വോട്ടുയന്ത്രം അട്ടിമറി ഗുജറാത്ത്​ മോഡൽ; കോടതിയിൽ പോയാൽ എന്തുസംഭവിക്കുമെന്ന്​ ശക്തി സിങ്​ പറയും

അസമിൽ ബി.ജെ.പി എം.എൽ.എയുടെ വാഹനത്തിൽനിന്ന്​ വോട്ടിങ്​ മെഷീൻ കണ്ടെടുത്തതിന്‍റെ ഞെട്ടലിലാണ്​ രാജ്യം. രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാ​ത്രിയാണ്​ പാതാർകണ്ടി എം.എൽ.എ കൃഷ്​ണേന്ദു പാലിന്‍റെ വാഹനത്തിൽനിന്ന്​ വോട്ടിങ്​ മെഷീൻ കണ്ടെടുത്തത്​. സ്​ട്രോങ്​ റൂമിലേക്ക്​ മാറ്റേണ്ട മെഷീനായിരുന്നു വണ്ടിയിൽ. ഇത്​ ആദ്യസംഭവമല്ലെന്ന്​ 2012ലെയും '17 ലെയും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കള്ളക്കഥ അറിയുന്നവർക്ക്​ മനസ്സിലാകും. ജനാധിപത്യ​ത്തെ ഇല്ലായ്​മ ചെയ്യുന്ന ഈ ആഭാസത്തിനെതിരെ എന്തുകൊണ്ടാണ്​ ആരും കോടതിയിൽ പോകാത്തത്​ എന്ന ചോദ്യത്തിനുള്ള ഉത്തരവും അതിലുണ്ട്​.

ശക്തി സിങ്​ ഗോഹിലിന്‍െറ അനുഭവം

2012ലെയും 2017ലെയും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്രങ്ങള്‍ അട്ടിമറിച്ചത് കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് ശക്തി സിങ്​ ഗോഹിലിന്‍െറ അനുഭവം വോട്ടുയന്ത്രങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. 2012ല്‍ ജയമുറപ്പിച്ച സീറ്റില്‍ ഗോഹിൽ പരാജയപ്പെട്ടതോടെയാണ്​ സംഭവത്തിന്‍റെ ചുരുളഴിയുന്നത്​. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിച്ച യന്ത്രങ്ങള്‍ മാറ്റിയത് ഗോഹിൽ പിടികൂടുകയായിരുന്നു.

ശക്തി സിങ്​ ഗോഹിൽ

വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍നിന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി മുദ്ര വെച്ച കവറിനുള്ളില്‍ നിന്ന് വോട്ടുയന്ത്രങ്ങള്‍ മാറ്റിയാണിത് ചെയ്തതെന്ന് ഗോഹില്‍ കണ്ടുപിടിച്ചു. മാറിയ വോട്ടുയന്ത്രങ്ങളുടെ സീരിയല്‍ നമ്പറും ഗോഹില്‍ പറഞ്ഞു കൊടുത്തു. എന്നാല്‍, അത് എഴുതിയപ്പോള്‍ സംഭവിച്ച ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെന്ന് നുണ പറഞ്ഞ് തെരഞ്ഞെടുപ്പ്​ കമീഷന്‍ കൈയൊഴിഞ്ഞു.

ആ 14 ബൂത്തുകളിൽ മാത്രം വോട്ടുയന്ത്രങ്ങള്‍ മാറി!

2017ലെ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്രം അട്ടിമറിക്കുന്നത്​ തടയാന്‍ ഗോഹില്‍ പുതിയ തന്ത്രം പുറത്തെടുത്തു. തന്‍െറ ഓരോ ബുത്തില്‍നിന്നും സ്ട്രോങ്​ റൂമിലെക്ക് കൊണ്ടുപോകുന്ന വോട്ടുയന്ത്രങ്ങള്‍ക്ക് ബൈക്കുകളില്‍ പ്രവര്‍ത്തകരെ അകമ്പടി പോകാന്‍ ഏര്‍പ്പാട് ചെയ്തു. എന്നാല്‍, പണത്തിനുമീതെ ബൈക്കും പറക്കില്ലല്ലോ. അവസാന നിമിഷം, 14 ബൂത്തുകളില്‍ കോഹില്‍ ശട്ടം കെട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് അസൗകര്യമുണ്ടെന്ന് വിളിച്ച് പറഞ്ഞ് പിന്മാറി. ഇതിന്‍റെ രഹസ്യം വോട്ടെണ്ണിയ ദിവസം മനസ്സിലായി. അകമ്പടി പോകാത്ത ആ 14 ബൂത്തുകളിലെ വോട്ടുയന്ത്രങ്ങള്‍ മാത്രം മാറ്റുകയായിരുന്നു. സീരിയല്‍ നമ്പര്‍ നോക്കിയപ്പോഴാണ്​ ഇക്കാര്യം വ്യക്തമായത്​.

വിവരം ആ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളും കമീഷനോട് ചൂണ്ടിക്കാട്ടി. എന്നാൽ, ക്ലറിക്കല്‍ എറര്‍ ആണെന്ന റൂളിംഗിലൂടെ അതിനെ മറികടന്ന് ഫലം പ്രഖ്യാപിച്ചു. ഇതിനെതിരെ 2017ല്‍ ഫയല്‍ ചെയ്ത കേസ് ഗുജറാത്ത് ഹൈകോടതിയില്‍ അനങ്ങാതെ കിടക്കണമെന്നത് കമീഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.


മേലില്‍ ഒരാളും കോടതി കയറരുത്​!

വോട്ടുയന്ത്ര അട്ടിമറിയുടെ മോഡസ് ഓപ്പറാണ്ടി ഏറ്റവും നന്നായറിയുന്ന ശക്തി സിങ്​ ഗോഹിലിനെ പോലുള്ള രാഷ്ട്രീയ നേതാക്കളെ പോലും നിസഹായരാക്കുന്നതാണ് കമീഷനും കോടതിയും പുലര്‍ത്തുന്ന സമീപനം. നീതി ലഭിക്കില്ല എന്ന് ബോധ്യമായി കഴിഞ്ഞാല്‍ ഇത്രയും പണം ചെലവിട്ട് ഒരാളും വോട്ടുയന്ത്രത്തിനെതിരായി മേലില്‍ കോടതികളില്‍ പോകില്ല. ജനാധിപത്യത്തില്‍ തോല്‍വി സമ്മതിക്കാനുള്ള മനസില്ലാവരാണ് 'വോട്ടുയന്ത്ര അട്ടിമറി' എന്ന് വിളിച്ചുപറയുന്നതിന്​ പിന്നിലെന്ന്​ ബി.ജെ.പിയും കമീഷനും മാധ്യമങ്ങളും ഒരുപോലെ ചാപ്പ കുത്തുകയും ചെയ്​തു. ഇതും അട്ടിമറിക്കെതിരെ രംഗത്തുവരുന്നതില്‍നിന്ന് ഇരകളായ നേതാക്കളെയും പാര്‍ട്ടികളെയും തടയുന്നു.

കമീഷനും കോടതിയും തങ്ങള്‍ക്കെതിര് നില്‍ക്കില്ല എന്ന ആത്മവിശ്വാസമാണ് ഇത്തരം അട്ടിമറി നടത്തുന്നവര്‍ക്കുള്ള ആത്മ വിശ്വാസവും. വോട്ടുയന്ത്ര അട്ടിമറി വ്യാപകമായി നടത്തുന്ന ഒന്നല്ലെന്നും ജയമുറപ്പിക്കാൻ തെരഞ്ഞെടുത്ത സീറ്റുകളിലേ ഇത് ചെയ്യേണ്ടതുള്ളൂ എന്നും ഗോഹില്‍ പറയുന്നു. അതും ആ സീറ്റുകളിലെ ഏതാനും ബൂത്തുകളില്‍ മാത്രം ചെയ്താല്‍ മതിയാകും.

ഒത്തുകളിച്ച കമീഷനും മോലൊപ്പിട്ട കോടതിയും

2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ നാള്‍ തൊട്ട് ബി.ജെ.പിയെ ഭരണത്തിലത്തെിക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ എന്ന് വോട്ടുയന്ത്രങ്ങളും വിവി പാറ്റുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങള്‍ തെളിയിച്ചതാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒട്ടും സുതാര്യമല്ലാതെ ഭരണകക്ഷിക്ക് വേണ്ടി ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞതും ആ ഒത്തുകളിക്ക് അനുകൂലമായി സുപ്രീംകോടതി വര്‍ത്തിച്ചതുമാണ് 17ാം ലോക്സഭ ബി.ജെ.പിക്ക് താലത്തില്‍ വെച്ചുകൊടുത്തത്.


പ്രതിപക്ഷത്തിന്‍െറ തമ്മിലടിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഇല്ലാത്തതും ആര്‍.എസ്.എസിന്‍െറ വാട്ട്സ് ആപ് നുണകളും ഉജ്വല ഗ്യാസും കക്കൂസുമൊക്കെ ആ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മേല്‍ക്കൈയുണ്ടാക്കിയ ഘടകങ്ങളാണെന്നത് ആരും നിഷേധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷനും അതിനൊപ്പിച്ച് നിന്ന സുപ്രീംകോടതിയുമൊന്നും ഹിന്ദുത്വവും ദേശീയതയും ആളിക്കത്തിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളെ തടഞ്ഞിട്ടുമില്ല. എന്നാല്‍ ആ മേല്‍ക്കെ പോലും കേവലം ഏറ്റവും വലിയ ഒറ്റകക്ഷി എന്നതിനപ്പുറം കേവലമായ ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പിയെയോ എന്‍.ഡി.എയെയോ എത്തിക്കുന്നതായിരുന്നില്ല. ആ കുറവാണ് വോട്ടുയന്ത്രത്തിലും വിവിപാറ്റിലും സ്വീകരിച്ച നിഷേധാത്മക സമീപനത്തിലൂടെ കമീഷനും സുപ്രീംകോടതി തന്നെയും പരിഹരിച്ചു കൊടുത്തത്.

ബി.ജെ.പി അടക്കം രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷികളെല്ലാം വിമര്‍ശിച്ച വോട്ടുയന്ത്രം വേണ്ടെന്ന് വെക്കാന്‍ തയാറാകാതിരിക്കുകയോ, അതിനെ സുതാര്യമാക്കാന്‍ കൊണ്ടു വന്ന വിവിപാറ്റ് ഒരു കാരണവശാലും മുഴുവന്‍ എണ്ണരുതെന്ന് തീരുമാനിക്കാതിരിക്കുകയോ മാത്രമല്ല കമീഷന്‍ ചെയ്തത്. അതിനെതിരെ വന്ന ഓരോ പരാതികളെയും വിമര്‍ശനങ്ങളെയും നുണകളും കുതന്ത്രങ്ങളും കൊണ്ട് നേരിട്ട് അതിന് സുപ്രീംകോടതിയുടെ മേലൊപ്പ് നേടിയെടുക്കുകയാണ് കമീഷന്‍ ചെയ്തത്.

വോട്ടുയന്ത്ര അട്ടിമറി കൈയോടെ പിടിച്ചതിന്‍െറ കേസ് ഗുജറാത്ത് ഹൈകോടതിയിലും 20 ലക്ഷത്തോളം വോട്ടുയന്ത്രങ്ങള്‍ കാണാതായതിന്‍റെ കേസ് ബോംബെ ഹൈകോടതിയിലും ഉത്തരഖണ്ഡിലെ മുഴുവന്‍ വിവിപാറ്റുകളും എണ്ണാന്‍ ഉത്തരഖണ്ഡ് ഹൈകോടതിയിലും ഉള്ള കേസുകള്‍ അനക്കമില്ലാതെ കിടക്കുന്നത് കമീഷന്‍ കാണിക്കുന്ന 'ജാഗ്രത' കൊണ്ടാണ്. ഈ നിതാന്ത ജാഗ്രത കണ്ടാലറിയാം കമീഷന് എന്തോ ഒളിച്ചുവെക്കാനുണ്ടെന്ന്.


വിവിപാറ്റുകള്‍ മുഴുവന്‍ എണ്ണാന്‍ ഹൈകോടതിയെ സമീപിച്ചാല്‍ മതിയെന്ന് പറയുന്ന കമീഷന്‍ തന്നെയാണ് വോട്ടുയന്ത്ര അട്ടിമറി നടന്നുവെന്ന പരാതി പരിഹരിക്കാന്‍ ഉത്തരഖണ്ഡിലെ വിവിപാറ്റുകള്‍ മുഴുവന്‍ എണ്ണണമെന്ന ഹൈകോടതി വിധി തടയാൻ സുപ്രീംകോടതിയില്‍ ഓടി വന്ന് സ്റ്റേ വാങ്ങിയത്. കമീഷന്‍ ചോദിച്ച സ്റ്റേ കൊടുത്ത അതേ സുപ്രീംകോടതിയാണ് ഈ പൊതുതെരഞ്ഞെടുപ്പില്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് വന്ന ഹരജിക്കാരോട് 'ജനങ്ങള്‍ അവരുടെ സര്‍ക്കാറിനെ രെതഞ്ഞെടുക്കട്ടെ, വിവിപാറ്റ് എന്നും പറഞ്ഞ്് ഇത് വഴി ഇനിയും വന്നേക്കരുത്​' എന്ന്​ പറഞ്ഞത്.

17ാം ലോക്സഭയിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ, 373 മണ്ഡലങ്ങളില്‍ പോൾ ചെയ്​ത വോട്ടുകളുടെ എണ്ണവും വോട്ടുയന്ത്രത്തില്‍ പതിഞ്ഞ എണ്ണവും തമ്മിൽ വലിയ അന്തരം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന ലളിതമായ ചോദ്യത്തിന് പോലും മറുപടി നല്‍കാന്‍ കഴിയാത്ത കമീഷനാണ് വോട്ടുയന്ത്രത്തിന്‍െറ സുതാര്യത എന്ന കളവ് നിരന്തരം ആവര്‍ത്തിക്കുന്നത്. ആ ചോദ്യം ഇനിയാരും ചോദിക്കരുത് എന്ന് കരുതി,​ വോട്ടെണ്ണും മുമ്പ് വെബ്സൈറ്റിലിട്ട വോട്ടുകളുടെ എണ്ണം അപ്പാടെ പിന്‍വലിച്ച്​ അപഹാസ്യമാകുകയും ചെയ്​തു കമീഷന്‍.

അസമിൽ ബി.ജെ.പി വാഹനത്തിൽ വോട്ടുയന്ത്രം ​െകാണ്ടുപോകുന്നതിന്‍റെ രഹസ്യവും മറ്റൊന്നുമല്ല. എന്നാൽ, ഈ ജനാധിപത്യ അട്ടിമറി കൈയോടെ പിടികൂടിയപ്പോൾ കമ്മീഷൻ നൽകിയ വിശദീകരണമാണ്​ ഏറെ പരിഹാസ്യം. തങ്ങളുടെ വാഹനം തകരാറിലായെന്നും പകരം കിട്ടിയ വാഹനം ബി.ജെ.പി എം.എൽ.എയുടേതായത്​ തികച്ചും യാദൃശ്​ചികമാണെന്നുമാണ്​ വാദം. ഇതേ കാര്യം തന്നെ എം.എൽ.എയും ആവർത്തിച്ചിട്ടുണ്ട്​. വോട്ടിങ്​ യന്ത്രം മോഷ്​ടിച്ചതല്ലെന്നും തന്‍റെ ഡ്രൈവർ പോളിങ്​ ഉദ്യോഗസ്​ഥരെ സഹായിക്കുകയായിരുന്നുവെന്നുമാണ്​ എം.എൽ.എ പറഞ്ഞത്​. എന്നാൽ, ഈ 'സഹായ'ത്തിന്‍റെ പേരിൽ നാല്​ ​േപാളിങ്​ ഉദ്യോഗസ്​ഥരെ​ സസ്​പെൻഡ്​ ചെയ്​തതും 149ാം നമ്പർ ബൂത്തിൽ​ റീപോളിങ്​ നടത്താൻ തീരുമാനിച്ചതും ഇതേ കമീഷൻ തന്നെയാണെന്നതാണ്​ രസകരമായ കാര്യം.

Tags:    
News Summary - Gujarat model of EVM tampering; shakti singh gohil will tell what will happen if go to court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.