സ്വർണത്തിെൻറ നികുതി വെട്ടിപ്പു കണ്ടെത്തുന്നതിന് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികം നേടിയെടുക്കുന്നതിനുവേണ്ടി കേരളത്തിലെ സ്വർണ മേഖലയെ ലക്ഷ്യംെവച്ച് ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന പരിശോധനകൾ പൗരാവകാശങ്ങളുടെയും വാണിജ്യ അവകാശങ്ങളുടെയും സാമാന്യ മര്യാദയുടെയും പച്ചയായ ലംഘനമായി മാറിക്കഴിഞ്ഞു. എല്ലാ സ്വർണവും കള്ളസ്വർണമായി ചിത്രീകരിക്കാനും പൗരജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള തൂക്കം സ്വർണം കൈവശം വക്കാനുള്ള അവകാശത്തെ ഹനിക്കാനുമാണ് മുതിരുന്നത്.
സ്വർണ വ്യാപാര സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ നിലവിൽ ഉത്തരവുകളൊന്നും ഇല്ലെന്നിരിക്കെ കടകൾക്കു മുന്നിൽ വന്നുനിന്ന് നിരീക്ഷിക്കുകയും ഓടിച്ചിട്ട് പിടിക്കുകയും പിടിച്ചുപറിക്കാരെ പോലെ പെരുമാറുകയും ചെയ്യുന്ന കാഴ്ചകൾക്കാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. എല്ലാ രേഖകളുമായി കൊണ്ടുപോകുന്ന സ്വർണം പോലും പിടിച്ചെടുത്ത് പാരിതോഷികം ലഭിക്കുന്നതിനുവേണ്ടി പിഴ ചുമത്തുകയാണ് ഉദ്യോഗസ്ഥർ. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവർത്തിക്കുന്ന കൊള്ളസംഘമായി ചിലർ മാറുന്നു എന്നു പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.
ഇവർ നടത്തുന്ന അഴിമതി അന്വേഷിക്കാൻ വിജിലൻസ് വകുപ്പ് തയാറാകണം. കാൽനടയായി പോകുന്നവരെ തടയാനോ, അവരെ ദേഹപരിശോധന നടത്തുന്നതിനോ ജി.എസ്.ടി നിയമം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. ജി.എസ്.ടി നിയമം വകുപ്പ് 129 അനുസരിച്ച് മോട്ടോർ വാഹനത്തിൽ യാത്ര ചെയ്യുന്നവരെ പരിശോധിക്കാനും അവർക്ക് അധികാരമില്ല എന്നിരിക്കെ കേരളത്തിൽ നടക്കുന്ന ഒട്ടുമിക്ക പരിശോധനകളും നിയമവിരുദ്ധമാണ്. ജി.എസ്.ടി നിയമം 129 (c) നിഷ്കർഷിക്കുന്നതുപ്രകാരം വാഹനം പരിശോധിക്കുന്നതിനു മുമ്പ് ഡ്രൈവർക്കും വാഹനത്തിൽ സ്വർണവുമായി വരുന്ന വ്യക്തിക്കും ഓർഡർ ഓഫ് ഡിറ്റൻഷൻ നോട്ടീസ് നൽകാതെയാണ് വാഹനവും സ്വർണവും തടഞ്ഞുെവക്കുന്നത്.
സ്വർണ വ്യാപാര മേഖലയിൽനിന്നുള്ള നികുതി വരുമാനം കൂട്ടാൻ ഇതുപകരിക്കില്ല എന്നു മാത്രമല്ല, വ്യവസ്ഥകൾ പാലിക്കാത്ത പരിശോധനകളായതിനാൽ ആർക്കും ആരോടെങ്കിലും പകപോക്കാനുണ്ടെങ്കിൽ ഒരു വ്യാജ ഫോൺവിളിയിലൂടെ കുടുക്കാനും അനാവശ്യമായി ബുദ്ധിമുട്ടിക്കാനും സാധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ഏഴു ദിവസത്തിനകം നികുതിയും പിഴയും അടക്കാൻ നോട്ടീസ് നൽകുന്നതിനു മുമ്പ് ബന്ധപ്പെട്ടവർക്ക് പറയാനുള്ളത് കേൾക്കാനും രേഖകൾ ഹാജരാക്കുമ്പോൾ പരിശോധിക്കാനും വ്യവസ്ഥയുണ്ട്. ഇതും ജി.എസ്.ടി ഉദ്യോഗസ്ഥർ ഒരിക്കലും പാലിക്കുന്നില്ല. ഏഴു ദിവസത്തിനു ശേഷവും നികുതിയും പിഴയും അടക്കാതിരിക്കുകയോ, ബോണ്ടും ബാങ്ക് ഗാരൻറിയും സമർപ്പിക്കാതിരിക്കുകയോ ചെയ്തെങ്കിൽ മാത്രമേ ജി.എസ്.ടി നിയമം 130 പ്രയോഗിക്കാൻ കഴിയൂ. ഈ നടപടിക്രമങ്ങൾ പാലിക്കാതെ പിടിക്കുന്ന സ്ഥലത്തുെവച്ച് ഉടൻതന്നെ 130ാം വകുപ്പ് ചുമത്തുന്നത് ചട്ടലംഘനമാണ്.
കേരളമൊഴികെ ഒരു സംസ്ഥാനത്തും ജി.എസ്.ടി 130ാം വകുപ്പ് പ്രയോഗിക്കുന്നില്ല. വകുപ്പ് 129 പ്രകാരം ഏതെങ്കിലും നിയമ വ്യവസ്ഥ പാലിക്കാതിരുന്നാൽ കേസെടുക്കാമെങ്കിലും നികുതി വെട്ടിപ്പ് തെളിയുന്ന സാഹചര്യത്തിൽ മാത്രമേ കേസെടുക്കാൻ പാടുള്ളൂവെന്ന് ഗുജറാത്ത് ഹൈകോടതി നിരീക്ഷണമുണ്ട്. സ്വർണത്തിെൻറ മാർക്കറ്റ് വിലയിൽനിന്ന് നിയമപരമായി അടക്കേണ്ട നികുതി കുറവ് ചെയ്താൽ കിട്ടുന്ന തുകയിൽ അധികരിക്കാൻ പാടിെല്ലന്ന കർശന വ്യവസ്ഥ ഉദ്യോഗസ്ഥർ ലംഘിക്കുകയാണ്.
ജി.എസ്.ടി വകുപ്പ് 130 (3) ഡബിൾ ജിയോപാർഡി (ഒരു കുറ്റത്തിന് രണ്ടു ശിക്ഷ) എന്നുകണ്ട് അലഹബാദ് ഹൈകോടതി അസ്ഥിരപ്പെടുത്തിയിട്ടുള്ളതുമാണ്. ഇതെല്ലാം മറച്ചുെവച്ചാണ് കേരളത്തിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ സ്വർണ വ്യാപാരികളെ അനാവശ്യമായി പീഡിപ്പിക്കുന്നത്. സ്വർണക്കള്ളക്കടത്തുകാർ പുണ്യാളന്മാരും സ്വർണ വ്യാപാരികൾ നികുതി വെട്ടിപ്പുകാരുമാണെന്ന മട്ടിലെ സമീപനം അംഗീകരിക്കാൻ കഴിയില്ല.
(ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.