ദുരന്തവാഹകൻ

'ഇന്ത്യയുടെ കണ്ണീർ' -ഇങ്ങനെയൊരു വിളിപ്പേരുണ്ട് ശ്രീലങ്കക്ക്. തികച്ചും ഭൂമിശാസ്​​ത്രപരമായ കാരണം മാത്രമേ ഈ വിശേഷണത്തിന് പിന്നിലുള്ളൂ. ഭൂവൽക്കത്തിലെ ഫലക ചലനങ്ങളുടെ ഭാഗമായി ​ഇന്ത്യയുടെ തെക്കേ ഭാഗത്തുനിന്നും അടർന്നു നീങ്ങിയ ഈ ഭൂഭാഗത്തെ സൂക്ഷിച്ചുനോക്കിയാൽ അടർന്നു വീഴുന്നൊരു കണ്ണീർ തുള്ളിയായി തോന്നാം.

എന്നാൽ, ഇന്ത്യക്കു മാത്രമല്ല, ലോകത്തിനാകെയും പലപ്പോഴും കണ്ണീർക്കടലായി ലങ്കൻ ദേശങ്ങൾ മാറാറുണ്ട്. ഓരോ കാലത്തും കണ്ണീരിന് ഓരോ കാരണമായിരിക്കും. ഇക്കുറി കാരണഭൂതർ ഗോ​ട​ബ​യ രാ​ജ​പ​ക്​​സയെന്ന പഴയൊരു പട്ടാളക്കാരനാണ്; പറഞ്ഞുവരുമ്പോൾ രാജ്യത്തിന്റെ പ്രസിഡന്റായി വരും. ​ടിയാന്റെ ഭരണപരിഷ്കാരങ്ങൾ ലങ്കയെ പട്ടിണി ദ്വീപാക്കിയെന്നത് പ്രതിപക്ഷത്തി​ന്റെ കേവലമായ ആരോപണമല്ല; ഭക്ഷണത്തിനും മരുന്നിനും വേണ്ടി നെ​ട്ടോട്ടമോടുന്ന ലങ്കൻ ജനതയുടെ അനുഭവമാണ്. 'ഗോ ബാക്ക് ഗോട' എന്ന മുദ്രാവാക്യമാണെങ്ങും കേൾക്കുന്നത്. ഇപ്പോൾ കൂട്ടപ്പലായനത്തിന്റെ വാർത്തകളും വന്നു തുടങ്ങിയിരിക്കുന്നു.

ദുരന്തങ്ങൾ വന്നുതുടങ്ങിയാൽ പിന്നെ അത് ഓരോ രൂപത്തിൽ തുടർന്നുകൊണ്ടേയിരിക്കുമെന്നാണല്ലൊ. തുടർച്ചയായ രണ്ട് വർഷത്തെ പ്രളയദുരന്തത്തിനുശേഷമാണല്ലൊ നമ്മൾ മലയാളികൾ മഹാമാരിയെ നേരിട്ടത്. അതിനുശേഷവും രക്ഷയില്ല. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമൊക്കെയായി ദുരിതങ്ങൾ വേറെയും. ശ്രീലങ്കക്കാരുടെ കാര്യവും ഏതാണ്ടിങ്ങനെയൊക്കെയാണ്. മഹാമാരിക്കു മുമ്പും ശേഷവും അവർ നേരിട്ടുകൊണ്ടിരിക്കുന്ന ഭീതിതമായ ദുരന്തത്തെ നമുക്ക് സാമാന്യമായി ഗോടബയ എന്നു വിളിക്കാം.

'വെട്ടൊന്ന് മുറി രണ്ട്' -ഇതാണ് ആദർശ മുദ്രാവാക്യം. പട്ടാളക്കാരനായിരിക്കുമ്പോൾതന്നെ ഇതാണ് ശീലം. ഭരണത്തിലേറിയപ്പോൾ അതിന്റെ വേഗവും വണ്ണവും വർധിച്ചു. സിരിസേനക്കു കീഴിൽ താരതമ്യേന തെറ്റില്ലാതെ മുന്നോട്ടുപോവുകയായിരുന്നു. ഭരണ സംവിധാനത്തെ തന്നെയും അദ്ദേഹം ഉടച്ചുവാർത്തു. കാലഹരണപ്പെട്ട എത്രയോ നിയമങ്ങൾ കടലിലെറിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിനെ ഏതെങ്കിലും ഏകാധിപതികൾ വിലക്കെടുക്കാതിരിക്കാനും അട്ടിമറിക്കാതിരിക്കാനുമായി സഭയുടെ കാലാവധി ചുരുങ്ങിയത് നാലര വർഷം എന്ന് നിജപ്പെടുത്തി. അല്ലെങ്കിൽ, മൂന്നിൽ രണ്ട് സഭാംഗങ്ങൾ പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിക്കണം.

ടൂറിസം മേഖലയിൽ വലിയ ഉണർവുണ്ടാക്കി സിരിസേന. ജി.ഡി.പിയലുടെ പത്തിലൊന്നും ആമേഖലയിൽനിന്നായി പിന്നെ. മൊത്തത്തിൽ രാജ്യത്തിന് വളർച്ച; സാമ്പത്തിക സുസ്ഥിരത. ഇതിനിടയിൽ ഗോടബയയുടെ സഹോദരനും മുൻ പ്രസിഡന്റുമായ മഹീന്ദ രാജപക്സെയുടെ നീക്കങ്ങൾക്ക് സുപ്രീംകോടതി തടയിടുകയും ചെയ്തു. കാര്യങ്ങളാകെ കലങ്ങിമറിഞ്ഞത് 2019ൽ, ഗോടബയ വന്നതോടെയാണ്. അഞ്ചാറ് മാസത്തിനുശേഷം, മഹീന്ദ രാജപക്സ പ്രധാനമന്ത്രി പദത്തിലെത്തുക കൂടി ചെയ്തതോടെ ദുരന്തങ്ങളുടെ തുടർക്കഥകളിലേക്ക് പുതിയൊരധ്യായത്തിനു തുടക്കമായി.

അധികാരമേറ്റശേഷം ഗോടബയയുടെ ഏറ്റവും വലിയ വെല്ലുവിളി കോവിഡ് മഹാമാരിയായിരുന്നു. മോദിയെപ്പോലെ ഒന്നാം നാളിൽതന്നെ രാജ്യം അടച്ചുപൂട്ടാനൊന്നും ടിയാൻ മുതിർന്നില്ല. കേസുകളുടെ എണ്ണം വർധിച്ചപ്പോൾ കർഫ്യൂ ഏർപ്പെടുത്തി വൈറസിനെ നേരിട്ടു. ഇതിനിടയിൽ, പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള നടപടികളും ആരംഭിച്ചു. എങ്ങിനെയെങ്കിലും സ്വന്തം ചേട്ടനെ പ്രധാനമന്ത്രികസേരയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാർത്ഥകമായി. ഇതിനിടെ, കോവിഡ് ജനങ്ങളിലെന്നപോലെ സമ്പദ്ഘടനയിലും പിടിമുറുക്കി. ഫാഷിസ്റ്റുകൾ പോപുലിസ്റ്റുകളുമായിരിക്കുമല്ലൊ. അതിനാൽ, ജനങ്ങളെ കൈയിലെടുക്കാൻ ഒരു ധാരണയുമില്ലാതെ നികുതിയിളവ് പ്രഖ്യാപിച്ചു. അവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ.

പിന്നെ, പരിഷ്കാരങ്ങളുടെ പൊടിപൂരമായിരുന്നു. ഒന്നും ഗുണം പിടിക്കുന്നില്ലെന്ന് മാത്രമല്ല, പടുകുഴിയിലേക്ക് നിപതിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഭക്ഷ്യക്ഷാമവും വിലക്കയറ്റവും. അപ്പോൾ പിന്നെയും പോപുലിസത്തിന്റെ വഴി തന്നെ ശരണം. ഓർമയില്ലെ, മോദിജി 'മേരേ പ്യാരേ ദേശ്‍ വാസിയോം..' എന്നു തുടങ്ങുന്ന നോട്ടുനിരോധന പ്രസംഗം. കള്ളപ്പണത്തി​നും തീവ്രവാദത്തിനുമെതിരായ കടുത്ത ​'പോരാട്ട'മായിരുന്നല്ലൊ അത്. ഒപ്പം, ഡിജിറ്റൽ ഇക്കണോമി ബൂസ്റ്റിങ്ങും. അതേ മാതൃകയിൽ ഗോടബയും ഒരർധ രാത്രിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു. രാജ്യത്ത് തൊട്ടടുത്ത വർഷം മുതൽ രാസവളങ്ങള​ത്രയും നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇനിയങ്ങോട്ട് ജൈവകൃഷിയിലൂടെ സ്വയം പര്യാപ്തരാകാൻ ജനങ്ങ​ളോട് ആഹ്വാനം ചെയ്തു.

മോദിയെപ്പോലെത്തന്നെ ഗമണ്ടൻ ന്യായങ്ങൾ രാജപക്സെക്കുമുണ്ടായിരുന്നു. ഒന്നാമതായി, രാസവളപ്രയോഗം മൂലമുള്ള 'ആരോഗ്യപ്രശ്ന'ങ്ങളാണ് ടിയാനെ അലട്ടിയത്. പോരാത്തതിന്, ഓർഗാനിക് കൃഷിയിലൂടെ വിപ്ലവം സൃഷ്ടിച്ച് കാർഷികോൽപന്നങ്ങളു​ടെ ഇറക്കുമതി കുറയ്ക്കുക എന്നതായിരുന്നു ആഹ്വാനത്തിന്റെ മറ്റൊരു ലക്ഷ്യം. നോക്കണേ, പത്ത് ലക്ഷം പേരാണ് ലങ്കയിൽ കാർഷികവൃത്തിയിലൂടെ ജീവിക്കുന്നത്. അതിൽതന്നെ ഭൂരിഭാഗം ആളുകളും തേയിലകൃഷി നടത്തുന്നവരാണ്. കീടനാ​ശിനികളും രാസവളങ്ങളും നിരോധിച്ചതോടെ മറ്റുവഴികളില്ലാതെ അവർ നട്ടംതിരിഞ്ഞു. ഉണ്ടായിരുന്ന കൃഷിയത്രയും നശിച്ചു. സംഗതി കൈവിട്ടുവെന്ന് കണ്ടപ്പോൾ, നിരോധനം പിൻവലിച്ച് തൽക്കാലം പരിഷ്കാരം മാറ്റിവെക്കേണ്ടിവന്നു രാജപക്സെ ക്ക്.

അപ്പോഴേക്കും ഭക്ഷണം തേടി ആളുകൾ തെരുവിലേക്കിറങ്ങിയിരുന്നു. 2009ൽ ​​ത​​മി​​ഴ്​ വി​​മ​​ത​​രെ പൂ​​ർ​​ണ​​മാ​​യും ഒ​​തു​​ക്കി​​യ​​ശേ​​ഷം പരിമിതമായെങ്കിലും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലേ​​ക്കും സ​​മാ​​ധാ​​ന​​ത്തി​​ലേ​​ക്കും വരികയായിരുന്നു ലങ്കൻ ജനത. ടൂറിസമായിരുന്നു മുഖ്യവരുമാനം. കോവിഡിൽ ആ സാധ്യതകൾ അസ്തമിച്ചു. വലിയ ഗുണമൊന്നുമില്ലെങ്കിലും കാർഷിക മേഖലയും ഒരുവഴിക്കായി. ഇപ്പോൾ കൊളംബോയിലെയും മറ്റും തെരുവുകളിൽ നീണ്ട ക്യൂവാണ്.

കടലാസ് ക്ഷാമം മൂലം പ​രീ​ക്ഷ മാ​റ്റി​വെ​ക്കേ​ണ്ടി വ​രു​ക; ഇ​ന്ധ​ന​ എ​ണ്ണ വിൽപ്പന കേന്ദ്രങ്ങളിൽ തി​ക്കി​ത്തി​ര​ക്കി ആ​ളു​ക​ൾ മ​രി​ച്ചു​വീ​ഴു​ക; ക്യൂ​വി​ൽ ത​ർ​ക്കം മൂ​ത്ത്​ ആ​ളെ കു​ത്തി​ക്കൊ​ല്ലു​ക, എ​ണ്ണ​വാ​ങ്ങാ​ൻ കാ​ശി​ല്ലെ​ന്നു ഗ​വ​ൺ​മെ​ന്‍റ്​ കൈ​മ​ല​ർ​ത്തു​ക -ദുരന്ത ചിത്രങ്ങളുടെ പട്ടിക ഇനിയും നീളും. ടൂറിസം മേഖല വാനോളം വളർന്നപ്പോൾ നിക്ഷേപവുമായി എത്തിയ ചൈന അടക്കമുള്ളവർ പിൻവലിഞ്ഞിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ മുന്നിൽ കൈനീട്ടുകയല്ലാതെ വേറെ വഴിയില്ല. ഐ.എം.എഫ് പോലുള്ള ബാങ്കുകളെയും ആശ്രയിക്കേണ്ടിവരും.

രാഷ്ട്രീയ പാരമ്പര്യമുള്ള കുടൂംബത്തിലാണ് ജനനം. പിതാവ് ഡി.എ രാജപക്സെ സ്വാതന്ത്ര്യസമര സേനാനിയും പാർലമെന്റ് അംഗവുമായിരുന്നു. രാജപക്സെയുടെ എട്ട് മക്കളിൽ നാല് പേരും പാർലമെന്റിലിരുന്നിട്ടുണ്ട്. അതിൽ ഗോ​ട​ബ​യയും മഹീന്ദയും പ്രസിഡന്റുമായി. പക്ഷെ, മറ്റു മൂന്ന് പേരിൽനിന്ന് തീർത്തും ​വ്യത്യസ്തനാണ് ഗോ​ട​ബ​യ. സഹോദരങ്ങൾ രാഷ്ട്രീയ പ്രവർത്തനംനടത്തിയാണ് പാർലമെന്റിൽ വന്നതും പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെയായത്.

2019ലെ തെരഞ്ഞെടുപ്പാണ് ഗോടബയയുടെ രാഷ്ട്രീയ അരങ്ങേറ്റം; നേരെ പ്രസിഡന്റ് പദത്തിലേക്ക്. അതിനുമുന്നേ പട്ടാളത്തിലായിരുന്നു. 1970കൾ മുതൽ തുടങ്ങിയ രാഷ്ട്ര സേവനമായിരുന്നു. രണ്ടര പതിറ്റാണ്ടിനിടെ ഇന്ത്യയിലും പാകിസ്താനിലും അമേരിക്കയിലുമെല്ലാം ഉന്നത പരിശീലനം നേടി; സേനയിൽ വലിയ സ്ഥാനങ്ങൾവഹിച്ചു. 90കളുടെ തുടക്കത്തിൽ സേവനം മതിയാക്കി ഐ.ടി സംരംഭകനായി അമേരിക്കയിലേക്ക് തിരിച്ചു. പിന്നെ, തിരിച്ചെത്തുന്നത് 2005ലാണ്. അപ്പോഴേക്കും മഹീന്ദ ഭരണം പിടിച്ചിരുന്നു. മഹീന്ദയുടെ പ്രതിരോധ ഉപദേശ്ടാവായി.

ആ ഉപദേശങ്ങളുടെ ബലത്തിലാണ് തമിഴ് പുലികളെ തുരത്തിയത്. അതിനായി പല വഴിവിട്ട കളികളും നടത്തിയെന്ന് പിൽക്കാലത്ത് വിക്കിലീക്സ് പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. പക്ഷെ, അതി​ലൊന്നും കുലുങ്ങിയില്ല. സിരിസേനയുടെ ആഭ്യന്തര വിപ്ലവത്തിൽ മഹീന്ദക്ക് തൽക്കാലത്തേക്ക് ചുവ​ടൊന്ന് പിഴച്ചപ്പോൾ തൽസ്ഥാനത്ത് കുതിച്ചെത്തി. ആ കുതിപ്പിലാണ് പ്രസിഡന്റ് പദത്തിലെത്തിയത്. പക്ഷെ, ഗോടാബയയുടെ ജനതക്ക് കിതച്ചോടിക്കൊണ്ടിരിക്കാനാണ് വിധി. ഇയോമയാണ് ജീവിത സുഹൃത്ത്. ഏക മകൻ മനോജ് രാജപക്സെ.

Tags:    
News Summary - Gotabaya Rajapaksa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT
access_time 2024-11-14 01:21 GMT