നാളെ, ഒക്ടോബർ രണ്ടിന് രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗാന്ധിയൻ ആദർശങ്ങൾ ജനങ്ങളിലെത്തിക്കാൻ ഖാദിവസ്ത്രങ്ങൾ ധരിച്ച് നഗര-ഗ്രാമവ്യത്യാസമില്ലാതെ രണ്ടാഴ്ചക്കാലം ‘സങ്കൽപയാത്ര’ നടത്താൻ ബി.ജെ.പി വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദ പാർട്ടിപ്രവർത്തകർക്ക് അയച്ച കത്തിൽ ആഹ്വാനം ചെയ്തിരിക്കുന്നു. ഗാന്ധിജിയെ തങ്ങളുടേതാക്കി മാറ്റാനുള്ള സുവർണാവസരമായി ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തെ ഉപയോഗപ്പെടുത്തണമെന്നാണ് നദ്ദയുടെ ഉപദേശം.
മതേതരത്വത്തിെൻറ മഹാശിൽപിയാണ് മഹാത്മ ഗാന്ധി. ഗാന്ധിജിയെ 1948 ഡിസംബർ 30ന് ആർ.എസ്.എസുകാരനായ നാഥുറാം വിനായക് ഗോദ്സെ വെടിെവച്ചുകൊന്നത് ഗാന്ധിജി ഹിന്ദുരാഷ്ട്രനിർമിതിയെ എതിർക്കുന്നതിെൻറ പേരിലായിരുന്നു. ഗാന്ധിജിയുടെ മുസ്ലിംപ്രീണനവും മതേതര രാഷ്ട്രനിർമിതിക്കുള്ള ദൃഢനിശ്ചയവുമാണ് ഗാന്ധിജിയെ വധിക്കാൻ ഗോദ്സെയെ േപ്രരിപ്പിച്ചതെന്ന് ഗാന്ധിവധക്കേസിെൻറ വിചാരണവേളയിൽ ഗോദ്സെ തുറന്നുസമ്മതിച്ചിട്ടുണ്ട്.
ഗോദ്സെയെ ദൈവതുല്യനായി ആരാധിക്കുന്നവരും ഗോദ്സെയുടെ സ്വപ്നമായ ഹിന്ദുരാഷ്ട്രത്തിെൻറ വക്താക്കളുമായ ബി.ജെ.പിയും അവരുടെ ആത്്മമിത്രങ്ങളായ സംഘ്പരിവാറുകാരും രാജ്യത്ത് ഇതുവരെ ഗാന്ധിജയന്തി ആഘോഷിക്കുന്നത് കണ്ടിട്ടില്ല. ആർ.എസ്.എസ് സ്ഥാപകനേതാക്കളായ സവർക്കറുടെയും ഹെഡ്ഗേവാറിെൻറയും ഗാന്ധിനിന്ദയുടെ പ്രതിധ്വനിയാണ് ഇപ്പോഴും സംഘികളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. ഗാന്ധിജിയെ ഗോദ്സെ ഒരിക്കൽ മാത്രമേ വെടിെവച്ചുള്ളൂ. കഴിഞ്ഞ അഞ്ചു വർഷമായി ബി.ജെ.പി അധികാരത്തിൽ വന്ന നാൾ മുതൽ ഗാന്ധിസ്മരണക്കു നേരെ അവർ ദിവസേന വെടിയുതിർത്തുകൊണ്ടിരിക്കുകയാണ്.
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയശേഷമാണ് ഗോദ്സെയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ഗ്വാളിയോറിൽ സംഘ്പരിവാർ ക്ഷേത്രം നിർമിച്ചത്. രാഷ്ട്രപിതാവിെൻറ ഘാതകനായ ഗോദ്സെയെ ദൈവമാക്കിയപ്പോൾ ഗാന്ധിശിഷ്യന്മാരായി രൂപാന്തരം പ്രാപിക്കാനൊരുങ്ങുന്ന ഒരു ബി.ജെ.പിക്കാരനും അതിനെ അപലപിച്ചില്ല. പ്രധാനമന്ത്രിപോലും കണ്ടതായി ഭാവിച്ചില്ല.
2018ൽ ഗാന്ധിജയന്തി ആഘോഷവേളയിൽ നമ്മളെയെല്ലാം ഞെട്ടിച്ച ഒരാഘോഷം അരങ്ങേറി. അലീഗഢിൽ ഹിന്ദുമഹാസഭയുടെ സെക്രട്ടറി ശ്രീമതി പൂജ ശകുൻ പാേണ്ഡ ഗാന്ധിവധത്തെ പ്രതീകാത്്മകമായി പുനരാവിഷ്കരിച്ചു -ഗാന്ധിചിത്രത്തിനു നേരെ വെടിെവച്ച്. അന്ന് അവർ പറഞ്ഞത് ആരും മറന്നുകാണുകയില്ല: ‘‘അന്ന് ഞാൻ ജീവിച്ചിരുന്നെങ്കിൽ ഗാന്ധിയെ വധിക്കാനുള്ള അവസരം ഗോദ്സെക്കു വിട്ടുകൊടുക്കുമായിരുന്നില്ല. ഞാൻ ഗാന്ധിയെ മാത്രമല്ല, നെഹ്റുവിനെയും വധിക്കുമായിരുന്നു.’’ ബി.ജെ.പി നേതാവായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലാണ് സംഭവം അരങ്ങേറിയതെങ്കിലും ശ്രീമതി പൂജക്ക് ഒന്നും സംഭവിച്ചില്ല. വേറെ ഏതെങ്കിലും രാഷ്ട്രത്തിലായിരുന്നുവെങ്കിൽ അവർക്ക് ജീവിതകാലം മുഴുവൻ ജയിലഴികൾ എണ്ണേണ്ടിവരുമായിരുന്നില്ലേ?
ഗാന്ധിഘാതകനായ ഗോദ്സെയെ വാനോളം വാഴ്ത്തുന്ന ബി.ജെ.പി എം.പിമാരുടെ പ്രസംഗങ്ങൾ ജനങ്ങൾ മറന്നിട്ടില്ല. ഗോദ്സെയെ മഹാനായ രാജ്യസ്നേഹിയായി വിശേഷിപ്പിച്ചത് ഭോപാലിൽനിന്നുള്ള ബി.ജെ.പി എം.പി പ്രജ്ഞ സിങ്ങായിരുന്നു. ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനിൽ വിജി ഇത് ആവർത്തിച്ചു. ബി.ജെ.പിയിൽ വർഗീയവിഷം ചീറ്റുന്ന നേതാവായ സാക്ഷാൽ സാക്ഷി മഹാരാജ് എം.പിയാണ് ഗോദ്സെയുടെ മറ്റൊരു ആരാധകൻ. ഗാന്ധിജിയുടെ ആദർശങ്ങളാണ് രാജ്യത്ത് ഭീകരവാദം വളർത്താനിടയാക്കിയതെന്ന വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയുടെ കണ്ടെത്തലും ഇതോടു ചേർത്തു വായിക്കേണ്ടതാണ്. വാക്കുകൾകൊണ്ട് ഇൗ നേതാക്കൾ ഗാന്ധിജിയെ വധിക്കുമ്പോൾ മൗനവ്രതം പാലിച്ച ബി.ജെ.പിക്ക് ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കാൻ അർഹതയുണ്ടോ? ഗാന്ധിജയന്തി ആഘോഷിക്കാൻ അവകാശമുണ്ടോ?
ഗാന്ധിജിയെ ‘കൗശലക്കാരനായ ബനിയ’യെന്ന് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചത് ഗുജറാത്തുകാരനായ അമിത് ഷായായിരുന്നു. ഇത്തരം ന്യായമായ സംശയങ്ങളാണ് ഗാന്ധിജിയുടെ അനുയായികളായ മതേതര ജനാധിപത്യവിശ്വാസികൾക്കുള്ളത്. ഗാന്ധിജിയുടെ മഹത്തായ സംഭാവനയാണ് നമ്മുടെ മതേതരത്വം. ഗാന്ധിയൻ ആദർശങ്ങളുടെ ആത്മാവാണ് ജനകീയ ഐക്യവും മതനിരപേക്ഷതയും. മതേതരത്വത്തിൽ വിശ്വാസമില്ലാത്ത ബി.ജെ.പി ക്കാർ ഗാന്ധിജിയുടെ മറ്റ് എന്ത് ആദർശം പ്രചരിപ്പിക്കാനാണ് സങ്കൽപയാത്ര നടത്തുന്നതെന്ന് വ്യക്തമാക്കണം.
നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികൾക്കു മുന്നിൽ ഗാന്ധിയുടെ ദർശനം ദിശാസൂചിയാണെന്ന് പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ഗാന്ധിജി അനുസ്മരണ പരിപാടിയിൽ പറഞ്ഞു. ജനകീയ ഐക്യത്തിലും ഇച്ഛാശക്തിയിലുമുള്ള ഗാന്ധിജിയുടെ വിശ്വാസം ഇന്ന് ഏറെ പ്രസക്തമാണെന്നും ഭിന്നിച്ചുനിൽക്കുന്ന ഒരു ലോകം ആരുടെയും താൽപര്യമല്ലെന്നും ഐക്യരാഷ്ട്രസഭയിൽ നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
സ്വാമി വിവേകാനന്ദൻ 125 കൊല്ലം മുമ്പ് ഷികാഗോയിലെ ലോകമത പാർലമെൻറിൽ നൽകിയ സന്ദേശം മോദി അനുസ്മരിച്ചു. ‘‘ഐക്യത്തിെൻറയും സമാധാനത്തിെൻറയും സന്ദേശം.’’ ഇന്ത്യ ഇന്ന് ലോകത്തിനു നൽകുന്ന സന്ദേശവും അതുതന്നെയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.ഇന്ത്യയുടെ വിശ്വമാനവികതയെ മോദി ഉയർത്തിക്കാട്ടിയപ്പോൾ ഗാന്ധിജിയുടെ ആദർശങ്ങളാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ പുനർജനിച്ചത്.
എന്നാൽ, സുന്ദരമായ വാക്കുകളിലൂടെയല്ലാതെ പ്രധാനമന്ത്രിയോ, ഭരണകൂടമോ, ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയോ ഗാന്ധിയൻ ആദർശങ്ങൾ പ്രവൃത്തിതലത്തിൽ കൊണ്ടുവരാൻ ഇതുവരെ ശ്രമിച്ചിട്ടുണ്ടോ? കഴിഞ്ഞ നാലഞ്ചു മാസത്തിനിടയിലുണ്ടായ കശ്മീർപ്രശ്നം, അസമിലെ പൗരത്വ രജിസ്റ്റർ പ്രശ്നം, ലോക്സഭ പാസാക്കിയ മുത്തലാഖ് നിയമഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾ -ഇതെല്ലാം ഗാന്ധിജിയുടെ മതേതര ജനാധിപത്യ ആശയങ്ങളോടുള്ള യുദ്ധപ്രഖ്യാപനമല്ലേ? ഗാന്ധിജിയുടെ സുപ്രധാന ആശയങ്ങളെയും ആദർശങ്ങളെയും ചവിട്ടിത്താഴ്ത്തിയ ശേഷം ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ മഹത്ത്വത്തെക്കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങൾ കേൾക്കുമ്പോൾ ജനങ്ങൾ വിളിച്ചുപറയും, ‘ഇതാ ചെകുത്താൻ വേദമോതുന്നു’ എന്ന്.
അതുകൊണ്ട് ബി.ജെ.പിക്കാരോട് സ്നേഹപൂർവം അഭ്യർഥിക്കുകയാണ്: മതേതരത്വത്തിെൻറ മഹാശിൽപിയായ ഗാന്ധിജിയെ ഞങ്ങൾ മതേതര ജനാധിപത്യ വിശ്വാസികൾക്ക് വിട്ടുതരുക. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രാജ്യപിതാവായി വിശേഷിപ്പിച്ച നരേന്ദ്ര മോദിയുള്ളപ്പോൾ രാഷ്ട്രപിതാവായ ഗാന്ധിജി നിങ്ങൾക്ക്അധികപ്പറ്റാവില്ലേ? നിങ്ങൾ വാഴ്ത്തുന്ന ഗോദ്സെയെ എടുത്തുകൊള്ളൂ. ഗാന്ധിജിയെ ഞങ്ങൾക്ക് വിട്ടുതരൂ.
(കെ.പി.സി.സി മുൻ അധ്യക്ഷനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.