസ്ലിം പെൺകുട്ടികൾ തട്ടമിട്ട് ഫ്ലാഷ് മോബ് കളിക്കുന്നത്. ഫ്ലാഷ് മോബ് കഴിഞ്ഞ് അവർ വീട്ടിലേക്ക് പോയി. മടപ്പള്ളി കോളജിലോ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലോ സംഭവിക്കുന്നതു പോലെ അവർ ആക്രമിക്കപ്പെട്ടില്ല. പക്ഷേ, അവരുടെ നടപടിയെ ആരൊക്കെയോ ഫേസ്ബുക്കിൽ വന്ന് വിമർശിച്ചു. ചിലരെങ്കിലും മോശം പരാമർശങ്ങളും നടത്തി. തീർച്ചയായും പാടില്ലാത്ത കാര്യം. പക്ഷേ, അതിെൻറ പേരിൽ എന്തൊക്കെയാണ് നടന്നത്? ടി.വികളിൽ അന്തിച്ചർച്ച. വനിത കമീഷൻ വക സ്വമേധയാ കേസ്. എസ്.എഫ്.ഐ കേരളമാകെ സ്വന്തം പെൺകുട്ടികളെ തട്ടമിടീച്ച് ഫ്ലാഷ് മോബ് കളിപ്പിക്കുന്നു. ഹാദിയ പീഡനം അനുഭവിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം പറയാത്തവർക്ക് ഫ്ലാഷ് മോബ് വിഷയത്തിൽ ദേശീയ കാമ്പയിൻ നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഹിന്ദുത്വ ഫാഷിസത്തിെൻറ കാലത്ത് അതിെൻറ മുസ്ലിം പതിപ്പിനെ വ്യാജമായി ഉയർത്തിക്കാട്ടിയല്ലാതെ രാഷ്ട്രീയപ്രവർത്തനം പറ്റാത്ത അവസ്ഥയിലേക്ക് വരേണ്യ സാംസ്കാരികർ എത്തിയിരിക്കുന്നു.
ഒടുവിലിതാ മാണിക്യ മലർ. ‘മാണിക്യ മലരായ പൂവീ’ എന്ന പാട്ട് മലയാളി മുസ്ലിമിെൻറ നാവിൻ തുമ്പത്ത് പതിറ്റാണ്ടുകളായുണ്ട്. അത് സിനിമയിലെത്തുന്നതിൽ അവർ സന്തോഷിക്കുകയേ ഉള്ളൂ. അതിെൻറ പേരിൽ കേരളത്തിലെ ഒരു മുസ്ലിം സംഘടനയും ഒരു എതിർവാക്കും പറഞ്ഞിട്ടില്ല. പക്ഷേ, ലിബറൽ യുക്തിക്ക് അത് അസഹ്യമായിരുന്നു. എങ്ങനെയെങ്കിലും ഒരു മുസ്ലിം പ്രാകൃതനെ കണ്ടെത്തുവാനുള്ള ഓട്ടത്തിലായിരുന്നു അവർ. അങ്ങനെയാണ് ഹൈദരാബാദിലെ കുറച്ച് ചെറുപ്പക്കാരെ കിട്ടുന്നത്. അവർ, ഈ ഗാന ചിത്രീകരണം തങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെടുകയോ പ്രതിഷേധ പരിപാടി നടത്തുകയോ ചെയ്തിട്ടില്ല.
പക്ഷേ, പുരോഗമന മാണിക്യ മലരുകളുടെ കുരു എത്ര പെട്ടെന്നാണ് പൊട്ടിയത്. കണ്ണൂരിൽ തെൻറ പാർട്ടിക്കാർ ഒരു ചെറുപ്പക്കാരനെ മുപ്പത്തിരണ്ട് കഷണമാക്കി വെട്ടിനുറുക്കിയതിനെ കുറിച്ച് ഒന്നും പറയാതിരുന്ന മുഖ്യമന്ത്രി വരെ പൊടുന്നനെ ആവിഷ്കാര മാണിക്യമായി മാറി. തെൻറ കൈയൊപ്പോടു കൂടി നിലപാട് പറയുന്ന ഒരു ടി.വി അവതാരകൻ ചർച്ച തുടങ്ങിക്കൊണ്ട് പറഞ്ഞതിതാണ്: ‘ഇന്ന് പ്രണയ ദിനമാണ്. പ്രണയം ആഘോഷിക്കുന്നതിനെതിരെ മുൻ കാലങ്ങളിൽ ശിവസേനയും വിശ്വഹിന്ദു പരിഷത്തുമടക്കമുള്ള ഹിന്ദു സംഘടനകൾ ഉയർത്തിയ ഭീഷണികൾ ഇല്ലായിരുന്നു ഇത്തവണ’. അതായത്, ഹിന്ദുത്വ തീവ്രവാദികൾ ഇത്തവണ മാറിനിന്നപ്പോൾ മുസ്ലിം മതമൗലികവാദികൾ രംഗം കൈയടക്കി എന്നാണ് ഈ ഒമ്പത് മണി മലരിെൻറ കണ്ടുപിടിത്തം. ഒന്നാമതായി, പ്രണയ ദിനവുമായി ബന്ധപ്പെട്ട് ഇത്തവണ ഹിന്ദുത്വ ആക്രമണങ്ങൾ നടന്നില്ല എന്നത് വസ്തുതാ വിരുദ്ധമാണ്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ അത്തരം ആക്രമണങ്ങൾ ഇത്തവണയും ഉണ്ടായിട്ടുണ്ട്. അത് റിപ്പോർട്ട് ചെയ്യേണ്ടെന്നു വെക്കാം.
പക്ഷേ, ഹൈദരാബാദിലെ വിവരംകെട്ട ഏതാനും ചെറുപ്പക്കാർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുന്നതിനെ ഹിന്ദുത്വവാദികളുടെ ആക്രമണവുമായി സമീകരിക്കുന്നതെങ്ങനെയാണ്? വേറൊരു മലയാളം ചാനലിലെ ഒമ്പതു മണി മാണിക്യം ചർച്ചക്കു വന്ന സംവിധായകനോട് ചോദിച്ചത് ഇതാണ്: ‘ഈ പാട്ട് പിൻവലിക്കണം എന്നുള്ളതാണ് ആവശ്യം. ഈ പാട്ട് പിൻവലിക്കണമെന്നുള്ളത് ഒരു ശാസനയാണ്, ഒരു ഭീഷണിയാണ്. അതിന് മുന്നിൽ നിങ്ങൾ വഴങ്ങുമോ എന്നാണ് എനിക്കറിയേണ്ടത്’. ആരും ഭീഷണിയും ശാസനയും ഒന്നും ഇറക്കിയിട്ടില്ല. പക്ഷേ, ലിബറൽ യുക്തിക്ക് നിലനിൽക്കണമെങ്കിൽ, ഹിന്ദുത്വത്തിനെതിരായ വിമർശനപദ്ധതി മുന്നോട്ടു വെക്കണമെങ്കിൽ ഒരു മുസ്ലിം പ്രതിയെ കൂടി ലഭിക്കണം. ബാലൻസിങ്ങിനു വേണ്ടിയുള്ള പരവശമായ അലച്ചിൽ. അതിനാൽ ഇത്തരം കോമഡികൾ ഇനിയും നാം ധാരാളം കാണേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.