140 കോടി ജനങ്ങളുള്ള രാജ്യമാണിന്ത്യ. പക്ഷേ, ലോകനേതാക്കൾ പങ്കെടുത്ത ദ്വിദിന ജി20 ഉച്ചകോടിക്കുശേഷം തലസ്ഥാന നഗരിയിൽ നിങ്ങൾ കാണുന്ന ഒരേയൊരു മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്.
വിമാനത്താവളത്തിലും ഉച്ചകോടിക്കായി അടുത്തിടെ നിർമിച്ച മണ്ഡപത്തിലും മാത്രമല്ല, എല്ലാ റോഡുകളിലും, ഓരോ ചുവടിലും, പരമാവധി രണ്ട് കാറുകളുടെ അകലത്തിൽ നിങ്ങൾ അദ്ദേഹത്തെ കാണുന്നു-അതൊരു വൺമാൻ ഷോയാണ്.
ഞാൻ വളർന്ന, ജോലിയിൽ ഏറെ വർഷം ചെലവിട്ട നഗരമെന്ന നിലയിൽ ഉച്ചകോടിക്കുവേണ്ടി ഡൽഹിയിൽ വരുത്തിയ മാറ്റം മുമ്പെങ്ങും കാണാത്ത വിധത്തിലാണെന്ന് പറയാനാവും. സ്കൂളുകളും ഓഫിസുകളും ഉച്ചകോടിയുടെ പേരിൽ അടച്ചിട്ടു, വി.ഐ.പികൾക്ക് വീഥിയൊരുക്കാനെന്നപേരിൽ റോഡുകളിൽ ഗതാഗതതടസ്സം സൃഷ്ടിച്ചു, പൊലീസ് വാഹനങ്ങളുടെ വലയം മൂലം പലപ്പോഴും റോഡൊന്ന് മുറിച്ചുകടക്കാൻപോലും 15 മിനിറ്റോളം കാത്തുനിൽക്കേണ്ടിയിരുന്നു.
പഴവും പച്ചക്കറിയും വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമുൾപ്പെടെ വിൽക്കുന്ന, ഇന്ത്യൻ തെരുവുകളിലെ നിത്യകാഴ്ചയായ വഴിക്കച്ചവടക്കാരെ ഏതാനും ദിവസമായി ഡൽഹിയിലെ റോഡുകളിൽ കാണാനില്ല. ദിവസേന അവർ സമ്പാദിച്ചു കൊണ്ടുക്കൊടുത്തിട്ടുവേണം ആ മനുഷ്യരുടെ കുടുംബം പുലരാൻ. പക്ഷേ, ഏറെക്കാലമായി ദുരിതപ്പെടുന്ന വികസ്വര തെക്കൻ രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യയെ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന മോദി സർക്കാറിന്റെ അജണ്ടയിൽ ഈ മനുഷ്യരൊന്നും ഉൾപ്പെടുന്നതേയില്ല. ഏതൊരു പ്രദേശത്തും കാണാറുള്ള തെരുവുനായ്ക്കൾപോലും പല തെരുവുകളിലും വിലക്കപ്പെട്ടു, വളയപ്പെട്ടു.
ഈ നയതന്ത്ര മേളയുടെ നായകൻ മോദിയായിരുന്നെങ്കിൽ, ഭീഷണി കുരങ്ങുകളായിരുന്നു. മിക്കവാറും പ്രധാന എംബസികളും പ്രമുഖ ഹോട്ടലുകളും ഉച്ചകോടി വേദിയുമെല്ലാം നിലകൊള്ളുന്ന സെൻട്രൽ ഡൽഹിയിൽ കുരങ്ങുകളെ ഭയപ്പെടുത്താൻ കുരങ്ങന്മാരുടെ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നു.
താരതമ്യേന കനത്ത മഴ തലസ്ഥാനത്തെ താപനിലയെ തണുപ്പിച്ചു, എന്നാൽ ഭാഗികമായി വെള്ളപ്പൊക്കമുണ്ടായ റോഡുകൾ അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്കാതെ, കാര്യങ്ങൾ നേരാംവിധം മാറാൻ പോകുന്നില്ല എന്ന് ബോധ്യമാക്കി. എന്നിരുന്നാലും, അടുത്ത വർഷം ദേശീയ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന മോദിയുടെ ഭാരതീയ ജനത പാർട്ടിയുടെ മുദ്ര കൂടുതൽ ദൃശ്യമായത് വേദിയിലാണ്. അന്താരാഷ്ട്ര പുസ്തകമേളകളും ട്രേഡ്ഫെയറും ഓട്ടോഷോയുമെല്ലാം സ്ഥിരമായി നടക്കാറുള്ള പ്രഗതി മൈതാൻ ഭാരത് മണ്ഡപം എന്ന പേരിൽ ഒരു കൂറ്റൻ കൺവെൻഷൻ സെന്ററായി മാറി. വെറുമൊരു പേരുകൊണ്ട് ആ പ്രദർശന നഗരിയുടെ മതനിരപേക്ഷവും ഏകതാനവുമായ ഭൂതകാലം മാറ്റപ്പെടുന്നു.
രാജ്യത്തെ ഏറ്റവും വലിയ പ്രദർശന നഗരിയാണ് ഈ മൈതാനം. ഔദ്യോഗിക വിവരങ്ങൾ പ്രകാരം സിഡ്നി ഓപറ ഹൗസിനേക്കാൾ കൂടുതൽ ഇരിപ്പിടങ്ങളുണ്ടിവിടെ. എന്നാൽ, നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നിൽ, ഇന്ത്യയുടെ സുപ്രീംകോടതിക്ക് സമീപവുമാകയാൽ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിക്കാത്തപക്ഷം ഇത്രയധികം ആളുകൾക്ക് ഒറ്റയടിക്ക് സന്ദർശിക്കാനാവുക എന്നത് അത്ര എളുപ്പമല്ല.
വെയർ ഹൗസുകൾ പോലെയുള്ള ഹാളുകളുടെ ചുമരുകൾ ജി20യുടെ കൂറ്റൻ ബോർഡുകളും വിഡിയോ വാളുകളും കൊണ്ട് മറയ്ക്കപ്പെട്ടിരിക്കുന്നു. കൂറ്റൻ ബോർഡുകളിൽ നിറയെ താമര ചിത്രങ്ങൾ. അത് ഇന്ത്യയുടെ ദേശീയ പുഷ്പമാണ്, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ചിഹ്നവുമാണ്. അത് എല്ലായിടത്തുമുണ്ട്, ജി20 ലോഗോയിൽ ഉൾപ്പെടെ.
വിഡിയോ വാളുകളിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾക്കും ഒരു കഥ പറയാനുണ്ടായിരുന്നു. 14ാം നൂറ്റാണ്ടിലെ ഹിന്ദു സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന, യുനെസ്കോയുടെ ലോക പൈതൃക ഇടങ്ങളിൽ ഒന്നായ ഹംപിയുടെയും ഖജുരാഹോ ക്ഷേത്രങ്ങളുടെയും ഹിന്ദു ദേവനായ കൃഷ്ണന്റെ അവതാരത്തിനായി സമർപ്പിച്ചിരിക്കുന്ന നാഥദ്വാര ക്ഷേത്രത്തിന്റെയും ദൃശ്യങ്ങൾ അവയിൽ പ്രദർശിപ്പിച്ചു. വിഡിയോയിൽ കാണിക്കാതിരുന്ന കാര്യങ്ങളും ചിലത് നമ്മോട് പറയുന്നുണ്ട്. തലസ്ഥാന നഗരിയിലെ സുപ്രധാന ഇടങ്ങളിലൊന്നായ ജമാമസ്ജിദ് അതിൽ കാണാനായില്ല, ഒരു ചർച്ചും അതിൽ കണ്ടില്ല. ഇന്നത്തെ ഭരണാധികാരികൾ നിന്ദിക്കുന്ന മുഗൾ രാജവംശം നിർമിച്ച, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്കും പൈതൃക ഇടവുമായ താജ്മഹലിന്റെ ഒരു ഫോട്ടോ മാത്രമാണ് കാണാനായത്. ഇന്ത്യയിലെ സിഖുകാരുടെ അതിവിശുദ്ധ ദേവാലയമായ സുവർണ ക്ഷേത്രത്തിന് ഒരു ചെറിയ വിഡിയോ ക്ലിപ്പിൽ ഇടംകിട്ടി.
തുടക്കത്തിൽത്തന്നെ മികവുറ്റ വേഗതയിൽ ലഭിച്ച വൈഫൈ സേവനം കൂടുതൽ ആളുകൾ ലോഗിൻ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിയതോടെ മന്ദഗതിയിലായി. ശരിയാക്കാനുള്ള ശ്രമങ്ങൾ എല്ലായ്പ്പോഴും വിജയിച്ചില്ലെങ്കിലും അതിനായി നിയുക്തരായിരുന്ന ജീവനക്കാർ അതീവ ഉത്സാഹത്തോടെ പ്രവർത്തിച്ചു.
ഇനി ഭാഷയുടെ കാര്യം. ഉച്ചകോടിക്ക് മുന്നോടിയായുള്ള മാധ്യമ സമ്മേളനത്തിലും മോദിയുടെ പ്രസംഗങ്ങളിലും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും വികസ്വര തെക്കൻ രാജ്യങ്ങളുടെ ശബ്ദമായും ആവർത്തിച്ച് വിശേഷിപ്പിച്ചിരുന്നു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതായിരുന്നു പ്രമേയം. പക്ഷേ, തിങ്ക്ടാങ്കുകളും അക്കാദമിക വിദഗ്ധരും മാധ്യമ ഗ്രൂപ്പുകളുമെല്ലാം വാമൂടപ്പെട്ടിരിക്കുകയാണ് ആ ഭൂമിയിൽ എന്നതാണ് നമുക്കറിയാവുന്ന യാഥാർഥ്യം. ഇന്ത്യൻ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായ ഗുഡ്ഗാവിൽ കഴിഞ്ഞ മാസം ഒരു മസ്ജിദിനുനേരെ നടന്ന അക്രമവും ഇമാം കൊല്ലപ്പെട്ടതുമുൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായി നടക്കുന്ന എണ്ണമറ്റ ആക്രമണങ്ങളുടെ കാര്യം പരാമർശിക്കേണ്ടതില്ലല്ലോ.
വികസ്വര തെക്കൻ രാജ്യങ്ങളെന്നും മറ്റ് ലോക രാജ്യങ്ങളെന്നുമുള്ള വിഭജനം തിരശ്ശീലക്കുപിന്നിൽ നടന്ന നയതന്ത്രങ്ങളും പൊള്ളയാണെന്ന് കാണിക്കുന്നതായി ഈ രംഗത്തെ പരിചിതരായ ആളുകൾ എന്നോടുപറഞ്ഞു. എല്ലാ വികസ്വര രാജ്യങ്ങളും ആ നിരയിൽ നിന്നില്ല. 2026ൽ ജി20 ആതിഥേയത്വം വഹിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ റഷ്യയും ചൈനയും എതിർത്തതിൽ അതിശയമില്ല.
അവിടെ പ്രദർശനത്തിന് വെച്ചിരുന്ന ദൃശ്യങ്ങൾ കാണാനും ചിന്തിക്കാനുമൊക്കെ എനിക്ക് ഇഷ്ടംപോലെ സമയംകിട്ടിയിരുന്നു. കാരണം, ജപ്പാനിൽ അടുത്തിടെ നടന്ന ജി7 ഉൾപ്പെടെയുള്ള മറ്റ് ഉച്ചകോടികളിൽനിന്ന് വ്യത്യസ്തമായി, നേതാക്കൾ സംസാരിക്കുന്ന കോൺഫറൻസ് റൂമുകളിലേക്ക് ഭരണകൂട മാധ്യമങ്ങൾക്കല്ലാതെ മറ്റാർക്കും ഇന്ത്യൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. അവരുടെ പതിവിൻ പ്രകാരം ഉഭയകക്ഷി യോഗങ്ങളിലും അല്ലെങ്കിൽ ഉച്ചകോടി ചർച്ചകളിലേക്കും അനുമതി നൽകാത്തതിൽ യു.എസ് വൈറ്റ് ഹൗസിന്റെ വാർത്താവിഭാഗം രോഷാകുലരായിരുന്നു.(അവരുടെ വെള്ളക്കുപ്പികൾ അകത്തേക്ക് പ്രവേശിപ്പിക്കാത്തതിന്റെ പേരിലും ചില അംഗങ്ങൾക്ക് അസ്വസ്ഥതയുണ്ടായി)
ഉച്ചകോടിയുടെ ആദ്യ ദിവസം രാവിലെ ഞങ്ങൾക്ക് ആകെ ലഭിച്ചത് മോദിയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ ഏതാനും മിനിറ്റുകൾ മാത്രമാണ്. അതും ശുദ്ധമായ ഹിന്ദിയിൽ (ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇംഗ്ലീഷ് വിവർത്തനം വന്നില്ല). ആഫ്രിക്കൻ യൂനിയനെ ജി20യിൽ പ്രവേശിപ്പിച്ചുവെന്ന സുപ്രധാന സംഭവംപോലും ആർക്കും ശരിക്കും മനസ്സിലായില്ല.
എന്റെ കൂട്ടത്തിലെ ഒരാൾ തികഞ്ഞ നിരാശയോടെ ചോദിച്ചു: ‘‘ഞാൻ എന്തിനാണ് ഇവിടെ വന്നു നിൽക്കുന്നതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ?’’
ഒരുപക്ഷേ ഭക്ഷണത്തിന് വേണ്ടിയാവാം. ഭക്ഷണം അതിസമൃദ്ധമായിരുന്നു - രാജ്യത്തുടനീളമുള്ള സസ്യഭക്ഷണ രുചികൾ, വറുത്തതും രുചികരവുമായ കോക്ക്ടെയിൽ സമോസകൾക്കും കച്ചോറികൾക്കും പകരം കുറച്ച് മില്ലറ്റ് ഭക്ഷണങ്ങൾ എനിക്ക് വേണമായിരുന്നു. പാരിസ്ഥിതികമായി സുസ്ഥിരമായ ഒരു ജീവിതം സൃഷ്ടിക്കുക എന്നതാണ് ഉച്ചകോടിയുടെ ആകെത്തുക എന്നിരിക്കെ കുടിവെള്ള കാനുകൾ കണ്ടത് അൽപം വിചിത്രമായി തോന്നി. പിന്നെ ചേന കൊണ്ടുണ്ടാക്കിയ കബാബ് രുചികരമായിരുന്നെങ്കിൽത്തന്നെയും, മട്ടൺ ഗലോട്ടി കബാബിന് പകരം വെക്കാൻ ഒരു മട്ടൺ ഗലോട്ടി കബാബുതന്നെ വേണം - അത് സമാനതകളില്ലാത്തതാണ്.
എനിക്ക് ഷോപ്പിങ് ഒഴിവാക്കാൻ കഴിയില്ലായിരുന്നു. ക്രാഫ്റ്റ് ബസാറിൽ നാഗാലാൻഡിൽനിന്നുള്ള വിവിധയിനം കാപ്പികൾ, അരുണാചൽ പ്രദേശിൽ നിന്നുള്ള മുത്തുവെച്ച കമ്മലുകൾ മുതൽ തമിഴ്നാട്ടിൽ നിന്നുള്ള കസവുസാരികളും അതിശയിപ്പിക്കുന്ന, കൂറ്റൻ ബുദ്ധ പ്രതിമകളും വരെ വിപുലമായ ശ്രേണിയിലുള്ള സാധനങ്ങൾ വിൽക്കുന്ന വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാളുകൾ അവിടെയുണ്ടായിരുന്നു. എല്ലാ വിലയിലുമുള്ള എന്തെങ്കിലും സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു, ഉച്ചകോടി കാരണം നഗരത്തിന്റെ ചില ഭാഗങ്ങളിൽ കടകൾ അടച്ചിട്ടിരുന്നതിനാൽ, എനിക്ക് വേണ്ട സാധനങ്ങൾ ഞാൻ അവിടെനിന്ന് ഉറപ്പാക്കി.
Thanks to aljazeera.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.