ഗോൾപാറ ജില്ലയിലെ കൃഷ്ണിയ ചരിയാലി ഗ്രാമക്കാർക്ക് സർവാദരണീയനായിരുന്നു സ്വാതന്ത്ര്യസമര സേനാനി ഹാജി റോഷ് മഹ്മൂദ്. എന്നാൽ, ആ പാരമ്പര്യമൊന്നും പേരമകൾ റോഷനാര ബീഗത്തിന് തുണയായില്ല. അസമിലെ ഭരണകൂടം വിദേശി ചാപ്പകുത്തി തടവറ കൊടുത്താണ് അവരുടെ കുടുംബത്തോട് കണക്കുതീർത്തത്.
വിവാഹത്തിനു ശേഷം ആദ്യ വോെട്ടടുപ്പിൽ പോളിങ് ബൂത്തിലെത്തിയ റോഷനാരയെ വോട്ടർ പട്ടികയിൽ സംശയിക്കപ്പെടുന്നവരുടെ ‘ഡി’ പട്ടികയിൽ അടയാളപ്പെട്ടതിനാൽ തിരിച്ചയച്ചിരുന്നു. ഒരു വോട്ട് പോയി എന്ന സങ്കടത്തിനപ്പുറം വേറെയൊന്നും അവർ പ്രതീക്ഷിച്ചതേയല്ല. 2011ലായിരുന്നു ഇത്. എന്നാൽ, അഞ്ചു വർഷം കഴിഞ്ഞപ്പോൾ പ്രശ്നം ഗുരുതരമായി. പൗരത്വത്തിൽ സംശയമുണ്ടെന്നും തെളിയിക്കാനുള്ള രേഖകളുമായി അസമിലെ വിദേശികളെ കണ്ടെത്താനുള്ള ഫോറിനേഴ്സ് ട്രൈബ്യൂണൽ മുമ്പാകെ ഹാജരാകണമെന്നും റോഷനാരക്ക് നോട്ടീസ് ലഭിച്ചു. സ്വാതന്ത്ര്യസമര സേനാനിയായ പിതാമഹെൻറ 1913 മുതലുള്ള രേഖകളും സ്കൂൾ, ജനന സർട്ടിഫിക്കറ്റുകളുമായി ചെന്ന് ട്രൈബ്യൂണൽ മുമ്പാകെ എല്ലാം ബോധിപ്പിച്ചു തിരിച്ചുപോന്നു. വീട്ടിലോ ഭർതൃവീട്ടിലോ മറ്റൊരാളും സംശയാസ്പദരുണ്ടായിരുന്നില്ല എന്ന ധൈര്യത്തിലായിരുന്നു വക്കീലും.
എന്നാൽ, വിധി പുറപ്പെടുവിക്കുന്ന ദിവസം ട്രൈബ്യൂണലിനു മുമ്പാകെ ഹാജരാകാൻ എത്തിയ റോഷനാരയെ വിധിക്കു കാത്തുനിൽക്കാതെ പൊലീസ് പിടികൂടി കൊക്രജറിലെ വിദേശികൾക്കായുള്ള പ്രത്യേക തടവറയിലേക്ക് കൊണ്ടുപോയി. ഏഴുമാസം ഗർഭിണിയാണെന്നും വീട്ടിലിട്ടുപോന്ന രണ്ടു മക്കളെ ഒരു നോക്ക് കണ്ടുവരാമെന്നും പറഞ്ഞിട്ടും അവർ കേട്ടില്ല. കൊക്രജറിലെ 150ഒാളം വിദേശി തടവുകാരിലൊരാളായി റോഷനാര. സ്കൂൾ സർട്ടിഫിക്കറ്റിലും വിവാഹ സർട്ടിഫിക്കറ്റിലും രണ്ടു വയസ്സിെൻറ വ്യത്യാസമുള്ളതിനാൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്നായിരുന്നു ട്രൈബ്യൂണലിെൻറ തീർപ്പ്.
തന്നെപ്പോലുള്ള നിരവധി സ്ത്രീകളാണ് തടവറയിലുണ്ടായിരുന്നതെന്ന് രോഷനാര പറഞ്ഞു. ഗർഭിണികളായി മറ്റാരുമില്ലായിരുന്നെങ്കിലും കൈക്കുഞ്ഞുങ്ങളും കുട്ടികളുമുള്ള നിരവധി സ്ത്രീകളുണ്ടായിരുന്നു. ബംഗ്ലാദേശികളെന്ന് മുദ്രകുത്തിയവരിൽ 25ഒാളം ഹിന്ദു സ്ത്രീകൾ. എട്ടുവർഷം വരെ മോചനമില്ലാതെ തടവിൽ കഴിയുന്നവർ. 50 വയസ്സിലധികമുള്ള രോഗികൾ. 150ഒാളം സ്ത്രീകൾക്ക് രണ്ടു ടോയ്ലറ്റുകൾ മാത്രം. ഒരു ദിവസം രണ്ടു സമയമാണ് ഭക്ഷണം. ഗർഭിണിയെങ്കിലും രാത്രി വിശപ്പുസഹിച്ച് ഉറങ്ങും.
സ്ത്രീകളെ കുത്തിനിറച്ച സെല്ലിൽ തനിക്ക് ചവിേട്ടൽക്കാതിരിക്കാൻ കൂടെ കിടക്കുന്ന സ്ത്രീകൾ സഹകരിച്ചുവെന്ന് നന്ദിപൂർവം റോഷനാര ഒാർത്തു. ഉമ്മ പോലും അടുത്തില്ലാതെ പ്രസവമടുത്തപ്പോൾ അനുഭവിച്ച മാനസികാവസ്ഥ ഒാർക്കാൻ വയ്യ. പ്രസവം തടവറയിൽ തന്നെ കഴിഞ്ഞു. കുഞ്ഞിന് മൂന്നു മാസമായപ്പോഴാണ് ഫോറിനേഴ്സ് ട്രൈബ്യൂണൽ വിധിക്കെതിരെ ഗുവാഹതി ഹൈകോടതിയിൽ നൽകിയ അപ്പീലിെൻറ ഫയൽ ചലിച്ചുതുടങ്ങിയത്. അതിനിടയിൽ നൽകിയ ജാമ്യാപേക്ഷ അനുവദിച്ചതുകൊണ്ട് കുഞ്ഞിനെയുംകൊണ്ട് കുടുംബത്തോടൊപ്പം വീണ്ടും ചേരാനായി. ൈഹകോടതിയിലെ അപ്പീൽ തീർപ്പാകാത്തതിനാൽ എൻ.ആർ.സി കരട് പട്ടിക പുറത്തിറങ്ങിയപ്പോൾ റോഷനാരയും പുറത്താണ്.
അസമിലെ നീതിന്യായ സംവിധാനം അത്രകണ്ട് പക്ഷപാതപരമായിരിക്കുന്നു. റോഷനാരയുടെ കഥപോെല അവിശ്വസനീയമായ സാങ്കേതികതകളില്‍ പിടിച്ച് വളരെ ആസൂത്രിതമായാണ് അസമില്‍ സര്‍ക്കാറും ഏജന്‍സികളും ചേര്‍ന്ന് ബംഗ്ലാദേശി പൗരന്മാരെയുണ്ടാക്കുന്നതെന്ന് അത്തരക്കാർക്കുവേണ്ടി നിയമയുദ്ധം നടത്തിയ അഡ്വ. മുജീഉദ്ദീന്‍ മഹ്മൂദ് പറയുന്നു. പേരിലുള്ള അക്ഷരത്തെറ്റുകളിൽ പിടിച്ച് സ്വാതന്ത്ര്യത്തിനു മുേമ്പ അസമിലെത്തിയ മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍നിന്ന് തള്ളുകയായിരുന്നു ആദ്യപടി. അങ്ങനെ ‘ഡി’ വോട്ടറായി കഴിഞ്ഞാൽ പൗരത്വം സംശയത്തിലായി ഫോറിനേഴ്സ് ട്രൈബ്യൂണൽ മുമ്പാകെ പോകേണ്ടിവരും.
സ്വാതന്ത്ര്യാനന്തരം ബംഗ്ലാദേശില്‍നിന്ന് മുസ്ലിം കുടുംബങ്ങൾ സ്ഥിരതാമസത്തിനായി അസമിലേക്ക് വന്നിട്ടില്ല. അസമിലെയും പശ്ചിമബംഗാളിലെയും ഗ്രാമങ്ങളെക്കാള്‍ മെച്ചപ്പെട്ട ജീവിതമാണ് ബംഗ്ലാദേശി ഗ്രാമങ്ങളിലെന്ന് അമര്‍ത്യ െസൻ പറഞ്ഞിട്ടുണ്ട്. കള്ളക്കടത്തിനും കച്ചവടത്തിനും മറ്റും പലരും ബംഗ്ലാദേശില്‍നിന്നു വന്നുപോകാറുണ്ട്. എന്നാല്‍, അവരൊന്നും അസമില്‍ സ്ഥിരതാമസത്തിന് മുതിരുകയില്ല.
ബി.ജെ.പിയും ഒാള്‍ ഇന്ത്യ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രണ്ടും (എ.ഐ .യു.ഡി.എഫ്) ആണ് അസമിലെ പൗരത്വ പ്രശ്നം പരിഹരിക്കാതെ നിലനിര്‍ത്തുന്നതെന്ന അഖില്‍ ഗോഗോയിയുടെ അതേ അഭിപ്രായമാണ് അഡ്വ. മുജീഉദ്ദീനും. പൗരത്വം നിഷേധിക്കുന്നതിനെതിരായ നിയമയുദ്ധം കോടതിയിലെത്തിയപ്പോള്‍ ആ കേസില്‍നിന്ന് പൊടുന്നനെ പിന്മാറുകയാണ് അത്തര്‍ രാജാവായ ബദ്റുദ്ദീന്‍ അജ്മല്‍ ചെയ്തത്. ബി.ജെ.പിയുടെയും അസം ഗണപരിഷത്തിെൻറയും ഇംഗിതത്തിന് അനുസൃതമായായിരുന്നു പിന്മാറ്റമെന്ന് ആരോപിക്കുന്ന മുജീഉദ്ദീന്‍ അതിലൂടെ ആരെയാണ് കുത്തിയതെന്ന് അജ്മല്‍ പറയണമെന്നും ആവശ്യപ്പെടുന്നു.
ഗോൾപാറ ബാർ അസോസിയേഷൻ ഒാഫിസിൽ ചെന്നപ്പോൾ അഭിഭാഷകർ ഒന്നടങ്കം രോഷം പ്രകടിപ്പിക്കുന്നതും ബദ്റുദ്ദീൻ അജ്മലിെൻറ അപ്രതീക്ഷിത ചുവടുമാറ്റത്തിലാണ്. ബംഗാളി മുസ്ലിംകളുടെ പൗരത്വ വിഷയം മാത്രം ഉയർത്തിക്കാണിച്ച് 20ഒാളം എം.എൽ.എമാരെയുണ്ടാക്കിയ ഒരു പാർട്ടി കേസിൽനിന്ന് പിന്മാറുകയും ചരിത്ര സന്ധിയിൽ മൗനംപാലിക്കുകയും ചെയ്യുന്നതിനെ വഞ്ചനയെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.