ഒരു കിലോ തങ്കത്തിന് ഏകദേശം 50 ലക്ഷം രൂപ വിലയുണ്ട് നാട്ടിൽ. ദുബൈയിൽ ഇതിന് വില ഏതാണ്ട് 43.5 ലക്ഷമാണ്. നേർവഴിക്ക് ഇവിടെ എത്തിച്ചാൽ ഒന്നര ലക്ഷം രൂപ നികുതി കൊടുക്കണം. സർക്കാറിെൻറ റവന്യൂ നഷ്ടം ഇതാണെന്ന് വാദിക്കാം. എന്നാൽ, ആഭരണശാലകളിലേക്ക് എത്തുന്ന ഈ സ്വർണം 22 കാരറ്റാക്കി മാറ്റിയാണ് ആഭരണം ഉണ്ടാക്കുന്നത്. സ്വർണത്തിെൻറ അളവിന് പുറമെ പണിക്കൂലിയും മറ്റും ചേർത്ത് വിൽപന വില ഈടാക്കും.
ഈ വിലയുടെ മൂന്നു ശതമാനമാണ് നികുതിയായി നൽകേണ്ടത്. സ്വർണം വരുന്നതു മുതൽ വിൽക്കുന്നതു വരെ ഒന്നും സർക്കാർ അറിയുന്നില്ലെങ്കിൽ, ഒരു കിലോ കള്ളക്കടത്ത് സ്വർണം ആഭരണമാക്കി വിറ്റാലുള്ള ലാഭം എത്രയെന്ന് ഊഹിച്ചുകൊൾക. ഈയൊരു കാര്യമല്ലാതെ കള്ളക്കടത്ത് സ്വർണംകൊണ്ട് ആർക്കും ഒന്നും ചെയ്യാനില്ല. അതിനാൽ, കടത്തിക്കൊണ്ടുവരുന്ന സ്വർണം ആര്, എന്തു െചയ്യുന്നുവെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
സ്വർണത്തിന് ഏറെ ആരാധകരുള്ള കേരളത്തിലേക്ക് ഗൾഫിൽനിന്നാണ് കൂടുതൽ കള്ളക്കടത്തും നടക്കുന്നത്. മികച്ച നിലവാരമുള്ളതും മഞ്ഞനിറമുള്ളതുമായ ഗൾഫ് സ്വർണത്തിന് ആവശ്യക്കാർ ഏറെ. 2013ൽ കറൻറ് അക്കൗണ്ട് കമ്മിയായതിനെത്തുടർന്ന് കേന്ദ്രസർക്കാർ കറൻറ് അക്കൗണ്ട് ഡെഫിസിറ്റ് ക്രമപ്പെടുത്തുന്നതിനും നാണയപ്പെരുപ്പം തടയുന്നതിനും സ്വർണത്തിെൻറ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വർണത്തിന് അതുവരെയുണ്ടായിരുന്ന ഒന്നര ശതമാനം കസ്റ്റംസ് ഡ്യൂട്ടി 10 ആയി വർധിപ്പിച്ചു. മാത്രമല്ല, 100 കിലോഗ്രാം സ്വർണം വാങ്ങിയാൽ 20 കിലോ കയറ്റുമതി ചെയ്യണമെന്ന നിബന്ധനകൂടി കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. ഇതിെൻറ ഫലമായി പൊതുവിപണിയിൽ സ്വർണത്തിെൻറ ദൗർലഭ്യം രൂക്ഷമായി. അതോടെയാണ് സ്വർണക്കടത്ത് സജീവമാവുന്നത്.
സ്വർണത്തിെൻറ അളവ് പരിശോധിച്ചാൽ കള്ളക്കളി അറിയാം
ഒരു കിലോ സ്വർണം കള്ളക്കടത്തിലൂടെ എത്തിച്ചാൽ രണ്ടര ലക്ഷം രൂപയായിരുന്നു അന്ന് മാർജിനായി കിട്ടിയിരുന്നത്. എല്ലാ ചെലവും കഴിഞ്ഞ് ലക്ഷം രൂപയോളം റീട്ടെയിൽ ഏജൻറിന് കിട്ടിയിരുന്നു. ഈ മാറ്റം വന്ന് പിറ്റേവർഷം അതായത്, 2014ൽ കേരളത്തിൽ പിടികൂടിയത് 200 കിലോ സ്വർണമായിരുന്നു. നെടുമ്പാശേരിയിൽ കള്ളക്കടത്തിന് ഒത്താശചെയ്ത ഒരു പൊലീസുകാരനെ ചോദ്യം ചെയ്തപ്പോൾ അയാൾ വഴി മാത്രം വിതരണം ചെയ്യപ്പെട്ടത് 1500 കിലോഗ്രാം സ്വർണമാണെന്ന് തെളിഞ്ഞിരുന്നു. പിടികൂടപ്പെടുന്നതിെൻറ അഞ്ചും ആറും ഇരട്ടി സ്വർണം അന്നേ കേരളത്തിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്. ഇത് എങ്ങോട്ടുപോകുന്നു എന്ന കാര്യം കണ്ടുപിടിക്കാൻ വലിയ പ്രയാസമില്ലെങ്കിലും അന്നും ഇന്നും ആരും അതിന് തുനിഞ്ഞിട്ടില്ല.
2019െൻറ ആദ്യപകുതിയിൽ ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്ന ആകെ സ്വർണത്തിെൻറ അളവ് 372.2 ടൺ ആയിരുന്നു. 2018 ൽ ഇതേ കാലയളവിലുണ്ടായിരുന്ന ആവശ്യത്തെക്കാൾ ഒമ്പതു ശതമാനം കൂടുതലാണിത്. 2019െൻറ രണ്ടാം പാദത്തിൽ ആവശ്യമുള്ള സ്വർണാഭരണങ്ങളുടെ മൂല്യം 17 ശതമാനം ഉയർന്ന് 49,380 കോടി രൂപയുടേതായി. തൊട്ടുമുമ്പുള്ള വർഷം ഇതേ കാലയളവിൽ ഇത് 42,200 കോടിയായിരുന്നു. പഴയ സ്വർണത്തിെൻറ ഇടപാടിലും ഈ വർധന കാണാം. വേൾഡ് ഗോൾഡ് കൗൺസിലിെൻറ കണക്കനുസരിച്ച് 2018ൽ 32 ടൺ പഴയ സ്വർണം മാർക്കറ്റിൽ വന്നുവെങ്കിൽ 2019 ൽ അത് 37.9 ടൺ ആയി വർധിച്ചു.
2017മുതൽ സ്വർണത്തിെൻറ ഇറക്കുമതി കുറഞ്ഞുവരുന്നത് വേൾഡ് ഗോൾഡ് കൗൺസിലിെൻറ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ആവശ്യം വർധിക്കുകയുമാണ്. സ്റ്റോക്ക് വിറ്റഴിക്കുന്നു, പഴയ സ്വർണം പുതിയ ആഭരണങ്ങളാക്കി വിപണിയിൽ എത്തിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ ന്യായം. കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്വര്ണത്തിെൻറ അളവ്, പ്രാദേശിക ആഭരണ നിര്‍മാണ യൂനിറ്റുകളുടെ പക്കലുള്ള സ്വർണത്തിെൻറ അളവ് എന്നിവ പരിശോധിച്ചാൽതന്നെ കള്ളക്കളി വ്യക്തമാകും.
വാറ്റ് നിയമം നിലവിലുണ്ടായിരുന്നപ്പോൾ സംസ്ഥാനത്തെ ഏറക്കുറെ എല്ലാ പ്രമുഖ സ്വർണാഭരണ വ്യാപാരികളും കോമ്പൗണ്ടിങ് നികുതി വ്യവസ്ഥ സ്വീകരിക്കുകയും അതനുസരിച്ചുള്ള നികുതി അടക്കുകയും ചെയ്തു. ഇത് സംസ്ഥാനത്തിന് ഗുണകരമായിരുന്നു. എന്നാൽ, ജി.എസ്.ടി വന്നതോടെ ശതകോടികൾ വാർഷിക വിറ്റുവരവുള്ള പ്രമുഖ ജ്വല്ലറികൾ കോമ്പൗണ്ടിങ് നികുതി വ്യവസ്ഥയിൽനിന്ന് പുറത്തായി. ഇവരുടെ നികുതി ബാധ്യത പറയുന്ന വിറ്റുവരവിന് ആനുപാതികമായി കുറയുകയും ചെയ്തു.
കേരളത്തിൽ നടക്കുന്ന വ്യാപാരത്തിന് ആനുപാതികമായ നികുതി സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്ന് 2019 ജൂണിൽ ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചിട്ടുണ്ട്. സ്വർണാഭരണ കച്ചവട രംഗത്ത് ബില്ലുകൾ നൽകാതെയുള്ള വിൽപന വർധിക്കുന്നു. എയർപോർട്ട്, റെയിൽവേ, ബസ്, മറ്റ് യാത്രാ വാഹനങ്ങൾ എന്നിവ വഴി അനധികൃതമായി സ്വർണം കടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ല.
പരിമിതികളുണ്ട്, സംസ്ഥാന സർക്കാറിന്
മൂല്യവർധിത നികുതി അവസാനിക്കുന്ന വർഷം സംസ്ഥാനത്ത് സ്വർണത്തിന്മേലുള്ള നികുതി വരുമാനം 750 കോടി രൂപയായിരുന്നു. എന്നാൽ, ചരക്കു സേവന നികുതി മൂന്ന് ശതമാനമായി വർധിച്ചിട്ടും സ്വർണത്തിെൻറ വില 50 ശതമാനം ഉയർന്നിട്ടും നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. ലീഗൽ മെട്രോളജി നിയമത്തിെൻറ പരിധിയിലാണ് സ്വർണവ്യാപാരം വരുന്നത്. എന്നിരുന്നാലും ജി.എസ്.ടി 60ാം വകുപ്പ് അനുസരിച്ച് പരിശോധന നടത്താനും സ്വര്‍ണം പിടിക്കാനും സെന്‍ട്രല്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുള്ളതുപോലെ സംസ്ഥാന ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്.
സംസ്ഥാനത്തെ എയർപോർട്ടുകൾക്കുള്ളിൽ അല്ലാതെ എവിടെയും സംസ്ഥാന ജി.എസ്.ടി വകുപ്പിന് പരിശോധന നടത്തി സ്വർണം പിടികൂടാം. അനധികൃത സ്വർണം കണ്ടെത്താൻ വല്ലപ്പോഴും ഇവർ പരിശോധനകൾ നടത്താറുണ്ട്. സി.ആർ.പി.സി 102 വകുപ്പ് പ്രകാരം സ്വർണം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി കേസ് തുടരന്വേഷണത്തിന് കേന്ദ്ര എൻഫോഴ്സ്മെൻറിന് കൈമാറുന്നതോടെ ഉത്തരവാദിത്തം അവസാനിക്കും.
സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിെൻറ വിവരം ശേഖരിക്കുക, പഴയ സ്വർണലേലത്തിൽ നികുതി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുറപ്പാക്കുക, അനധികൃത സ്വർണ നിർമാണശാലകൾ കണ്ടെത്തുക, ആഭരണനിർമാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിവരം ശേഖരിക്കുക എന്നിവ നടപ്പാക്കിയാൽതന്നെ കള്ളക്കടത്തിന് ഒരു പരിധിവരെ തടയിടാം. എന്നാൽ, ജി.എസ്.ടി നിയമത്തിനുള്ളിൽ നിന്നുള്ള നടപടികൾ മാത്രമാണ് ഇപ്പോൾസർക്കാർ സ്വീകരിക്കുന്നത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നിയന്ത്രണം കേന്ദ്ര ഏജൻസികൾക്കായതിനാൽ സ്വർണക്കടത്തിനെതിരെ നടപടികൾ എടുക്കാൻ സംസ്ഥാന സർക്കാറിന് പരിമിതികളുണ്ട്. കേന്ദ്ര സർക്കാറിനു കീഴിലെ ബ്യൂറോ ഓഫ് എമിഗ്രേഷൻ ആണ് രാജ്യാന്തര വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ ജോലികൾക്കായി സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്. ഫലത്തിൽ കേരള പൊലീസിന് വിമാനത്താവളങ്ങൾക്കുള്ളിൽ ഇടപെടാവുന്ന സാഹചര്യമില്ല. അനധികൃത കടത്തും മറ്റ് നടപടികളും സംസ്ഥാന പൊലീസ് അറിയുന്നുപോലുമില്ല എന്നതാണ് സത്യം. വലിയ അളവിൽ സ്വർണം ഏത് എയർപോർട്ട് വഴി കേരളത്തിൽ എത്തിക്കണമെങ്കിലും കസ്റ്റംസ്, എമിഗ്രേഷൻ, സി.ഐ.എസ്.എഫ് എന്നിവയിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ സഹായം വേണം.
കള്ളക്കടത്തിന് ചുക്കാൻപിടിക്കുന്ന പ്രത്യേക റാക്കറ്റുകൾ സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞത് 2015 ജൂലൈ എട്ടിനാണ്. എമിഗ്രേഷൻ, കസ്റ്റംസ്, എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും എയർപോർട്ട് ജീവനക്കാരും ഇവർക്ക് സഹായം നൽകുന്നുണ്ട്. കൊഫേപോസ അനുസരിച്ച് 2015ൽ സംസ്ഥാനത്ത് 11പേരെ തടവിൽ പാർപ്പിച്ചിരുന്നു. ഇതിൽ രണ്ടു പേർ കേരള പൊലീസിൽനിന്നു ഡെപ്യൂട്ടേഷനിൽ വിമാനത്താവളങ്ങളിൽ ജോലിചെയ്തവരാണ്. ഒരാൾ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥൻ.
ബാക്കിയുള്ളവരിൽ മൂന്നുപേർ സ്വർണം കടത്തിയ വനിതകളായിരുന്നു. 2013 മുതൽ 2015 വരെയുള്ള കാലയളവിൽ തിരുവനന്തപുരത്ത് 51.38 കിേലാഗ്രാമും 32 പേരും നെടുമ്പാശേരിയിൽ 195.959 കിലോയും 241 പേരും കരിപ്പൂരിൽ 299.985 കിലോയും 159 പേരും പിടിയിലായി. ആദ്യ കാലത്ത് പുരുഷൻമാരായിരുന്നു കൂടുതൽ എങ്കിൽ പിന്നീട് സ്ത്രീകൾകൂടി കടത്ത് രംഗത്തേക്ക് കടന്നുവന്നു. ഇൗ കാലത്ത് സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജ്വല്ലറി ഉടമകളിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. ഇത് ആരാണെന്ന് നിയമസഭയിൽ ചോദ്യം വന്നെങ്കിലും വെളിപ്പെടുത്താൻ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറായില്ല. എന്നാൽ, തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷനിൽ ജോലിചെയ്തിരുന്ന പൊലീസുകാരെ പ്രതി ചേർത്ത കാര്യം പറയുകയും ചെയ്തു. ചുരുക്കത്തിൽ കാലാകാലങ്ങളിൽ നടപടിയെടുക്കേണ്ടവർ അനങ്ങാപ്പാറ നയം സ്വീകരിച്ചതാണ് ഇവിടെ ശക്തമായ കള്ളക്കടത്ത് ശൃംഖലയും സമാന്തര സമ്പദ്വ്യവസ്ഥയും ഉണ്ടാവാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.