ആ വ്യാജവാർത്ത ആഘോഷിച്ച ലോകമേ, അതിന്റെ മറവിൽ ഇസ്രായേൽ കൊന്നുതള്ളിയ 724 കുഞ്ഞുങ്ങളോട് നിങ്ങളെന്തു സമാധാനം പറയും?

ഇസ്രായേൽ പ്രചരിപ്പിച്ച ഒരു വ്യാജ വാർത്ത. ലോകം അത് ഏറ്റുപിടിച്ചു. അങ്ങ് അമേരിക്ക മുതൽ ഇങ്ങ് കൊച്ചുകേരളം വരെ ആ വ്യാജം മാധ്യമങ്ങളും നേതാക്കളും ജനപ്രതിനിധികളും പ്രചരിപ്പിച്ചു. ‘‘ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ 40ലേറെ കുഞ്ഞുങ്ങളെ ഹമാസ് കഴുത്തറുത്തു കൊന്നു’’ എന്നതായിരുന്നു ആ ‘വാർത്ത’. കേട്ടവർ കേട്ടവർ ആ അരുമക്കുരുതിയിൽ കുപിതരായി.

ഒടുവിൽ, അതൊരു കള്ളമായിരുന്നുവെന്ന് ഇസ്രായേൽ തന്നെ സമ്മതിച്ചു. പക്ഷേ, സത്യം ചെരുപ്പണിയുമ്പോഴേക്കും അസത്യം ആയിരക്കണക്കിന് കിലോമീറ്ററുകളും മൈലുകളും അപ്പു​റത്തേക്ക് വ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ വ്യാജ ആരോപണം റിപ്പോർട്ട് ചെയ്തതിൽ ക്ഷമ ചോദിച്ച് സി.എൻ.എൻ റിപ്പോർട്ടർ സാറ സിദ്നർ പരസ്യമായി രംഗത്തെത്തി. 'കഴിഞ്ഞ ദിവസം ഹമാസ് കുട്ടികളുടെ തലവെട്ടിയെന്നും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നുമാണ് ഇസ്രായേൽ സർക്കാർ അറിയിച്ചത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഇസ്രായേൽ സർക്കാർ ഇന്ന് അറിയിച്ചത്. ഞാൻ എന്റെ വാക്കുകളിൽ ജാഗ്രത പുലർത്തണമായിരുന്നു. മാപ്പ്!​'- എന്നായിരുന്നു സാറയുടെ കുറ്റസമ്മതം.

എന്നാൽ, ഈ വ്യാജത്തിന്റെ ചിലവിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ കൊന്നുതള്ളിയത് 724 ഫലസ്തീൻ കുരുന്നുകളെയായിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ ഇത്രയും കുട്ടികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യാജവാർത്തയുടെ മറവിൽ ഹമാസിനെ ഭീകരമുദ്ര ചാർത്താൻ മത്സരിച്ചവരാരും പക്ഷേ, ഈ പച്ചയായ കൂട്ടക്കൊല നടത്തിയ ഇസ്രായേലിനെ ഭീകരരെന്ന് വിളിച്ചില്ല, അപലപിച്ചില്ല.


2.3 ദശലക്ഷമുള്ള ഗസ്സയിലെ ജനസംഖ്യയിൽ പകുതിയോളം 18 വയസ്സിന് താഴെയുള്ളവരാണ്. 2022ലെ സേവ് ദി ചിൽഡ്രന്റെ റിപ്പോർട്ട് പ്രകാരം ഗസ്സയിലെ അഞ്ച് കുട്ടികളിൽ നാലുപേരും വിഷാദവും സങ്കടവും ഭയവുമായി ജീവിക്കുന്നു. പകുതിയിലേറെപ്പേരും തങ്ങളുടെ കളിക്കൂട്ടുകാരെ ഇസ്രായേൽ ഭീകരർ ക്രൂരമായി ​കൊലപ്പെടുത്തിയതിന് സാക്ഷ്യം വഹിച്ചതിന്റെ ആഘാതത്തിലും ആത്മഹത്യാ ചിന്തകളുമായുമാണ് കഴിയുന്നതെന്ന് റിപ്പോർട്ട് പറയുന്നു.

ഇപ്പോൾ, മരണസംഖ്യ വർധിക്കുന്നതിനനുസരിച്ച് ഗസ്സയിലെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സാഹചര്യങ്ങൾ നേരിടാനും സാധാരണ നില ​കൈവരിക്കാനും പ്രേരിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 324 പേരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ 66 ശതമാനം -അതായത് 213 പേർ- സ്ത്രീകളും കുട്ടികളുമായിരുന്നു!.


“എന്റെ 13വയസ്സുള്ള മോൻ ഖുസയ്യ് ഇപ്പോൾ പരിഭ്രാന്തിയിലാണ്. ഏത് ശബ്ദം കേട്ടാലും അവൻ ചാടി എഴുന്നേൽക്കും. ആരെങ്കിലും തമാശ പറയുന്നതോ ഉച്ചത്തിൽ സംസാരിക്കുന്നതോ അവന് സഹിക്കില്ല. ഈ യുദ്ധം അവസാനിക്കുമെന്ന് ഞാൻ അവനോട് പറയാറുണ്ട്. എനിക്ക് കഴിയുന്നത്ര തവണ ഖുസയ്യിനെ കെട്ടിപ്പുണർന്ന് യുദ്ധാനന്തരം നമ്മൾ എന്തൊക്കെ ചെയ്യുമെന്ന് ചർച്ച ചെയ്യാറുണ്ട്. ഈ സമയത്തെ മറികടക്കാൻ ഇത്തരം സംസാരം അദ്ദേഹത്തിന് കരുത്ത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു’ -ഗസ്സ സിറ്റിയിലെ നാല് കുട്ടികളുടെ അമ്മയായ സമ ജബ്‌ർ (35) അൽ ജസീറയോട് പറഞ്ഞു. മിസൈലുകളുടെ ശബ്ദം ഭയപ്പെടുത്തുന്നതാണ്, ഞങ്ങളുടെ വീട് വളരെ ശക്തമായി കുലുങ്ങുന്നു -സമ ജബ്ർ പറഞ്ഞു.

തന്റെ അരികിൽ നിന്ന് മാറാതെ ഓരംപറ്റി നിൽക്കുന്ന മക്കളെ മിസൈൽ വരുമ്പോഴുള്ള വെളിച്ചം എങ്ങനെ കണ്ടെത്താമെന്ന് താൻ പഠിപ്പിച്ചതായി അവർ പറഞ്ഞു. ‘മിസൈൽ പതിച്ചാലുള്ള കാതടപ്പിക്കുന്ന ശബ്ദത്തിൽ നിന്ന് രക്ഷപ്പെടാൻ അവർ സജ്ജരാണ്’ -സമ കൂട്ടിച്ചേർത്തു.


ബോംബുകളുടെയും മിസൈലുകളുടെയും ശബ്ദം കേട്ട് പകച്ച തന്റെ 10 വയസ്സുകാരനായ മകൻ ഒമർ ഇപ്പോൾ കൈകൾ കൊണ്ട് ചെവി പൊത്തിയാണ് ഉറങ്ങുന്നതെന്ന് മാതാവ് അഹ്‌ലം വാദി (30) പറയുന്നു. "ഞാൻ അവനെക്കുറിച്ച് ആശങ്കയിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ എന്തെങ്കിലും സംഭവിക്കുമോയെന്ന് ഞാൻ ഭയപ്പെടുന്നു. അവനുമായി നിരന്തരം സംസാരിച്ച് അവന്റെ ശ്രദ്ധ തിരിക്കാനാണ് ശ്രമം’ -അവർ പറഞ്ഞു. വാദിയും ഭർത്താവും കുട്ടികളും ഒരു മുറിയിൽ ഒരുമിച്ചാണ് താമസിക്കുന്നത്. "തന്റെ ചെറുപ്പകാലത്തും ഇത്തരം സംഭവങ്ങൾ ഉണ്ടയിരുന്നുവെന്നും താൻ അതിനെ ഭയപ്പെടാതെ കരുത്തനായാണ് ജീവിച്ചതെന്നും എന്റെ ഭർത്താവ് മക്കളോട് പറയുന്നു’’ -അഹ്‌ലം വാദി പറഞ്ഞു.

ഗസ്സയിലെ പലസ്തീനികൾ പലപ്പോഴും ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) നടത്തുന്ന സ്കൂളുകളിലാണ് അഭയം പ്രാപിക്കുന്നത്. എന്നാൽ അതിലെ താമസം പോലും തനിക്ക് സുരക്ഷിതത്വം നൽകുന്നില്ലെന്ന് ഹനീൻ എന്ന 16 കാരി പറഞ്ഞു. “ഓരോ യുദ്ധം നടക്കുമ്പോഴും ഞങ്ങൾ UNRWA സ്കൂളുകളിൽ വരണം. പക്ഷേ അവയും സുരക്ഷിതമല്ല. മിസൈൽ കഷ്ണങ്ങൾ എല്ലായിടത്തും വീഴാം’ -ഹനീൻ പറഞ്ഞു.


"എന്റെ ഓർമ്മകളും എന്റെ പ്രിയപ്പെട്ടതുമെല്ലാം വീട്ടിൽ ഉപേക്ഷിച്ച് വരുമ്പോൾ ഞാൻ കരയുകയായിരുന്നു. ഞങ്ങൾ ഓടുമ്പോൾ ഇരുട്ടത്ത് എന്റെ കുടുംബത്തെ കൈവിട്ടുപോകുമോ എന്ന് ഭയപ്പെട്ടു. എന്റെ ബാല്യത്തെയും സ്വപ്നങ്ങളെയും അവർ കൊന്നു” -ഹനീൻ സങ്കടത്തോ​ടെ പറഞ്ഞു.

ഹനീനെയും ഖുസയ്യിനെയും പോലെ ലക്ഷക്കണക്കിന് ബാല്യങ്ങളാണ് ഇസ്രായേലിന്റെ ക്രൂരതക്ക് മുന്നിൽ ഗസ്സയിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുന്നത്. അതിനിടെ, തങ്ങളുടെ നിഷ്ഠൂരതക്ക് മറതീർക്കാൻ ഇസ്രായേൽ പടച്ചുവിടുന്ന വ്യാജങ്ങളെ വാരിപ്പുണരുന്ന തിരക്കിലാണ് മാധ്യമങ്ങളും ലോകം മുഴുവനും.

Tags:    
News Summary - Gaza death toll by Israel: rises to 2,215 including 724 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.