വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേ നടത്താൻ അലഹബാദ് ഹൈകോടതി അനുവദിച്ചപ്പോൾ തന്നെ വലതുപക്ഷ സംഘടനകൾ അയോധ്യയിലേതിന് സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്ന ആശങ്കയിലാണ് രാജ്യത്തെ മുസ്ലിംകൾ. അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡും ഈ ഉത്തരവിനെ ഗൗരവമായാണ് കാണുന്നത്. ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ആഗസ്റ്റ് അഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയിൽ അത് നിഴലിക്കുന്നു. സർവേ തടയാൻ ഹൈകോടതിയും സുപ്രീംകോടതിയും വിസമ്മതിച്ചത് നിയമത്തിനും മതനിരപേക്ഷ തത്ത്വങ്ങൾക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ബോർഡ് കോടതി നിലപാട് അത്യന്തം നിരാശജനകമാണെന്നും കൂട്ടിച്ചേർക്കുന്നു.
ഈ സർവേയുടെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുക എന്നത് അയോധ്യയിലെ ബാബരി പള്ളിയുടെ കാര്യത്തിലൊഴികെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ആഗസ്റ്റ് 15ലേതായി നിലനിർത്തണമെന്ന് നിഷ്കർഷിക്കുന്ന 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി പള്ളിയുടെ മതപരമായ സ്വഭാവം മാറ്റാൻ അനുമതി നൽകുന്നതിന് തുല്യമാണ്. ആകയാൽ വിഷയത്തിൽ സുപ്രീംകോടതി ഇടപെടുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഡോ. ഇല്യാസ് വിശദമാക്കുന്നു.
2019 നവംബറിൽ അയോധ്യ വിധി പ്രസ്താവിച്ചപ്പോഴും കാശി, മഥുര ദേവാലയങ്ങളുടെ കാര്യത്തിൽ നിയമം നിലനിൽക്കുമെന്ന് സുപ്രീംകോടതി ആവർത്തിച്ചിരുന്നു. എന്നാൽ കീഴ് കോടതികൾ മുതൽ സുപ്രീംകോടതികൾ വരെ പുറപ്പെടുവിക്കുന്ന പല വിധികളും 1991ലെ നിയമത്തിന് വിരുദ്ധവും പുതിയ കലഹങ്ങൾ സൃഷ്ടിക്കുന്നവയുമാണ്- ഡോ. ഇല്യാസ് പറഞ്ഞു.
ഗ്യാൻവാപി പള്ളിക്കുള്ളിൽ എ.എസ്.ഐ സർവേ നടക്കവെ പള്ളി നടത്തിപ്പ് ചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയും സമാനമായ ചിന്തകളാണ് മുന്നോട്ടുവെക്കുന്നത്.
‘‘കാര്യങ്ങൾ അയോധ്യയുടെ അതേ ദിശയിലേക്ക് പോകുന്ന’’തായി ആശങ്ക പ്രകടിപ്പിച്ച അൻജുമൻ സെക്രട്ടറി എസ്.എം. യാസിൻ മസ്ജിദിന്റെ മതപരമായ സ്വഭാവം മാറ്റാൻ സുപ്രീംകോടതി അനുമതി നൽകുന്ന പക്ഷം രാജ്യത്തെ സകല തെരുവുകളിലും മൊഹല്ലകളിലും സമാനമായ വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും കഴിയില്ലെന്ന ഭയവും തുറന്നു പറയുന്നു.
എ.എസ്.ഐ സർവേക്കുള്ള അനുമതി മറ്റൊരു കാരണം കൊണ്ടും ആശ്ചര്യകരമാണ്. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തിൽ അത്തരം വിനാശകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നരസിംഹറാവു സർക്കാർ നടപ്പാക്കിയ 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികളും സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. എന്നാൽ, എ.എസ്.ഐയുടെ ഈ സർവേയോടു കൂടി ഗ്യാൻവാപി മസ്ജിദ് തിരിച്ചുപിടിക്കണമെന്ന മുറവിളി മറുപക്ഷത്ത് അതിശക്തമാകും.
ഇന്ന് മസ്ജിദ് നിലകൊള്ളുന്നിടത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് സൂചനകളുണ്ട് താനും. പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അകലെനിന്ന് പോലും, പള്ളിയുടെ പുറം ഭിത്തികളിൽ കാണാനാവും. ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കെ ശാസ്ത്രീയ സർവേക്ക് ഉത്തരവിടുന്നതിന് പിന്നിലെ താൽപര്യമെന്ത് എന്ന് മുസ്ലിം വ്യക്തി നിയമ ബോർഡുപോലും സംശയം പ്രകടിപ്പിച്ചത് അതുകൊണ്ടാണ്.
ചരിത്രത്തിൽ സംഭവിച്ച ദുരന്തങ്ങളെ അംഗീകരിച്ച്, അവ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയോടെ മുന്നോട്ടുപോകാൻ തീരുമാനിച്ച രാഷ്ട്രമാണ് ഇന്ത്യ. ഭൂതകാലത്തെ കുഴിച്ചുമൂടാനും സ്വാശ്രയത്വവും പുരോഗമനാത്മകതയും നിറഞ്ഞ, ഏവരെയും ഉൾക്കൊള്ളുന്ന ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ വിവേകപൂർവം തീരുമാനിക്കുകയായിരുന്നു രാഷ്ട്രശിൽപികൾ. വ്യത്യസ്ത മതങ്ങളിലും ജാതിയിലുമുള്ള ആളുകൾ സമാധാനപരമായി ഒരുമിച്ചു ജീവിക്കുന്ന സവിശേഷമായ വൈവിധ്യമാർന്ന സംസ്കാരമുള്ള ഇന്ത്യ, “നാനാത്വത്തിൽ ഏകത്വം” എന്നാൽ എന്ത് എന്ന് മനസ്സിലാക്കാൻ ലോകത്തിന് മാതൃക തന്നെയായിരുന്നു. പക്ഷേ, ഹിന്ദുത്വ ശക്തികൾ പേശിബലം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ അതിനെല്ലാം മാറ്റങ്ങൾ സംഭവിച്ചു. പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിന് നിയമപരമായ സംരക്ഷണമൊരുക്കേണ്ട പരമോന്നത കോടതി ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം പുനരവലോകനം ചെയ്യുക വഴി ‘പണ്ടോറയുടെ പെട്ടി’യാണ് തുറന്നുവിട്ടത്.
ക്ഷേത്രം തകർത്തിട്ടുണ്ടോ എന്നറിയാൻ കാശി വിശ്വനാഥ ക്ഷേത്ര-ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് 2021ൽ വാരാണസിയിലെ അതിവേഗ കോടതി ഉത്തരവിട്ടതോടെയാണ് വിവാദം വാർത്തകളിൽ ഇടംപിടിച്ചത്. വിജയ് ശങ്കർ റസ്തോഗി എന്നയാൾ 2021 ഏപ്രിൽ എട്ടിന് നൽകിയ ഹരജിയിലായിരുന്നു ഈ ഉത്തരവ്. എന്നാൽ, വിഷയം ഹൈകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതിൽനിന്ന് കീഴ്കോടതി വിട്ടുനിൽക്കണമായിരുന്നുവെന്ന് കാണിച്ച് അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് പ്രകാശ് പാഡിയയുടെ ബെഞ്ച്, 2021 സെപ്റ്റംബർ 9 ന് ഉത്തരവ് സ്റ്റേ ചെയ്തു. എ.എസ്.ഐ സർവേ വേണമെന്ന ഹരജി അവിടെ അടങ്ങിയതാണ്. എന്നാൽ അതേ വർഷം ആഗസ്റ്റിൽ രാഖി സിങ്, സീതാ സാഹു, മഞ്ജു വ്യാസ്, ലക്ഷ്മി ദേവി, രേഖാ പഥക് എന്നിവർ മസ്ജിദിന്റെ പടിഞ്ഞാറെ മതിലിന് പുറത്തുള്ള ശൃംഗാർ ഗൗരി മൂർത്തിയെ ദിവസവും പൂജിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി സിവിൽ കോടതിയെ സമീപിച്ചു. പള്ളി കെട്ടിടത്തിനുള്ളിൽ ദൃശ്യവും അദൃശ്യവുമായ എല്ലാ ദേവതകളെയും ദിനേന ആരാധിക്കാൻ അനുവദിക്കണമെന്നും അവർ അപേക്ഷിച്ചു. ഈ ഹരജിയിൽ വിധി പറഞ്ഞ വാരാണസി സിവിൽ ജഡ്ജി രവികുമാർ ദിവാകർ കോടതി നിയോഗിച്ച കമീഷണർ അജയ് കുമാർ മിശ്രയുടെ മേൽനോട്ടത്തിൽ പള്ളി സമുച്ചയത്തിൽ സർവേയും വിഡിയോഗ്രഫിയും നടത്താൻ 2022 ഏപ്രിൽ 26ന് ഉത്തരവിട്ടു. മേയ് ആറ്, ഏഴ് തീയതികളിൽ സർവേ നടന്നു. എന്നാൽ കോടതി നിയോഗിച്ച സംഘം പള്ളിക്കെട്ടിടത്തിനുള്ളിൽ കയറാൻ ശ്രമിച്ചത് പള്ളി മാനേജ്മെന്റ് സമിതി തടഞ്ഞു. കമീഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് അവർ സമർപ്പിച്ച ഹരജി നിരാകരിച്ച കോടതി പള്ളിക്കുള്ളിലും സമഗ്രമായ സർവേയും വിഡിയോഗ്രഫിയും നടത്തണമെന്നും എല്ലാവരും ഈ നടപടിയോട് സഹകരിക്കണമെന്നും 2022 മേയ് 12ന് ഉത്തരവിട്ടു. ഈ സർവേ പൂർത്തിയാക്കി സമർപ്പിച്ച റിപ്പോർട്ട് ഇപ്പോൾ വാരാണസി സിവിൽ കോടതി സമക്ഷമുണ്ട്. എന്നാൽ, ഈ പ്രക്രിയ മറ്റൊരു വിവാദത്തിലേക്കാണ് കൊണ്ടെത്തിച്ചത്. സർവേ റിപ്പോർട്ടിൽനിന്ന് ചോർന്ന വിവരമെന്ന മട്ടിൽ മസ്ജിദ് സമുച്ചയത്തിൽനിന്ന് ശിവലിംഗം കണ്ടെടുക്കപ്പെട്ടതായി പ്രചരിക്കപ്പെട്ടു. മുസ്ലിംകൾ പ്രാർഥനക്ക് മുമ്പ് അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന വുദുഖാനയുടെ ഭാഗമാണതെന്ന് പള്ളി കമ്മിറ്റിക്കാർ അവകാശപ്പെടുന്നു. സുപ്രീംകോടതിയാവട്ടെ തുടർ പഠനങ്ങൾക്കായി ആ ഭാഗം അടച്ചുപൂട്ടി സീൽ ചെയ്യാൻ നിർദേശിച്ചു. ശൃംഗാർ ഗൗരി പൂജ നടത്താൻ അനുമതി തേടി അഞ്ചു സ്ത്രീകൾ സമർപ്പിച്ച ഹരജി വാരാണസി കോടതി മുമ്പാകെ നിലനിൽക്കെത്തന്നെ അവരിൽ രാഖി സിങ് ഒഴികെയുള്ളവർ പള്ളിയുടെ എ.എസ്.ഐ സർവേ ആവശ്യപ്പെട്ട് വീണ്ടും വാരാണസി സിവിൽ കോടതിയെ സമീപിച്ചു. 2021 സെപ്റ്റംബറിൽ അലഹബാദ് ഹൈകോടതി ഇത്തരമൊരു ഉത്തരവ് സ്റ്റേ ചെയ്തിട്ടു പോലും വാരാണസി കോടതി 2023 ജൂലൈ 21ന് എ.എസ്.ഐ സർവേക്ക് ഉത്തരവിടുകയും തൊട്ടടുത്ത ദിവസം അത് ആരംഭിക്കുകയും ചെയ്തു. അലഹബാദ് ഹൈകോടതി ഈ ഉത്തരവ് ആഗസ്റ്റ് മൂന്ന് വരെ മരവിപ്പിച്ചിരുന്നെങ്കിലും ശേഷം തുടരാൻ അനുമതി നൽകി. അത് വിലക്കാൻ സുപ്രീംകോടതിയൊട്ട് കൂട്ടാക്കിയതുമില്ല. ഈ മാസം നാലിന് അഡീഷനൽ ഡയറക്ടർ ജനറൽ പ്രഫ. അലോക് ത്രിപാഠിയുടെ നേതൃത്വത്തിലെ 41 അംഗ എ.എസ്.ഐ സംഘം വിശദ സർവേ ആരംഭിക്കുകയും ചെയ്തു. സർവേക്കിടയിൽ ‘കടന്നുകയറ്റങ്ങൾ’ പാടില്ലെന്ന് കോടതി സംഘത്തോട് നിർദേശിച്ചിട്ടുണ്ട്. അതായത് കെട്ടിടത്തിൽ ചുരണ്ടുകയോ കുഴിക്കുകയോ ചെയ്യരുതെന്നർഥം. സർവേയുടെ വിശദാംശങ്ങൾ പൊതുസഞ്ചയത്തിൽ വന്നാൽ മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുന്ന മുറവിളി അതിശക്തമാകുമെന്ന ഭയം മുസ്ലിം സമൂഹത്തിനിടയിലുണ്ട്. സർവേ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ബെഞ്ചിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർക്കൊപ്പം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ഉണ്ടായിരുന്നു എന്നതാണ് ആശ്ചര്യകരം. 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് അഡ്വ. അശ്വനി ഉപാധ്യായയും മുൻ ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയും സമർപ്പിച്ച ഹരജികളും ചീഫ് ജസ്റ്റിസ് കേൾക്കുന്നുണ്ടെന്ന കാര്യം ഇവിടെ പരാമർശിക്കേണ്ടതുണ്ട്.
രണ്ട് വർഷത്തിലേറെയായി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, ആരാധനാലയ നിയമത്തിൽ നിലപാട് വ്യക്തമാക്കാൻ കൂട്ടാക്കാത്ത കേന്ദ്രസർക്കാർ വീണ്ടും വീണ്ടും കോടതിയിൽനിന്ന് സമയം തേടുകയാണ് എന്ന കാര്യവും അലോസരപ്പെടുത്തുന്നതാണ്. കഴിഞ്ഞ മാസം 11നാണ് നിയമത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സർക്കാറിന് കൂടുതൽ സമയം നൽകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അവസാനമായി അഭ്യർഥിച്ചത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരും ഈ ബെഞ്ചിലുണ്ട്. കേസിൽ ഈ വർഷം ഒക്ടോബർ 31ന് വാദം കേൾക്കലാരംഭിക്കും. എ.എസ്.ഐ സർവേയുടെ റിപ്പോർട്ട് അടുത്ത മാസം രണ്ടിനകം സമർപ്പിക്കണമെന്നിരിക്കെ വലതുപക്ഷ സംഘടനകളുടെ മുറവിളിക്ക് ഒച്ചകൂടിത്തുടങ്ങിയിരിക്കുന്നു. ക്ഷേത്രാവശിഷ്ടങ്ങൾ പള്ളിക്കുള്ളിലുണ്ടെന്ന് ഇതിനകം വ്യക്തമാണെന്നും റിപ്പോർട്ട് പുറത്തുവന്നാൽ, ഒരു കോടതിക്കും അവകാശം നിഷേധിക്കാനാവില്ലെന്നും കാശി വിശ്വനാഥ് മുക്തി ആന്ദോളൻ പ്രസിഡന്റ് സുധീർ സിങ് പറയുന്നു. കോടതി ഉത്തരവുകൾ വരുമ്പോൾ അത് നടപ്പാക്കാൻ താൻ ബാധ്യസ്ഥനാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
എ.എസ്.ഐ സർവേ ദിവസം വാരാണസിയിൽ പ്രത്യേക പരിപാടിയിൽ പങ്കെടുത്ത ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് രാജ്യത്ത് സനാതനധർമം ഊട്ടിയുറപ്പിക്കാൻ സമയമായിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. കാശി, മഥുര വിഷയങ്ങളിലെ സംഘ് അജണ്ടയുടെ ദിശ എന്തായിരിക്കുമെന്ന സൂചന ഈ പ്രഖ്യാപനത്തിൽ തന്നെ ആവോളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.