എന്റെ പേര് ദാവൂദ്. ഔദ്യോഗികരേഖകളിൽ ലിംഗം എന്ന കോളത്തിൽ പുരുഷൻ എന്നാണ് എഴുതാറ്. എന്നെ പ്രസവിച്ച സ്ത്രീയെ ഉമ്മ എന്നും പ്രസ്തുത സ്ത്രീയുടെ ഭർത്താവിനെ ഉപ്പ എന്നുമാണ് വിളിച്ചുപോരുന്നത്. ആകാശമിഠായി കണക്കെ കേരളത്തിലെ സി.പി.എം നേതൃത്വം അവതരിപ്പിക്കുന്ന ജെൻഡർ ന്യൂട്രാലിറ്റി സിദ്ധാന്തപ്രകാരം കൊടിയ പാതകമാണിത്. കമ്യൂണിസ്റ്റ് സിദ്ധാന്തത്തിൽ സ്വകാര്യ മൂലധനം എന്തുമാത്രം വലിയ തിന്മയാണോ അതേ തിന്മയാണ് ഒരാളുടെ ലിംഗസ്വത്വം മറ്റുള്ളവർ നേരത്തെ നിശ്ചയിച്ച് ആരോപിക്കുന്നത്. അതായത്, ഒരാളെ അവൻ/അവൾ, അമ്മ/അച്ഛൻ, മകൻ/മകൾ എന്നൊക്കെ വിളിക്കുന്നത് പൂർവനിശ്ചിതമായ ഒരു ജെൻഡറിനെ അടിച്ചേൽപിക്കുന്നതിന് തുല്യമാണ്.
അതിനാൽ ജെൻഡർ ന്യൂട്രലായ വാക്കുകൾ ഉപയോഗിക്കുക എന്നതാണ് അടിയുറച്ച ജെൻഡർ ധാരണകളെ അട്ടിമറിക്കാനുള്ള ആദ്യപടി. അത് ചില്ലറക്കളിയല്ല, സമൂഹത്തെ അടിമേൽ ഇളക്കിമറിക്കേണ്ട വലിയൊരു വിപ്ലവദൗത്യമാണ്. അമ്മയെയും അച്ഛനെയും birthing people എന്നു വിളിച്ചുതുടങ്ങണം ആ വിപ്ലവദൗത്യം (2022ലെ അമേരിക്കൻ ബജറ്റിൽ അമ്മ എന്നതിന് പകരം ആ വാക്കാണ് ഉപയോഗിച്ചത്). പ്രസവം നടന്നുകഴിയുമ്പോൾ ബന്ധുക്കളെ വിളിച്ച് ആൺ/പെൺ കുഞ്ഞാണ് എന്ന് പറയുന്നത് അവസാനിപ്പിക്കണം.
'രാരീരം രാരീരം രാരാരോ, താമരക്കണ്ണനുറങ്ങേണം...' മട്ടിലുള്ള താരാട്ടുപാട്ടുകൾ സഖാക്കളുടെ വീടുകളിൽനിന്ന് കേൾക്കാൻ പാടില്ല. അതെല്ലാം കുഞ്ഞുഹൃദയത്തിൽ പൂർവനിശ്ചിതമായ ലിംഗബോധങ്ങൾ സൃഷ്ടിക്കുന്നതാണ്. ഇത്രയും ഗൗരവമുള്ളതും സമഗ്രതല സ്പർശിയുമായ ഒരു വിപ്ലവപദ്ധതി സ്കൂളുകളിൽ മാത്രം നടപ്പിലാക്കാൻ സർക്കാറും പാർട്ടിയും വെമ്പുന്നത് എന്തുകൊണ്ടായിരിക്കും? പിള്ളേരെ വെച്ചുള്ള വിപ്ലവം കമ്യൂണിസ്റ്റുകൾക്ക് എന്നും ഒരു വീക്നെസ് ആണ്. ദാ മാക്വെ യുങ്ദോങ് എന്നപേരിൽ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം നടപ്പാക്കിയ പദ്ധതി ഓർമയില്ലേ? അതായത്, 'കുരുവിയെ കൊല്ലൂ' പദ്ധതി. കുരുവികൾ പാടത്തുവന്ന് ധാന്യങ്ങൾ തിന്ന് നശിപ്പിക്കുന്നു, അതിനാൽ കുരുവികളെ കൊന്നൊടുക്കുക -ഇതായിരുന്നു പദ്ധതി.
സ്കൂൾ കുട്ടികൾക്ക് കവണകളും ടാർഗറ്റും നൽകി കാമ്പയിൻ തുടങ്ങി. ദശലക്ഷക്കണക്കിന് കുരുവികൾ ചൈനയിലാകമാനം കൊല്ലപ്പെട്ടു. കുരുവികൾ ഇല്ലാതായതോടെ കീടങ്ങളും വെട്ടുകിളികളും പെരുകി. ധാന്യോൽപാദനം വൻതോതിൽ ഇടിഞ്ഞു. ദശലക്ഷങ്ങൾ മരിച്ചുവീണ ചൈനീസ് ക്ഷാമത്തിന് (1959-61) നിമിത്തമായത് ആ കാമ്പയിനായിരുന്നു. ഏറ്റവും ഭീകരമായ മാനുഷികദുരന്തം എന്നാണ് ഇത് ചരിത്രത്തിൽ അറിയപ്പെടുന്നത്.
കംബോഡിയയുടെ കഥ പറയാതിരിക്കുന്നതാവും നല്ലത്. അവിടെ വിപ്ലവസർക്കാർ അധികാരമേറ്റയുടനെ സ്കൂളുകൾ നശിപ്പിക്കുകയും അധ്യാപകരെ കൂട്ടമായി കൊല്ലുകയുമായിരുന്നു. കുത്തിയിരുന്ന് പഠിക്കുന്ന നേരത്ത് പാടത്തുപോയി പണിയെടുക്കൂ എന്നായിരുന്നു വിപ്ലവശാസന. അധികാരമേറ്റ് അധിക നാൾ പിന്നിടുംമുമ്പ് രാജ്യത്തെ ഏതാണ്ട് മുഴുവൻ സ്കൂളുകളും ഇല്ലാതായി.
അൽബേനിയയിൽ കുട്ടികൾക്ക് എന്ത് പേരിടണമെന്നുപോലും പാർട്ടിയാണ് തീരുമാനിച്ചിരുന്നത്. അൻവർ ഹോജയുടെ ഭരണകാലത്ത് കുട്ടികൾക്കുള്ള പേരുകൾ പുസ്തകമായി പുറത്തിറക്കിയിരുന്നു. അതിലില്ലാത്ത പേരിട്ടാൽ തട്ടിപ്പോവുമെന്നുമാത്രം. അതായത്, കുട്ടികളെവെച്ചുള്ള വിപ്ലവം പാർട്ടിയുടെ ശീലമായിപ്പോയി.
ഓർമയില്ലേ, എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തെ വിശ്രുതമായ മതമില്ലാത്ത ജീവൻ. വൻ വിപ്ലവപദ്ധതിയായി അവതരിപ്പിക്കപ്പെട്ടതായിരുന്നു അത്. കുട്ടിയെ സ്കൂളിൽ ചേർക്കാൻവന്ന രക്ഷിതാവിനോട്, കുട്ടിയുടെ മതം ഏതാ ചേർക്കേണ്ടത് എന്ന് ഹെഡ് മാസ്റ്റർ. ഒന്നും ചേർക്കേണ്ട, മതമില്ല എന്ന് ചേർത്തോളൂ എന്ന് അച്ഛൻ. കസേരയിലേക്ക് ചാരിയിരുന്ന ഹെഡ് മാസ്റ്റർ വീണ്ടും. 'വലുതാകുമ്പോൾ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?. 'അങ്ങനെ വേണമെന്ന് തോന്നുമ്പോൾ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ' -അച്ഛന്റെ മറുപടി.
ഒറ്റക്കാഴ്ചയിൽ അടിപൊളി ഐഡിയ എന്ന് തോന്നും. അതായത്, പ്രായപൂർത്തിയായ ശേഷമുള്ള ഒരാളുടെ തിരഞ്ഞെടുപ്പ് ആണ് മൗലിക ആധാരം. അങ്ങനെയെങ്കിൽ 'മതമില്ല എന്ന് ചേർത്തോളൂ' എന്ന് പറയാൻ രക്ഷിതാവിനെന്ത് അവകാശം? 'മതമില്ല' എന്നതും കുട്ടി പ്രായപൂർത്തിയായശേഷം തിരഞ്ഞെടുത്താൽ മതിയല്ലോ? അതായത്, മതരാഹിത്യം ഞങ്ങൾ കുട്ടികളിൽ അടിച്ചേൽപിക്കും. മതത്തെക്കുറിച്ച് പ്രായപൂർത്തിയായശേഷം മാത്രമേ സംസാരിക്കാൻ പറ്റൂ എന്നതാണ് തീർപ്പ്.
ഇതാണ് ഇടത് ജ്ഞാനാധികാര ഫാഷിസം. പ്രായപൂർത്തി തിരഞ്ഞെടുപ്പാണ് അടിസ്ഥാന മാനദണ്ഡമെങ്കിൽ സ്കൂളിൽ പഠിക്കണോ വേണ്ടയോ എന്നകാര്യവും കുട്ടിയുടെ പ്രായപൂർത്തിക്ക് വിട്ടുകൊടുക്കുകയാണല്ലോ വേണ്ടത്. കുട്ടിയെയും കൂട്ടി സ്കൂളിൽ കേറിവന്ന് അവനൊട്ടും പരിചയമില്ലാത്ത അധ്യാപകരുടെ മുന്നിൽ അവനെ വർഷങ്ങളോളം തടവിലിടാൻ അച്ഛനാര് അധികാരം കൊടുത്തു എന്ന ചോദ്യവുമുണ്ടല്ലോ. മതമില്ലാത്ത ജീവൻ വിവാദമായപ്പോൾ ഡോ. കെ.എൻ. പണിക്കരുടെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ച കമീഷൻ മുമ്പാകെ ഞാൻ ഇക്കാര്യങ്ങൾ ചോദിച്ചിരുന്നു.
മതരാഹിത്യം കുട്ടികളിൽ അടിച്ചേൽപിക്കാനുള്ള ഒളിവേലയായിരുന്നു മതമില്ലാത്ത ജീവനെങ്കിൽ ജെൻഡർ ന്യൂട്രാലിറ്റി അടിച്ചേൽപിക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ, അത് തുടങ്ങിയിടത്ത് ക്രമം തെറ്റിപ്പോയെന്ന് തോന്നുന്നു. ഒരാളുടെ ജെൻഡർ ജന്മസിദ്ധമല്ലെന്നും അത് വ്യക്തിയുടെ തിരഞ്ഞെടുപ്പാണ് എന്നതുമാണ് മുന്തിയ ഇനം പുരോഗമന ചിന്ത. Gender Neutraltiy, Gender Fluidity തുടങ്ങിയ പദങ്ങളിലൂടെ അതാണ് വിവക്ഷിക്കപ്പെടുന്നത്.
നിങ്ങൾ ഒരാളെ ആണായി വിളിക്കുകയും ആണായി വളർത്തുകയും ചെയ്യുന്നതുകൊണ്ടാണ് അവൻ ആണായി മാറുന്നത്. യഥാർഥത്തിൽ ലിംഗസ്വത്വം ദ്രവത്വമുള്ളതാണ്. അത് എങ്ങനെയും എങ്ങോട്ടും മാറാം. അങ്ങനെ മാറാനും മാറ്റാനും വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതുകൊണ്ടാണ് ജെൻഡർ ന്യൂട്രാലിറ്റിക്കാർ അമ്മ/അച്ഛൻ, അവൻ/അവൾ തുടങ്ങിയ വാക്കുകളെയെല്ലാം തള്ളിക്കളയുന്നത്.
ആൺ, പെൺ എന്നിങ്ങനെയുള്ള ലിംഗസ്വത്വങ്ങൾക്കിടയിൽ മനുഷ്യനെ കെട്ടിയിടുന്ന ബൂർഷ്വാ മൂരാച്ചിത്തരത്തിനെതിരായ പോരാട്ടമാണ് യഥാർഥത്തിൽ ജെൻഡർ ന്യൂട്രാലിറ്റി. ആൺ, പെൺ എന്ന് വേർതിരിച്ച് മനസ്സിലാവുന്ന വാക്കുകളും സർവനാമങ്ങളും ഒഴിവാക്കണം. അതിന്റെ ഭാഗമാണ് ആണിനെയും പെണ്ണിനെയും വേർതിരിച്ച് മനസ്സിലാവുന്ന വസ്ത്രങ്ങളും ഒഴിവാക്കണം എന്നത്. വസ്ത്രം ഏത് ധരിച്ചാലും പഠനകാലത്ത് കുട്ടിക്ക് ആർത്തവമുണ്ടാകാൻ ഇടയുണ്ട്.
അത് അവളിൽ അനാവശ്യമായ ലിംഗബോധം ഉണ്ടാക്കും. അതിന് തടയിടാൻ പ്യൂബേർട്ടി ബ്ലോക്കേർസ് ഉപയോഗിക്കണം. സെക്ഷ്വൽ റീ അസൈൻമെൻറ് തെറപ്പികൾ നടത്താൻ കുട്ടിക്ക് അവസരമുണ്ടാകണം. സ്കൂളിൽ ചേർക്കുമ്പോൾ ലിംഗം ഏത് എഴുതണം എന്ന് ഹെഡ്മാസ്റ്റർ ചോദിക്കുമ്പോൾ മതമില്ലാത്ത ജീവന്റെ അച്ഛൻ പറഞ്ഞതുപോലെ അത് അവൻ പ്രായപൂർത്തിയാവുമ്പോൾ തീരുമാനിച്ചോട്ടെ എന്ന് മറുപടി പറയണം. ഇങ്ങനെ വികസിച്ച വലിയൊരു ആശയലോകവും വ്യവസായവുമാണ് ജെൻഡർ ന്യൂട്രാലിറ്റി. ആ ആശയം സ്വീകരിക്കാനും നാട്ടിൽ പ്രചരിപ്പിക്കാനും സി.പി.എമ്മിന് അവകാശമുണ്ട്. പക്ഷേ, അത് സ്കൂളിൽ നടപ്പാക്കുമെന്നുവെച്ചാൽ 'ആറാം നൂറ്റാണ്ടുകാർ' ബഹളമുണ്ടാക്കും. അതാണിപ്പോൾ കേൾക്കുന്നത്.
ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ വിമർശനങ്ങളുയരുമ്പോൾ നിങ്ങളെന്തിനാണ് പാൻറ്സിനെ പേടിക്കുന്നതെന്നാണ് നൂറു വാട്ട് പുരോഗമന ചോദ്യം. കുട്ടികൾ കംഫർട്ടബിൾ ആയ വസ്ത്രം ധരിച്ചോട്ടേയെന്ന് പറഞ്ഞ് അവർ വിശാല മനസ്കരാവും. ഒറ്റക്കാര്യമേയുള്ളൂ. എല്ലാ കുട്ടികളും പാൻറ്സ് ധരിക്കണമെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അത് അങ്ങനെത്തന്നെ പറയണം. കംഫർട്ടബിൾ യൂനിഫോം എന്നതാണ് ലക്ഷ്യമെങ്കിൽ ആ വാക്കുതന്നെ ഉപയോഗിക്കണം.
ഒരുഭാഗത്ത് ജെൻഡർ ന്യൂട്രാലിറ്റി എന്ന പുരോഗമനം വീശുകയും വിമർശനം വരുമ്പോൾ പാൻറ്സിനെ കുറ്റപ്പെടുത്തുന്നേ എന്നുകരയുകയും ചെയ്യുന്നത് ശരിയല്ല. പെൺകുട്ടികൾ പാൻറ്സ് ധരിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി എം.എൽ.എ ആകുന്നതിന് മുമ്പും ആറാം നൂറ്റാണ്ടുകാരുടെ സ്കൂളുകളിൽ പോലും പെൺകുട്ടികൾ പാൻറ്സ് ധരിക്കുന്നുണ്ട്. അതിനാൽ ജെൻഡർ ന്യൂട്രാലിറ്റിക്കെതിരായ വിമർശനങ്ങളെ പാൻറ്സ് ദേശീയത ഉയർത്തി പ്രതിരോധിക്കാൻ നോക്കരുത്.
ലിംഗവിവേചനത്തിനെതിരായ പോരാട്ടത്തെ തുരങ്കംവെക്കുകയാണിവർ എന്നതാണ് മറ്റൊരു വിമർശനം. നാട്ടിൽ ലിംഗവിവേചനമുണ്ട് എന്നത് വസ്തുതയാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് സമഗ്രാധിപത്യം വിളയാടിയ നാടുകളിൽപോലും ഒരു സ്ത്രീയും ഒരിക്കൽപോലും അധികാരക്കസേരയിൽ ഇരിക്കാതെപോയത്. ആറാം നൂറ്റാണ്ടുകാർക്കിടയിൽ പോലും ഒരു ഡസനോളം രാഷ്ട്രത്തലൈവിമാർ ഉണ്ടായ കാലത്താണിതെന്നോർക്കണം. ലിംഗ വിവേചനത്തിനെതിരായ സമരം ലിംഗസ്വത്വങ്ങളെ ഇല്ലാതാക്കിക്കൊണ്ടല്ല വേണ്ടത്.
വർണവിവേചനം അവസാനിപ്പിക്കാൻ കറുത്തവർ ക്രീമടിച്ചു നടന്നാൽമതി എന്നതുപോലൊരു യുക്തിയാണ് ലിംഗവിവേചനം അവസാനിപ്പിക്കാൻ ലിംഗവേർതിരിവ് ഇല്ലാതാക്കുകയാണ് വേണ്ടത് എന്ന യമണ്ടൻ ഐഡിയ. മുസ്ലിംകൾ ഭാരതീയ സനാതന സംസ്കാരം പുൽകട്ടെ എന്നാണ് ഇന്ത്യയിലെ മുസ്ലിം വിവേചനത്തിനെതിരെ സംസാരിക്കുന്നവരോട് ആർ.എസ്.എസുകാർ പറയാറുള്ളത്. അതേ യുക്തിതന്നെയാണ് ലിംഗവിവേചനം അവസാനിപ്പിക്കാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദത്തിലുമുള്ളത്.
ബാലുശ്ശേരിയിൽ ജെൻഡർ ന്യൂട്രാലിറ്റി യൂനിഫോം ഉദ്ഘാടനം ചെയ്തശേഷം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു തന്നെ അക്കാര്യം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. Schools must first create and maintain an atmosphere that aids girls in getting rid of the stigma associated with their bodies, of the notion that 'he' and 'I' are different. And that is exactly what Balussery school has done... മറ്റൊരു ട്വീറ്റിൽ സമൂഹത്തിന്റെ heteronormative expectations മറികടന്നുള്ള വിദ്യാഭ്യാസ അന്തരീക്ഷമുണ്ടാക്കാനാണ് തങ്ങൾ പരിശ്രമിക്കുന്നത് എന്ന് അവർ പ്രഖ്യാപിക്കുന്നുണ്ട്. അതായത്, 'ഹി'യും 'ഷി'യും തമ്മിലെ വ്യത്യസ്തതകൾ ഇല്ലാതാക്കാനാണ് ഞങ്ങൾ പണിയെടുക്കുന്നതെന്ന്.
എല്ലാവരെയും തന്റെ ഇരുമ്പുകട്ടിലിൽ കിടത്തി അവരുടെ നീളം കട്ടിലിനെക്കാൾ കൂടുതലാണെങ്കിൽ വെട്ടിയൊതുക്കുക, നീളം കട്ടിലിനെക്കാൾ കുറവാണെങ്കിൽ അടിച്ചുപരത്തുക എന്ന പഴയ ഗ്രീക്ക് കഥാപാത്രം പ്രൊക്രൂസ്റ്റസിന്റെ അതേ ഏർപ്പാടുതന്നെയാണ് ഇവർ ജെൻഡർ ന്യൂട്രാലിറ്റിയുടെ കാര്യത്തിൽ നടത്തുന്നത്. സ്ഥിതിസമത്വം കൊണ്ടുവരാൻ ഇറങ്ങിപ്പുറപ്പെട്ട കമ്യൂണിസ്റ്റുകൾ ലോകത്ത് കാട്ടിക്കൂട്ടിയത് ചരിത്രത്തിന്റെ ഭാഗമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലംകൊണ്ട് ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ പ്രസ്ഥാനം എന്നതാണ് അവരുടെ ലെഗസി.
സ്ഥിതിസമത്വം കൊണ്ടുവരാൻ പണിയെടുത്ത് തോറ്റവർ അതേമട്ടിൽ അടിച്ചുപരത്തി ലിംഗസമത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ലിംഗസ്വത്വങ്ങൾ തന്നെ ഇല്ലാതായി 'ലിംഗശങ്ക'കളുമായി കഴിയുന്ന തലമുറ രൂപപ്പെടും എന്നതാണ് അതിലൂടെ സംഭവിക്കാൻപോകുന്നത് എന്നുമാത്രം. 'ഞങ്ങളുടെ പല പ്രശ്നങ്ങൾക്കും ഭാഗികമായ കാരണം ദുർബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു.
എല്ലാകാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാർഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോൾ പെരിസ്ത്രോയിക്കയുടെ പ്രക്രിയയിൽ ഈ കുറവ് ഞങ്ങൾ തരണംചെയ്യാൻ തുടങ്ങിയിരിക്കുന്നു. സ്ത്രീകൾക്ക് സ്ത്രീകളെന്ന നിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങാൻ സാധ്യമാക്കുന്നതിന് എന്തുചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി പത്രങ്ങളിലും തൊഴിൽസ്ഥലത്തും വീട്ടിലും ഇപ്പോൾ ചൂടുപിടിച്ച വാദപ്രതിവാദങ്ങൾ നടക്കുന്നത് അതുകൊണ്ടാണ്'. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഗോർബച്ചേവ് 'പെരിസ്ട്രോയിക്ക'യിൽ എഴുതിയതാണിത്.
പെരിസ്ട്രോയിക്കയിൽ പറഞ്ഞതുപോലെ സ്ത്രീകൾക്ക് സ്ത്രീകളെന്നനിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങുന്നതിനുമുമ്പ് സോവിയറ്റ് യൂനിയൻ ഇല്ലാതായിക്കഴിഞ്ഞിരുന്നു. സോവിയറ്റ് തകർച്ചയുടെ തൊട്ടുടനെ എന്താണ് സംഭവിച്ചത് എന്ന് ലോകം കണ്ടതാണ്. ലോകത്തെങ്ങുമുള്ള ചുവന്നതെരുവുകളിൽ അർധനഗ്നകളായ റഷ്യൻ പെൺകുട്ടികൾ നിറയുകയായിരുന്നു. 70 വർഷത്തെ ലിംഗസമത്വ കമ്യൂണിസ്റ്റ് ഭരണകൂടം ആ ജനതക്ക്, അന്നാട്ടിലെ സ്ത്രീകൾക്ക് ബാക്കിവെച്ച പൈതൃകം.
അത്തരമൊരു പൈതൃകത്തിലേക്ക് കേരളവും പോകണമെന്ന് സി.പി.എം ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കുറ്റംപറയാൻ പറ്റില്ല. എസ്.എഫ്.ഐ ഏതാണ്ട് ഇപ്പോൾ ആ പാതയിലാണ്. സി.പി.എമ്മിനും അങ്ങനെതന്നെ സഞ്ചരിക്കാം. പക്ഷേ, എല്ലാവരും അങ്ങനെ സഞ്ചരിക്കണമെന്നും സ്കൂൾ പിള്ളേരെ അതിനായി ഞങ്ങൾ പാകപ്പെടുത്തുമെന്നും വാശി പിടിക്കരുത്.
അങ്ങനെ വാശിപിടിക്കുമ്പോൾ ഇപ്പുറത്തും വാശിയുണ്ടാകും. കെ-റെയിലിനെതിരായ സമരം നടക്കുമ്പോൾ സി.പി.എമ്മുകാർ ഉയർത്തിയ ന്യായമായ ഒരു വാദമുണ്ടായിരുന്നു. കെ-റെയിൽ എന്നത് ഞങ്ങളുടെ പ്രകടനപത്രികയിൽ പറഞ്ഞകാര്യമാണ്. അക്കാര്യം പ്രകടനപത്രികയിൽ പറഞ്ഞ് വോട്ട് വാങ്ങി വന്നാണ് ഞങ്ങൾ അത് നടപ്പാക്കുന്നത്. എന്നാൽ, ജെൻഡർ ന്യൂട്രാലിറ്റിയാണ് ഞങ്ങളുടെ സമീപനം എന്ന് എൽ.ഡി.എഫോ സി.പി.എമ്മോ ഒരു പ്രകടനപത്രികയിലും പറഞ്ഞിട്ടില്ല. അതിനാൽ വ്യക്തത വരുത്തേണ്ടത് സി.പി.എമ്മിന്റെ ഉത്തരവാദിത്തമാണ്. വ്യക്തതക്ക് വേണ്ടി ചോദിക്കുമ്പോൾ പോടാ ആറാം നൂറ്റാണ്ടേ എന്ന് തെറിപറഞ്ഞിട്ട് കാര്യമില്ല.
ആറാം നൂറ്റാണ്ടിനെ പ്രാകുന്നതിൽ മറ്റ് ചില ലക്ഷ്യങ്ങളാണുള്ളത്. അതേക്കുറിച്ച് നാളെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.