2019ലെ ലോക്സഭ തെരഞ്ഞെടുപ്പുഫലം കൂടി നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിക്ക് എഴുതിക്കൊടുത്ത്, ഇനിയെന്തു വേണമെന്ന് അന്തംവിട്ടുനിന്ന കാലം കഴിഞ്ഞു. ബി.ജെ.പി ഗുജറാത്തിൽ ജയിച്ചെങ്കിലും, തോറ്റു. കോൺഗ്രസ് ഗുജറാത്തിൽ തോറ്റെങ്കിലും, ജയിച്ചു. എതിർക്കാൻ ശേഷിയില്ലാത്ത പ്രതിപക്ഷത്തിനു മുന്നിൽ അഹങ്കരിച്ചുനിന്ന ബി.ജെ.പി ഒരുവിധം നീന്തി കരകയറി. എന്നാൽ, മോദിക്ക് കാലിടറിയിരിക്കുന്നു. കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും ആഘോഷിക്കാനില്ലെങ്കിലും, ആശ്വസിക്കാനുണ്ട്. തിങ്കളാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പുഫലത്തെ അങ്ങനെ ചുരുക്കി വായിക്കാം.
ഗുജറാത്ത് ഫലം വിഗ്രഹഭഞ്ജനമാണ് നടത്തിയത്. പരാജയപ്പെടുത്താൻ കഴിയുന്ന നേതാവാണ് മോദിയെന്ന് വന്നിരിക്കുന്നു. വായ്ത്താരികൾ പൊള്ളയാണെന്ന വിശ്വാസം പടർന്നിരിക്കുന്നു. മോദിയും അമിത് ഷായും, രണ്ടു പതിറ്റാണ്ടിലേറെയായി സംഘ്പരിവാറും ബി.ജെ.പിയും അടക്കിവാണ സ്ഥലത്ത് ആറാംവട്ടം ബി.ജെ.പി നേടിയ വിജയം തികച്ചും സാേങ്കതികമായി മാറി. കാവിക്കോട്ടയെന്ന് ഇനി ഗുജറാത്തിനെ വിശേഷിപ്പിക്കുന്നതിൽ അർഥമില്ല. പൊതുസമൂഹത്തെ ഗ്രസിച്ച ഭരണവിരുദ്ധ വികാരം ഒന്നിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ 2019ൽ സാധ്യതകളുണ്ടെന്ന ബോധം രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും കൈവന്നിരിക്കുന്നു.
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടി, 22 വർഷത്തെ തുടർച്ചയായ ഭരണം, അജയ്യരായി നിൽക്കുന്ന മോദിയുടെയും അമിത്ഷായുടെയും നാട്, വർഗീയ ധ്രുവീകരണം മൂലം ചേരിതിരിഞ്ഞ വോട്ടർമാർ, ആർ.എസ്.എസിെൻറ നേതൃത്വത്തിൽ മുക്കുമൂലകൾ വരെ ശക്തമായ സംഘ്പരിവാർ ശൃംഖല, മോദിക്ക് എക്കാലവും ശക്തിപകരുന്ന കോർപറേറ്റ് വ്യവസായ അടിത്തറ, മോദി മാർക്കറ്റ് ചെയ്യുന്ന ഗുജറാത്തി അഭിമാനം എന്നിങ്ങനെ അനുകൂലഘടകങ്ങൾ ശക്തമായി വേരോടിനിൽക്കുന്ന ഗുജറാത്തിലാണ് കോൺഗ്രസും ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് മത്സരം നടന്ന് ഭൂരിപക്ഷം വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയത്. അധികാരം ഒാരോ തെരഞ്ഞെടുപ്പിലും മാറിമറിയുന്ന ഹിമാചൽപ്രദേശ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തത്, ഗുജറാത്ത് ഫലത്തോടു ചേർത്തുവെച്ച് വായിക്കാനാവില്ല.
ഗുജറാത്തിലെ 182ൽ 150 സീറ്റും പിടിക്കുമെന്ന അമിത് ഷായുടെ അവകാശവാദത്തിെൻറ മൂന്നിലൊന്നും ഇടിഞ്ഞുവീണു. സ്വന്തം കോട്ടയിൽ, 40ഒാളം തെരഞ്ഞെടുപ്പുയോഗങ്ങളിൽ പെങ്കടുത്ത് വോട്ടഭ്യർഥിച്ചിട്ടും നരേന്ദ്ര മോദിയെ ഗുജറാത്തുകാർ നിരാശപ്പെടുത്തി. ജലവിമാനംകൊണ്ട് കാര്യമുണ്ടായില്ല. വോെട്ടടുപ്പ് തീയതി പ്രഖ്യാപനം വരെ നീട്ടിവെച്ച് വികസന വായ്ത്താരി മുതൽ പാകിസ്താൻ വിദ്വേഷം വരെ മാറിമാറി പ്രയോഗിച്ചിട്ടും കാവിച്ചിന്തയുടെ മലയിടിഞ്ഞു. രാജ്യത്തിെൻറ പ്രധാനമന്ത്രിയായി വളർന്ന നാട്ടുകാരനെ തള്ളിപ്പറഞ്ഞില്ലെങ്കിലും, ചെറുത്തുനിൽപുകൾക്കും പ്രതിഷേധങ്ങൾക്കും കാമ്പും കഴമ്പുമുണ്ടെന്ന് സംസ്ഥാന ജനത വിധിയെഴുതിയതുകൊണ്ടാണ് രണ്ടു ഡസനോളം സീറ്റുകൾ കോൺഗ്രസിന് അനുകൂലമായി ലഭിച്ചത്.
ഉയർത്തിക്കാണിക്കാൻ നല്ലൊരു മുഖ്യമന്ത്രി സ്ഥാനാർഥിയോ സ്ലിപ്പുകൊടുക്കാൻ പ്രവർത്തകരോ ഇല്ലാതെപോയ കോൺഗ്രസാണ് ഇൗ മുന്നേറ്റം ഉണ്ടാക്കിയത്. ബി.ജെ.പിയുടെ വാഗ്ദാനലംഘനങ്ങളിലുള്ള അടുത്ത അതൃപ്തി, ഭരണവിരുദ്ധത, പാളയത്തിലെ പട എന്നിവ ഗുജറാത്തിെൻറ അടിത്തട്ടിൽ നേരേത്തതന്നെ ഉരുണ്ടുകൂടിയിരുന്നു. സംവരണം തേടിയുള്ള പാട്ടീദാർ പ്രേക്ഷാഭം, അടിച്ചൊതുക്കലുകൾെക്കതിരായ ദലിത് പ്രതിഷേധം എന്നിങ്ങനെ കത്തിപ്പടർന്ന രോഷാഗ്നി സംയോജിപ്പിച്ചെടുക്കാൻ കഴിഞ്ഞതാണ് പാർട്ടിക്ക് നേട്ടമായത്. തെരഞ്ഞെടുപ്പിനുമുമ്പുള്ള രണ്ടോ മൂന്നോ ആഴ്ചത്തെ പ്രവർത്തനംകൊണ്ടായിരുന്നു അത്. വേണ്ടത്ര മുന്നൊരുക്കത്തോടെ കോൺഗ്രസ് നീങ്ങിയിരുന്നെങ്കിൽ ആറാമൂഴം കിട്ടാതെ ബി.ജെ.പി പുറത്തായേനെ എന്നാണ് വോെട്ടടുപ്പു ഫലം കാണിച്ചുതരുന്നത്.
മോദിത്തിര ആഞ്ഞടിച്ച 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന് മൂന്നര വർഷം പിന്നിട്ടപ്പോഴേക്കും മോഹവലയത്തിൽ വീണുേപായ വോട്ടർമാർ യാഥാർഥ്യ ബോധം വീണ്ടെടുക്കുന്നുവെന്ന് പറഞ്ഞുതരുന്നുണ്ട്, ഗുജറാത്ത് ഫലം. വ്യവസായ മുന്നേറ്റം ഉണ്ടായില്ല. ശുചിത്വ ഭാരതം മുതൽ മേക് ഇൻ ഇന്ത്യ വരെ, പ്രഖ്യാപനങ്ങളല്ലാതെ പ്രവൃത്തിപഥത്തിൽ ഒന്നും നടന്നില്ല. നോട്ടിനും ജി.എസ്.ടിക്കുമിടയിൽ മാന്ദ്യത്തിലേക്ക് വഴുതി മരവിപ്പു നേരിടുന്ന ജനങ്ങൾ, സർക്കാർ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളല്ലാതെ ഗുണഫലങ്ങളൊന്നും കാണുന്നില്ല. ആധാറും അക്കൗണ്ടുമൊക്കെയായി, വരിഞ്ഞുമുറുക്കുന്നതിെൻറ ആശങ്കകളാണ് ജനങ്ങൾ പങ്കുവെക്കുന്നത്. വർഗീയതയുടെ അജണ്ടകളല്ലാതെ മോദിയുടെയും ബി.ജെ.പിയുടെയും പക്കൽ മറ്റൊന്നുമില്ലെന്ന തിരിച്ചറിവ് വർധിച്ചിരിക്കുന്നു.
പൊതുതെരഞ്ഞെടുപ്പിലേക്ക് 15 മാസമാണ് ഇനി ബാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം പ്രതിപക്ഷനിരക്ക് ആവേശം നൽകുേമ്പാൾതന്നെ, അധികാരം നിലനിർത്താനുള്ള വ്യഗ്രതയിൽ വർഗീയ അജണ്ടകൾ മുന്നോട്ടുനീക്കി ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുമെന്ന ആശങ്കകൾകൂടി ഉയരുന്നുണ്ട്. അതിനിടയിലും, പ്രതിപക്ഷനിരക്ക് കൂട്ടായ നീക്കങ്ങളിലേക്ക് തിരിയാൻ വഴിയൊരുക്കുകയാണ് ഗുജറാത്ത് ഫലം. രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കാൻ കോൺഗ്രസ് തെരഞ്ഞെടുത്ത സമയം ശരിയാണെന്നുകൂടി വന്നിരിക്കുന്നു. സമാന ചിന്താഗതിക്കാരുമായി കൂടിയാലോചനകൾ നടത്തുന്നതിനും മരവിപ്പ് ബാധിച്ച പാർട്ടി അണികളെ ചലിപ്പിക്കുന്നതിനും ഗുജറാത്തിലെ ഫലം രാഹുൽ ഗാന്ധിക്ക് അവസരം നൽകുന്നുണ്ട്. 2019 മോദിയുടെ കാൽച്ചുവട്ടിൽ അമർന്നുകഴിഞ്ഞുവെന്ന ചിന്താഗതിയിൽ വലിയ മാറ്റമാണ് ഗുജറാത്ത് ഫലം ഉണ്ടാക്കുന്നത്.ഇന്നത്തെ നിലയിൽ 19 സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരിക്കുന്നു. പഞ്ചാബ്, കർണാടക, മേഘാലയ, മിസോറം, പുതുച്ചേരി എന്നിവിടങ്ങളിൽ മാത്രമായി കോൺഗ്രസ് മൂന്നര വർഷത്തിനിടയിൽ ചുരുങ്ങിപ്പോയി. എന്നാൽ, ഗുജറാത്തിൽനിന്ന് ഭിന്നമായി കോൺഗ്രസിന് നേതൃബലമുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക തുടങ്ങി പല സംസ്ഥാനങ്ങളും ശക്തമായ മത്സരത്തിന് വേദിയാവും.
പ്രാദേശിക കക്ഷികൾക്കിടയിലും പ്രതീക്ഷ വർധിപ്പിക്കുന്നതാണ് ഗുജറാത്ത് ഫലം. പ്രായോഗിക രാഷ്ട്രീയം മുൻനിർത്തി ഗുജറാത്തിൽ കോൺഗ്രസ് മൃദുഹിന്ദുത്വം കളിച്ചു, പതിറ്റാണ്ടുകളായി ഭയാശങ്കയിൽ ഒതുങ്ങിക്കഴിയേണ്ടിവരുന്ന മുസ്ലിംകളെ അവഗണിച്ചു തുടങ്ങിയ ആക്ഷേപങ്ങൾ ബാക്കിനിൽക്കുന്നു. എന്നാൽ, അതിൽനിന്നു ഭിന്നമാണ് മറ്റിടങ്ങളിലെ സ്ഥിതി. അസഹിഷ്ണുത നിറഞ്ഞ, വിേദ്വഷത്തിെൻറ അന്തരീക്ഷം പ്രധാന പ്രചാരണ വിഷയമായി മാറും. മാന്ദ്യവും മരവിപ്പും കാർഷിക, ഗ്രാമീണ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി ബി.ജെ.പിയെ ശ്വാസംമുട്ടിച്ചെന്നു വരും. ഗുജറാത്തിൽ നഗര മേഖലകൾ ബി.െജ.പിക്കൊപ്പം നിന്നപ്പോൾ ഗ്രാമീണ മേഖലകൾ കോൺഗ്രസിനെ തുണച്ചത് അതിെൻറ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.